Recommended Post Slide Out For Blogger

 

ഈ ബ്ലോഗ് തിരയൂ

Contents

2012, ഒക്ടോ 10

ആഴുവാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും

ഴുവാഞ്ചേരി തമ്പ്രാക്കളുടെ ഇല്ലത്തിനു സമീപം മംഗലത്ത് എന്നൊരു നായർ ഭവനമുണ്ടായിരുന്നു. ആ വീട്ടിൽ ശങ്കരൻ എന്നൊരു നായരുണ്ടായിരുന്നു. അയാളുടെ ജോലി ആഴുവാഞ്ചേരിമനയ്ക്കലെ കന്നുകാലികളെ മേയ്ക്കുകയായിരുന്നു. ആ ജോലിക്കു ശങ്കരനെ നിയമിച്ച കാലത്തു മനയ്ക്കൽ അസംഖ്യം കന്നുകാലികളുമുണ്ടായിരുന്നു. ദിവസംതോറും രാവിലെ ശങ്കരൻ മനയ്ക്കൽചെന്നു കന്നുകാലികളെ എല്ലാമഴിച്ചുവിട്ടു കൊണ്ടുപോയി തീറ്റി നേരം വൈകുമ്പോൾ മനയ്ക്കൽ കൊണ്ടുചെന്നു തൊഴുത്തുകളിലാക്കിക്കെട്ടും. അങ്ങനെയാണു പതിവ്. അയാൾ കന്നുകാലികളെ അഴിച്ചുവിട്ടുകൊണ്ടുപോകുമ്പോൾ അവ പലവഴിയായി പോയിത്തുടങ്ങും. വിളിച്ചാലും പറഞ്ഞാലുമൊന്നും അവ അനുസരിക്കുകയുമില്ല. ആകപ്പാടെ നൂറുനൂറ്റമ്പതെണ്ണമുണ്ട്. അവയെ എല്ലാം മേയ്ക്കാൻ അയാളൊരുത്തൻ മാത്രമേയുള്ളൂ. അയാൾ പറഞ്ഞിട്ടു കേൾക്കാതെയിരുന്നാൽ ഒരു വടികൊണ്ട് ഒരു പശുവിന് ഒന്നടിച്ചു. അടി കൊണ്ടയുടനെ പശു അവിടെ വീണു ചത്തു. ശങ്കരൻ പശുവിനെ അടികൊണ്ട സ്ഥാനം നോക്കി മനസ്സിലാക്കി. പിന്നെ പശുവായാലും കാളയായാലും അയാൾ പറഞ്ഞിട്ടു കേട്ടില്ലെങ്കിൽ അയാൾ ആ സ്ഥാനം നോക്കി ഒരടി കൊടുക്കും. അടി കൊണ്ടാലുടനെ ആ മൃഗം വീണു ചാകുകയും ചെയ്യും. അങ്ങനെ പതിവായി. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും കന്നുകാലികൾ മിക്കതും ചത്തൊടുങ്ങി. ശങ്കരനു ബുദ്ധിമുട്ടും വളരെ കുറഞ്ഞു.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം തമ്പ്രാക്കൾ തന്റെ കന്നുകാലികളെല്ലാം നന്നായിരിക്കുന്നുവോ എന്നു നോക്കാനായിച്ചെന്നു തൊഴുത്തുകളിൽ നോക്കിയപ്പോൾ അവ മിക്കവാറും ശൂന്യങ്ങളായിരിക്കുന്നതായി കണ്ടു. ഒരു തൊഴുത്തിൽ മാത്രം ഒന്നോ രണ്ടോ പശുക്കളുണ്ടായിരുന്നു. അവയും പട്ടിണി കിടന്നു ക്ഷീണിച്ച് ഏകദേശം ചാകാറായിരുന്നു. ഉടനെ തമ്പ്രാക്കൾ ശങ്കരനെ വിളിച്ച് "നമ്മുടെ കന്നുകാലികളൊക്കെ എവിടെ" എന്നു ചോദിച്ചു.
ശങ്കരൻ: അതങ്ങനെയിരിക്കും. ആരായാലെന്താ? കന്നുകാലികളായാലും വകതിരിവു വേണം. പറഞ്ഞാൽ കേൾക്കാഞ്ഞാലങ്ങനെയിരിക്കും. അടിയനോടു കളിച്ചാലങ്ങനെയാണ് തമ്പുരാനേ!
തമ്പ്രാക്കൾ: നീയെന്താണു പറയുന്നത് ശങ്കരാ! എനിക്കൊന്നും മനസ്സിലാകുന്നില്ല. നമ്മുടെ കന്നുകാലികളൊക്കെയെവിടെ?
ശങ്കരൻ: അവയൊക്കെ അസത്തുക്കളും അധികപ്രസംഗികളുമായിരുന്നു, തമ്പുരാനേ! പറഞ്ഞാൽ കേൾക്കുന്നതായി അതിലൊന്നുമുണ്ടായിരുന്നില്ല.
തമ്പ്രാക്കൾ: അതൊക്കെയിരിക്കട്ടെ, അവ എവിടെ?
ശങ്കരൻ: എല്ലാം ചത്തു.
തമ്പ്രാക്കൾ: അയ്യോ! അതെങ്ങനെ?
ശങ്കരൻ: പറഞ്ഞാൽ പറഞ്ഞതുപോലെ കേട്ടു നിൽക്കാഞ്ഞിട്ട് അടിയൻ ഓരോ വീക്കു കൊടുത്തു. എല്ലാം മറിഞ്ഞുവീണു ചാവുകയും ചെയ്തു. അവയെല്ലാം അസത്തുക്കളായിരുന്നു തമ്പുരാനേ! അങ്ങനെയുള്ളവ നമുക്കു വേണ്ട. തെക്കോട്ടു പോകാൻ പറഞ്ഞാൽ വടക്കോട്ടു പോകും. അങ്ങനെയുള്ളവ നമുക്കെന്തിനാണ്?
തമ്പ്രാക്കൾ: അയ്യോ! മഹാപാപീ! നീ ചതിച്ചല്ലോ. മുതൽ പോയതോ പോയി. അതു വല്ലതുമാകട്ടെ, നീ മഹാപാപമെല്ലാം കെട്ടി വച്ചല്ലോ. ഇതിന്റെ ഒരംശം നമ്മുടെ തറവാട്ടേക്കുമിരിക്കുമല്ലോ. നീയിനി എത്രകാലം നരകമനുഭവിച്ചാൽ ഈ പാപമെല്ലാം തീരും? ഇതു വലിയ കഠിനമായിപ്പോയി.
ശങ്കരൻ: അയ്യോ! അടിയനതൊന്നും വിചാരിച്ചില്ല. അടിയനതൊന്നും അറിയാനും വയ്യ! പാപമെന്നു പറഞ്ഞാലെന്താണ് തമ്പുരാനേ! അവിടുന്നു പാപമെന്നും നരകമെന്നുമൊക്കെ അരുളിച്ചെയ്യുന്നതിന്റെ സാരം അടിയനു മനസ്സിലാകുന്നില്ല.
ശങ്കരൻ കേവലം മൃഗപ്രായനായിരുന്നുവെന്നുള്ളതു പറയണമെന്നില്ലല്ലോ. അയാൾ പാപമെന്നും പുണ്യമെന്നും നരകമെന്നും സ്വർഗമെന്നുമുള്ളതൊന്നും കേട്ടിട്ടു തന്നെ ഉണ്ടായിരുന്നില്ല. അയാൾ ഒടുവിൽ പറഞ്ഞതു കേട്ടിട്ടു തമ്പ്രാക്കൾ പാപപുണ്യങ്ങളെയും നരകസ്വർഗങ്ങളെയും മറ്റും പറ്റി വിസ്തരിച്ചു പറഞ്ഞു കേൾപ്പിച്ചു. ഓരോരോ നരകങ്ങളെയും നരകാനുഭവങ്ങളുടെ കഷ്ടതകളെയും പറ്റി തമ്പ്രാക്കൾ വിവരിച്ചു പറഞ്ഞുകേട്ടപ്പോൾ ഭയവും വ്യസനവും സഹിക്കാൻ പാടില്ലാതായിട്ടു ശങ്കരൻ കരഞ്ഞുതുടങ്ങി. അയാൾ കേവലം മൂഢനായിരുന്നുവെങ്കിലും അയാൾക്കു തമ്പ്രാക്കളെക്കുറിച്ചു വളരെ ഭക്തിയും അവിടുത്തെ വാക്കിൽ ദൃഢമായ വിശ്വാസവുമുണ്ടായിരുന്നു. അതിനാൽ അയാൽ വ്യസനിച്ചു കരഞ്ഞു തൊഴുതുകൊണ്ട്, "അടിയന്റെ അറിവില്ലായ്കകൊണ്ട് ഇങ്ങനെ ചെയ്തുപോയി. ഇനി ഈ മഹാപാപം തീരാൻ വല്ല വഴിയുമുണ്ടോ? അടിയനെന്തു ചെയ്താൽ ഈ മഹാപാപം തീരും? അതുകൂടി അവിടുന്നരുളിച്ചെയ്യണം."
തമ്പ്രാക്കൾ: ഈ മഹാപാപം തീരാൻ ഗംഗാസ്നാനമല്ലാതെ മറ്റൊരു മാർഗവുമില്ല.
ശങ്കരൻ : അതു ചെയ്താൽ തീരുമോ?
തമ്പ്രാക്കൾ: അതു സംശയിക്കാനുണ്ടോ? കാശിയിൽപ്പോയി ഗംഗാസ്നാനവും വിശ്വനാഥദർശനവും കഴിച്ചാൽ തീരാത്ത പാപമില്ല.
ശങ്കരൻ: എന്നാൽ അടിയൻ ഇപ്പോൾത്തന്നെ യാത്രയാണ്. ഇനി ഈ പാപം തീർത്തിട്ടല്ലാതെ മറ്റൊരു കാര്യമില്ല.
ഇപ്രകാരം പറഞ്ഞു തമ്പ്രാക്കളെ ഭക്തിപൂർവം വന്ദിച്ചുകൊണ്ടു ശങ്കരൻനായർ കാശിക്കു യാത്രയായി.
അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം കാശിവിശ്വനാഥനോട് അവിടുത്തെ വാമോത്സംഗേ വസിക്കുന്ന ദേവി ശ്രീപാർവതി "അല്ലയോ ഭഗവാനേ! ഗംഗാസ്നാനം ചെയ്യുന്നവരെല്ലാം പാപവിമുക്തരായി മോക്ഷത്തെ പ്രാപിക്കുമെന്നാണല്ലോ പറയുന്നത്. എന്നാലസംഖ്യമാളുകൾ ഇവിടെ വന്നു ഗംഗാസ്നാനം കഴിച്ചു പോകുന്നുണ്ട്. ഇവർക്കൊക്കെ മോക്ഷം ലഭിക്കുമോ?
ഭഗവാൻ: യൈഃ, ഒന്നുമില്ല. ഭക്തിയും വിശ്വാസവുമാണ് പ്രധാനം. അവയുണ്ടെങ്കിലല്ലാതെ മോക്ഷപ്രാപ്തി ഉണ്ടാവുകയില്ല. അവയുള്ളവർ ഇക്കാലത്തു ചുരുക്കമാണ്. അവയില്ലാതെ ഗംഗാസ്നാനം ചെയ്തതു കൊണ്ട് യാതൊരു ഫലവുമില്ല. ഇതു വേണമെങ്കിൽ നാളെ ഞാൻ ബോദ്ധ്യപ്പെടുത്തിത്തരാം.
ഈ സംഭാ‌ഷണം നടന്നതിന്റെ പിറ്റേദിവസം രാവിലെ നമ്മുടെ ശങ്കരൻനായർ കാശിയിലെത്തി. അപ്പോൾ അസംഖ്യമാളുകൾ അവിടെ സ്നാനാദികൾ ചെയ്യുന്നുണ്ടായിരുന്നു. ആ കൂട്ടത്തിൽ ശങ്കരനും സ്നാനമാരംഭിച്ചു. ആ സമയം ഭഗവാൻ വിശ്വനാഥൻ ഒരു വൃദ്ധബ്രാഹ്മണന്റെയും ശ്രീപാർവതി വൃദ്ധയായ ഒരു ബ്രാഹ്മണസ്ത്രീയുടെയും വേ‌ഷം ധരിച്ചു ഗംഗാതീരത്തിങ്കൽ വന്നെത്തി. ആ വൃദ്ധബ്രാഹ്മണൻ വിറച്ചുവിറച്ചു ചെന്നു നദിയിലേക്കിറങ്ങാനായി ഭാവിച്ച സമയം കാൽ തെറ്റി വെള്ളത്തിൽ വീണു. അവിടെക്കിടന്നു മുങ്ങുകയും പൊങ്ങുകയും വെള്ളം കുടിക്കുകയും ചെയ്തു മരിക്കാൻ ഭാവിച്ചു. അപ്പോൾ ബ്രാഹ്മണസ്ത്രീ "അയ്യോ! എന്റെ ഭർത്താവ് കുടിച്ചു ചാവാൻ ഭാവിക്കുന്നേ! അദ്ദേഹത്തിനു നീന്താനറിഞ്ഞു കൂടാ. ആരെങ്കിലും അദ്ദേഹത്തെ പിടിച്ചു കയറ്റി രക്ഷിക്കണേ!" എന്നു പറഞ്ഞുകൊണ്ടു വിളിച്ചു നിലവിളിച്ചു. അതു കേട്ടു സ്നാനം കഴിച്ചു കൊണ്ടു നിന്ന ജനങ്ങളെല്ലാം ഓടിയെത്തി. ആ കൂട്ടത്തിൽ നമ്മുടെ ശങ്കരനുമുണ്ടായിരുന്നു. എല്ലാവരുമടുത്തു ചെന്നപ്പോൾ ബ്രാഹ്മണസ്ത്രീ "പാപം തീരാത്തവരാരും എന്റെ ഭർത്താവിനെ തൊടരുതേ, പാപമുള്ളവർ തൊട്ടാലപ്പോൾ അദ്ദേഹം മരിച്ചുപോകും" എന്നു പറഞ്ഞു. ഇതു കേട്ട് "പാപം തീർന്നോ ഇല്ലയോ എന്നെങ്ങനെ നിശ്ചയിക്കാം. നാം നിമിത്തം ഒരു ബ്രാഹ്മണൻ മരിച്ചു എന്നു വരുന്നതു ക ഷ്ടമാണല്ലോ. അതുകോണ്ട് അതു വേണ്ടാ" എന്നു വിചാരിച്ചു എല്ലാവരും പിന്മാറി. അപ്പോൾ നമ്മുടെ ശങ്കരൻ "ഗംഗാസ്നാനം ചെയ്താൽ സകലപാപവും തീരുമെന്നാണല്ലോ എന്റെ തമ്പുരാൻ അരുളിച്ചെയ്തത്. എനിക്കിനി പാപമെവിടെയാണ്? എന്റെ സകല പാപങ്ങളും തീർന്നിരിക്കുന്നു" എന്നു പറഞ്ഞുകൊണ്ട് ആ ബ്രാഹ്മണനെ പിടിച്ചുകയറ്റി. ഭഗവാനും ഭഗവതിയും അവിടെനിന്നു പോയതിന്റെ ശേ‌ഷം "ഇന്ന് അവിടെ സ്നാനം കഴിച്ചിട്ടുള്ളവരിൽ എന്നെപ്പിടിച്ചു കയറ്റിയ ആ ഒരുവനു മാത്രം മോക്ഷമുണ്ട്. അവന്റെ വിശ്വാസം കണ്ടില്ലേ?" എന്നു ഭഗവാൻ അരുളിച്ചെയ്യുകയും ദേവി സമ്മതിക്കുകയും ചെയ്തു.
പൂർണ്ണവിശ്വാസത്തോടും ഭക്തിയോടുംകൂടി ഗംഗാസ്നാനം ചെയ്യുകയും വിശ്വനാഥനെ ദർശിക്കുകയും വിശേ‌ഷിച്ചും ലോകൈകനാഥനായിരിക്കുന്ന ഭഗവാന്റെ കരസ്പർശനത്തിന് ഭാഗ്യം സിദ്ധിക്കുകയും ചെയ്ത ശങ്കരനു മോക്ഷം കിട്ടുമോ എന്നുള്ളതു സംശയിക്കാനില്ലല്ലോ. അയാൽ‍ കാശിയിൽവച്ചുതന്നെ അചിരേണ ഭഗവൽസായൂജ്യത്തെ പ്രാപിച്ചു.
ശങ്കരൻ കാശിക്കു പോയതിന്റെ ശേ‌ഷം കുറച്ചുകാലം കഴിഞ്ഞ പ്പോൾ ആഴ്വാഞ്ചേരി മനയ്ക്കൽ സന്താനാദ്യൈശ്യര്യങ്ങൾ കുറഞ്ഞു തുടങ്ങുകയാൽ തമ്പ്രാക്കൾ അതിന്റെ കാരണമറിയുന്നതിനായി പാഴൂർ പടിപ്പുരയിൽ ആളയച്ചു പ്രശ്നം വെപ്പിച്ചുനോക്കിക്കുകയും പശുഹിംസ ചെയ്തതു ശങ്കരനാണെങ്കിലൂം തമ്പ്രാക്കൾകൂടി അന്വേ‌ഷിച്ചിരുന്നുവെങ്കിൽ അതിനിടയാവുകയില്ലായിരുന്നുവെന്നും അങ്ങനെ ചെയ്യാതിരുന്നതിനാൽ ആ മഹാപാപത്തിന്റെ ഒരംശം തമ്പ്രാക്കളുടെ കുടുംബത്തെക്കൂടി ബാധിച്ചിട്ടുണ്ടെന്നും അതു നിമിത്തമാണ് ആണ്ടുതോറും ഏഴരമുറി പറമ്പുകളിൽ നിറച്ചു പയർ വിതപ്പിക്കുകയും അതു പൂവും കായുമാകുന്ന സമയം വേലിയെടുത്തു കന്നുകാലികളെ കയറ്റി തീറ്റുകയും ചെയ്യണമെന്നും അങ്ങനെ ചെയ്തുകൊണ്ടാൽ ദോ‌ഷങ്ങൾ നീങ്ങി ശുഭം ഫലമെന്നു കണിയാർ വിധിക്കുകയും ചെയ്തു. ആ വിധിപ്രകാരം മൂന്നു കൊല്ലം ചെയ്തപ്പോഴേക്കും മനയ്ക്കൽ സന്താനവും സമ്പത്തും എന്നു വേണ്ട, സകലൈശ്വര്യങ്ങളും പൂർവ്വധികം വർദ്ധിക്കുകയാൽ ഈ പുണ്യ കർമം എന്നും നടത്തണമെന്നു നിശ്ചയിച്ചു തമ്പ്രാക്കൾ അതിനുവേണ്ടുന്ന ഏർപ്പാടുകളൊക്കെ ചെയ്തു. അത് അവിടെ ഇപ്പോഴും നടന്നുവരുന്നുണ്ടെന്നാണ് കേൾവി. എന്നു മാത്രമല്ല, പശുക്കളെ വളർത്തുന്നത് എങ്ങനെയായാലും ഒടുക്കം ദോ‌ഷകരമായേ പരിണമിക്കുകയുള്ളൂ എന്നും, "അതിനാൽ മേലാൽ നമ്മുടെ ഇല്ലത്ത്" ആ ഏർപ്പാടേ വേണ്ട എന്നും തമ്പ്രാക്കൾ തീർച്ചപ്പെടുത്തി. അക്കാലംമുതൽ ആഴുവാഞ്ചേരി മനയ്ക്കൽ പശുക്കളെ വളർത്തുക പതിവില്ല. ഇങ്ങനെ ഓരോ കാരണങ്ങളാൽ പകാരാദികളായ പത്തു കൂട്ടം ആ മനയ്ക്കലില്ലാതെയായിത്തീർന്നു. അതിനെപ്പറ്റി കേട്ടിട്ടുള്ള ഒരു ശ്ലോകം താഴെ എഴുതുന്നു.
"പായും, പരമ്പു, പശു, പാത്രി, പടറ്റിവാഴ,
പത്തായവും, പലക, പൈതൽ, പണം തഥൈവ
പായാദി പത്തിവ പടിപ്പുരയോടുകൂടി
ത്തമ്പ്രാക്കൾതൻ നിലയനേ നഹിയെന്നു കേൾപ്പൂ."

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes