Recommended Post Slide Out For Blogger

 

ഈ ബ്ലോഗ് തിരയൂ

Contents

2011, ജൂൺ 13

മംഗലപ്പിള്ളി മൂത്തതും പുന്നയില്‍ പണിക്കരും

തിരുവിതാംകൂറില്‍ തിരുവല്ലാ താലൂക്കില്‍ ചേര്‍ന്ന ആറന്മുളെ മംഗലപ്പിള്ളിയില്ലത് പണ്ടു ജ്യോതിശ്ശാസ്ത്രപാരംഗതനും മഹാവിദ്വാനുമായിട്ട് ഒരു മൂത്തതുണ്ടായിരുന്നു. അദ്ദേഹം, കൂട്ടമ്പേരൂര്‍ നാലേക്കാട്ടില്‍ ഇപ്പോഴുള്ള ശങ്കരനാരായണപിള്ള അവര്‍കളുടെ പിതാമഹനും വലിയ വിദ്വാനും പ്രസിദ്ധ ജ്യോത്സ്യനുമായിരുന്നു സമ്പ്രതിപ്പീള്ള അവര്‍കളുടെ സഹപാഠിയും ആപ്തമിത്രവുമായിരുന്നു. ഒരിക്കല്‍ അദ്ദേഹം എവിടെയോ പോകുംവഴി തന്റെ സ്നേഹിതനെക്കൂടി കണ്ടിട്ടു പോകാമെന്നു വിചാരിച്ചു നാലേക്കാട്ടില്‍ കേറി. അപ്പോള്‍ ഒരു പോറ്റി തനിക്കൊന്നു വേളികഴിക്കണമെന്നു വിചാരിച്ചു പല സ്ത്രീജാതകങ്ങളും തന്റെ ജാതകവും കൊണ്ടു സമ്പ്രതിപ്പിള്ളയെക്കൊണ്ടു നോക്കിക്കാനായി അവിടെ വന്നു കൂടീട്ടുണ്ടായിരുന്നു. മൂത്തതു ചെന്നുകേറിയ ഉടനെ സമ്പ്രതിപ്പിള്ള സബഹുമാനം എഴുന്നേറ്റ് ആസനസത്കാരം ചെയ്തിരുത്തി, താനും യഥാസ്ഥാനം ഇരുന്നതിന്റെ ശേ‌ഷം രണ്ടുപേരും പരസ്പരം കുശല പ്രശ്നാദിസംഭാ‌ഷണം ചെയ്തുകൊണ്ടിരുന്നു. അനന്തരം സമ്പ്രതിപ്പിള്ള (പോറ്റിയെ ചൂണ്ടിക്കാണിച്ചിട്ട്) "ഇദ്ദേഹം ഒന്നു വേളികഴിക്കണമെന്നു വിചാരിച്ചു ജാതകങ്ങള്‍ നോക്കിക്കാനായിട്ടാണു വന്നിരിക്കുന്നത്. സ്ത്രീജാതകങ്ങള്‍ ഒട്ടുവളരെ കൊണ്ടുവന്നിട്ടുണ്ട്.ഞാനാണെങ്കില്‍ ഇതെല്ലാം പരിശോധിച്ച് ഒന്നു തിരഞ്ഞെടുക്കുന്നതിനും വളരെ ദിവസം വേണ്ടി വന്നേക്കും. അവിടുന്നായാല്‍ എളുപ്പമൂണ്ടല്ലോ. അതിനാല്‍ അതൊന്നു നോക്കി തീര്‍ച്ചപ്പെടുത്തി അദ്ദേഹത്തെ അയച്ചേച്ചാല്‍ എനിക്കും അദ്ദേഹത്തിനും വലിയ സഹായമാകും. പിന്നെ വര്‍ത്തമാനങ്ങള്‍ പറയുന്നതിനു നമുക്കു മനസ്സിനു സുഖവുമുണ്ടായിരിക്കും" എന്നു പറഞ്ഞു. ഉടനെ മൂത്തത് "ഓഹോ, ആ ജോലി ഇപ്പോള്‍ തീര്‍ത്തേക്കാമല്ലോ" എന്നു പറഞ്ഞു പോറ്റിയോടു ജാതകങ്ങളെല്ലാം വാങ്ങി. ആകപ്പാടെ തിരിച്ചും മറിച്ചും ഒന്നുനോക്കീട്ട് "ഇതു കൊള്ളുകയില്ല" എന്നു പറഞ്ഞിട്ട് ഓരോന്നായിട്ടു താഴെയിട്ട് ഒടുക്കം ഒരു ജാതകം കയില്‍ പിടിചുകൊണ്ട് "ഈ സ്ത്രീജാതകം ശാസ്ത്രപ്രകാരം നോക്കിയാല്‍ ഇദ്ദേഹത്തിനു നല്ലപോലെ ചേര്‍ന്നതായിരിക്കും. പക്ഷേ, ഈ കന്യകയെ ഇദ്ദേഹത്തിനു വിവാഹം കഴിക്കാന്‍ കിട്ടുകയില്ല എന്നേ ഒരു ദോ‌ഷമുള്ളൂ" എന്നു പറഞ്ഞു. മൂത്തതിന്റെ വാക്കു കേട്ട് പോറ്റി ആ ജാതകം എവിടത്തെ പെണ്‍കിടാവിന്റെതാണെന്നു നോക്കീട്ട് "ജാതകം ചേരുമെങ്കില്‍ ഈ കന്യകയെ എനിക്കു കിട്ടാതിരിക്കുകയില്ല. ആ ഇല്ലക്കാരും ഞങ്ങളും തമ്മില്‍ പണ്ടേതന്നെ ചാര്‍ച്ചക്കാരും സ്നേഹിതരുമാണ്" എന്നു പറഞ്ഞു. ഉടനെ മൂത്തത് "പോയി പരീക്ഷിചു നോക്കുക. ഒടുവില്‍ ഫലം ഞാന്‍പറഞ്ഞതുപോലെയായിരിക്കും. വേറെ കന്യകയെ ആയിരിക്കുമെന്നേ ഉള്ളൂ. ആ വേളികൊണ്ട് ഫലമൊന്നുമില്ല താനും. പ്രസവിക്കുന്നതിനുമുമ്പ് ആ സ്ത്രീ മരിച്ചുപോകും. സന്തതിയുണ്ടാകണമെങ്കില്‍ പിന്നെ ഒന്നുകൂടി വേളി കഴിക്കേണ്ടിവരും" എന്നു പറഞ്ഞു. ഇതൊക്കെക്കേട്ടിട്ട് പോറ്റിക്ക് ഒട്ടും വിശ്വാസമുണ്ടായില്ല. അദ്ദേഹം "ഞാനൊന്നു പരീക്ഷിച്ചുനോക്കട്ടേ" എന്നു പറഞ്ഞു ജാതകങ്ങളും എടുത്തുകൊണ്ടുപോയി. കുറച്ചുനേരം സമ്പ്രതിപ്പിള്ളയോടു വര്‍ത്തമാനങ്ങളും പറഞ്ഞിരുന്നതിന്റെ ശേ‌ഷം യാത്ര പറഞ്ഞു മൂത്തതും പോയി.

ഉടനെ ഒരു പോറ്റി, "അതിനെക്കുറിച്ച് അങ്ങൊട്ടും വ്യസനിക്കേണ്ട. എനിക്കു സ്ത്രീധനമായി ഒരു കാശുപോലും തരികയും വേണ്ടാ, എന്നാലും ഈ പെണ്ണിനെ ഇയ്യാള്‍ക്കു കൊടുക്കാന്‍ പാടില്ല. അങ്ങേക്കു സമ്മതമുണ്ടെങ്കില്‍ പറയണം. ഞാനിപ്പോള്‍ കുളിച്ചു വന്നേയ്ക്കാം" എന്നു പറഞ്ഞു. വേറെ നിവൃത്തിയൊന്നും കാണായ്കയാല്‍ അച്ഛന്‍പോറ്റി അതിനെസ്സമ്മതിച്ചു. വേളി കഴിക്കാമെന്നു പറഞ്ഞ പോറ്റി കുളിച്ചുവരികയും അച്ഛന്‍പോറ്റി കന്യാദാനം ചെയ്യുകയും ചെയ്തു. അപ്പോള്‍ പോറ്റി രുഗ്മിണീസ്വയംവരത്തിലെ ശിശുപാലനെപ്പോലെ ഏറ്റവും വി‌ഷണ്ണനായിത്തീര്‍ന്നു. അതു കണ്ടു മറ്റേ കക്ഷിയിലുള്ള ഒരു പോറ്റി "അങ്ങ് ഇതുകൊണ്ടൊട്ടും വ്യസനിക്കേണ്ടാ. ഈ മുഹൂര്‍ത്തത്തില്‍ത്തന്നെ അങ്ങേക്കൊണ്ടു ഞാന്‍വേളി കഴിപ്പിക്കാം. എന്റെ കൂടെ വന്നോളൂ. എന്റെ മകളെ ഞാന്‍അങ്ങേക്കു തരാമെന്നു നിശ്ചയിച്ചു. ഇവിടെത്തരാമെന്നു പറഞ്ഞതില്‍ ഇരട്ടി സ്ത്രീധനം തരാനും ഞാന്‍തയ്യാറുണ്ട്" എന്നുപറഞ്ഞു. അത് അദ്ദേഹവും സമ്മതിച്ചു. ആ കക്ഷിക്കാരെല്ലാംകൂടി ഇറങ്ങി മറ്റേ പോറ്റിയുടെ മഠത്തിലേക്കു പോവുകയും ആ മുഹൂര്‍ത്തത്തിനുതന്നെ രണ്ടു സ്ഥലത്തും വേളി നടക്കുകയും ചെയ്തു. ഈ ഭവി‌ഷ്യത്ഫലങ്ങളെല്ലാം മംഗലപ്പിള്ളി മൂത്തതു മുമ്പേതന്നെ പറഞ്ഞിരുന്നതാണല്ലോ. എങ്കിലും അപ്പോഴത്തെ വാശിയും വഴക്കുംകൊണ്ടു തത്കാലം അതൊന്നും ആരുമോര്‍ത്തില്ല. വേളി കഴിഞ്ഞ ശേ‌ഷം, താന്‍ ജാതകം നോക്കിക്കാനായി ചെന്നപ്പോള്‍ നാലേക്കാട്ടില്‍വെച്ചു മൂത്തതു പറഞ്ഞതെല്ലാം ആ പോറ്റിക്ക് ഓര്‍മ്മവരികയും മനസ്സുകൊണ്ടുമൂത്തതിനെ വളരെ ബഹുമാനിക്കുകയും ചെയ്തു. എങ്കിലും ശേ‌ഷംകൂടി ഒക്കുമോ എന്നറിയട്ടെ എന്നു വിചാരിച്ച് അദ്ദേഹം സ്വസ്ഥമായിരുന്നു. ആറു മാസം കഴിയുന്നതിനുമുമ്പേ ആ പോറ്റിയുടെ അന്തര്‍ജനം മരിച്ചു. അപ്പോള്‍ മൂത്തതു പറഞ്ഞിരുന്നതു മുഴുവനും ഓര്‍ത്തതിനാല്‍ മൂത്തതിന്റെ പ്രശ്നത്തില്‍ പോറ്റിക്കു വളരെ വിശ്വാസമായി.

അനന്തരം പോറ്റി ഒന്നുകൂടി വേളികഴിക്കണമല്ലോ എന്നു വിചാരിച്ചിട്ട് ഒട്ടുവളരെ സ്ത്രീജാതകങ്ങള്‍ ശേഖരിച്ചു. "ഇനി മൂത്തതിനെക്കൊണ്ടുതന്നെ ജാതകം നോക്കിച്ചു നിശ്ചയിച്ചിട്ടു വേണം വേളി കഴിക്കാന്‍" എന്നു വിചാരിച്ചു പോറ്റി ജാതകങ്ങളുംകൊണ്ട് ആറന്മുള മൂത്തതിന്റെ ഇല്ലത്തെത്തി. അപ്പോള്‍ മൂത്തത് അമ്പലത്തില്‍ തൊഴാന്‍ പോയിരികുകയായിരുന്നു. മൂത്തതു തൊഴീലും കഴിഞ്ഞ് ഇല്ലത്തു ചെന്നപ്പോള്‍ ജാതകക്കെട്ടുമായി പോറ്റി വന്നിരിക്കുനന്തു കണ്ടിട്ട് "എന്താ ഞാന്‍പറഞ്ഞിരുന്നതൊക്കെ ഒത്തില്ലേ? ഇനി ഒന്നു വേളി കഴിക്കണം. അല്ലേ?" എന്നു ചോദിചു. അപ്പോള്‍ പോറ്റി "പറഞ്ഞിരുന്നതുപോലെ എല്ലാം സംഭവിച്ചു. ഇനി വേണ്ടതിനെ പറഞ്ഞുതരണം. സ്ത്രീജാതകങ്ങള്‍ പത്തുമുപ്പതെണ്ണം കൊണ്ടുവന്നിട്ടുണ്ട്. ഊണു കഴിഞ്ഞ് ഇതെല്ലാമൊന്നു പരിശോധിച്ച്, ഇതില്‍ വല്ലതും കൊള്ളാവുന്നതുണ്ടെങ്കില്‍ നിശ്ചയിച്ചു പറഞ്ഞയയ്ക്കണം" എന്നു പറഞ്ഞു. ഉടനെ മൂത്തത് "എനിക്ക് പരിശോധിക്കാനും ആലോചിക്കാനുമൊന്നുമില്ല. വല്ലതും മനസ്സില്‍ തോന്നുന്നതിനെ പറയുക എന്നേയുള്ളൂ. ഈശ്വരകാരുണ്യംകൊണ്ടും ഗുരുകടാക്ഷംകൊണ്ടും പറഞ്ഞാലധികം തെറ്റാറില്ല. അതിനാല്‍ ഇതും ഇപ്പോള്‍ത്തന്നെ പറഞ്ഞേക്കാം. ആ ജാതകക്കെട്ടില്‍നിന്നും രണ്ടെണ്ണം മാറ്റീട്ടു മൂന്നാമതിരിക്കുന്ന ജാതകം കാര്‍ത്തികനക്ഷത്രം ജനിച്ച ഒരു കന്യകയുടേതായിരിക്കും. അത് അങ്ങേക്കു ചേരും. ആ കന്യകയെ വിവാഹം കഴിച്ചോളൂ. ദോ‌ഷം വരികയില്ല. ആ ഭാര്യയില്‍ അങ്ങേക്കു രണ്ടുണ്ണികളും ഒരു പെണ്‍കിടാവും ഉണ്ടാകും. നാലാമത്തെ ഗര്‍ഭം അലസിപ്പോകും. പിന്നെ ആ അന്തര്‍ജനം പ്രസവിക്കുകയുമില്ല. ഇതിലധിക മൊന്നും ഇപ്പോള്‍ അറിയണമെന്നില്ലല്ലോ. ഇനി പോകുന്നെങ്കില്‍ പോകാം. ഇരിക്കുന്നെങ്കില്‍ ഇവിടെയിരിക്കാം. ഞാന്‍ഊണു കഴിച്ചു വേഗം വരാം" എന്നു പറഞ്ഞു. പോറ്റി പിന്നെ അവിടെ താമസിച്ചില്ല. അപ്പോള്‍ത്തന്നെ സസന്തോ‌ഷം യാത്രപറഞ്ഞുപോയി. മൂത്തത് ഉണ്ണാനായി അകത്തേക്കും പോയി. പോറ്റി പോയി മൂത്തതു പറഞ്ഞ കന്യകയെത്തന്നെ വിവാഹം കഴിക്കുകയും രണ്ടുണ്ണികളും ഒരു പെണ്‍കിടാവും ഉണ്ടാവുകയും അന്തര്‍ജനത്തിന്റെ നാലാമത്തെ ഗര്‍ഭം അലസുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോള്‍ പോറ്റിക്കു മൂത്തതിനെക്കുറിച്ചുള്ള ബഹുമാനവും സന്തോ‌ഷവും സഹിക്കവഹിയാതെയായി. പിന്നെ അദ്ദേഹം കേമമായിട്ട് ഒരു സദ്യയ്ക്കു വേണ്ടുന്ന വട്ടങ്ങളുംകൂട്ടി ഒട്ടുവളരെ മുണ്ടുകളും പണവുമൊക്കെക്കൊണ്ടു കിടാങ്ങളോടുകൂടി ആറന്മുളെ മൂത്തതിന്റെ ഇല്ലത്തു ചെന്നു. അന്നുതന്നെ അദ്ദേഹം കിടാങ്ങളെയൊക്കെ അമ്പലത്തില്‍ കൊണ്ടുപോയി തൊഴീക്കുകയും താന്‍ തൊഴുകയും വളരെ വഴിപാടുകള്‍ കഴിക്കുകയും ചെയ്തു. പിറ്റേ ദിവസം മൂത്തതിനെ സത്കരിക്കുന്നതിനായി ഇല്ലത്തുവെച്ച് അതികേമമായി ഒരു സദ്യ നടത്തുകയും മൂത്തതിനും ഇല്ലത്തുള്ള സകലര്‍ക്കും ആബാലവൃദ്ധം വാലിയക്കാര്‍, അച്ചിമാര്‍ മുതലായവര്‍ വരെ ഓണപ്പുടവ കൊടുക്കുകയും മറ്റും ചെയ്തു മൂത്തതിനെ വളരെ സന്തോ‌ഷിപ്പിച്ചുപോരികയും ചെയ്തു. ഇപ്രകാരം ദൂതലക്ഷണജ്ഞന്മാരായ മഹാന്മാര്‍ മുന്‍കാലങ്ങളില്‍ കേരളത്തില്‍ വളരെയുണ്ടായിരുന്നു. ഇപ്പോള്‍ ഇങ്ങനെയുള്ളവര്‍ എങ്ങുമുള്ളതായി കേള്‍ക്കുന്നുപോലുമില്ല. ദൂതലക്ഷണജ്ഞതയുടെ മാഹാത്മ്യം എത്രമാത്രമുണ്ടെന്നു മേല്പറഞ്ഞ ഐതിഹ്യങ്ങള്‍കൊണ്ടു സ്പഷ്ടമാകുന്നുണ്ടല്ലോ. ദൂതലക്ഷണജ്ഞന്മാര്‍ക്കു ലക്ഷണം പറയുന്നതിനു പറലും പലകയുമൊന്നുമാവശ്യമില്ല. അവര്‍ ദൂതന്മാരുടെ വാക്കും ഭാവവും നിലയും ചേഷ്ടയും സമയവും മറ്റും നോക്കി മാത്രമാണ് ഫലങ്ങള്‍ പറയുന്നത്. അതിനാല്‍ ദൂതലക്ഷണം വളരെ അത്ഭുതകരവും സകൗര്യമുള്ളതുമാണെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

കുമരനല്ലൂര്‍ക്കടുത്തു നെട്ടാശ്ശേരി എന്ന ദിക്കില്‍ "പുന്നയില്‍" എന്നൊരു ശൂദ്രഭവനം ഇപ്പോഴുമുണ്ട്. ആ വീട്ടില്‍ മഹാവിദ്വാനും പ്രസിദ്ധ ജ്യോത്സ്യനുമായിട്ട് ഒരാള്‍ മുമ്പൊരിക്കലുണ്ടായിരുന്നു. ആ തറവാട്ടേക്കു പണിക്കര്‍സ്ഥാനമുള്ളതിനാല്‍ അവിടെയുള്ള പുരു‌ഷന്മാരെ പണിക്കന്മാരെ ന്നാണു പറയുക പതിവ്. അതിനാല്‍ നമ്മുടെ കഥാനായകനായ ജ്യോത്സ്യനെയും പുന്നയില്‍ പണിക്കരെന്നാണ് പറഞ്ഞുവന്നിരുന്നത്. കുമരനല്ലൂര്‍ ഗ്രാമത്തിലുള്ള ഒരു നമ്പൂരി തന്റെ പുത്രനെ ഉപനയിക്കുന്നതിന് ഒരു മുഹൂര്‍ത്തം പറഞ്ഞുകൊടുക്കണമെന്നു പല ജ്യോത്സ്യന്മാരോടും ആവശ്യപ്പെട്ടിട്ടും ആരും മുഹൂര്‍ത്തം പറഞ്ഞു കൊടുത്തില്ല. അക്കാലത്തു തെക്കുംകൂറില്‍ ഉള്‍പ്പെട്ട ചില തമ്പുരാക്കന്മാര്‍, വട്ടപ്പിള്ളി ശങ്കുമൂത്തതു മുതലായി ആ ദിക്കുകളില്‍ത്തന്നെ പല ജ്യോത്സ്യന്മാരുണ്ടായിരുന്നു. അവരെല്ലാം നോക്കീട്ടു ആ കൊല്ലത്തില്‍ ആ ഉണ്ണിയെ ഉപനയിക്കാന്‍ കൊള്ളാവുന്ന മുഹൂര്‍ത്തമില്ലെന്നു പറയുക കൊണ്ടും ഉണ്ണിയെ ഉപനയിക്കുന്നതിനുള്ള കാലമായിരുന്നതുകൊണ്ടും നമ്പൂരി ഒടുക്കം പുന്നയില്‍ പണിക്കരുടെ അടുക്കല്‍ ചെന്ന് ഒരു മുഹൂര്‍ത്തമുണ്ടാക്കിക്കൊടുക്കണമെന്ന് അപേക്ഷിച്ചു. പണിക്കര്‍ ഉടനെ ഒരു പ്രയാസവും സംശയവും കൂടാതെ മുഹൂര്‍ത്തം ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. നമ്പൂരി ആ മുഹൂര്‍ത്തച്ചാര്‍ത്തുംകൊണ്ടു തെക്കുംകൂ!ര്‍ തമ്പുരാക്കന്മാര്‍ മുതലായവരുടെ അടുക്കല്‍ ചെന്ന് "നിങ്ങളൊക്കെ മുഹൂര്‍ത്തമില്ലെന്നു പറഞ്ഞുവെങ്കിലും പുന്നയില്‍ പണിക്കര്‍ ഒരു മുഹൂര്‍ത്തമുണ്ടാക്കിത്തന്നു" എന്നു പറഞ്ഞു. ഉടനെ അവര്‍ "അതുവ്വോ? എന്നാല്‍ ആ ചാര്‍ത്തൊന്നു കാണണമലോ" എന്നു പറഞ്ഞ് അവര്‍ ആ ചാര്‍ത്തു വാങ്ങി നോക്കി. അപ്പോള്‍ പണിക്കര്‍ ചാര്‍ത്തിക്കൊടുത്തിരിക്കുന്ന മുഹൂര്‍ത്തം ഉപനയിക്കാനുള്ള ഉണ്ണിയുടെ അഷ്ടമരാശിക്കൂറു സമയത്തായിരുന്നതിനാല്‍ തമ്പുരാന്‍ ആളയച്ച് പണിക്കരെ അവിടെ വരുത്തി. പണിക്കര്‍ അന്നുണ്ടായിരുന്ന ജ്യോത്സ്യന്മാരെ എല്ലാവരെയും ഓരോ വിധത്തില്‍ ജയിച്ചിരുന്നതിനാല്‍ എല്ലാവര്‍ക്കും പണിക്കരുടെ പേരില്‍ കിടമത്സരവും അസൂയയുമുണ്ടായിരുന്നു. അതിനാല്‍ ഈ അവസരത്തില്‍ പണിക്കരെ ഒന്നു മധ്യമമാക്കാമെന്നു നിശ്ചയിച്ചുകൊണ്ടു ശങ്കു മൂത്തതു മുതലായവരും അവിടെക്കൂടി. എല്ലാവരും വന്നപ്പോഴേക്കും പണിക്കരും വന്നുചേര്‍ന്നു. ഉടനെ എല്ലാവരുംകൂടി "അഷ്ടമരാശിക്കൂറു സമയത്ത് ഉപനയനം കഴിക്കാമെന്ന് എന്തു പ്രമാണമാണുള്ളത്? എന്നു പണിക്കരോട് ചോദ്യമായി. അപ്പോള്‍ പണിക്കര്‍ "അഷ്ടമരാശിക്കൂറു മുഹൂര്‍ത്തങ്ങള്‍ക്കു വര്‍ജ്യമാണെന്നാണ് പ്രമാണം. എങ്കിലും ഈ ഉണ്ണിയെ ഇക്കൊല്ലം ഉപനയിക്കാഞ്ഞാല്‍ വേറെ തരക്കേടു വരാനുള്ളതുകൊണ്ടും ഇക്കൊല്ലത്തില്‍ ഉപനയനത്തിന് ഈയൊരു മുഹൂര്‍ത്തമല്ലാതെ ഇല്ലാത്തതുകൊണ്ടും ഇങ്ങനെ ചാര്‍ത്തിക്കൊടുത്തതാണ്" എന്നു പറഞ്ഞു. ഉടനെ മറ്റവര്‍ "ഈ ഉണ്ണിയെ ഇക്കൊലത്തില്‍ത്തന്നെ ഉപനയിച്ചില്ലെങ്കില്‍ എന്തു തരക്കേടാണു വരാനുള്ളത്?" എന്നു ചോദിച്ചു. അപ്പോള്‍ പണിക്കര്‍ "അടുത്ത കൊല്ലത്തില്‍ ഉണ്ണിക്ക് അമ്മ മരിച്ച് ദീക്ഷയായിരിക്കും. പിന്നത്തെ കൊല്ലത്തില്‍ ഉപനയനത്തിനു മുഹൂര്‍ത്തം തന്നെയില്ല. അതിന്റെ പിന്നത്തെ കൊല്ലത്തില്‍ ഉണ്ണിയുടെ അച്ഛന്‍ മരിച്ച് ആ ദീക്ഷയുമായിരിക്കും. ദീക്ഷക്കാലത്ത് ഉപനയനം പാടില്ലല്ലോ. ഇങ്ങനെ മൂന്നു കൊല്ലം കഴിയുമ്പോള്‍ ഉപനയനത്തിന്റെ കാലവും കഴിയും. കാലം കഴിയുന്നതിനു മുമ്പ് ഉപനയിക്കാഞ്ഞാല്‍ ഉണ്ണി ബ്രാഹ്മണാചാരപ്രകാരം ഭ്രഷ്ടനായിപ്പോവുകയും ചെയ്യുമല്ലോ. അതില്‍ ഭേദം അഷ്ടമരാശിക്കൂറു സമയത്ത് ഉപനയിക്കുന്നതല്ലയോ?" എന്നു ചോദിച്ചു. "അങ്ങനെയൊക്കെ വരുമെങ്കില്‍ ഈ മുഹൂര്‍ത്തത്തിനുതന്നെ ഉപനയിക്കുകയാണു വേണ്ടത്" എന്ന് എല്ലാവരും സമ്മതിക്കുകയും ഉണ്ണിയെ ആ മുഹൂര്‍ത്തത്തിനുതന്നെ ഉപനയിക്കുകയും പണിക്കര്‍ പറഞ്ഞിരുന്നതുപോലെ ആ കൊല്ലങ്ങളില്‍ ഉണ്ണിയുടെ മാതാപിതാക്കന്മാര്‍ മരിക്കുകയും ചെയ്തു. അക്കാലം മുതല്‍ മറ്റുള്ള ജ്യോത്സ്യന്മാര്‍ക്കു പണിക്കരോടുള്ള മല്‍സരവും അസൂയയും അസ്തമിക്കുകയും എലാവര്‍ക്കും പൂര്‍വാധികം ബഹുമാനമുദിക്കുകയും ചെയ്തു.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes