ഈ ബ്ലോഗ് തിരയൂ

Contents

ഹരിനാമകീര്‍ത്തനം

ഹരിനാമകീര്‍ത്തനം

എഴുത്തച്ഛന്‍


നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, നരകസന്താപനാശക,ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

ഓങ്കാരമായ പൊരുള്‍ മൂന്നായ് പിരിഞ്ഞുടനെ
ആങ്കാരമായതിനു താന്‍തന്നെ സാക്ഷിയതു
ബോധം വരുത്തുവതിനാളായിനിന്ന പര-
മാചാര്യരൂപ ഹരിനാരായണായ നമഃ

ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാന്‍ നിന്‍കൃപാവലിക-
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ

ആനന്ദചിന്മയ! ഹരേ! ഗോപികാരമണ!
ഞാനെന്നഭാവമതു തോന്നായ്‌കവേണമിഹ;
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ, നാരായണായ നമഃ

അര്‍ക്കാനലാദി വെളിവൊക്കെഗ്രഹിക്കുമൊരു
കണ്ണിന്നുകണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്നപൊരുള്‍ താനെന്നുറയ്‌ക്കുമള-
വാനന്ദമെന്തു! ഹരിനാരായണായ നമഃ

ഹരിനാമകീര്‍ത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുള്‍ചെയ്‌ക ഭൂസുരരും
നരനായ് ജനിച്ചു ഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുള്‍ക നാരായണായ നമഃ

ശ്രീമൂലമായ പ്രകൃതീങ്കല്‍ തുടങ്ങി ജന-
നാന്ത്യത്തോളം പരമഹാമായതന്റെ ഗതി
ജന്മങ്ങളും പലകഴിഞ്ഞാലുമില്ലവധി
കര്‍മ്മത്തിനും പരമനാരായണായ നമഃ

ഗര്‍ഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ-
കപ്പോളപോലെ ജനനാന്ത്യേ ന നിത്യഗതി
ത്വല്‍ഭക്തി വര്‍ദ്ധനമുദിക്കേണമെന്മനസി
നിത്യം തൊഴായ്‌വരിക നാരായണായ നമഃ

ണത്താരില്‍മാനനി മണാളന്‍ പുരാണപുരു-
ഷന്‍ ഭക്തവത്സലനനന്താദിഹീനനപി
ചിത്തത്തിലച്യുത!കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമഃ

പച്ചക്കിളിപ്പവിഴപാല്‍വര്‍‍ണ്ണമൊത്തനിറ-
മിച്ഛിപ്പവര്‍ക്കു ഷഡാധാരം കടന്നുപരി
വിശ്വസ്ഥിതിപ്രളയസൃഷ്ടിക്കു സത്വരജ-
സ്തമോഭേദരൂപ ഹരിനാരായണായ നമഃ

തത്വത്തിനുള്ളിലുദയം ചെയ്തിരുന്നപൊരു-
ളെത്തീടുവാന്‍ ഗുരുപദാന്തേ ഭജിപ്പവനു
മുക്തിക്കുതക്കൊരുപദേശം തരും ജനന-
മറ്റിടുമന്നവനു നാരായണായ നമഃ

യെന്‍പാപമൊക്കെയറിവാന്‍ ചിത്രഗുപ്തനുടെ
സമ്പൂര്‍ണ്ണലിഖ്യതഗിരം കേട്ടു ധര്‍മ്മപതി
എമ്പക്കലുള്ള ദുരിതം പാര്‍ത്തുകാണുമള-
വംഭോരുഹാക്ഷ! ഹരി നാരായണായ നമഃ

നക്ഷത്രപംക്തികളുമിന്ദുപ്രകാശവു-
മൊളിക്കും ദിവാകരനുദിച്ചങ്ങുയര്‍ന്നളവു
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്കയെന്നടിമ നാരായണായ നമഃ

മല്‍പ്രാണനും പരനുമൊന്നെന്നുറപ്പവനു
തല്‍പ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്നാദിയില്‍ പലവുകണ്ടാലുണര്‍ന്നവനോ-
ടൊപ്പം ഗ്രഹിക്ക ഹരിനാരായണാ നമഃ

അന്‍പേണമെന്മനസി ശ്രീനീലകണ്ഠഗുരു-
മംഭോരുഹാക്ഷമിതി വാഴ്‌ത്തുന്നുഞാനുമിഹ
അമ്പത്തോരക്ഷരവുമോരോന്നിതെന്മോഴിയി-
ലന്‍പോടുചേര്‍ക്ക ഹരിനാരായണായ നമഃ

ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തുപരി-
കീര്‍ത്തിപ്പതിന്നരുള്‍ക നാരായണായ നമഃ

ഇക്കണ്ടവിശ്വമതുമിന്ദ്രാദിദേവകളു-
മര്‍ക്കേന്ദുവഹ്നികളോടൊപ്പം ത്രിമൂര്‍ത്തികളും
അഗ്രേവിരാട് പുരുഷ! നിന്മൂലമക്ഷരവു-
മോര്‍ക്കായ് വരേണമിഹ നാരായണായ നമഃ

ഈവന്നമോഹമകലെപ്പോവതിന്നുപുന-
രിവണ്ണമിള്ളൊരുപദേശങ്ങളില്ലുലകില്‍
ജീവന്നു കൃഷ്ണഹരി ഗോവിന്ദരാമ തിരു-
നാമങ്ങളൊന്നൊഴികെ നാരായണായ നമഃ

ഉള്ളില്‍ കനത്ത മദമാത്സര്യമെന്നിവക-
ളുള്ളോരുകാലമുടനെന്നാകിലും മനസി
ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു
നല്ലുഗതിക്കുവഴി നാരായണായ നമഃ

ഊരിന്നുവേണ്ട നിജഭാരങ്ങള്‍ വേണ്ടതിനു
നീരിന്നുവേണ്ട നിജദാരങ്ങള്‍ വേണ്ടതിനു
നാരായണാച്യുതഹരേയെന്നതിന്നൊരുവര്‍
നാവൊന്നേവേണ്ടു ഹരി നാരായണായ നമഃ

ഋതുവായപെണ്ണിന്നുമിരപ്പന്നുദാഹകനും
പതിതന്നുമഗ്നിയജനം ചെയ്തഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല ഹരിനാരായണായ നമഃ

ൠഭോഷനെന്നു ചിലര്‍ ഭാഷിക്കിലും ചിലര്‍ ക-
ളീപാപിയെന്നു പറയുന്നാകിലും മനസി
ആവോ നമുക്കു തിരിയായെന്നുറച്ചു തിരു-
നാമങ്ങള്‍ ചൊല്‍ക ഹരിനാരായണായ നമഃ

ഌസ്മാദിചേര്‍ത്തൊരു പൊരുത്തം നിനയ്ക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം
ഒരുകോടികോടിതവ തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരിനാരായണായ നമഃ

ൡകാരമാദിമുതലായിട്ടു ഞാനുമിഹ
കൈകൂപ്പിവീണുടനിരക്കുന്നു നാഥനോടു
ഏകാന്തഭക്തിയകമേവന്നുദിപ്പതിനു
വൈകുന്നതെന്തു ഹരിനാരായണായ നമഃ

ഏകാന്ത യോഗികളിലാകാംക്ഷകൊണ്ടുപര-
മേകാന്തമെന്നവഴി പോകുന്നിതെന്മനവും
കാകന്‍ പറന്നു പുനരന്നങ്ങള്‍ പോയവഴി-
പോകുന്നപോലെ ഹരിനാരായണായ നമഃ

ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നൗവണ്ണമെട്ടുമുടനെണ്‍മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപിരണ്ടൊന്നു തത്വമതില്‍
മേവുന്ന നാഥ ജയ നാരായണായ നമഃ

ഓതുന്നു ഗീതകളിതെല്ലമിതെന്നപൊരു-
ളേതെന്നു കാണ്മതിന്നു പോരാമനോബലവും
ഏതെങ്കിലും കിമപി കാരുണ്യമിന്നുതവ
സാധിക്കവേണ്ടു ഹരി നാരായണായ നമഃ

ഔദുംബരത്തില്‍ മശകത്തിന്നു തോന്നുമതില്‍
മീതേകദാപി സുഖമില്ലെന്നുതത്പരിചു
ചേതോവിമോഹിനി മയക്കായ്‌ക നായതവ
ദേഹോഹമെന്നിവയില്‍ നാരായണായ നമഃ

അംഭോജസംഭവനുമന്‍പൊടുനീന്തിബത
വന്മോഹവാരിധിയിലെന്നേടമോര്‍ത്തു മമ
വന്‍പേടിപാരമിവനന്‍പേടാടായ്‌വതിന്നു
മുന്‍പേ തോഴാമടികള്‍ നാരായണായ നമഃ

അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ
മുല്പാടുചെന്നു കയറിട്ടോരു കിങ്കരനെ
പില്‍പാടുചെന്നഥതടുത്തോരുനാല്‍വരെയു-
മപ്പോലെനൗമി ഹരിനാരായണായ നമഃ

കഷ്ടം! ഭവാനെയൊരുപാണ്ഡ്യന്‍ ഭജിച്ചളവ-
ഗസ്ത്യേന നീ ബത! ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാല്‍ക്കഥ കടിപ്പിച്ചന്തിനിതു-
മോര്‍ക്കാവതല്ല ഹരിനാരായണായ നമഃ

ഘര്‍മ്മാതപം കുളിര്‍നിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു
തന്നേത്തിരഞ്ഞുമറുകിച്ചാമൃഗാക്ഷികളെ
വൃന്ദാവനത്തിലഥ നാരായണായ നമഃ

ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ
ഊനം വരുത്തിയൊരുനക്തഞ്ചരിക്കു ബത!
കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
മൊന്നല്ലെയാളു ഹരി നാരായണായ നമഃ

ചമ്മട്ടിപൂണ്ടുകടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്മജന്നുയുധി തേര്‍പൂട്ടിനിന്നുബത!
ചെമ്മേ മറഞ്ഞൊരുശരം കൊണ്ടുകൊന്നതുമൊ-
രിന്ദ്രാത്മജന്നെ ഹരി നാരായണായ നമഃ

ഛന്നത്വമാര്‍ന്നകനല്‍പോലെ നിറഞ്ഞുലകില്‍
ചിന്നുന്നനിന്മഹിമയാര്‍ക്കും തിരിക്കരുത്
അന്നന്നുകണ്ടതിനെ വാഴ്ത്തുന്നു മമുനിക-
ളെന്നത്രെ തോന്നി ഹരിനാരായണായ നമ:

ജന്തുക്കള്‍ വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ പരിപൂര്‍ണ്ണാത്മജനാസതതം
തന്തും മണിപ്രകരഭേദങ്ങള്‍പോലെ പര-
മെന്തെന്തു ജാതമിഹ നാരായണായ നമഃ

ഝങ്കാരനാദമിവയോഗീന്ദ്രനരുള്ളിലുമി-
തോന്നുന്നഗീതികളിലും പാല്പയോധിയിലും
ആകാശവീഥിയിലുമൊന്നായ് നിറഞ്ഞരുളു-
മാനന്ദരൂപ! ഹരിനാരായണായ നമഃ

ഞാനെന്നുമീശ്വരനിതെന്നും വളര്‍ന്നളവു
ജ്ഞാനദ്വയങ്ങള്‍ പലതുണ്ടായതിന്നുമിഹ
മോഹം നിമിത്തമതുപോകും പ്രകാരമപി
ചേതസ്സിലാക മമ നാരായണായ നമഃ

ടങ്കംകുരംഗവുമെടുത്തിട്ടു പതിയുടല്‍
ശംഖം രഥാംഗവുമെടുത്തിട്ടു പാതിയുടല്‍
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നുമോഹമതു നാരായണായ നമഃ

ഠായങ്ങള്‍ ഗീതമിവനാദപ്രയോഗമുട-
നേകശ്രുതീങ്കലൊരുമിക്കുന്നപോലെ പരം
ഏകാക്ഷരത്തിലിതടങ്ങുന്നു സര്‍വ്വവുമി-
താകാശസൂക്ഷ്മതനു നാരായണായ നമഃ

ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി-
മുമ്പേനിജാസനമുറച്ചേകനാഡിയുടെ
കമ്പം കളഞ്ഞു നിലയാറും കടപ്പതിന്നു
തുമ്പങ്ങള്‍ തീര്‍ക്ക ഹരിനാരായണായ നമഃ

ഢക്കാമൃദംഗതുടിതാളങ്ങള്‍ കേട്ടനുഭ-
വിക്കാമിതിന്നിലയിലിന്നേടമോര്‍ത്തു മമ
പാര്‍ക്കുന്നതല്ലമനമാളാനബദ്ധകരി-
തീന്‍കണ്ടപോലെ ഹരിനാരായണായ നമഃ

ണത്വാപരം പരിചു കര്‍മ്മവ്യാപായമിഹ
മദ്ധേഭവിക്കിലുമതില്ലെങ്കിലും കിമപി
തത്വാദിയില്‍ പരമുദിച്ചോരുബോധമനു-
ചിത്തേവരേണ്ടതിഹ നാരായണായ നമഃ

തത്വാര്‍ത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത!
സബ്ദങ്ങളുള്ളില്‍ വിലസീടുന്നതിന്നടിയില്‍
മുക്തിക്കുകാരണമിതേശബ്ദമെന്നുതവ
വാക്യങ്ങള്‍തന്നെ ഹരിനാരായണായ നമഃ

ഥല്ലിന്നു മീതെ പരമില്ലെന്നുമോര്‍ത്തുമുട-
നെല്ലാരോടും കുതറിവാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ നാരായണായ നമഃ

ദംഭായ വന്മരമതിന്നുള്ളില്‍ നിന്നു ചില
കൊമ്പും തളിര്‍ത്തവധിയില്ലാത്ത കായ്‌കനികള്‍
അന്‍പേറിയത്തരുവില്‍ വാഴായ്‌വതിന്നുഗതി
നിന്‍ പാദഭക്തി ഹരി നാരായണായ നമഃ

ധന്യോഹമെന്നുമതി മന്യോഹമെന്നുമതി
പുണ്യങ്ങള്‍ ചെയ്ത പുരുഷന്‍ ഞാനിതെന്നു മതി
ഒന്നല്ലകാണ്‍കൊരു കൊടുങ്കാടുദന്തിമയ-
മൊന്നിച്ചു കൂടിയതു നാരായണായ നമഃ

നന്നായി ഗതിക്കൊരു സഹസ്രാരധാരയില
തന്നീറ്റില്‍ നിന്‍കരുണ വന്മാരി പെയ്‌തുപുനര്‍
മുന്നമ്മുളച്ചമുളഭക്തിക്കുവാഴ്‌ത്തുവതു-
മിന്നേ കൃപാനിലയ നാരായണായ നമ:

പലതുംപറഞ്ഞു പകല്‍ കളയുന്നനാവുതവ
തിരുനാമകീര്‍ത്തനമിതതിനായ്‌ വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടു മോക്ഷഗതി
എളുതെന്നുകേള്‍പ്പു ഹരിനാരായണായ നമഃ

ഫലമില്ലായാതെ മമ വശമൊക്കലാ ജഗതി
മലമൂത്രമായതടി പലനാളിരുത്തിയുടന്‍
അളവില്ലയാതെവെളിവകമേയുദിപ്പതിന്നു
കളയായ്‌കകാലമിനി നാരായണായ നമഃ

ബന്ധുക്കളര്‍ത്ഥഗൃഹപുത്രാദിജാലമതില്‍
ബന്ധിച്ചവന്നുലകില്‍ നിന്‍‌തത്ത്വമോര്‍ക്കിലുമ-
തന്ധന്നു കാട്ടിയൊരു കണ്ണാടിപോലെ വരു-
മെന്നാക്കിടൊല്ല ഹരിനാരായണായ നമഃ

ഭക്ഷിപ്പതിന്നു ഗുഹപോലെ പിളര്‍ന്നുമുഖ-
മയ്യോകൃതാന്തനിഹ പിമ്പേ നടന്നു മമ
എത്തുന്നുദര്‍ദുരമുരത്തോടെ പിമ്പേയൊരു
സര്‍പ്പം കണക്കെ ഹരിനാരായണായ നമഃ

മന്നിങ്കല്‍ വന്നിഹ പിറന്നന്നുതൊട്ടു പുന-
രെന്തൊന്നു വാങ്മനസുദേഹങ്ങള്‍ ചെയ്‌തതതു
എന്തിന്നു മേലിലതുമെല്ലാമെനിക്കു ഹൃദി-
സന്തോഷമായ്‌ വരിക നാരായണായ നമഃ

യാതൊന്നു കണ്ടതതു നാരായണപ്രതിമ
യാതൊന്നു കേള്‍പ്പതതു നാരായണശ്രുതികള്‍
യാതൊന്നു ചെയ്‌വതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരിനാരായണായ നമഃ

രവികോടി തുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാന്‍, കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാദികൗസ്തുഭവു-
മകമേ ഭവിപ്പതിനു നാരായണായ നമഃ

ലക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു
രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീരണ്ടുശക്തികള-
തിങ്കേന്നുദിച്ചവകള്‍ നാരായണായ നമഃ

വദനം നമുക്കു ശിഖി വസനങ്ങള്‍ സന്ധ്യകളു-
മുദരം നമുക്കു ദധിയുലകേഴുരണ്ടുമിഹ
ഭുവനം നമുക്കു ശിവനേത്രങ്ങള്‍ രാത്രിപക-
ലകമേ ഭവിപ്പതിനു നാരായണായ നമഃ

ശക്തിക്കു തക്ക വഴിയിത്ഥം ഭജിപ്പവനു
ഭക്ത്യാവിദേഹദൃഢവിശ്വാസമോടുബത
ഭക്ത്യാകടന്നു തവ തൃക്കാല്‍പിടിപ്പതിന-
യയ്‌ക്കുന്നതെന്നു ഹരിനാരായണായ നമഃ

ഷഡ്വൈരികള്‍ക്കു വിളയാട്ടത്തിനാക്കരുതു
ചിത്താംബുജം തവഹി സദ്ധ്യാനരംഗമതില്‍
തത്രാപി നിത്യവുമൊരിക്കാലിരുന്നരുള്‍ക
സത്യസ്വരൂപ ഹരി നാരായണായ നമഃ

സത്യം വദാമി മമ ഭൃത്യാദിവര്‍ഗ്ഗമതു-
മര്‍ത്ഥം കളത്രഗൃഹ പുത്രാദിജാലമതു-
മൊക്കെത്വദര്‍പ്പണമതാക്കീട്ടു ഞാനുമിഹ
തൃക്കാല്‍ക്കല്‍ വീണുഹരി നാരായണായ നമഃ

ഹരനും വിരിഞ്ചനുമിതമരാധിനായകനു-
മറിയുന്നതില്ല തവ മറിമായതന്മഹിമ
അറിവായ്‌ മുതല്‍ക്കരളിലൊരുപോലെ നിന്നരുളും
പരജീവനില്‍തെളിക നാരായണായ നമ:

ളത്വം കലര്‍ന്നിതുലകാരത്തിനപ്പരിചു
തത്ത്വം നിനക്കിലൊരു ജീവത്വമുണ്ടുതവ
കത്തുന്നപൊന്മണിവിളക്കെന്നപോലെ ഹൃദി
നില്‍ക്കുന്ന നാഥ നരിനാരായണായ നമഃ

ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാവതല്ലതവപരമാക്ഷരസ്യപ്പൊരുള്‍
അറിയാറുമായ്‌ വരിക നാരായണായ നമഃ

കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
വിരവോടുപാര്‍ത്തു പിഴവഴിപോലെ തീര്‍ത്തരുള്‍ക
ദുരിതാബ്ധിതന്‍ നടുവില്‍ മറിയുന്നവര്‍ക്കു പര-
മൊരു പോതമായ് വരിക നാരായണായ നമഃ

മദമാത്സരാദികള്‍ മനസ്സില്‍ തൊടാതെ ജന-
മിതുകൊണ്ടു വാഴ്‌തുക നമുക്കും ഗതിക്കുവഴി
ഇതു കേള്‍ക്കതാനിതൊരു മൊഴിതാന്‍ പഠിപ്പവനും
പതിയാ ഭവാംബുധിയില്‍ നാരായണായ നമഃ

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes