പണ്ടൊരിക്കല്‍ കോലസ്വരൂപത്തിങ്കല്‍ രാജാവ് കോഴിക്കോട്ടു സാമൂതിരിരാജാവിനെ കാണാനായി വന്നിരുന്നു. അന്നു രണ്ടുപേര്‍ക്കും രാജ്യാധിപത്യമുള്ള കാലമാണ്. തമ്മില്‍ കണ്ടാല്‍ രണ്ടുപേരും പുറമേ ഭംഗിക്കു വളരെ സ്നേഹം ഭാവിക്കുകയും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പോവുകയും വരികയുമൊക്കെ പതിവുണ്ടായിരുന്നു. എങ്കിലും ഉള്ളില്‍ പരസ്പരം മത്സരവും ആക്ഷേപവും ധാരാളമായിരുന്നു. കോലസ്വരൂപത്തിങ്കല്‍ രാജാവ് ഇങ്ങോട്ടു വന്നിരിക്കുന്ന സ്ഥിതിക്ക് വേണ്ടതുപോലെ സത്ക്കരിക്കാഞ്ഞാല്‍ ലൗകികത്തിനു പോരല്ലോ എന്നു വിചാരിച്ച് അദ്ദേഹത്തെ സാമൂതിരിരാജാവ് യഥായോഗ്യം സത്കരിച്ചു. ഊണു കഴിഞ്ഞു രണ്ടുപേരുംകൂടി സ്വൈരസല്ലാപം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കോലസ്വരൂപത്തിങ്കല്‍ രാജാവ് അകത്ത് നിരൂപിചുകൊണ്ടു നേരംപോക്കെന്ന ഭാവത്തില്‍ "സാമൂരി കുത്തുമോ?" എന്നു ചോദിച്ചു. (സാമൂതിരി എന്നുള്ളത് ലോപിച്ചു "സാമൂരി" എന്നും പറയാറുണ്ടല്ലോ). സാമൂരി എന്നാല്‍ ഒരു മാതിരി മൂരി (കാള) എന്നുള്ള അര്‍ഥത്തിലാണ് കോലസ്വരൂപത്തിങ്കല്‍ രാജാവ് ചോദിചത്. ഇതുകേട്ട് സാമൂതിരിപ്പാട് " കോലത്തിരി കത്തുമോ?" എന്ന് അങ്ങോട്ടും ചോദിച്ചു. കോലസ്വരൂപത്തിങ്കല്‍ രാജാവിനെ "കോലത്തിരി" എന്നും പറയാറുണ്ടല്ലോ. ഇതു കേട്ട് കോലസ്വരൂപത്തിങ്കല്‍ രാജാവ് "കോലത്തിരി ചിലപ്പോള്‍ കത്തിയേക്കും, സൂക്ഷിക്കണം" എന്നു പറഞ്ഞു. അപ്പോള്‍ സാമൂതിരിപ്പാട് "കോലത്തിരി കത്തിയാല്‍ സാമൂരി കുത്തുകയും ചെയ്യും" എന്നു പറഞ്ഞു. ഇങ്ങനെ അനേകം നേരമ്പോക്കുകളും പറഞ്ഞുരസിച്ചിരുന്നതിന്റെ ശേഷം കോലസ്വരൂപത്തിങ്കല്‍ രാജാവ് സന്തോഷഭാവത്തില്‍ പോവുകയും ചെയ്തു.
പിന്നെ വളരെക്കാലം കഴിഞ്ഞതിന്റെ ശേഷം കോലസ്വരൂപത്തിങ്കല്‍ രാജാവ് വിശേഷമാതിരിയില്‍ പണികഴിപ്പിച്ചിട്ടുള്ള ഒരു പെട്ടി താക്കോലോടുകൂടി ഒരു ഭൃത്യന്‍ വശം സാമൂതിരിപ്പാട്ടിലേക്കു കൊടുത്തയച്ചു. ആ പെട്ടിക്കകത്തു വെടിമരുന്നു നിറച്ചിരുന്നതുകൂടാതെ പെട്ടി തുറന്നാലുടനെ വെടിമരുന്നിനു തീപിടിച്ചു പെട്ടി തുറക്കുന്ന ആളുടെ മുഖവും ദേഹവുമെല്ലാം കത്തിപ്പോകത്തക്കവണ്ണം ഒരു സൂത്രവും പറ്റിച്ചിരുന്നു. "കോലത്തിരി കത്തുമോ?" എന്നു സാമൂതിരിപ്പാടു മുമ്പു ചോദിച്ചിരുന്നതിനു ഒന്നു കത്തിക്കണമെന്നുള്ള വിചാരത്തോടുകൂടിയാണ് ഈ ചതി പ്രയോഗിച്ചതെന്ന് പറയേണ്ടതില്ലല്ലോ. ഭൃത്യന്‍ പെട്ടി താക്കോലോടുകൂടി സാമൂതിരിപ്പാട്ടിലെ അടുക്കല്‍ കൊണ്ടുചെന്നു കൊടുത്ത്, കോലസ്വരൂപത്തിങ്കല്‍ രാജാവിന്റെ സമ്മാനമാണെന്നുള്ള വിവരം അറിയിച്ചു. ഇതു കേട്ടപ്പോള്‍ സാമൂതിരിപ്പാട്, "ഇപ്പോള്‍ കോലത്തിരിരാജാവ് നമുക്കൊരു സമ്മാനം അയച്ചുതരാനുള്ള സംഗതി എന്തായിരിക്കും? ഇതെന്തെങ്കിലും ചതിയായിരിക്കാനേയിടയുള്ളൂ. "കോലത്തിരി കത്തുമോ" എന്നു നാം ചോദിച്ചതിനും "ചിലപ്പോള്‍ കത്തിയേക്കും, സൂക്ഷിക്കണം" എന്നാണലോ മറുപടി പറഞ്ഞിട്ടുള്ളത്. അതിനാല്‍ ഈ പെട്ടിക്കകത്ത് എന്തെങ്കിലും കത്തുന്ന സാധനമായിരിക്കണം. അതുകൊണ്ട് ഈ പെട്ടി വെള്ളത്തില്‍ മുക്കീട്ടു വേണം തുറക്കാന്‍. അല്ലെങ്കില്‍ അബദ്ധം പറ്റിയേക്കും" എന്നു വിചാരിച്ച് പെട്ടി വെള്ളത്തില്‍ മുക്കിയെടുത്തു കൊണ്ടുവരുവാന്‍ തന്റെ ഭൃത്യന്മാരോടു കല്പിചു. ഭൃത്യന്മാര്‍ പെട്ടിയെടുത്തു കൊണ്ടുപോയി മുക്കിക്കൊണ്ടുവന്നു. സാമൂതിരിപ്പാട് പെട്ടി തുറന്നു. പെട്ടിക്കകത്ത് വെള്ളംകേറി വെടിമരുന്നെല്ലാം നനഞ്ഞുപോയതിനാല്‍ തീ കത്തുകയും അബദ്ധം പറ്റുകയുമൊന്നുമുണ്ടായില്ല. ഈ സംഗതികളെല്ലാം കോലത്തിരി രാജാവിന്റെ ഭൃത്യന്മാര്‍ തിരിച്ചുചെന്ന് അദ്ദേഹത്തിന്റെ അടുക്കല്‍ അറിയിക്കുകയും ചെയ്തു. തന്റെ പ്രയോഗം പറ്റിയില്ലല്ലോ എന്നു വിചാരിച്ചു കോലത്തിരിരാജാവിനു വളരെ കുണ്ഠിതമുണ്ടായി എന്നുള്ളതു പറയേണ്ടതില്ലല്ലോ.
പിന്നെ കുറചുകാലം കഴിഞ്ഞതിന്റെശേഷം സാമൂതിരിപ്പാടും മേല്‍പ്രകാരം ഒരു പെട്ടി തന്റെ ഭൃത്യന്മാര്‍ മുഖാന്തരം കോലത്തിരിരാജാവിനു സമ്മാനമായി കൊടുത്തയച്ചു. ആ പെട്ടി കോലത്തിരി രാജാവിന്റെ അടുക്കല്‍ എത്തിയപ്പോള്‍ അദ്ദേഹം, "നാമങ്ങോട്ടു ചെയ്തതിനു പകരം ഇതും ഒരു ചതിപ്രയോഗമായിരിക്കണം. നാം കൊടുത്തയച്ച പെട്ടി സാമൂതിരി വെള്ളത്തില്‍ മുക്കിയിട്ടാണല്ലോ തുറന്നത്. അതുപോലെ ഈ പെട്ടിയും വെള്ളത്തില്‍ മുക്കിയിട്ടുവേണം തുറക്കാന്‍. അല്ലെങ്കില്‍ വല്ല അബദ്ധവും പറ്റിയേക്കും" എന്നിങ്ങനെ വിചാരിച്ചു പെട്തി വെള്ളത്തില്‍ മുക്കി തുറന്നു നോക്കിയപ്പോള്‍ അതില്‍ നിറയെ കടന്നല്‍ കൂടുകളായിരുന്നു നിറച്ചയച്ചിരുന്നത്. പെട്ടിക്കകത്തു വെള്ളം കേറിയപ്പോഴേക്കും കടന്നലുകല്‍ അതികോപത്തോടുകൂടി ഇളകിവശായി. ആ സമയത്താണ് കോലത്തിരി രാജാവു പെട്ടി തുറന്നത്. പിന്നത്തെക്കഥ പറയണമെന്നിലലോ. കടന്നലുകളുടെ കുത്തുകൊണ്ടു കോലത്തിരിരാജാവിനു നിവൃത്തിയില്ലാതെയായി. അദ്ദേഹം ഇതിലധികം വിഷമിക്കേണ്ടതില്ല. അനേകമാളുകള്‍കൂടി കടന്നലുകളെ അടിച്ചും തീവെച്ചും ചുട്ടും മറ്റും നശിപ്പിച്ച് രാജാവിന്റെ പ്രാണനെ രക്ഷിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ