Recommended Post Slide Out For Blogger

 

ഈ ബ്ലോഗ് തിരയൂ

Contents

2011, ജൂൺ 13

കാലടിയില്‍ ഭട്ടതിരി

കാലടിയില്‍ ഭട്ടതിരിയുടെ ഇല്ലം കുമാരനല്ലൂര്‍ ഗ്രാമത്തിലുള്‍പ്പെട്ട നെട്ടാശ്ശേരി എന്ന ദിക്കിലാകുന്നു. ഈ ഇല്ലത്തുള്ളവര്‍ക്കു പാരമ്പര്യമായിട്ടുതന്നെ മന്ത്രവാദമുണ്ടെന്നും ഗണപതി പ്രത്യക്ഷമാണെന്നും പ്രസിദ്ധ മാണല്ലോ. ഇവരുടെ മന്ത്രവാദത്തിന് അനന്യസാധാരണത്വം സിദ്ധിക്കുന്നതിനും ഗണപതി പ്രത്യക്ഷീഭവിക്കുന്നതിനുമുള്ള കാരണങ്ങള്‍ ചുരുക്കമായി ഇവിടെ വിവരിക്കുന്നു.

ഒരിക്കല്‍ ഈ ഇല്ലത്തുള്ള ഒരു ഭട്ടതിരിയും അദ്ദേഹത്തിന്റെ സ്നേഹിതനായ വേറെ ഒരു നമ്പൂതിരിയുംകൂടി ത്യശ്ശിവപേരൂര്‍ പൂരം കാണാനായി പുറപ്പെട്ടു. ഇരിങ്ങാലക്കുടയ്ക്കു സമീപമായപ്പോള്‍ നേരം വൈകിയതിനാല്‍ ഒരില്ലത്തുകയറി പകലെ ഊണും സന്ധ്യാവന്ദനവും കഴിച്ച് അവിടെനിന്നു പുറപ്പെട്ട് 'യക്ഷിപ്പറമ്പ് ' എന്ന സ്ഥലത്തിനു സമീപമായപ്പോള്‍ സര്‍വ്വാംഗസുന്ദരികളായ രണ്ടു മനു‌ഷ്യസ്ത്രീകള്‍ വഴിയില്‍ നില്ക്കുന്നതുകണ്ടു. ആ സ്ത്രീകള്‍ ഇവര്‍ അടുത്തുചെന്നപ്പോള്‍ തിരുമേനികള്‍ എങ്ങോട്ടാണ് ഈ അസമയത്ത് എഴുന്നള്ളത്ത്? എന്നു ചോദിച്ചു. അപ്പോള്‍ ഭട്ടതിരി ഞങ്ങള്‍ പൂരത്തിനു പോവുകയാണ് എന്നു പറഞ്ഞു. ഉടനെ സ്ത്രീകള്‍ ഇവിടെ അങ്ങോട്ടുചെല്ലുമ്പോള്‍ യക്ഷിപ്പറമ്പെന്നു പറയുന്ന സ്ഥലമായി. ഇങ്ങനെയുള്ള അസമയങ്ങളില്‍ ഇതിലേ മനു‌ഷ്യരാരും നടക്കാറില്ല. ഇതൊരു വൈ‌ഷമ്യസ്ഥലമാണെന്ന് അവിടുന്ന് കേട്ടിട്ടില്ലായിരിക്കുമോ? എഴുന്നള്ളത്തു ഇന്നു വേണ്ടെന്നാണ് അടിയങ്ങള്‍ക്ക് തോന്നുന്നത്. എഴുന്നള്ളിയാല്‍ എന്തെങ്കിലും ആപത്തുണ്ടാകും. അങ്ങനെ വളരെ കണ്ടിട്ടുണ്ട് എന്നു പറഞ്ഞു. അപ്പോള്‍ നമ്പൂരി, ഞങ്ങള്‍ക്ക് ഈ ദിക്കിലെങ്ങും പരിചയമില്ല. ഞങ്ങള്‍ ഈ ദിക്കുകാരല്ല. ഇന്നു പോകേണ്ടെന്നുവച്ചാല്‍ കേറികിടക്കുന്നതിന് എവിടെ യാണു സകൗര്യമുള്ളത്. ഇവിടെ അടുക്കലെങ്ങാനും വല്ല ശൂദ്രവീടുകളോ മറ്റോ ഉണ്ടോ? എന്നു ചോദിച്ചു. അടിയങ്ങളുടെ കുപ്പമാടം ഇവിടെ അടുക്കലാണ്. വിരോധമില്ലെങ്കില്‍ അങ്ങൊട്ടെഴുന്നള്ളിയാല്‍ അവിടെ കിടക്കാം. എന്നു സ്ത്രീകള്‍ പറഞ്ഞു.

ഇങ്ങനെ ആ സ്ത്രീകളും ഈ ബ്രാഅണരും കൂടി കുറഞ്ഞൊരു നേരത്തെ സംഭാ‌ഷണം കഴിഞ്ഞപ്പോഴേക്കും അസമയത്തു പോയാല്‍ വല്ലതും ആപത്തു സംഭവിച്ചെങ്കിലോ എന്നുള്ള ഭയംകൊണ്ടും ഈ സുന്ദരികളോടുകൂടി പോയാല്‍ അന്നു രാത്രി സുഖമായി കഴിച്ചുകൂട്ടാമെന്നുള്ള മോഹംകൊണ്ടും ഭട്ടതിരിയും നമ്പൂരിയും ആ സ്ത്രീകളുടെ വീട്ടിലേയ്ക്കു പോവുകയെന്നുതന്നെ തീര്‍ച്ചയാക്കി. പിന്നെ അവര്‍ നാലുപേരുംകൂടി അവിടെനിന്നു പോയി. കുറച്ചു ചെന്നപ്പോള്‍ വലിയതായിട്ട് ഒരു മാളിക കണ്ടു. ഈ സ്ത്രീകള്‍ ബ്രാഹ്മണരെ ആ മാളികയില്‍ കൂട്ടിക്കൊണ്ടുപോയി. അവിടെ അടുത്തടുത്തു വിശാലമായ രണ്ടു മുറികള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നില്‍ ഭട്ടതിരിയെയും ഒന്നില്‍ നമ്പൂരിയെയും കൊണ്ടുചെന്നു കിടത്തി. രണ്ടു മുറികളിലും ഓരോ സ്ത്രീകള്‍ ചെന്നുകൂടി. ഭട്ടതിരി കിടന്ന മുറിയില്‍ ചെന്ന ആ സ്ത്രീ ഭട്ടതിരിയെ തൊട്ടപ്പോള്‍തന്നെ അദ്ദേഹത്തിനു ബോധമില്ലാതായി. ഉടനെ അവള്‍ അദ്ദേഹത്തെ ഭക്ഷിക്കാനും തുടങ്ങി. നമ്പൂരിക്കു പതിവായി 'ദേവീമാഹാത്മ്യം' പാരായണമുള്ളതിനാല്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ ദേവീമഹാത്മ്യം ഗ്രന്ഥമുണ്ടായിരുന്നു. ആ ഗ്രന്ഥം തലയ്ക്കല്‍ വച്ചുംകൊണ്ടാണ് കിടക്കുക പതിവ്. അന്നും ഗ്രന്ഥം തലയ്ക്കല്‍ വച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്ന സ്ത്രീ "ആ ഗ്രന്ഥം ഇവിടെ താഴെയെങ്ങാനും വെച്ചേക്കണം. അതെന്തിനു തലയ്ക്കല്‍ വെച്ചിരിക്കുന്നു" എന്നു ചോദിച്ചു. "ഇതു താഴെ വയ്ക്കാന്‍ പാടില്ല. തലയ്ക്കല്‍ വച്ചുംകൊണ്ടാണ് ഞാന്‍കിടന്നുറങ്ങുക പതിവ്" എന്നു നമ്പൂരി പറഞ്ഞു. പിന്നെയും ഗ്രന്ഥം താഴെവയ്ക്കാന്‍ ആ സ്ത്രീ വളരെ നിര്‍ബന്ധിച്ചു. എങ്കിലും നമ്പൂരി സമ്മതിച്ചില്ല. അപ്പോഴേക്കും മറ്റേ മുറിയില്‍ ഭട്ടതിരിയുടെ എല്ലുകള്‍ കടിച്ചുപൊട്ടിക്കുന്നതിന്റെയും ചോര കുടിക്കുന്നതിന്റെയും ശബ്ദം കലശലായിട്ട് ഈ മുറിയില്‍ കേട്ടുതുടങ്ങി. നമ്പൂരിക്കു കുറേശ്ശെ ഭയവും ചില സംശയങ്ങളും തോന്നിത്തുടങ്ങി. അവിടെക്കിടന്നുംകൊണ്ടു ഭട്ടതിരിയെ വിളിച്ചു. ഭട്ടതിരിയെ അപ്പോഴേക്കും മുക്കാലും ഭക്ഷിച്ചുകഴിഞ്ഞിരുന്നു. പിന്നെ ആര്‍ വിളി കേള്‍ക്കുന്നു? ഭട്ടതിരി വിളി കേള്‍ക്കാതിരിക്കുകയും അടുക്കല്‍ നില്‍ക്കുന്ന സ്ത്രീ ഗ്രന്ഥം താഴെ വയ്ക്കാന്‍ നില്‍ബന്ധിക്കുകയും ചെയ്യുന്നതുകൊണ്ടും മറ്റും ആകപ്പാടെ കാര്യം നല്ല പന്തിയല്ലെന്നും ഈ സ്ത്രീകള്‍ കേവലം മനു‌ഷ്യസ്ത്രീകള്‍ അല്ലെന്നും തോന്നുകയാല്‍ നമ്പൂരിക്കു ഭയം കലശലായിത്തീര്‍ന്നു. അദ്ദേഹം ഗ്രന്ഥം കയ്യിലെടുത്തുപിടിച്ചുകൊണ്ടു തന്നെ കിടന്നു അദ്ദേഹത്തിനു ലവലേശം ഉറക്കം വരികയും അദ്ദേഹം ഉറങ്ങുകയും ഉണ്ടായില്ലെന്നു പറയേണ്ടതില്ലല്ലോ. അന്ത്യയാമമാകുന്നതു വരെ ആ സ്ത്രീ അദ്ദേഹത്തിന്റെ അടുക്കല്‍ ആ മുറിയില്‍ നിന്നു. പിന്നെ പുറത്തേക്കിറങ്ങിപ്പോയി. നമ്പൂതിരി നിശ്ചഷ്ടേനായി ആ കട്ടിലില്‍തന്നെ ഉറങ്ങാതെ കിടക്കുകയും ചെയ്തു.

നേരം വെളുത്തപ്പോള്‍ അവിടെ മാളികയുമില്ല; സ്ത്രീകളുമില്ല. നമ്പൂരി ഒരു വലിയ കരിമ്പനയുടെ മുകളില്‍ ഇരിക്കുന്നു. പിന്നെ അദ്ദേഹം വളരെ പ്രയാസപ്പെട്ട് ഒരു വിധത്തില്‍ താഴെയിറങ്ങി. അപ്പോള്‍ അതിനടുത്തുള്ള മറ്റൊരു കരിമ്പനയുടെ ചുവട്ടില്‍ ഭട്ടതിരിയുടെ നഖങ്ങളും കുടുമ്മയും മാത്രം കിടക്കുന്നതു കണ്ടു. അപ്പോള്‍ തലേദിവസം കാണപ്പെട്ട സ്ത്രീകള്‍ മനു‌ഷ്യസ്ത്രീകള്‍ അല്ലെന്നും യക്ഷികളായിരുന്നുഎന്നും അവരുടെ മായാബലംകൊണ്ട് അവരെ മനു‌ഷ്യസ്ത്രീകള്‍ അല്ലെന്നും യക്ഷികളായിരുന്നു എന്നും അവരുടെ മായാബലംകൊണ്ട് അവരെ മനു‌ഷ്യസ്ത്രീകളാണെന്നും കരിമ്പന മാളികയാണെന്നും തോന്നിച്ചതാണെന്നും ഭട്ടതിരിയെ യക്ഷി ഭക്ഷിക്കയായിരുന്നു എന്നും ദേവീമാഹാത്മ്യം എന്ന ഗ്രന്ഥം തന്റെ കൈയിലുണ്ടായിരുന്നതിനാല്‍ തന്നെത്തൊടാന്‍ പാടില്ലാഞ്ഞതിനാലാണ് മറ്റേ യക്ഷി തന്നെ ഭക്ഷിക്കാഞ്ഞതെന്നും മറ്റും നമ്പൂരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം പൂരത്തിനു പോകാതെതന്നെ തിരിച്ചുപോന്നു.

അന്നു മരിച്ചുപോയ ആ ഭട്ടതിരിയല്ലാതെ ആ ഇല്ലത്തു പുരു‌ഷന്‍മാരാരും ഉണ്ടായിരുന്നില്ല. മരിച്ചുപോയ ഭട്ടതിരിയുടെ അന്തര്‍ജനത്തിനു അന്നു ഗര്‍ഭമുണ്ടായിരുന്നു. നമ്പൂരി വന്നു ഭട്ടതിരിയുടെ മരണവ്യത്താന്തം അന്തര്‍ജനത്തിന്റെ അടുക്കല്‍ അറിയിച്ചു. അപ്പോള്‍ വിധവയായിതീര്‍ന്ന ആ അന്തര്‍ജനം അത്യന്തം വി‌ഷാദമഗ്നനായി എന്നുള്ളതു പറയേണ്ടതില്ലല്ലോ. പിന്നെ ആ പതിവ്രതതന്നെ ഭര്‍ത്താവിന്റെ ശേ‌ഷക്രിയകളെല്ലാം കഴിച്ചു. അങ്ങനെയിരിക്കുന്ന കാലത്ത് ഏറ്റവും തേജോമയനായ ഒരു പുത്രനെ അന്തര്‍ജനം പ്രസവിച്ചു. ഉണ്ണിക്കു ജാതകര്‍മ്മം, നാമകരണം, അന്നപ്രാശനം, ചൌളം, ഉപനയനം, സമാവര്‍ത്തനം മുതലായവ യഥാകാലം വേണ്ടതുപോലയെല്ലാം കഴിച്ചു. അതിനിടക്കു വിദ്യാഭ്യാസം ചെയ്യിക്കുകയും വേദാധ്യയനം ചെയ്യിക്കുകയുമെല്ലാം ചെയ്തു. അത്യന്തം ബുദ്ധിമാനായ ആ ബ്രാഹ്മണകുമാരന്‍ പതിനാറു വയസ്സു കഴിഞ്ഞപ്പോഴേക്കും അദ്ദേഹം വേദവേദാംഗതത്ത്വജ്ഞനായും സകലശാസ്ത്രപുരാണേതിഹാസ പാരംഗതനായും തീര്‍ന്നു.

അപ്പോള്‍ തന്റെ അച്ഛന്റെ മരണവൃത്താന്തം അമ്മ പറഞ്ഞു മനസ്സിലാവുകയാല്‍ അച്ഛനെക്കൊന്ന ആ യക്ഷിയുടെ കഥ കഴിച്ചേക്കുമെന്ന് അദ്ദേഹം നിശ്ചയിച്ച് ആ ഉദ്ദേശസിദ്ധിക്കായി സൂര്യനെ സേവിച്ചുതുടങ്ങി. അതികഠിനമായിരിക്കുന്ന തപസ്സുകൊണ്ട് അദ്ദേഹം സൂര്യഭഗവാനെ പ്രത്യക്ഷമാക്കി സൂര്യഭഗവാന്‍ ഒരു ബ്രാഹ്മണന്റെ രൂപം ധരിച്ച് ഭട്ടതിരിയുടെ അടുക്കല്‍ ചെന്നു ചില ദിവ്യമന്ത്രങ്ങള്‍ ഉപദേശിക്കുകയും "പോരാത്തതെല്ലാം ഇതില്‍ പറയുന്നുണ്ട്. ഇതില്‍ നോക്കിച്ചെയ്തോളൂ" എന്നു പറഞ്ഞ് ഒരു ഗ്രന്ഥം കൊടുക്കുകയും ചെയ്തിട്ട് മറഞ്ഞുപോവുകയും ചെയ്തു. ആ ഭട്ടതിരിക്കു "സൂര്യകാലടി" എന്നു നാമം സിദ്ധിക്കുകയും പ്രസിദ്ധനാവുകയും ചെയ്തു. അദ്ദേഹമാണ് വിശ്വവിശ്രുതനായ "സൂര്യകാലടി" എന്നു പറയപ്പെടുന്ന ഭട്ടതിരി. അക്കാലം മുതല്‍ ആ ഇല്ലത്ത് ഓരോ തലമുറയില്‍ ഓരോരുത്തര്‍ക്ക് "സൂര്യന്‍" എന്നുകൂടി പേരിട്ടു തുടങ്ങി. അതിന്നും നടന്നുവരുന്നു.

സൂര്യഭഗവാനില്‍നിന്ന് ഉപദേശവും ഗ്രന്ഥവും കിട്ടിയതിന്റെ ശേ‌ഷം സൂര്യഭട്ടതിരി വിവാഹം കഴിച്ചു ഗൃഹസ്ഥനായിട്ടു താമസിച്ചു. അക്കാലത്തു സൂര്യദത്തമായ ഗ്രന്ഥം മുഴുവനും നോക്കി ഹൃദിസ്ഥമാക്കി. അതൊരു മന്ത്രവാദഗ്രന്ഥമായിരുന്നതിനാല്‍ ഭട്ടതിരി പ്രസിദ്ധനായ ഒരു മന്ത്രവാദി യായിത്തീര്‍ന്നു. അദ്ദേഹം പിന്നെ അദ്ദേഹത്തിനുണ്ടായ പുത്രന്മാര്‍ക്കും സൂര്യഭഗവാങ്കല്‍നിന്നു തനിക്കു കിട്ടിയ വിദ്യയെ ഉപദേശിച്ചുകൊടുത്തു. അങ്ങനെ തലമുറതോറുമുണ്ടായ ഉപദേശംകൊണ്ട് ആ പാരമ്പര്യം ഇന്നും ആ ഇല്ലത്തുള്ളവര്‍ക്കു കാണുന്നുണ്ട്. കാലടിയില്‍ ഭട്ടതിരിമാരുടെ മന്ത്രവാദത്തിന് ഒരനന്യസാധാരണത്വമുണ്ടായത് ഇങ്ങനെയാണ്.

പിന്നെ സൂര്യഭട്ടതിരിയെ പല സ്ഥലങ്ങളിലും മന്ത്രവാദത്തിനായി കൊണ്ടുപോകുകയും അദ്ദേഹം പല ബാധകള്‍ ഒഴിക്കുകയുമുണ്ടായിട്ടുണ്ട്. അദ്ദേഹം മന്ത്രവാദം ചെയ്തിട്ട് ഒഴിയാതെ ഒരു ബാധയും ഉണ്ടായിരുന്നില്ല. അങ്ങനെ പല ദൃഷ്ടാന്തങ്ങള്‍ കണ്ടപ്പോള്‍ സൂര്യഭഗവാന്റെ ഉപദേശസാഫല്യത്തെക്കുറിച്ചു ഭട്ടതിരിയുടെ മനസ്സില്‍ത്തന്നെ നല്ല വിശ്വാസമുണ്ടായി. സൂര്യഭഗവാന്റെ ഉപദേശപ്രകാരം ചെയ്താല്‍ എലാം ഫലിക്കുമെന്നു കണ്ടപ്പോള്‍ ഇനി ഒട്ടും താമസിയാതെ തന്റെ അച്ഛനെ ഭക്ഷിച്ച യക്ഷിയെ ശിക്ഷിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. പിന്നെ അതിനു വേണ്ടുന്ന ഉപകരണങ്ങളെല്ലാം സമ്പാദിച്ച് അതികഠിനമായ ഒരു ഹോമം തുടങ്ങി. ശിക്ഷാര്‍ഹയായ യക്ഷി ഏതാണെന്നു നിശ്ചയമില്ലായ്കയാല്‍ അദ്ദേഹം ലോകത്തിലുള്ള സകലയക്ഷികളെയും ഒന്നായിട്ടാവാഹിച്ചു. ഇദ്ദേഹത്തിന്റെ മന്ത്രശക്തികൊണ്ടു നിവൃത്തിയില്ലാതെയായിട്ടു സകലയക്ഷികളും അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു. അപ്പോള്‍ ഭട്ടതിരി "എന്റെ അച്ഛനെ ഭക്ഷിച്ചതു നിങ്ങളിലാരാണ്?" എന്നു ചോദിച്ചു. അപ്പോള്‍ എല്ലാ യക്ഷികളും "ഞാനല്ല, ഞാനല്ല" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി യക്ഷികളെ ഓരോരുത്തരെ ആയിട്ടു പൊന്നും വിളക്കും പിടിപ്പിച്ചു സത്യം ചെയ്യിച്ചു വിട്ടയച്ചു. അങ്ങനെ ശിക്ഷാര്‍ഹയായ ആ ഒരു യക്ഷി ഒഴികെ ശേ‌ഷമെല്ലാവരും പോയി. അപ്പോള്‍ ഭട്ടതിരി തന്റെ പുരോഭാഗത്തിങ്കല്‍ ഭയവിഹ്വലയായി വിറച്ചുകൊണ്ടു നില്‍ക്കുന്ന ആ യക്ഷിയോടും സത്യം ചെയ്യാന്‍ പറഞ്ഞു. താന്‍ അപരാധിനിയാകയാല്‍ സത്യം ചെയ്യുന്നതിനു നിവൃത്തിയില്ലാതെ ആ യക്ഷി തന്റെ അപരാധത്തെ ഏറ്റു പറഞ്ഞു. ഉടനെ ഭട്ടതിരി "എന്നാല്‍ ഞാനിപ്പോള്‍ നിന്നെ ഹോമിക്കും" എന്നു പറഞ്ഞു. "എന്നെ ഹോമിച്ചാല്‍ ഇന്നേക്കു നാല്പത്തൊന്നാം ദിവസം അങ്ങു ചക്രശ്വാസം വലിച്ചു മരിക്കും" എന്ന് യക്ഷി പറഞ്ഞു. അപ്പോള്‍ ഭട്ടതിരി "അങ്ങനെ വരാതിരിക്കാന്‍ ഒരു മാര്‍ഗമില്ലെന്നു വരുമോ" എന്നു ചോദിച്ചു. "നാല്‍പത്തൊന്നാം ദിവസം തിരുവാലൂര്‍ പോയി ദര്‍ശനം കഴിക്കാന്‍ സംഗതിയായാല്‍ മരിക്കില്ല. അല്ലാതെ ശാപമോക്ഷമുണ്ടാകുന്നതല്ല" എന്ന് യക്ഷി പറഞ്ഞു. "എന്തായാലും ഇനി ഞാന്‍നിന്നെ വിട്ടയയ്ക്കുന്നില്ല" എന്നു പറഞ്ഞു ഭട്ടതിരി ആ യക്ഷിയെ പിടിച്ചു ഹോമിക്കുകയും ചെയ്തു.

അതിന്റെ ശേ‌ഷം കുറചു ദിവസം കഴിഞ്ഞപ്പോള്‍ അന്നു കേരളരാജ്യം വാണുകൊണ്ടിരുന്ന "പള്ളിബാണപ്പെരുമാള്‍" ഭട്ടതിരിയുടെ അടുക്കല്‍ ഒരാളയച്ചു. ഉടനെ ഭട്ടതിരി അവിടെ ചെന്നു. അപ്പോള്‍ പെരുമാള്‍ തന്റെ ഭാര്യയ്ക്ക് ഒരു ഗന്ധര്‍വന്റെ ഉപദ്രവം തുടങ്ങീട്ടു വളരെക്കാലമായി എന്നും പല മന്ത്രവാദികളെക്കൊണ്ടും മന്ത്രവാദങ്ങള്‍ ചെയ്യിച്ചിട്ടും ഗന്ധര്‍വ്വന്‍ ഒഴിഞ്ഞുപോയിട്ടില്ലെന്നും ആ ഉപദ്രവം നിമിത്തം ഭാര്യയ്ക്കുണ്ടാകുന്ന ഗര്‍ഭമെല്ലാം അലസിപ്പോകുന്നു എന്നും അതിനാല്‍ ഏതു വിധവും ആ ഉപദ്രവം ഒഴിച്ചുതരണമെന്നും ഭട്ടതിരിയോടു പറഞ്ഞു. ഭട്ടതിരി അങ്ങനെ ആവാമെന്നു സമ്മതിക്കുകയും, അതിലേക്കു വേണ്ടുന്ന ഉപകരണങ്ങള്‍ക്ക് ഒരു ചാര്‍ത്തെഴുതിക്കൊടുക്കുകയും ചെയ്തു. ചാര്‍ത്തിന്‍പ്രകാരമുള്ള ഉപകരണങ്ങളെല്ലാം അന്നുതന്നെ തയ്യാറാക്കി. ഭട്ടതിരി മന്ത്രവാദവും തുടങ്ങി. ചക്രം വരച്ചു പിണിയാളുകളെയിരുത്തി ഭസ്മം ജപിച്ചിടുകയും പലവിധത്തിലുള്ള ഹോമകര്‍മാദികള്‍ കഴിക്കുകയും ചെയ്തിട്ടും പിണിയാള്‍ തുള്ളിയില്ല. എന്തൊക്കെയായിട്ടും ഗന്ധര്‍വന്‍ തന്റെ ആകര്‍‌ഷണത്തില്‍ ഉള്‍പ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ ഭട്ടതിരിക്കു വാശി കലശലായിത്തീരുകയാല്‍ ബ്രാഹ്മണര്‍ക്ക് വിഹിത മല്ലാത്ത പല കഠിനകര്‍മങ്ങളും അദ്ദേഹം ചെയ്തു. പല ജന്തുക്കളെയും മറ്റും അദ്ദേഹം മുറിച്ചു മുറിച്ചു ഹോമിച്ചു തുടങ്ങി. ശീല നെയ്യില്‍ മുക്കി നിലത്തു വിരിച്ച് അതു നിറച്ച് ഉറുമ്പാകുമ്പോള്‍ എടുത്തുഹോമിക്കും. ഇങ്ങനെയുള്ള കഠിനപ്രവൃത്തികള്‍ സംഖ്യയില്ലാതെ ചെയ്തപ്പോള്‍ ഗന്ധര്‍വന് നിവൃത്തിയില്ലാതെയായിത്തീരുകയാല്‍ പ്രത്യക്ഷമായി ഭട്ടതിരിയുടെ മുമ്പില്‍ വന്നു. പിന്നെ അവര്‍ തമ്മില്‍ മന്ത്രതന്ത്രങ്ങളെക്കുറിച്ച് ഒരു വലിയ വാദമുണ്ടായി. ആ വാദത്തില്‍ ഭട്ടതിരി തന്നെ ജയിച്ചു. ഒരുവിധത്തിലും ഭട്ടതിരിയെ ജയിക്കുന്നതിനു നിവൃത്തിയില്ലെന്നു തീര്‍ച്ചയായപ്പോള്‍ ഗന്ധര്‍വന്‍ വളരെ താഴ്മയോടുകൂടി "അതിവിശിഷ്ടനായിരിക്കുന്ന അങ്ങയെ ജയിക്കുന്നതിന് ആരു വിചാരിച്ചാലും കഴിയുന്നതല്ല. അങ്ങയുടെ അച്ഛനെ ഭക്ഷിച്ചവളും എന്റെ പ്രിയതമയുമായ ആ യക്ഷിയെ അങ്ങു സംഹരിച്ചുവല്ലോ.ഇനി സ്ത്രീയെയും വിട്ടു പോകണമെന്ന് അങ്ങു നിര്‍ബന്ധിക്കുന്നതു കഷ്ടമാണ്. എനിക്ക് ഈ സ്ത്രീയില്‍ അധികമായിരിക്കുന്ന ആസക്തി ജനിക്കുകയാലാണ് ഞാന്‍വന്നു ബാധിച്ചത്. ഇവളെ ഉപേക്ഷിചു പോകുന്ന കാര്യം എനിക്കു വളരെ വ്യസനമാണ്. അതിനാല്‍ അവിടുന്ന് കൃപയുണ്ടായി എന്നെ ഉപദ്രവിക്കാതിരിക്കണം" എന്നു പറഞ്ഞു. അപ്പോള്‍ ഭട്ടതിരി "രാജാവിന്റെ ഭാര്യയ്ക്കു നേരിട്ടിരിക്കുന്ന ഉപദ്രവം നീക്കിക്കൊടുത്തുകൊള്ളാമെന്നു ഞാന്‍ രാജാവിന്റെ അടുക്കല്‍ പറഞ്ഞുപോയി. ഇനി അതിനെ ഭേദപ്പെടുത്തുന്നത് എനിക്കു വളരെ അവമാനവും നിവൃത്തിയില്ലാത്തതുമാണ്. അതിനാല്‍ വേഗത്തില്‍ സത്യം ചെയ്ത് ഇവിടെനിന്ന് ഒഴിഞ്ഞുപൊയ്ക്കൊള്ളണം. അതാണു നല്ലത്. പോകാത്തപക്ഷം നിന്റെ യക്ഷി പോയവഴിക്കു നിന്നെ ഞാനയയ്ക്കും" എന്നു പറഞ്ഞു. അതു കേട്ടപ്പോള്‍ ഗന്ധര്‍വനു ഭയവും വ്യസനവും സഹിക്കവഹിയാതായിട്ട് "ഇന്നേക്കു പന്ത്രണ്ടാം ദിവസം അങ്ങ് മൂത്രം മുട്ടി മരിക്കട്ടെ" എന്നു ഭട്ടതിരിയെ ശപിച്ചു. അപ്പോള്‍ ഭട്ടതിരി വ്യസനത്തോടുകൂടി ശാപമോക്ഷത്തെ അപേക്ഷിക്കുകയും പന്ത്രണ്ടാം ദിവസം തിതുവാലൂര്‍ പോയി ദര്‍ശനം കഴിച്ചാല്‍ മരിക്കയില്ലെന്നു ഗന്ധര്‍വന്‍ ശാപമോക്ഷം കൊടുക്കുകയും ചെയ്തു. പിന്നെയും ഭട്ടതിരിയുടെ നിര്‍ബന്ധം നിമിത്തം ഗന്ധര്‍വന്‍ സത്യംചെയ്ത് അവിടംവിട്ട് പോകുകയും ചെയ്തു. ബാണപെരുമാള്‍ ഭട്ടതിരിക്കു വളരെ സമ്മാനങ്ങളും മറ്റും കൊടുത്തു ബഹുമാനിച്ചയച്ചു. താമസിയാതെ പെരുമാളുടെ ഭാര്യ ഗര്‍ഭം ധരിക്കുകയും ഒന്നും അലസാതെ നാലഞ്ചു കുട്ടികള്‍ ഉണ്ടാവുകയും ചെയ്തു.

ഭട്ടതിരിയുടെ മരണത്തിന്റെ തലേദിവസം തിരുവാലൂര്‍ ഒരു അശരീരിവാക്കു കേള്‍ക്കപ്പെട്ടു. "നാളെ ഇവിടെ ഒരപമൃത്യു സംഭവിക്കും; അതിനാല്‍ മൂന്നേമുക്കാല്‍ നാഴികപ്പകലിനുമുമ്പ് അത്താഴപ്പൂജയും കഴിച്ച് എല്ലാവരും പൊയ്ക്കൊള്ളണം" എന്നായിരുന്നു ആ അശരീരിവാക്ക്. മരണദിവസം പകലെ ആയപ്പോഴേക്കും ഭട്ടതിരി തിരുവാലൂരെത്തി. അതുവരെ അദ്ദേഹത്തിനു യാതൊരു ദീനവും ഉണ്ടായിരുന്നില്ല. അദ്ദേഹം ശുദ്ധം മാറിയിരുന്നതിനാല്‍ തിരുവാലൂര്‍ ചെന്നയുടനെ കുളത്തിലിറങ്ങി കുളിച്ചു. കുളി കഴിഞ്ഞ കരയ്ക്കു കയറിയപ്പോള്‍ മൂത്രമൊഴിക്കണമെന്നു തോന്നി. ഉടനെ അവിടെ അടുക്കല്‍ത്തന്നെയുണ്ടായിരുന്ന മൂത്രക്കുഴിയില്‍ ചെന്നിരുന്നു. അപ്പോള്‍ മൂത്രം ഒഴിക്കണ്ടെന്നു തോന്നി. ഉടനെ എണീറ്റു കുളത്തിലിറങ്ങി ശൌചിച്ചു കാലും മുഖവും ശുദ്ധിവരുത്തി കരയ്ക്കു കയറിയപ്പോള്‍ പിന്നെയും മൂത്രം മുട്ടിത്തുടങ്ങി. പിന്നെയും മൂത്രമൊഴിക്കാന്‍ ചെന്നിരുന്നു. അപ്പോള്‍ വേണ്ടെന്നു തോന്നി. ഇങ്ങനെ സന്ധ്യവരെ അദ്ദേഹം കുളത്തിലിറങ്ങുകയും കേറുകയുമായിട്ടു കഴിച്ചുകൂട്ടി. സന്ധ്യയായപ്പോഴേക്കും അദ്ദേഹം ക്ഷീണിച്ചു കുളപ്പുരയില്‍ വീണു. ഉടനെ ചക്രശ്വാസവും വലിച്ചുതുടങ്ങി. അന്നു പ്രദോ‌ഷമായിരുന്നതിനാല്‍ വ്രതക്കാരായിട്ടും മറ്റും അസംഖ്യം ജനങ്ങള്‍ അവിടെ കൂടിയിരുന്നു. എങ്കിലും അശരീരിവാക്കിന്‍പ്രകാരം മൂന്നേമുക്കാല്‍ നാഴികപ്പകലെ അത്താഴപ്പൂജയും കഴിച്ചു എലാവരും പോയി. ഭട്ടതിരി മാത്രം ശ്വാസം വലിച്ചുംകൊണ്ട് അവിടെ കിടന്നു. മൂത്രം മുട്ടിയും ചക്രശ്വാസം വലിച്ചും മരണവേദനയോടുകൂടി അദ്ദേഹം കിടന്നു വി‌ഷമിക്കുമ്പോള്‍ "ഈശ്വരാ! ഗ്രന്ഥത്തില്‍ കണ്ടതാണല്ലോ ഞാന്‍ ചെയ്തത്" എന്നു പറഞ്ഞു എന്നും അപ്പോള്‍ അതിനു മറുപടിയായിട്ട് "സൂര്യകാലടി വേണം ചെയ്യാന്‍ എന്നു ഗ്രന്ഥത്തിലുണ്ടായിരുന്നുവോ" എന്നൊരു അശരീരിവാക്കുണ്ടായെന്നും പ്രസിദ്ധമായി കേള്‍ക്കുന്നുണ്ട്. ഇപ്പോഴും അതൊരു പഴഞ്ചൊല്ലുപോലെ ജനങ്ങള്‍ ഉപയോഗിച്ചു വരുന്നു മുണ്ട്. എന്നാല്‍ സമീപത്തെങ്ങും മറ്റാരുമില്ലാതിരുന്നപ്പോള്‍ ഉണ്ടായ ഈ വാക്ക് ഇത്ര പരസ്യമായിത്തീര്‍ന്നതെങ്ങനെയെന്നു നിശ്ചയമില്ല.

ഏതെങ്കിലും ഭട്ടതിരി ചക്രശ്വാസം വലിച്ചും മൂത്രം മുട്ടിയും അര്‍ധരാത്രിയായപ്പോഴേക്കും അവിടെക്കിടന്നു മരിച്ചു. അദ്ദേഹം ചക്രശ്വാസം വലിച്ചു ചുറ്റിത്തിരിഞ്ഞു നിലത്തുനിന്നു മേല്പോട്ടു പൊങ്ങിയപ്പോള്‍ മരണവേദനയോടുകൂടി ചാടിക്കടിച്ചിട്ടുള്ള പാടുകള്‍ ഇന്നും തിരുവാലൂര്‍ കുളപ്പുരയുടെ തട്ടിന്റെ തുലാങ്ങളിന്മേലും മറ്റും കാണുന്നുണ്ട്. തിരുവാലൂര്‍ ക്ഷേത്രം ആലങ്ങാട്ടു താലൂക്കിലാണ്. സൂര്യഭട്ടതിരി ജീവിച്ചിരുന്നതു പള്ളിബാണപ്പെരുമാളുടെ കാലത്താണെന്നു കാണുന്നതുകൊണ്ട് ഉദ്ദേശം കലിവര്‍‌ഷം മൂവായിരത്തിനാനൂറിനോടടുത്താണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു.സൂര്യഭട്ടതിരിയുടെ കാലം കഴിഞ്ഞതില്‍ പിന്നെയും ആ ഇല്ലത്തുള്ള ഭട്ടതിരിമാര്‍ വളരെ തപശ്ശക്തിയുള്ളവരും വേദജ്ഞന്മാരും ശാസ്ത്രജ്ഞന്മാരും നല്ല മന്ത്രവാദികളുംതന്നെയായിരുന്നു.

ഒരു ദിക്കില്‍ ഒരു വലിയ ജന്മിയുടെ വക ഒരു തെങ്ങിന്‍തോട്ടത്തില്‍ കാവലായിട്ട് ഒരു മൂത്തചേകോന്‍ (തീയന്‍) താമസിച്ചിരുന്നു. ആ തോട്ടത്തില്‍ വളരെ തേങ്ങ വീഴുന്നതുകൊണ്ടു വലിയ വലിയ തേങ്ങാക്കൂട്ടങ്ങള്‍ വളരെയുണ്ടായിരുന്നു. മിക്ക സമയങ്ങളിലും കൂടുകള്‍ ഒഴിയാതെ ഉണക്കത്തേങ്ങ കിടക്കുക പതിവാണ്. അവിടെ ഈ മൂത്തചേകോന്‍ ഒരു മാടം കെട്ടിയുണ്ടാക്കി അതിലാണ് അവന്റെ കിടപ്പു പതിവ്. രാത്രിയില്‍ തീയിടാനായിട്ട് ആ മാടത്തില്‍ ഒരു വലിയ നെരിപ്പോടുമുണ്ടായിരുന്നു. അവന്‍ തണുപ്പുള്ള കാലങ്ങളില്‍ വരട്ടുതേങ്ങയെടുത്തു വെട്ടിക്കീറി അതിന്റെ ചകിരിയിട്ടു തീ കത്തിക്കുകയും തേങ്ങ തീയിലിട്ടു ചുട്ടെടുത്തു തിന്നുകയും ചെയ്തും തീയും കാഞ്ഞിരിക്കുക പതിവാണ്.

ഒരിക്കല്‍ ഒരു മഞ്ഞുകാലത്തു വെളുപ്പാന്‍കാലമായപ്പോള്‍ മൂത്തചേകോനു തണുപ്പു സഹിക്കാന്‍ പാടില്ലാതെയായിട്ട് എണീറ്റ് രണ്ടുമൂന്നു തേങ്ങയെടുത്തു വെട്ടിക്കീറി ചകിരിയിട്ടു തീയും കത്തിച്ചു തേങ്ങയും ചുട്ടുതിന്നു തീയും കാഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ ആ മാടത്തിന്റെ മെടയുടെ (തട്ടിയുടെ) ഇടയില്‍ക്കൂടി ഒരു കൊച്ചു തുമ്പിക്കെ മൂത്തചോകോന്റെ അടുക്കലേക്കു നീട്ടുന്നത് അവന്‍ കണ്ടു. ഉടനെ ഒരു തേങ്ങാക്ക‌ഷണം അവന്‍ തുമ്പിക്കയ്യിലേകു വെച്ചുകൊടുത്തു. അതു വാങ്ങി തിന്നിട്ടു പിന്നെയും തുമ്പിക്കെ നീട്ടി. മൂത്തചേകോന്‍ പിന്നെയും ഒരു ക‌ഷണം വെച്ചു കൊടുത്തു. അങ്ങനെ പല പ്രാവശ്യം കഴിഞ്ഞപ്പോഴേക്കും ചുട്ട തേങ്ങയെല്ലാം അവസാനിച്ചു. നേരവും വെളുത്തു. അപ്പോള്‍ തുമ്പിക്കൈ കാണാതെയുമായി. മൂത്തചേകോനെണീറ്റ് അവന്റെ ജോലിക്കും പോയി.

പിറ്റേദിവസം വെളുപ്പാന്‍കാലത്തു മൂത്തചേകോന്‍ പതിവുപോലെ തേങ്ങ ചുട്ടു തിന്നുന്നതിനു തുടങ്ങി. അപ്പോള്‍ തലേദിവസത്തെപ്പോലെ ആ കൊച്ചു തുമ്പിക്കയ്യും കണ്ടുതുടങ്ങി. അന്നും അവന്‍ ഓരോ ക‌ഷണം ആ തുമ്പിക്കയ്യില്‍ വെച്ചുകൊടുക്കുകയും ആ കുട്ടിയാന മൂത്തചേകോന്റെ അടുക്കല്‍ വന്നുനിന്നു തേങ്ങ വാങ്ങിത്തിന്നും തുടങ്ങി. എന്തിനു വളരെ പറയുന്നു. അങ്ങനെ ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും മൂത്ത ചേകോനും കുട്ടിയാനയും പരസ്പരം അത്യന്തം സ്നേഹമായിത്തീര്‍ന്നു. ഒരു സമയവും കുട്ടിയാന മൂത്തചേകോനെ പിരിഞ്ഞുപോകാതെയായി. മൂത്തചേകോന്‍ ഭക്ഷിക്കുന്ന സാധനങ്ങളിലെല്ലാം ഒരു ഭാഗം കുട്ടിയാനയ്ക്കും കൊടുക്കാതെ അവന്‍ ഭക്ഷിക്കുകയില്ല. എന്നാല്‍ കുട്ടിയാനയ്ക്കു ചുട്ട തേങ്ങപോലെ പ്രിയമായിട്ടു മറ്റൊന്നുമില്ല. മൂത്തചേകോന്‍ ദിവസംതോറും രണ്ടും മൂന്നും തേങ്ങവീതം ചുട്ടു കുട്ടിയാനയ്ക്കു കൊടുക്കും. അസംഖ്യം തേങ്ങ വീഴുന്ന സ്ഥലമായതു കൊണ്ട് ഈ കുറവ് ഉടമസ്ഥന്‍ അറിയുന്നതിനും ചോദ്യപ്പെടുന്നതിനും ഇടയായതുമില്ല. മൂത്തചേകോന്‍ വല്ലേടത്തും കൂലിവേലയ്ക്കു പോയാലും കുട്ടിയാന കൂടെ ഉണ്ടായിരിക്കും. എന്നുവേണ്ടാ, കുട്ടിയാനയും മൂത്തചേകോനുമായി പിരിഞ്ഞിട്ട് ഒരു സമയവുമില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ. എന്നാല്‍ ഈ കുട്ടിയാനയെ ആ മൂത്തചേകോനല്ലാതെ മറ്റാര്‍ക്കും കാണ്‍മാന്‍ പാടില്ലായിരുന്നു താനും.

അങ്ങനെയിരിക്കുമ്പോള്‍ ഒരിക്കല്‍ ഒരു കാലടിയില്‍ ഭട്ടതിരി എവിടെയോ മന്ത്രവാദത്തിനോ തന്ത്രത്തിനോ മറ്റോ പോയി തിരിച്ചുവരുമ്പോള്‍ നാട്ടുവഴി ഈ തോട്ടത്തിന്നടുക്കല്‍ക്കൂടിയായിരുന്ന തിനാല്‍ അതിലേ വന്നു. അപ്പോള്‍ അദ്ദേഹം ഈ കുട്ടിയാനയെ കണ്ടു. ഭട്ടതിരി ഒരു ദിവ്യനായിരുന്നതിനാല്‍ ഇതു കേവലമൊരു കുട്ടിയാനയല്ലെന്ന് അദ്ദേഹത്തിനു തോന്നുകയാല്‍ ഇതിനെ വിലയ്ക്കു തരാമോ എന്നു മൂത്തചേകോനോടു ചോദിച്ചു. മൂത്തചേകോന് ഈ ആനക്കുട്ടിയുടെ മേല്‍ വളരെ വാത്സല്യവും കൌതുകവും ഉണ്ടായിരുന്ന തിനാല്‍ "അയ്യോ അടിയന്‍ ഈ ഒറ്റക്കൊമ്പനെ (ആ കുട്ടിയാനയ്ക്ക് ഒരു കൊമ്പേ ഉണ്ടായിരുന്നുള്ളൂ) തരികയില്ല" എന്നു പറഞ്ഞു. എങ്കിലും ഭട്ടതിരിയുടെ നിര്‍ബന്ധംകൊണ്ടു നിവൃത്തിയില്ലാതെയായതുകൊണ്ടും പറയുന്ന വില കൊടുക്കാമെന്നു അദ്ദേഹം സമ്മതിച്ചതുകൊണ്ടും ഒടുക്കം കൊടുക്കാമെന്ന് അവന്‍ സമ്മതിച്ചു. പിന്നെ ഭട്ടതിരി മൂത്തചേകോന്‍ പറഞ്ഞതുപോലെയുള്ള സംഖ്യ എണ്ണിക്കൊടുത്തു കുട്ടിയാനയെ വാങ്ങി. എങ്കിലും കുട്ടിയാന ഭട്ടതിരിയുടെ കൂടെപ്പോകാതെ മൂത്തചേകോന്റെ അടുക്കല്‍ത്തന്നെ നിന്നു. പിന്നെ ഭട്ടതിരി മൂത്തചേകോനോട് അവന്റെ നെരിപ്പോടും രണ്ടുമൂന്നു വരട്ടുതേങ്ങയും വിലകൊടുത്തു വാങ്ങി. ആ തേങ്ങാ തല്ലിപ്പൊട്ടിച്ചു നെരിപ്പോടിലിട്ടു ചുട്ടു. അതില്‍നിന്ന് ഒരു ക‌ഷണം തേങ്ങായെടുത്തു നീട്ടിയപ്പോള്‍ കുട്ടിയാന ഭട്ടതിരിയുടെ അടുക്കല്‍ വന്നു വാങ്ങിച്ചു തിന്നു. പിന്നെ ഭട്ടതിരി ആ നെരിപ്പോടുമെടുത്തുംകൊണ്ടു നടന്നുതുടങ്ങി. കുട്ടിയാന അദ്ദേഹത്തിന്റെ പിന്നാലെയും ചെന്നു. ഇടയ്ക്കിടയ്ക്കു ഭട്ടതിരി ഓരോ ക‌ഷണം തേങ്ങയെടുത്തു കുട്ടിയാനയ്ക്കു കൊടുത്തുംകൊണ്ടാണ് നടന്നത്. കുട്ടിയാന അതെല്ലാം വാങ്ങിച്ചു തിന്നുംകൊണ്ടു പിന്നാലെതന്നെ ചെല്ലുകയും ചെയ്തു. അങ്ങനെ ഭട്ടതിരി കുട്ടിയാനയെയുംകൊണ്ട് ഇല്ലത്തെത്തി

മൂത്തചേകോന് ആ കുട്ടിയാനയുടെ സൂക്ഷ്മസ്ഥിതിയൊന്നും മനസ്സിലായില്ല. അതു ഭട്ടതിരിയുടെ പിന്നാലെ പോയതു തേങ്ങയുടെ കൊതികൊണ്ടുമാത്രമാണെന്നേ അവന്‍ വിചാരിച്ചുള്ളൂ. ഭട്ടതിരിക്ക് ആ കുട്ടിയാന സാക്ഷാല്‍ ഗണപതിയാണെന്നു കണ്ടപ്പോള്‍ത്തന്നെ മനസ്സിലായി. അദ്ദേഹം തേങ്ങ വാങ്ങിച്ചു ഗണപതിഹോമം കഴിച്ചു ഗണപതിയെ ആവാഹിച്ചുംകൊണ്ടാണ് പോന്നത്. അതൊന്നും മൂത്ത ചേകോന്‍ അറിഞ്ഞില്ല. ഭട്ടതിരി ഇല്ലത്തെത്തിയപ്പോഴേക്കും കുട്ടിയാന സാക്ഷാല്‍ ഗണപതിയുടെ രൂപത്തില്‍ പ്രത്യക്ഷനായി. അദ്ദേഹം ആ ഗണപതിയെ തന്റെ മറ്റുള്ള തേവാരങ്ങളുടെ കൂട്ടത്തില്‍ ഇല്ലത്തുതന്നെ പ്രതി‌ഷ്ഠിക്കുകയും ചെയ്തു. അങ്ങനെയാണ് കാലടിയില്‍ ഭട്ടതിരിമാര്‍ക്കു ഗണപതി പ്രത്യക്ഷമായിത്തീര്‍ന്നത്.

അക്കാലംമുതല്‍ അവിടെ എല്ലാവരും ഗണപതിയെ വേണ്ടുംവണ്ണം സേവിച്ചുകൊണ്ടിരുന്നു. എന്നുമാത്രമല്ല, സമാവര്‍ത്തനം കഴിഞ്ഞാല്‍ പിന്നെ ആ ഇല്ലത്തുള്ള എല്ലാവരും ദിവസവും ഗണപതിഹോമം കഴിക്കണമെന്നും ഇല്ലത്തു തേവാരവും ഗണപതിഹോമവും ഒരു ദിവസവും മുടങ്ങാതെ കഴിക്കേണ്ടതിലേക്കായി പുരു‌ഷന്മാരില്‍ ആരെങ്കിലും ഒരാള്‍ എന്നും ഇല്ലത്തുണ്ടായിരിക്കണമെന്നും ഏര്‍പ്പാടു വെച്ചു. ആ ഇല്ലത്തുള്ള എല്ലാവര്‍ക്കും ഗണപതി പ്രത്യക്ഷമായിത്തീര്‍ന്നു എന്നുമാത്രമല്ല, അവര്‍ വിചാരിക്കുന്ന സകല കാര്യങ്ങളും ഗണപതി സാധിച്ചുകൊടുത്തും തുടങ്ങി. അപ്പോഴേക്കും അവര്‍ക്കു മന്ത്രവാദത്തില്‍ മുമ്പിനാലെ ഉണ്ടായിരുന്ന പ്രശസ്തി ശതഗുണീഭവിച്ചു. അപസ്മാരം, ബ്രഹ്മരക്ഷസ്സ് മുതലായി സകല ബാധോപദ്രവങ്ങളും ഒഴിവാക്കുന്നതിനു കാലടിയില്‍ ഭട്ടതിരിമാര്‍ക്കു യാതൊരു പ്രയാസവുമില്ലാതെയായിത്തീര്‍ന്നു. എന്തെങ്കിലും ഉപദ്രവമുണ്ടായാല്‍ ജനങ്ങള്‍ ഭട്ടതിരിയെ സ്വസ്ഥാനത്തു വരുത്തീട്ടോ കാലടിയില്‍ പോയി ഭജനമിരുന്നിട്ടോ മന്ത്രവാദം ചെയ്യിക്കുന്നതല്ലാതെ മറ്റൊരു മന്ത്രവാദിയെക്കൊണ്ടു മന്ത്രവാദം ചെയ്യിക്കുകയോ മറ്റൊരു സ്ഥലത്തുപോയി ഭജനമിരിക്കുകയോ അക്കാലത്തു പതിവില്ലായിരുന്നു. കാലടിയി!ല്‍ ഗണപതിയുടെ മാഹാത്മ്യങ്ങള്‍ പറഞ്ഞാല്‍ വളരെയുണ്ട്. വിസ്രതാരഭയത്താല്‍ അവയെല്ലാം ഇവിടെ വിവരിക്കുന്നില്ല. എങ്കിലും ദൃഷ്ടാന്തത്തിനായി ഒന്നുരണ്ടു സംഗതികള്‍ മാത്രം ചുരുക്കത്തില്‍ പറഞ്ഞുകൊള്ളുന്നു.

തിരുവിതാംകൂര്‍ സംസ്ഥാനത്തു ചങ്ങനാശ്ശേരിത്താലൂക്കില്‍ കാടമുറി ഗ്രാമത്തില്‍ "കുഞ്ചമണ്‍പോറ്റി" എന്നൊരു മന്ത്രവാദിയുണ്ടെന്നും ആ തറവാട്ടുകാര്‍ക്കു ചാത്തന്മാര്‍ പ്രത്യക്ഷമാണെന്നും ഇന്നും പ്രസിദ്ധമാണല്ലോ. ഇപ്പോള്‍ ഇവിടെയുള്ളവര്‍ക്കു ചാത്തന്മാരെ പ്രത്യക്ഷമായി കാണാന്‍ പാടില്ലെങ്കിലും ചാത്തന്മാര്‍ ഇന്നും അവരുടെ ആജ്ഞയെ അനുസരിക്കുന്നുണ്ട്. ഇപ്പോഴും അവര്‍ പല സ്ഥലങ്ങളില്‍ പോയി ചാത്തന്റെ ഉപദ്രവങ്ങള്‍ ഒഴിക്കുന്നുണ്ട്. കുഞ്ചമണ്‍ പോറ്റി ഒഴിച്ചാല്‍ ഒഴിയാത്ത ചാത്തന്‍ എങ്ങുമില്ലെന്നുള്ളതു പ്രസിദ്ധമാണ്. ആവശ്യക്കാര്‍ വന്ന് അപേക്ഷിച്ചാല്‍ തത്കാലം പോകുന്നതിനു സകൗര്യമില്ലെങ്കില്‍ കുഞ്ചമണ്‍ പോറ്റിമാര്‍ അവധിവെച്ച് എഴുത്തുകൊടുത്ത് തത്കാലത്തേക്കു ചാത്തന്മാരെ ഒഴിച്ചുനിര്‍ത്തുക ഇന്നും പതിവുള്ളതാണ്. "ഇന്ന മാസം ഇത്രാം തീയതി നാമവിടെ വരുന്നതാണ്. അതുവരെ നിങ്ങള്‍ ഇന്ന ഗൃഹത്തില്‍ യാതൊരുപദ്രവവും ചെയ്തുപോകരുത്. ഇതു നമ്മുടെ കുട്ടിചാത്തന്മാര്‍ ഗ്രഹിപ്പാന്‍ കുഞ്ചമണ്‍പോറ്റി ഇന്നാര്." ഇപ്രകാരമാണ് അവര്‍ എഴുത്തു കൊടുത്തയയ്ക്കുന്നത്. ഇപ്രകാരം കുഞ്ചമണ്‍പോറ്റിയുടെ എഴുത്തുവാങ്ങിച്ചുകൊണ്ടു പോയി ചാത്തന്റെ ഉപദ്രവമുള്ള ഗൃഹത്തില്‍ വായിച്ചാല്‍ അവധി കഴിയുന്നതുവരെ ആ ഗൃഹത്തില്‍ യാതൊരുപദ്രവവുമുണ്ടാവുകയില്ലെന്നുള്ളതു തീര്‍ച്ചയായിട്ടുള്ളതും ഇന്നും കണ്ടുവരുന്ന തുമാണ്. ചാത്തന്മാരെ സേവിച്ചു പ്രത്യക്ഷമാക്കിയ കുഞ്ചമണ്‍പോറ്റിയും ഗണപതിയെ പ്രത്യക്ഷമാക്കിയ കാലടിയില്‍ ഭട്ടതിരിയും ഒരു കാലത്തു ജീവിച്ചിരുന്നവരാണ്.

മുമ്പൊരിക്കല്‍ ഒരു കുഞ്ചമണ്‍പോറ്റി കാലടിയില്‍ ഭട്ടതിരിയെ കാണാനായി ചെന്നിരുന്നു. പോറ്റി പതിനെട്ടു തണ്ടുവെച്ച ഒരു ബോട്ടിലാണ് ചെന്നിരുന്നത്. ഭട്ടതിരിയുടെ ഇല്ലം പുഴവക്കത്താകയാല്‍ ബോട്ട് ആ കടവില്‍ത്തന്നെ ചെന്നടുത്തു. ഉടനെ പോറ്റി കരയ്ക്കിറങ്ങി ചെന്നു. അപ്പോള്‍ സന്ധ്യാസമയമായിരുന്നതുകൊണ്ടു ഗൃഹസ്ഥനായ ഭട്ടതിരി ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു. പോറ്റി മുറ്റത്തു ചെന്നപ്പോള്‍ ഭട്ടതിരി പുറത്തേക്കു വന്ന്, "വേഗം കുളി കഴിഞ്ഞു വരാം" എന്നു പറഞ്ഞു പോറ്റിയെ കുളിക്കാനയച്ചിട്ട് അകത്തേക്കുതന്നെ പോയി. പോറ്റി ബോട്ടിലാണു വന്നതെന്നു മനസ്സിലാവുകയാല്‍ പോറ്റിക്കും ബോട്ടു കാര്‍ക്കും വേഗത്തില്‍ അത്താഴം കാലമാക്കണമെന്നു ഭട്ടതിരി ശട്ടംകെട്ടി. ഭട്ടതിരി അന്തിമുടിച്ചു കഴിഞ്ഞപ്പോഴേക്കും പോറ്റിയും കുളി കഴിഞ്ഞു വന്നു. പിന്നെ ഭട്ടതിരിയും പോറ്റിയും കൂടി പുറത്തളത്തിലിരുന്നു രണ്ടുപേരുടെയും ജപങ്ങളും മറ്റും കഴിച്ചു. കുറച്ചുനേരം കുശലപ്രശ്നവും ചെയ്തുകൊണ്ട് അങ്ങനെയിരുന്നു. അപ്പോഴേക്കും അത്താഴം കാലമാവുകയാല്‍ രണ്ടുപേരും ഊണു കഴിച്ചു. ഊണു കഴിഞ്ഞു പിന്നെയും പുറത്തളത്തില്‍ വന്നു വെടിയും പറഞ്ഞങ്ങനെ ഇരിക്കുന്ന മധ്യേ ഭട്ടതിരി മടപ്പിള്ളിക്കാരെ വിളിച്ച് പോറ്റിയുടെ ബോട്ടുകാര്‍ക്കുകൂടെ വേഗത്തില്‍ ചോറുകൊടുക്കാന്‍ ശട്ടം കെട്ടി. അപ്പോള്‍ പോറ്റി "അതൊന്നും വേണ്ട, നമ്മുടെ ബോട്ടുകാര്‍ക്കു ഭക്ഷണം ഞാന്‍ തന്നെ കൊടുത്തുകൊള്ളാം. മറ്റാരും കൊടുത്താല്‍ അവര്‍ക്കു തൃപ്തിയാവുക യില്ല" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി "എന്നാല്‍ അങ്ങോട്ടു ചെന്നു വിളമ്പിക്കൊടുത്തേക്കണം; നമുക്കങ്ങോട്ടു പോകാം: ഞാന്‍കൂടി വരാം" എന്നു പറഞ്ഞു. അപ്പോള്‍ പോറ്റി "അതൊന്നും വേണ്ട, ഞാനവര്‍ക്ക് അത്താഴം കൊടുത്തു. അവര്‍ പോവുകയും ചെയ്തു. ഇനിയിപ്പോള്‍ അതിനായിട്ടുല്‍സാഹിക്കണമെന്നില്ല" എന്നു പറഞ്ഞു. ഇത്രയും കേട്ടപ്പോള്‍ ഭട്ടതിരിക്കു കാര്യം മനസ്സിലായി. "ബോട്ടുകാരൊക്കെ ചാത്തന്മാരായിരിഇകും, അല്ലേ?" എന്നു ഭട്ടതിരി ചോദിച്ചു. "അതേ, ഒരു മൂര്‍ത്തിയെ സേവിക്കയെന്നുവെച്ചാല്‍ ചാത്തനെത്തന്നെ സേവിക്കണം. എങ്കിലേ എല്ലാത്തിനും ഉപയോഗപ്പെടൂ" എന്നു പോറ്റി പറഞ്ഞു. വെറുതെ പത്തിരുപതുപേര്‍ക്കുകൂടി രാത്രികാലത്ത് അരിവയ്ക്കുന്നതിനിടയാക്കു കയും പോറ്റി ഇപ്രകാരം പറയുകയും ചെയ്തത് തന്നെ അപമാനിക്കയായിരുന്നു എന്നും ഗണപതിയെ സേവിച്ചാല്‍ എല്ലാത്തിനും ഉപയോഗപ്പെടുകയില്ലെന്നാണ് പോറ്റിയുടെ വാക്കിന്റെ സാരമെന്നും മനസ്സിലാവുകയാല്‍ ഭട്ടതിരിയുടെ മനസ്സില്‍ അല്പം വല്ലായ്മയുണ്ടായി. എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ചിരിച്ചുകൊണ്ട് "അതു ശരിയാണ്" എന്നു സമ്മതിച്ചു. പിന്നെയും രണ്ടുപേരുംകൂടി വളരെ നേരം സംഭാ‌ഷണംചെയ്തുകൊണ്ടിരുന്നശേ‌ഷം പോറ്റിക്കു കിടക്കുന്നതിനെല്ലാം തയ്യാറാക്കി കൊടുപ്പിച്ചിട്ടു ഭട്ടതിരി അകത്തേക്കുപോയി രണ്ടുപേരും കിടന്നുറങ്ങുകയും ചെയ്തു.

വെളുപ്പാന്‍കാലത്തു രണ്ടുപേരും ഉണര്‍ന്നെണീറ്റു പുറത്തളത്തില്‍ വന്നു. പോറ്റി അപ്പോള്‍ത്തന്നെ യാത്രയും പറഞ്ഞു ബോട്ടു കേറാന്‍ പോയി. ഭട്ടതിരി കുളിക്കാനും പോയി. പോറ്റി കടവില്‍ ചെന്നു നോക്കിയപ്പോള്‍ ബോട്ടവിടെ കാണാനില്ലായിരുന്നു. ബോട്ടു കള്ളന്മാര്‍ വല്ലവരും മോഷ്ടിച്ചതായിരിക്കുമെന്നു വിചാരിച്ച് പോറ്റിക്കു വളരെ വ്യസനമായിത്തീര്‍ന്നു. ബോട്ടു പൂട്ടിയിരുന്ന താഴും തുടലും ഒന്നും കാണാനില്ലായിരുന്നു. ഉടനെ പോറ്റി പരിഭ്രമിച്ചു ഭട്ടതിരി കുളിക്കുന്നിടത്തു ചെന്നു വിവരം പറഞ്ഞു. അപ്പോള്‍ ഭട്ടതിരി "ഇവിടെനിന്ന് ഒരു സാമാനവും കള്ളന്മാര്‍ കൊണ്ടുപോകാറില്ല. ഇതും കള്ളന്മാര്‍ കൊണ്ടുപോയതാ ണെന്നു തോന്നുന്നില്ല. ഇവിടെ ഒരൊറ്റക്കൊമ്പനുണ്ട്. ഇത് അയാളുടെ നേരമ്പോക്കായിരിക്കണം. ഏതായാലും പരിഭ്രമിക്കേണ്ടാ, നിവൃത്തിയു ണ്ടാകും" എന്നു പറഞ്ഞു. പിന്നെ ഭട്ടതിരി അവിടെ നിന്നുംകൊണ്ടു മേല്പോട്ടു നോക്കിയപ്പോള്‍ ബോട്ട് ആ കടവില്‍ നില്‍ക്കുന്ന ആലിന്റെ മുകളില്‍ ഇരിക്കുന്നതു കണ്ടു. ഉടനെ പോറ്റിയോട് "എന്നെ തൊട്ടുകൊണ്ട് മേല്പോട്ട് നോക്കൂ" എന്ന് ഭട്ടതിരി പറയുകയും പോറ്റി അപ്രകാരം നോക്കുകയും ചെയ്തു. അപ്പോള്‍ ആലിന്റെ മുകളില്‍ ഒരു കൊമ്പത്തു ബോട്ടു കേറ്റിവെച്ച്, തുമ്പിക്കൈകൊണ്ടു താങ്ങിപ്പിടിച്ചുംകൊണ്ട് ഗണപതി ഇരിക്കുന്നതു പോറ്റിയും കണ്ടു. ഇതു താന്‍ തലേദിവസം പറഞ്ഞതിനു വിദ്യയാണെന്നു പോറ്റിക്കു തന്നെ അബദ്ധമാക്കാനായിട്ടുള്ള മനസ്സിലാവുകയാല്‍ പോറ്റി ഭട്ടതിരിയോടു മാപ്പുചോദിച്ചു. ഉടനെ ഭട്ടതിരി ഗണപതിയോട് "അതിങ്ങ് കൊടുത്തേക്കൂ. അദ്ദേഹത്തിനു പോകാന്‍ വൈകിയെന്നു പറയുന്നു, വെറുതെ ബുദ്ധിമുട്ടിക്കേണ്ടാ" എന്നു പറഞ്ഞു. അപ്പോള്‍ ഗണപതി അവിടെയിരുന്നുംകൊണ്ട് ബോട്ടെടുത്തു പുഴയിലേക്ക് ഇട്ടുകൊടുത്തു. ആലിന്റെ മുകളില്‍നിന്നും ബോട്ടു വെള്ളത്തില്‍ വീഴുന്നതുകണ്ടപ്പോള്‍ ബോട്ടു പൊട്ടിപ്പോയി എന്നു പോറ്റിക്കു തോന്നി. എങ്കിലും യാതൊരു കേടും സംഭവിച്ചില്ല. പോറ്റിക്കു വളരെ ബഹുമാനവും അത്ഭുതവും ഉണ്ടായി. ബോട്ടു കിട്ടി എങ്കിലും ബോട്ടുകാരില്ലാതെ പോറ്റി പിന്നെയും വി‌ഷണ്ണനായിത്തീര്‍ന്നു. ഗണപതിയെപ്പേടിച്ചു ചാത്തന്മാരും അടുത്തു വരികയില്ല. അതു ഭട്ടതിരിയോടു പറയാന്‍ പോറ്റിക്കു വളരെ ലജ്ജയും മടിയും തോന്നുകയാല്‍ ഒന്നും മിണ്ടാതെ കുറച്ചുനേരം അങ്ങനെ പരുങ്ങലായിട്ടു നിന്നു. ഒടുക്കം നിവൃത്തിയില്ലെന്നു തോന്നുകയാല്‍ ആ വിവരവും ഭട്ടതിരിയോടു പറഞ്ഞു. പിന്നെ ഭട്ടതിരി "ഭയപ്പെടേണ്ടാ, അവര്‍ വന്നോട്ടെ, അയാളൊന്നും ഉപദ്രവിക്കാതെ ഞാന്‍ നോക്കിക്കൊള്ളാം" എന്നു പറഞ്ഞു. പിന്നെ ചാത്തന്മാര്‍ വന്നു ബോട്ടില്‍കയറി. പോറ്റി വഴിപാടിനു പണവും കൊടുത്തു ഗണപതിയെ തൊഴുതുംവെച്ചു പോവുകയും ചെയ്തു.

പിന്നെ ഒരിക്കല്‍ ഒരു കാലടിയില്‍ ഭട്ടതിരി കോഴിക്കോട്ടു താനത്തിനായിട്ടു പോയിരുന്നു. അവിടെ കൌണാറ്റിനു വടക്കേകരയുള്ളവര്‍ ക്കല്ലാതെ താനം പതിവില്ല. കാലടിയില്‍ ഭട്ടതിരിയുടെ ഇല്ലം അന്നു കൌണാറ്റിനു തെക്കേക്കര ആയിരുന്നതുകൊണ്ട് അവിടെചെന്നപ്പോള്‍ അദ്ദേഹത്തിനു താനം ചാര്‍ത്തുകയില്ലെന്നു വഴക്കായി. അപ്പോള്‍ താനത്തിനായിട്ട് അത്രത്തോളം ചെന്നിട്ട് വെറുതെ പോരുന്നത് തനിക്കവമാനമാണല്ലോ എന്നു വിചാരിച്ചു ഭട്ടതിരി "എന്റെ ഇല്ലം കൌണാറ്റിനു വടക്കേക്കരയാണ്" എന്നു പറഞ്ഞു. വാസ്തവത്തില്‍ തെക്കേക്കരയാണെന്നു നല്ല നിശ്ചയമുള്ളവര്‍ അവിടെ പലരുമുണ്ടായിരുന്നു. അവരെല്ലാവരും ഭട്ടതിരിയുടെ ഇല്ലം തെക്കേക്കരയാണെന്നു പറഞ്ഞു. ആരു പറഞ്ഞാലും ഭട്ടതിരി സമ്മതിക്കയില്ല. അദ്ദേഹം പിന്നെയും "എന്റെ ഇലം വടക്കേക്കരയാണ്" എന്നു പറയും. ഇങ്ങനെ വഴക്കു കലശലായി. അപ്പോള്‍ വിവരം സാമൂതിരിപ്പാടു തിരുമനസ്സുകൊണ്ടു കേട്ടു. അവിടുന്ന് ഒടുക്കം ഒരു തീര്‍ച്ച നിശ്ചയിച്ചു. എങ്ങനെയെന്നാല്‍ "തത്ക്കാലം ഭട്ടതിരിയുടെ താനം ചാര്‍ത്തുകയും കിഴി കൊടുക്കുകയും ചെയ്കയും ഇവിടെനിന്ന് ഒരാളെ അയച്ച്, ഭട്ടതിരിയുടെ ഇല്ലം തെക്കേക്കരയോ വടക്കേകരയോ എന്നു നോക്കി തിട്ടംവരുത്തുകയും പോകുന്നയാള്‍ തിരിച്ചുവരുന്നതുവരെ ഭട്ടതിരിയെ ഇവിടെ താമസിപ്പിക്കുകയും ഭട്ടതിരി സത്യമാണ് പറഞ്ഞതെങ്കില്‍ അദ്ദേഹത്തെ സബഹുമാനം വിട്ടയയ്ക്കുകയും വ്യാജമാണെങ്കില്‍ കിഴി തിരിയെ വെപ്പിക്കുകയും യഥായോഗ്യം ശിക്ഷിക്കുകയും വേണ്ടതാണ്" എന്നായിരുന്നു കല്പന. ആ കല്പനയെ ഭട്ടതിരിയും മറ്റെല്ലാവരും സമ്മതിക്കുകയും ഭട്ടതിരിയെക്കൂടെ താനം ചാര്‍ത്തുകയും ചെയ്തു. കല്പനപ്രകാരം കോഴിക്കോട്ടു നിന്ന് അയച്ചയാള്‍ വന്നു നോക്കിയപ്പോള്‍ ഭട്ടതിരിയുടെ ഇല്ലം വടക്കേക്കര ഇരിക്കുന്നതും കൌണാറിനു തെക്കുപുറെ പ്രവഹിക്കുന്നതും കണ്ടു. ആ വിവരം അവിടെച്ചെന്നു തിരുമനസ്സറിയിച്ചു. ഉടനെ സാമൂതിരിപ്പാടുതമ്പുരാന്‍ തിരുമനസ്സുകൊണ്ടു ഭട്ടതിരിയെ തിരുമുമ്പാകെ വരുത്തി വളരെ സമ്മാനങ്ങളും കൊടുത്തു ബഹുമാനിച്ചയക്കുകയും ചെയ്തു. വാസ്തവത്തില്‍ ഭട്ടതിരിയുടെ ഇല്ലം മുമ്പു കൌണാറ്റിനു തെക്കേക്കരെത്തന്നെയായിരുന്നു. ഈ തര്‍ക്കമുണ്ടായ പ്പോള്‍ ഭട്ടതിരിക്ക് അവമാനം വരുമല്ലോ എന്നു വിചാരിച്ച് ഗണപതി തന്റെ ഒറ്റക്കൊമ്പുകൊണ്ടു കുത്തി ആറിനെത്തിരിച്ചു ഭട്ടതിരിയുടെ ഇല്ലത്തിനു തെക്കുപുറെ ആക്കിവിടുകയായിരുന്നു. ആറ് പണ്ട് ഭട്ടതിരിയുടെ ഇല്ലത്തിനു വടക്കുപുറെ ആയിരുന്നു എന്നുള്ളത് ഇപ്പോഴും അവിടെച്ചെന്നു നോക്കിയാല്‍ ആ സ്ഥലത്തിന്റെ കിടപ്പുകൊണ്ട് അറിയാവുന്നതാണ്.

കാലടിയില്‍ ഭട്ടതിരിമാര്‍ക്കു പ്രത്യക്ഷമായിരുന്ന ഗണപതി പിന്നെ അങ്ങനെയല്ലാതെ ആയതിന്റെ കാരണംകൂടി പറയാതെ ഈ ഉപന്യാസം ഉപസംഹരിക്കുന്നതു വിഹിതമല്ലെന്നു വിചാരിച്ച് അതുകൂടിപ്പറഞ്ഞു കൊള്ളുന്നു. ഒരിക്കല്‍ ഒരു കപ്പല്‍ക്കച്ചവടക്കാരന്‍ വിലപിടിച്ചവയായ അനേകം സാമാനങ്ങള്‍ കേറ്റിക്കൊണ്ടു വടക്കുനിന്നു തെക്കോട്ടു കൊണ്ടുപോയ ഒരു കപ്പല്‍ സമുദ്രത്തില്‍ താണുപോയി. കപ്പലിലുണ്ടായി രുന്നവര്‍ മിക്കപേരും ഒരുവിധം മരിക്കാതെ കരയ്ക്കു കയറി. കപ്പലിന്റെ ഉടമസ്ഥനും മരിച്ചില്ല. കപ്പല്‍ചേതംകൊണ്ടു വളരെ ന ഷ്ടമുണ്ടായതിനാല്‍ കപ്പലിന്റെ ഉടമസ്ഥന്‍ വ്യസനിച്ചുകൊണ്ടു നടക്കുമ്പോള്‍ കാലടിയില്‍ ഭട്ടതിരിക്കു ഗണപതി പ്രത്യക്ഷമാണെന്നും അവിടെച്ചെന്നു പറഞ്ഞാല്‍ ഇതിനെന്തെങ്കിലും നിവൃത്തിയുണ്ടാക്കിത്തരുമെന്നും ആരോ അവനോടു പറഞ്ഞു. ഉടനെ ആ കച്ചവടക്കാരന്‍ കാലടിയിലെത്തി. ഭട്ടതിരിയെക്കണ്ടു വിവരമെല്ലാം പറയുകയും സാമാനങ്ങള്‍ക്കൊന്നും ന ഷ്ടവും കപ്പലിനു കേടും കൂടാതെ കപ്പല്‍ ഉയര്‍ത്തിക്കൊടുത്താല്‍ കപ്പലിലുള്ള സാമാനത്തിന്റെ പകുതി വില ഭട്ടതിരിക്കു കൊടുത്തേക്കാമെന്നു സമ്മതിക്കുകയും ചെയ്തു. പിന്നെ ഗണപതിയുടെ അടുക്കല്‍ച്ചെന്ന് ഈ വിവരം പറഞ്ഞു. അപ്പോള്‍ ഗണപതി "ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ എനിക്കു പ്രയാസമാണ്" എന്നു പറഞ്ഞു. അപ്പോള്‍ ഭട്ടതിരി "ഈ കാര്യം സാധിച്ചുകൊടുക്കാമെന്നു ഞാന്‍ ഏറ്റുപറഞ്ഞുപോയതാണ്. ഇത് ഏതുവിധവും നിര്‍വഹിച്ചുതരണമെന്നു നിര്‍ബന്ധിച്ചു പറഞ്ഞു. ഉടനെ ഗണപതി പോയി സമുദ്രത്തില്‍ മുങ്ങി കപ്പല്‍ തന്റെ ഒറ്റക്കൊമ്പുകൊണ്ട് ഉയര്‍ത്തിക്കൊടുക്കുകയും കച്ചവടക്കാരന്‍ പറഞ്ഞിരുന്നതുപോലെയുള്ള ദ്രവ്യം ഭട്ടതിരിക്കു കൊടുക്കുകയും ചെയ്തു. അതിന്റെ ശേ‌ഷം ഗണപതി ഭട്ടതിരിയോട് "നിങ്ങള്‍ക്കു ദ്രവ്യത്തിങ്കലുള്ള അത്യാഗ്രഹംകൊണ്ട് ഇന്നതേ പറയാവൂ എന്നില്ലാതെയായിരിക്കുന്നു. അതു ഞാന്‍ നിങ്ങള്‍ പറയുന്നതുപോലെയെല്ലം ചെയ്തുംകൊണ്ടു പ്രത്യക്ഷമായിട്ടിരുന്നിട്ടുണ്ടാ യിട്ടുള്ള അഹമ്മതി നിമിത്തമാണ്. അതിനാല്‍ ഇനി നിങ്ങള്‍ എന്നെ പ്രത്യക്ഷമായി കാണുകയില്ല. എങ്കിലും നിങ്ങള്‍ വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഞാന്‍സാധിച്ചു തന്നുകൊള്ളാം. ദുസ്സാധ്യമായിട്ടുള്ള കാര്യങ്ങള്‍ അന്യന്മാര്‍ക്കു സാധിപ്പിച്ചുകൊടുക്കുന്നതിനായിട്ടും അത്യാഗ്രഹം നിമിത്തവും യാതൊന്നും എന്നോടപേക്ഷിക്കയുമരുത്" എന്നു പറഞ്ഞിട്ടു മറയുകയും ചെയ്തു. അതില്‍പ്പിന്നെ ആ ഇല്ലത്തുള്ളവര്‍ ഗണപതിയെ പ്രത്യക്ഷമായി കണ്ടിട്ടില്ല. എങ്കിലും അവര്‍ വിചാരിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചുകൊണ്ടുതന്നെ ഇരുന്നു. കാലക്രമേണ ആ ഇല്ലത്തുള്ളവര്‍ക്കു മുമ്പുണ്ടായിരുന്നവരെപ്പോലെയുള്ള തപശ്ശക്തിയും ഗണപതിയെക്കുറിച്ചുള്ള ഭക്തിയും സേവയും കുറഞ്ഞുതുടങ്ങി. അപ്പോള്‍ കാര്യസിദ്ധികളും അങ്ങനെതന്നെയായി ത്തീര്‍ന്നു. എങ്കിലും കാലടിയില്‍ ഗണപതിയുടെ ശക്തിയും മാഹാത്മ്യവും ഇന്നും അശേ‌ഷമില്ലാതെയായി എന്നു പറഞ്ഞുകൂടാ. അപ്രകാരം തന്നെ കാലടിയില്‍ ഭട്ടതിരിമാരുടെ മന്ത്രവാദവും മറ്റുള്ള പാരമ്പര്യക്കാരായ മന്ത്രവാദികളുടെ മന്ത്രവാദത്തേക്കാള്‍ ഇപ്പോഴും ഫലിച്ചുകാണുന്നുണ്ട്. കലിയുഗം മൂത്തിരിക്കുന്ന ഇക്കാലത്തു മുന്‍കാലങ്ങളിലെപ്പോലെ, ദൃഷ്ടാന്തങ്ങള്‍ കാണാന്‍ പ്രയാസമുണ്ടല്ലോ.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes