Recommended Post Slide Out For Blogger

 

ഈ ബ്ലോഗ് തിരയൂ

Contents

2011, ജൂൺ 13

കാക്കശ്ശേരി ഭട്ടതിരി

കോഴിക്കോട്ടു (മാനവിക്രമന്‍) ശക്തന്‍തമ്പുരാന്റെ കാലത്തു വേദശാസ്ത്രപുരാണതത്ത്വജ്ഞന്മാരായ മഹാബ്രാഹ്മണരുടെ ഒരു യോഗം ആണ്ടിലൊരിക്കല്‍ അവിടെ കൂടണമെന്ന ഒരേര്‍പ്പാടുണ്ടായിരുന്നു. ആ യോഗം കോഴിക്കോട്ടു തളിയില്‍ ക്ഷേത്രത്തിലാണ് കൂടുക പതിവ്. ബ്രാഹ്മണര്‍ അവിടെ കൂടിയാല്‍ വേദം, ശാസ്ത്രം, പുരാണം മുതലായവയെക്കുറിച്ച് വാദം നടത്തുകയും വാദത്തില്‍ ജയിക്കുന്നവര്‍ക്കു സംഭാവനയായി ഓരോ പണക്കിഴി തമ്പുരാന്‍ കൊടുക്കുകയും പതിവായിരുന്നു. വേദശാസ്ത്രപുരാണങ്ങളുടെ ഓരോ ഭാഗങ്ങളെ വേര്‍തിരിച്ച് നൂറ്റെട്ടയി വിഭജിച്ച് അവയില്‍ ഓരോ ഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം വാദവും അവയ്ക്കെലാം ഓരോ പണക്കിഴിയുമാണ് പതിവ്. അതുകൂടാതെ നൂറ്റൊമ്പതാമത് വയോധികന്മാര്‍ക്ക് ഒരു കിഴി വിശേ‌ഷിച്ചും പതിവുണ്ട്.

ഇങ്ങനെ കുറഞ്ഞോരു കാലം കഴിഞ്ഞപ്പോള്‍ മലയാളബ്രാഹ്മണരില്‍ എല്ലാ വേദങ്ങളും എല്ലാ ശാസ്ത്രങ്ങളും അറിയാവുന്ന യോഗ്യന്മാര്‍ കുറഞ്ഞുതുടങ്ങുകയും തമ്പുരാന്റെ ഈ ഏര്‍പ്പാട് പരദേശങ്ങളിലും പ്രസിദ്ധമാവുകയാല്‍ പരദേശങ്ങളില്‍ നിന്നു യോഗ്യന്മാരായ ബ്രാഹ്മണര്‍ ഈ യോഗത്തില്‍ കൂടുന്നതിനായി ഇങ്ങോട്ടു വന്നുതുടങ്ങുകയും ചെയ്തു. അങ്ങനെ മലയാളബ്രാഹ്മണരും പരദേശബ്രാഹ്മണരുംകൂടി ആ നൂറ്റൊമ്പതുകിഴിയും കുറച്ചുകാലത്തേക്കു വാങ്ങിവന്നു. പിന്നെയും കുറച്ചുകാലംകൂടി കഴിഞ്ഞപ്പോള്‍ വാദത്തില്‍ ജയിച്ചു കിഴി വാങ്ങാന്‍ തക്ക യോഗ്യതയുള്ളവര്‍ മലയാളബ്രാഹ്മണരില്‍ ആരുമില്ലാതെയായി.
അങ്ങനെയിരിക്കുന്ന കാലത്ത് സര്‍വജ്ഞനായി, വാഗീശനായി, കവികുലശിഖാമണീയായി "ഉദ്ദണ്ഡന്‍" എന്ന നാമത്തോടുകൂടിയ ഒരു ശാസ്ത്രിബ്രാഹ്മണന്‍ ഈ സഭയില്‍ ചെന്നു വാദം നടത്താനായി പരദേശത്തുനിന്നു വന്നു. അദ്ദേഹം വളരെ അറിവുള്ള ആളായിരുന്നു. എങ്കിലും അത്യന്തം ഗര്‍വി‌ഷ്ഠനുമായിരുന്നു. അദ്ദേഹം കേരളദേശത്തേക്കു കടന്നുവന്നതുതന്നെ
"പാലയധ്വം പാലയധ്വം രേ രേ ദു‌ഷ്കവികുഞ്ജരാഃ
വേദാന്തവനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ"
എന്നൊരു ശ്ലോകം ചൊല്ലിക്കൊണ്ടാണ്. ഇതിന്റെ അര്‍ത്ഥം "അല്ലയോ അല്ലയോ ദുഷ്കവികളാകുന്ന ആനകളേ! നിങ്ങള്‍ ഓടിക്കൊള്‍വിന്‍, ഓടിക്കൊള്‍വിന്‍; എന്തെന്നാല്‍ വേദാന്തമാകുന്ന വനത്തില്‍ സഞ്ചരിക്കുന്ന ഉദ്ദണ്ഡനാകുന്ന സിംഹം ഇതാ വരുന്നു" എന്നാകുന്നു. ഇദ്ദേഹം സഭയില്‍ വന്നു സകല വി‌ഷയങ്ങളിലും വാദിച്ചു. മലയാളികളും പരദേശികളൂമായ സകല യോഗ്യന്മാരെയും ജയിച്ചു കിഴികളെല്ലാം വാങ്ങി. ഇദ്ദേഹത്തിന്റെ ഇപ്രകാരമുള്ള യോഗ്യത കണ്ടപ്പോള്‍ ശക്തന്‍ തമ്പുരാന് വളരെ ബഹുമാനം തോന്നുകയാല്‍ ശാസ്ത്രികളെ തന്റെ കൂടെത്തന്നെ സ്ഥിരമായി താമസിപ്പിച്ചു. ആണ്ടുതോറും ശാസ്ത്രികള്‍ എല്ലാവരെയും ജയിച്ചു കിഴികളെല്ലാം വാങ്ങിയും വന്നു. ഇങ്ങനെയായപ്പോള്‍ മലയാളബ്രാഹ്മണര്‍ക്കെല്ലാം വളരെ ലജ്ജയും വ്യസനവുമായിത്തീര്‍ന്നു. തങ്ങളുടെ കൂട്ടത്തില്‍ യോഗ്യന്മാരില്ലാതെയായിട്ടാണല്ലോ പരദേശത്തുനിന്ന് ഒരാള്‍ വന്ന് ഈ രാജസംഭാവനകളെല്ലാം വാങ്ങുകയും ഏറ്റവും ബഹുമതിയോടുകൂടി രാജസന്നിധിയില്‍ താമസിക്കുകയും ചെയ്വാനിടയായത് എന്നു വിചാരിച്ച് ഇതിലേക്ക് ഒരു നിവൃത്തിമാര്‍ഗം ആലോചിച്ചു നിശ്ചയിക്കുന്നതിനായി മലയാളബ്രാഹ്മണരില്‍ പ്രധാനന്മാരായിട്ടുള്ളവരെല്ലാംകൂടി ഗുരുവായൂര്‍ക്ഷേത്ര ത്തില്‍ കൂടി. പിന്നെ അവര്‍ എല്ലാവരുംകൂടി അവരുടെ കൂട്ടത്തില്‍, ഉദ്ദണ്ഡശാസ്ത്രികളെ ജയിക്കാന്‍ തക്ക യോഗ്യതയുള്ള ഒരാള്‍ ഉണ്ടാകുന്നതിന് ഒരു മാര്‍ഗം ആലോചിച്ചു നിശ്ചയിച്ചു. അന്നു കാക്കശ്ശേരി ഭട്ടതിരിയുടെ ഇല്ലത് ഒരന്തര്‍ജനത്തിനു ഗര്‍ഭശങ്കയുള്ള വിവരം അറിഞ്ഞ് അവര്‍ എല്ലാവരുംകൂടി ഒരു ദിവ്യമന്ത്രം (ബാല)കൊണ്ടു വെണ്ണ ജപിച്ച് ആ അന്തര്‍ജനം പ്രസവിക്കുന്നതുവരെ ദിവസം തോറും കോടുക്കുകയും സങ്കടനിവൃത്തിക്കായി ഗുരുവായൂരപ്പനെ പ്രാര്‍ഥിക്കുകയും ചെയ്തു കൊണ്ടിരുന്നു. അങ്ങനെ മന്ത്രശക്തിയോടും ഈശ്വരാനുഗ്രഹത്തോടും കൂടി ആ അന്തര്‍ജനം പ്രസവിച്ച് ഒരു പുരു‌ഷപ്രജയുണ്ടായി. ആ ശിശുവാണ് കാക്കശ്ശേരി ഭട്ടതിരിയെന്നു ലോകപ്രസിദ്ധമായ നാമധേയ ത്തിനു വി‌ഷയമായിത്തീര്‍ന്നതെന്നുള്ളത് വിശേ‌ഷിച്ചു പറയേണ്ടതില്ലല്ലോ.
കാക്കശ്ശേരി ഭട്ടതിരി ബാല്യത്തില്‍തന്നെ അത്യന്തം ബുദ്ധിമാനായിരുന്നു. അദ്ദേഹത്തിനു മൂന്നു വയസ്സായപ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നെ ഒരു സംവത്സരം ദീക്ഷ വേണമല്ലോ. ദീക്ഷക്കാലത്തു ബലിയിട്ടു പിണ്ഡം കൊണ്ടുവന്നുവച്ചു കൈകൊട്ടുമ്പോള്‍ പിണ്ഡം കൊത്തിത്തിന്നാനായി വരുന്ന കാക്കകളെ കണ്ടാല്‍ തലേദിവസം വന്നിരുന്നവയെയും അല്ലാത്തവയെയും പ്രത്യേകം ചൂണ്ടിക്കാണിച്ചുകൊണ്ട് ആ ബ്രാഹ്മണശിശു തന്റെ അമ്മയോടു പറയുക പതിവായിരുന്നു. അദ്ദേഹത്തിനു "കാക്കശ്ശേരി" എന്ന പേരു സിദ്ധിച്ചതുതന്നെ ഇതു നിമിത്തമാണ്. അതിനുമുമ്പ് ഇല്ലപ്പേരു വേറെ ഏതാണ്ടായിരുന്നു. ഒരിക്കല്‍ കണ്ട കാക്കയെ വീണ്ടും കണ്ടാല്‍ അറിയാന്‍ സാധാരണ മനു‌ഷ്യര്‍ക്കു കഴിയുന്നതല്ലല്ലോ. ഈ ശിശുവിന് അതു സുകരമായിരുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ബുദ്ധിയുടെ സൂക്ഷ്മത എത്രമാത്രമായിരുന്നു എന്നു സ്പഷ്ടമാകുന്നു.

ബ്രാഹ്മണര്‍ക്ക് സാധാരണയായി ഉപനയനത്തിന്റെ കാലം എട്ടാം വയസ്സിലെന്നാണ് വെച്ചിരിക്കുനന്ത്.
"എട്ടാണ്ടിലുപനീതിക്കു
വിപ്രാണാമുത്തമം പുനഃ"
എന്നു ശാസ്ത്രവുമുണ്ട്. ഉപനയനം കഴിഞ്ഞാല്‍ നിത്യകര്‍മ്മാനു‌ഷ്ഠാനങ്ങള്‍ക്കും മറ്റുമുള്ള മന്ത്രങ്ങള്‍ പഠിക്കുകയും വേദാധ്യയനം ചെയ്യുകയും വേണ്ടതാകയാല്‍ അതിനു തക്കപ്രായം കൂടി വരണമല്ലോ എന്നു വിചാരിച്ചായിരിക്കാം അങ്ങനെ വെച്ചിരിക്കുന്നത്. എന്നാല്‍ കുശാഗ്രബുദ്ധിയായിരുന്ന കാക്കശ്ശേരി ഭട്ടതിരിയെ മൂന്നാം വയസ്സില്‍ എഴുത്തിനിരുത്തുകയും അഞ്ചര വയസ്സില്‍ ഉപനയിക്കുകയും ചെയ്തു. അദ്ദേഹത്തിന് അതാതു കാലത്തു പഠിക്കേണ്ടതിനെ പഠിക്കാന്‍ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ബാല്യകാലത്തിലെ ബുദ്ധിയുടെ മാഹാത്മ്യത്തിന്റെ ശക്തിയുടെയും വക്രതയുടെയും ലക്ഷ്യമായി ഒരു സംഗതികൂടി പറയാം.
കാക്കശ്ശേരി ഭട്ടതിരിയുടെ ബാല്യംമുതല്‍തന്നെ അവിടെ അടുക്കലുള്ള "മൂക്കറ്റത്തു (മൂക്കുതല) ഭഗവതിക്ഷേത്രത്തില്‍ ദിവസംതോറും തൊഴീക്കാന്‍ കൊണ്ടുപോവുക പതിവുണ്ടായിരുന്നു. ആ പതിവിന്‍പ്രകാരം ഒരുദിവസം ഒരു ഭൃത്യനോടുകൂടി പോയി തൊഴുതു തിരിച്ചു വരുമ്പോള്‍ വഴിയില്‍വെച്ച് ആരോ "എവിടെ പോയിരുന്നു" എന്നു ചോദിച്ചു. അപ്പോള്‍ അഞ്ചു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഈ ഉണ്ണി "ഞാന്‍ഭഗവതിയെ തൊഴാന്‍ പോയിരുന്നു" എന്നുത്തരം പറഞ്ഞു. അപ്പോള്‍ മറ്റെയാള്‍ "എന്നിട്ടു ഭഗവതി എന്തു പറഞ്ഞു" എന്നു വീണ്ടും ചോദിച്ചു. ഉടനെ ഉണ്ണി,
"യോഗിമാര്‍ സതതം പൊത്തും തുമ്പത്തെത്തള്ളയാരഹോ!
നാഴിയില്‍പ്പാതിയാടീല പലാകാശേന വാ ന വാ"
എന്നൊരു ശ്ലോകം ചൊല്ലി. ശ്ലോകത്തിന്റെ അര്‍ഥം മനസ്സിലാകാതെ ചോദ്യക്കാരന്‍ വി‌ഷമിച്ചു. പിന്നെ അതിന്റെ അര്‍ഥം ആ ഉണ്ണി തന്നെ താഴെപ്പറയും പ്രകാരം പറഞ്ഞു. യോഗിമാര്‍ സതതം (എല്ലായ്പോഴും) പൊത്തുന്നതു മൂക്ക് (യോഗികള്‍ എല്ലായ്പ്പോഴും മൂക്കു പിടിച്ച് ജപിച്ചുകൊണ്ടാണല്ലോ ഇരിക്കുന്നത്). തുമ്പത്തെ (അറ്റത്തെ) തള്ളയാര്‍ (ഭഗവതി) എല്ലാം കൂടി മൂക്കറ്റത്തു ഭഗവതി എന്നര്‍ത്ഥം. നാഴിയില്‍ പാതി (ഉരി) ആടീല (ആടിയില്ല) ഉരിയാടിയില്ല. പല (ബഹു) ആകാശേന (മാനേന) ആകാശത്തെ മാനം എന്നും പറയാറുണ്ടല്ലോ. ബഹുമാനം കൊണ്ടോ അല്ലയോ, ഏതായാലും മിണ്ടിയില്ല എന്നു താത്പര്യം. ഈ അര്‍ത്ഥം കേട്ടപ്പോള്‍ ചോദ്യക്കാരന്‍ ആ ഉണ്ണി സാമാന്യനല്ല എന്നുപറഞ്ഞു പോവുകയും ചെയ്തു.
കാക്കശ്ശേരി ഭട്ടതിരിയുടെ സമാവര്‍ത്തനം കഴിയുന്നതിനുമുമ്പുതന്നെ അദ്ദേഹം സര്‍വജ്ഞനും നല്ല വാഗ്മിയും യുക്തിമാനു മായിത്തീര്‍ന്നു. അതിനാല്‍ ശക്തന്‍തമ്പുരാന്റെ ബ്രഹ്മസമാജത്തില്‍ ഉദ്ദണ്ഡശാസ്ത്രികളുമായി വാദിക്കുന്നതിനു പോകണമെന്നു മലയാളബ്രാഹ്മണരെല്ലാംകൂടി അദ്ദേഹത്തോടു പറഞ്ഞു. അങ്ങനെതന്നെ ചെയ്യാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. സഭ കൂടുന്ന ദിവസം തളിയില്‍ ക്ഷേത്രത്തിലെത്തി.
ഉദ്ദണ്ഡശാസ്ത്രികളുടെ ഭാഗം വാദിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രതിനിധിയായി ഒരു തത്തക്കിളിയുണ്ട്. ശാസ്ത്രികള്‍ വാദത്തിനുപോകുമ്പോള്‍ ആ കിളിയെ കൂടെ കൊണ്ടുപോകും. അങ്ങനെയാണ് പതിവ്. കാക്കശ്ശേരി ഭട്ടതിരി ആ വിവരം അറിഞ്ഞ് തന്റെ ഭൃത്യനെക്കൊണ്ട് ഒരു പൂച്ചയെ കൂടെ എടുപ്പിച്ചുകൊണ്ടു പോയിരുന്നു. ഭൃത്യനെ ക്ഷേത്രത്തിനു പുറത്തു നിര്‍ത്തീട്ടു ഭട്ടതിരി അകത്തു കടന്നുചെന്നു. അപ്പോള്‍ ശക്തന്‍തമ്പുരാനും ഉദ്ദണ്ഡശാസ്ത്രികളും മറ്റ് അനേകം യോഗ്യന്മാരും അവിടെ കൂടിയിരുന്നു. തമ്പുരാന്‍ ഭട്ടതിരിയെ കണ്ടിട്ട് (അന്ന് അദ്ദേഹം ബ്രഹ്മചാരിയായിരുന്നതിനാല്‍) ഉണ്ണി എന്തിനാണ് വന്നത്; വാദത്തില്‍ ചേരാനാണോ?" എന്നു ചോദിച്ചു. "അതേ" എന്ന് അദ്ദേഹം ഉത്തരം പറഞ്ഞു. അപ്പോള്‍ ശാസ്ത്രി "ആകാരോ ഹ്രസ്വഃ" എന്നു പറഞ്ഞു. ഉടനേ ഭട്ടതിരി "നഹി നഹ്യാകാരോ ദീര്‍ഘഃ അകാരോ ഹ്രസ്വഃ" എന്നുത്തരം പറഞ്ഞു. ശാസ്ത്രികള്‍ ഭട്ടതിരിയെ കണ്ടിട്ട് അദ്ദേഹം കുട്ടിയായിരുന്നതിനാല്‍ ആകാരം (ശരീരം) ഹ്രസ്വം (നീളം കുറഞ്ഞത്) മുണ്ടന്‍ ആയിരിക്കുന്നു എന്നാണ് പറഞ്ഞത്. അതിനു ഭട്ടതിരി ആകാരം "ആ" എന്നുള്ള അക്ഷരമെന്ന് അര്‍ഥമാക്കി ഉത്തരം പറഞ്ഞു. ഈ യുക്തിയില്‍ ശാസ്ത്രികള്‍ മടങ്ങി ലജ്ജിച്ചു പോയി. ഉടനെ എല്ലാവരുമിരുന്നു വാദം ആരംഭിക്കാറായപ്പോള്‍ ശാസ്ത്രികള്‍ തന്റെ കിളിയെ എടുത്തു മുമ്പില്‍ വെച്ചു. ഉടനെ ഭട്ടതിരി തന്റെ പൂച്ചയെയും കൊണ്ടുവന്ന് അദ്ദേഹത്തിന്റെ മുമ്പിലും വച്ചു. പൂച്ചയെ കണ്ടപ്പോഴേക്കും കിളി ഭയപ്പെട്ടു നിശ്ശബ്ദയായിരുന്നു. പിന്നെ ശാസ്ത്രിതന്നെ വാദം തുടങ്ങി. ശാസ്ത്രികള്‍ പറഞ്ഞ പൂര്‍വപക്ഷത്തെ എല്ലാം ഭട്ടതിരി ഖണ്ഡിചു. ശാസ്ത്രികള്‍ എന്തു പറഞ്ഞുവോ അതെല്ലാം ഭട്ടതിരി അബദ്ധമാണെന്ന് പറയുകയും യുക്തികള്‍ കൊണ്ട് സര്‍വവും സാധിക്കയും ചെയ്തു. ഒന്നുകൊണ്ടും ശാസ്ത്രി വിചാരിച്ചാല്‍ ഭട്ടതിരിയെ ജയിക്കാന്‍ കഴികയില്ലെന്നു തീര്‍ച്ചയായപ്പോള്‍ തമ്പുരാന്‍ "ഇനി അധികം വാദിക്കണമെന്നില്ല. രഘുവംശം കാത്യത്തിലെ ആദ്യത്തെ ശ്ലോകത്തിന് അധികം അര്‍ഥം പറയുന്നത് നിങ്ങളിലാരോ അവര്‍ ജയിച്ചു എന്നു തീര്‍ചപ്പെടുത്തിയേക്കാം" എന്നു പറഞ്ഞു. ശാസ്ത്രികള്‍ ആ ശോകത്തിന് അര്‍ഥം പറയുന്നതുപോലെ മറ്റാരും പറയുകയില്ലെന്ന് തമ്പുരാന് വിശ്വാസമുണ്ടായിരുന്നതുകൊണ്ടും മഹായോഗ്യനായ അദ്ദേഹത്തെ അശേ‌ഷം മടക്കി എന്നു വരുന്നതു കഷ്ടമാണല്ലോ എന്നു വിചാരിച്ചിട്ടുമാണ് ഇപ്രകാരം പറഞ്ഞത്. ഉടനെ തമ്പുരാന്‍ പറഞ്ഞതിനെ രണ്ടുപേരും സമ്മതിച്ചു. ശാസ്ത്രികള്‍ അര്‍ഥം പറയാനും തുടങ്ങി. ശാസ്ത്രികള്‍ ആ ശ്ലോകത്തിനു നാലു വിധം അര്‍ഥം പറഞ്ഞു. അതു കേട്ടപ്പോള്‍ ഇതിലധികം ഇനി ആരും പറയുകയില്ലെന്നും കിഴിയെല്ലാം ശാസ്ത്രികള്‍ക്കായിപ്പോയി എന്നും സഭയിലുണ്ടായിരുന്ന സകല യോഗ്യന്മാരും തമ്പുരാനും തീര്‍ച്ചപ്പെടുത്തി. ഭട്ടതിരി ആ ശ്ലോകത്തിന് ശാസ്ത്രികള്‍ പറഞ്ഞതിലധികം വ്യക്തമായും പൂര്‍ണ്ണമായും അക്ലിഷ്ടമായും എട്ടര്‍ഥം പറഞ്ഞു. ഉടനെ ശാസ്ത്രികള്‍ മടങ്ങിയെന്നു സ്വയമേവ സമ്മതിച്ചു. കിഴി നൂറ്റെട്ടും ഭട്ടതിരിതന്നെ വാങ്ങുകയും ചെയ്തു. അപ്പോള്‍ ശാസ്ത്രികള്‍ "വയോവൃദ്ധന്മാര്‍ക്കുള്ള ആ കിഴിക്ക് അര്‍ഹത എനിക്കാണുള്ളത്.ഇന്ന് ഇവിടെ കൂടീട്ടുള്ളതില്‍ എന്നോളം വയോവൃദ്ധനായിട്ട് ആരുമില്ല" എന്നു പറഞ്ഞു. ഉടനേ ഭട്ടതിരി "വയസ്സു കൂടുതലാണ് നോക്കുന്നതെങ്കില്‍ ആ കിഴിക്ക് അര്‍ഹത എന്റെ ഭൃത്യനാണ്. അവന് എണ്‍പത്തഞ്ചുവയസ്സു കഴിഞ്ഞിരിക്കുന്നു. വിദ്യാവൃദ്ധത എന്നോളം മറ്റാര്‍ക്കുമില്ലെന്നു നിങ്ങള്‍ എല്ലാവരും സമ്മതിക്കുകയും ചെയ്തുവല്ലോ" എന്നു പറഞ്ഞു. എന്തിനു വളരെ പറയുന്നു, യുക്തികൊണ്ടും ഭട്ടതിരിയെ ജയിക്കാന്‍ ആരുമില്ലാതെയായതുകൊണ്ട് ഒടുക്കം നൂറ്റൊമ്പതാമത്തെ കിഴിയും അദ്ദേഹം തന്നെ വാങ്ങി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഉദ്ദണ്ഡശാസ്ത്രികള്‍ മുതലായ പരദേശബ്രാഹ്മണരെല്ലാം ലജ്ജയോടും മലയാളബ്രാഹ്മണരെല്ലാം സന്തോ‌ഷത്തോടും കൂടി പിരിയുകയും ചെയ്തു. പിന്നെയും പല സ്ഥലത്തുവച്ചും പല സംഗതിവശാലും ശാസ്ത്രികളും ഭട്ടതിരിയുമായി വളരെ വാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒന്നിലും ഭട്ടതിരി മടങ്ങീട്ടില്ല. അവര്‍ തമ്മില്‍ നടത്തിയതായി കേട്ടിട്ടുള്ള മിക്ക വാദങ്ങളിലും കുറേശ്ശെ അസഭ്യങ്ങള്‍കൂടി അന്തര്‍ഭവിച്ചിട്ടുള്ളതിനാലും വിസ്തരഭയത്താലും അവയെ ഇവിടെ പ്രത്യേകമെടുത്തു വിവരിക്കുന്നില്ല.
ഭട്ടതിരി കിഴി വാങ്ങിത്തുടങ്ങിയതില്‍പ്പിന്നെ ആണ്ടുതോറും എല്ലാം അദ്ദേഹംതന്നെ വാങ്ങിവന്നു. അദ്ദേഹത്തെ ജയിക്കുന്നതിനു മലയാളത്തും പരദേശത്തും ആരും ഉണ്ടായിരുന്നില്ല. ഭട്ടതിരിയുടെ ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും ശക്തി വര്‍ദ്ധിച്ചുകൊണ്ടിരുന്നതിനാല്‍ പുരു‌ഷപ്രായമായപ്പോഴേക്കും അദ്ദേഹം കേവലം ഒരദ്വൈതിയായിത്തീര്‍ന്നു. സമാവര്‍ത്തനം കഴിഞ്ഞതിന്റെ ശേ‌ഷം അദ്ദേഹം ഇല്ലത്തു സ്ഥിരമായി താമസിക്കുകയില്ല. സര്‍വം ബ്രഹ്മമയം എന്നുള്ള ബുദ്ധിയോടുകൂടി പല ദേശങ്ങളിലും സഞ്ചരിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ അദ്ദേഹം പരദേശത്ത് എവിടെയോ ഒരു സത്രത്തില്‍ ഇരിക്കുമ്പോള്‍ അവിടെ പല ദേശക്കാരും ജാതിക്കാരുമായ അനേകം വഴിപോക്കര്‍ വന്നുകൂടി. കുറച്ചുകഴിഞ്ഞപ്പോള്‍ ഈ പാന്ഥന്മാര്‍ തമ്മില്‍ ഒരടികലശലുണ്ടായി. പരസ്പരം വളരെ അസഭ്യം പറയുകയും ചെയ്തു. ഉടനെ അവരില്‍ ഒരു കൂട്ടക്കാര്‍ ഓടിപ്പോയി സര്‍ക്കാരുദ്യോഗസ്ഥന്മാരോടു പറഞ്ഞു. ഉദ്യോഗസ്ഥന്മാര്‍ ശേവുകക്കാരെ വിട്ട് എല്ലാവരെയും പിടിപ്പിച്ചു വരുത്തി. അപ്പോള്‍ രണ്ടുകൂട്ടക്കാരും അവരവരുടെ സങ്കടങ്ങളെ ബോധിപ്പിക്കുകയും താന്താങ്ങള്‍ നിര്‍ദോ‌ഷികളാണെന്നു വാദിക്കുകയും ചെയ്തു. അപ്പോള്‍ ഉദ്യോഗസ്ഥന്‍ "നിങ്ങള്‍ക്കു ദൃക്സാക്ഷികളുണ്ടോ?" എന്നു ചോദിച്ചു. ഉടനേ ഈ രണ്ടുകൂട്ടക്കാരും "ആ സത്രത്തില്‍ ഒരു മലയാളി ഇരിക്കുന്നുണ്ട്. അദ്ദേഹം ഇതെല്ലാം കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള ആളാണ്" എന്നു പറഞ്ഞു. ഉദ്യോഗസ്ഥന്മാര്‍ ഭട്ടതിരിയെയും പിടിച്ചുവരുത്തി ചോദിച്ചു. അപ്പോള്‍ ഭട്ടതിരി "എനിക്കവരുടെ ഭാ‌ഷ അറിഞ്ഞുകൂടാ. അതിനാല്‍ അവര്‍ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായില്ല. എങ്കിലും അവര്‍ തമ്മില്‍ പറഞ്ഞ വാക്കുകളൊക്കെ ഞാന്‍പറയാം" എന്നു പറഞ്ഞിട്ട് ആ രണ്ടു ഭാഗക്കാരും പരസ്പരം പറഞ്ഞ വാക്കുകളെ എല്ലാം അദ്ദേഹം അവിടെ പറഞ്ഞു. കര്‍ണാടകം, തെലുങ്ക്, മഹാരാഷ്ട്രം, ഹിന്ദുസ്ഥാനി, തമിഴ് മുതലായി ഭട്ടതിരിക്കറിഞ്ഞുകൂടാത്തവയായ അനേകം ഭാ‌ഷകളില്‍ അനേകംപേര്‍കൂടി ഒരു ലഹളയില്‍വച്ചു നടന്ന സംഭാ‌ഷണം മുഴുവനും യഥാക്രമം കേട്ടുധരിച്ചു മറ്റൊരു സ്ഥലത്തു ഒരക്ഷരംപോലും തെറ്റാതെ പറഞ്ഞു എന്നുള്ളതും അദ്ദേഹത്തിന്റെ ധാരണാശക്തി എത്രമാത്രമുണ്ടായിരുന്നു എന്നുള്ളതിന് ഒരു ലക്ഷ്യമാണ്.

ഭട്ടതിരിക്ക് തീണ്ടലെന്നും തൊടീലെന്നും മറ്റുമുള്ള അജ്ഞാനങ്ങളൊന്നുമില്ലായിരുന്നു. അദ്ദേഹം ആര്‍ ചോറു കൊടുത്താലും ഉണ്ണും. ക്ഷേത്രങ്ങളിലും ബ്രാഹ്മണാലയങ്ങളിലുമെല്ലാം കേറുകയും എല്ലാവരെയും തൊടുകയും എല്ലാം ചെയ്യും. കുളി സുഖത്തിനും ശരീരത്തിലെ അഴുക്കു പോകുന്നതിനുമെന്നല്ലാതെ ശുദ്ധിക്കായിട്ടാണെന്നുള്ള വിചാരം പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇങ്ങനെയായി ത്തീര്‍ന്നപ്പോഴേക്കും മലയാളബ്രാഹ്മണര്‍ക്കൊക്കെ വലിയ വി‌ഷാദമായിത്തീര്‍ന്നു."ശുദ്ധാശുദ്ധവിചാരം കൂടാതെയുംമലയാളത്തിലെ ആചാരങ്ങളെ ഒന്നും കൈക്കൊള്ളാതെയും തൊട്ടുതിന്നു നടക്കുന്ന ഇയ്യാളെ നമ്മുടെ ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും കേറ്റിക്കൂടാ" എന്നൊക്കെ ഭട്ടതിരി അടുക്കല്‍ ഇല്ലാത്തപ്പോള്‍ എല്ലാവരും വിചാരിക്കയും പറയുകയുമൊക്കെ ചെയ്യും. എങ്കിലും ഭട്ടതിരി വന്നുകേറുമ്പോള്‍ വിരോധിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടാകാറുമില്ല. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ശാസ്ത്രം കൊണ്ടും യുക്തികൊണ്ടും ഭട്ടതിരി അവരെ മടക്കുമെന്നും ഭട്ടതിരിക്കു ഭൃഷ്ടുണ്ടെന്നു സാധിക്കാന്‍ ആരു വിചാരിച്ചാലും കഴികയില്ലെന്നും എല്ലാവര്‍ക്കും നിശ്ചയമുണ്ടായിരുന്നതിനാല്‍ നേരിട്ട് ആരും ഒന്നും അദ്ദേഹത്തോടു പറയാറുമില്ല.
ആണ്ടുതോറും പതിവുള്ള സഭാസമ്മേളനത്തിനായി ഒരിക്കല്‍ ശക്തന്‍തമ്പുരാനും യോഗ്യന്മാരായ അനേകം ബ്രാഹ്മണരുംകൂടി തളിയില്‍ ക്ഷേത്രത്തില്‍ കൂടിയിരുന്നപ്പോള്‍ പതിവുപോലെ ഭട്ടതിരിയും അവിടെയെത്തി. ഭട്ടതിരി കിഴിയെല്ലാം വാങ്ങി യാത്രയായപ്പോള്‍ ബ്രാഹ്മണരുമായി,
ബ്രാഹ്മണര്‍: ആപദി കിം കരണീയം?
ഭട്ടതിരി: സ്മരണീയം ചരണയുഗളമംബായാഃ
ബ്രാഹ്മണര്‍: തത് സ്മരണം കിം കുരുതേ?
ഭട്ടതിരി: ബ്രഹ്മാദീനപി ച കിങ്കരീകുരുതേ
എന്നു ശോകരൂപേണ ചോദ്യോത്തരമായിട്ട് ഒരു സംഭാ‌ഷണമുണ്ടായി. ഭട്ടതിരിയുടെ സമ്പര്‍ക്കം അവര്‍ക്കൊരു ആപത്തായിത്തീര്‍ന്നിരുന്നതുകൊണ്ടും അദ്ദേഹത്തെ വര്‍ജിക്കുന്നതിനു നിവൃത്തിയില്ലാത്തതുകൊണ്ടുമാണ് ബ്രാഹ്മണര്‍ അങ്ങനെ ചോദിച്ചത്. "ആപത്തില്‍ എന്താണ് ചെയ്യേണ്ടത്?" എന്നാണ് ബ്രാഹ്മണരുടെ ചോദ്യത്തിന്റെ അര്‍ഥം. "ദേവിയുടെ പാദങ്ങളെ സ്മരിക്കണം". "ആ പാദങ്ങളെക്കുറിച്ചുള്ള സ്മരണം എന്തിനെ ചെയ്യും" എന്നു പിന്നത്തെ ചോദ്യം. "അത് ബ്രഹ്മാവു മുതലായവരെക്കൂടിയും ഭൃത്യന്മാരാക്കി ചെയ്യും" എന്നു ഭട്ടതിരിയുടെ പിന്നത്തെ ഉത്തരം. ഇങ്ങനെ പറഞ്ഞ് എല്ലാവരും പിരിയുകയും ചെയ്തു.
പിറ്റേദിവസം തന്നെ ബ്രാഹ്മണര്‍ എലാവരുംകൂടി പത്മമിട്ടു വിളക്കുംവച്ചു ഭഗവതിയെ പൂജിക്കുകയും പലവിധത്തിലുള്ള മന്ത്രങ്ങളെക്കൊണ്ടും പു‌ഷ്പാഞ്ജലി ചെയ്കയും ആപന്നിവൃത്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്തു തുടങ്ങി. അങ്ങനെ നാല്പതു ദിവസത്തെ ഭഗവദ്സേവ കഴിഞ്ഞു നാല്പത്തൊന്നാം ദിവസം ഭട്ടതിരി അവിടെച്ചെന്നു പുറത്തുനിന്നുംകൊണ്ട് കുടിക്കാന്‍ കുറച്ചു വെള്ളം വേണമെന്നു പറഞ്ഞു. ഉടനെ ഒരാള്‍ ഒരു പാത്രത്തില്‍ കുറെ വെള്ളം കൊണ്ടുവന്നു കൊടുത്തു. ഭട്ടതിരി അതെടുത്തു കുടിച്ചു പാത്രം കമഴ്ത്തിവച്ചിട്ട് "എനിക്ക് ഭൃഷ്ടുണ്ട്. അങ്ങോട്ടെങ്ങും കേറുകയും നിങ്ങളെ ആരെയും തൊടുകയും ചെയ്യുന്നില്ല" എന്നു പറഞ്ഞ് അവിടെ നിന്ന് പോവുകയും ചെയ്തു. അതില്‍പിന്നെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. അതിനാല്‍ ഭട്ടതിരിയുടെ ചരമഗതി എവിടെവെച്ചായിരുന്നു എന്നും ഏതുകാലത്തായിരുന്നു എന്നും ആര്‍ക്കും നിശ്ചയമില്ല. ഇദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ചു തക്കതായ ലക്ഷ്യമൊന്നും കാണുന്നില്ല. എങ്കിലും കൊല്ലവര്‍‌ഷം അറുനൂറിനും എഴുനൂറിനും മദ്ധ്യേ ആണെന്നു ഊഹിക്കുന്നു. ഈ ഭട്ടതിരിക്ക് സന്തതിയുണ്ടാകാന്‍ ഇടയാകാഞ്ഞതുകൊണ്ടും വേറെ പുരു‌ഷന്മാര്‍ ആ ഇല്ലത്ത് ഇല്ലാതെയിരുന്നതുകൊണ്ടും അദ്ദേഹത്തിന്റെ കാലം കഴിഞ്ഞതോടുകൂടി ആ ഇല്ലം അന്യംനിന്നു പോവുകയും ചെയ്തു.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes