ഈശ്വരന്മാരെ മാംസചക്ഷുസ്സുകൊണ്ടു കാണാമായിരുന്ന ദിവ്യനായ വില്വമംഗലത്തു സ്വാമിയാരെക്കുറിച്ചു കേട്ടിട്ടില്ലാത്തവര്‍ കേരളീയരില്‍ അധികംപേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. ഈ സ്വാമിയാര്‍ നിമിത്തം കേരളത്തില്‍ അനേകം ക്ഷേത്രങ്ങളും ഏര്‍പ്പാടുകളും ഉണ്ടായിട്ടുണ്ട്. അവയെക്കുറിച്ച് കേട്ടിട്ടില്ലാത്തവരും ചിലര്‍ ഉണ്ടായിരിക്കാം. അങ്ങനെയുള്ളവരുടെ അറിവിലേക്കായി ഇവിടെ അറിവു കിട്ടീട്ടുള്ള ചില സംഗതികള്‍ പറഞ്ഞുകൊള്ളുന്നു.
ഒരിക്കല്‍ ഒരു വൃശ്ചികമാസത്തില്‍ കാര്‍ത്തികനാള്‍ വില്വമംഗലത്തു സ്വാമിയാര്‍ തൃശ്ശിവപേരൂര്‍ വടക്കുന്നാഥക്ഷേത്രത്തില്‍ ദര്‍ശനത്തിനായിട്ടു ചെന്ന സമയം ഭഗവാനെ ശ്രീകോവിലിനകത്തു കാണാനില്ലായിരുന്നു. ഭഗവാനെ കാണാതെ വന്ദിക്കുന്നതെങ്ങനെയെന്നു വിചാരിച്ചു സ്വാമിയാര്‍ ഉടനെ ക്ഷേത്രത്തില്‍ നിന്നു പുറത്തിറങ്ങി പ്രദക്ഷിണത്തിനായി ചെന്നപ്പോള്‍ ഭഗവാന്‍ തെക്കേ മതിലിന്മേല്‍ കേറി തെക്കോട്ടു തിരിഞ്ഞിരിക്കുന്നതായി കണ്ടു. ഉടനെ സ്വാമിയാര്‍ അവിടെച്ചെന്നു വന്ദിച്ചിട്ട് "ഇതെന്താണ് ഇവിടെ എഴുന്നെള്ളിയിരിക്കുന്നത്?" എന്നു ചോദിച്ചു. അപ്പോള്‍ ഭഗവാന്‍ "നമ്മുടെ പ്രിയതമയായ "കുമാരനല്ലൂര്‍ കാര്‍ത്ത്യായനി" കുളിയും കഴിഞ്ഞു വരുന്ന ആഡംബരവും ആഘോഷവും കാണുന്നതിനായിട്ടിവിടെ വന്നിരുന്നതാണ്" എന്നരുളിച്ചെയ്തു. (ഉത്സവത്തിന്റെ അവസാനദിവസം എല്ലാ സ്ഥലങ്ങളിലുമുള്ളതുപോലെ ആറാട്ടു രാത്രിയിലാണെങ്കിലും കുമാരനല്ലൂരുത്സവത്തില്‍ എല്ലാ ദിവസവും രാവിലെ ഒരാറാട്ടും ആറാട്ടു കഴിഞ്ഞു കേമമായിട്ടുള്ള എഴുന്നള്ളത്തും പതിവുണ്ട്. അതിന്റെ പ്രാധ്യാന്യവും കേമത്തവും ഒമ്പതാമുത്സവദിവസമായ കാര്‍ത്തികനാള്‍ അധികമുണ്ട്). അന്നു മുതല്‍ ആണ്ടുതോറും വൃശ്ചികദാസത്തില്‍ കാര്‍ത്തികനാള്‍ തൃശ്ശിവപേരൂര്‍ വടക്കുന്നാഥന് രാവിലെ ഒരു പൂജ തെക്കേ മതിലിന്മേല്‍ വെച്ചു പതിവായി. ആണ്ടുതോറും ഭഗവാന്‍ കാര്‍ത്തികനാള്‍ കുമാരനല്ലൂര്‍ ഭഗവതിയുടെ എഴുന്നള്ളത്തു കാണുന്നതിനായിട്ട് ആ മതിലിന്മേല്‍ എഴുന്നള്ളിയിരിക്കുമെന്നാണ് സങ്കല്പം. ഈ സംഗതി ജനങ്ങള്‍ അറിയുന്നതിനും മറ്റും കാരണഭൂതന്‍ ഈ സ്വാമിയാരാണെന്നു വിശേഷിച്ചു പറയണമെന്നില്ലല്ലോ.
ഒരഷ്ടമിനാള്‍ വില്വമംഗലത്തു സ്വാമിയാര്‍ വൈക്കത്തുക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ചെന്ന സമയം അമ്പലത്തിനകത്തു നിറച്ചു ബ്രാഹ്മണര്‍ ഊണു കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. എങ്കിലും സ്വാമിയാര്‍ അകത്തുകടന്നു നടയില്‍ ചെന്നപ്പോള്‍ ഭഗവാനെ ശ്രീകോവിലിനകത്തു കാണ്‍മാനില്ലായിരുന്നു. ഇതെന്താണിങ്ങനെ വരാന്‍ എന്നു വിചാരിച്ചുകൊണ്ടു സ്വാമിയാര്‍ അമ്പലത്തിലെല്ലാം സൂക്ഷിച്ചു നോക്കിയപ്പോള്‍ ഭഗവാന്‍ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷമായിട്ടു വടക്കേ ചുറ്റമ്പലത്തില്‍ ഒരു തൂണിന്റെ ചുവട്ടിലിരുന്നു സദ്യയുണ്ണുന്നതായി കണ്ടു. ഭഗവാന്‍ വേഷപ്രച്ഛന്നനായിരുന്നുവെങ്കിലും സ്വാമിയാര്‍ ദിവ്യനായിരുന്നതുകൊണ്ട് കണ്ടമാത്രയില്‍ത്തന്നെ അദ്ദേഹത്തിനു മനസ്സിലായി. ഉടനെ സ്വാമിയാര്‍ അവിടെ ചെന്നു ഭഗവാനെ വന്ദിക്കുകയും വിവരം ജനങ്ങളെ ധരിപ്പിക്കുകയും ചെയ്തു. അന്നു മുതല്‍ വൈക്കത്തു ക്ഷേത്രത്തില്‍ സദ്യയുള്ള ദിവസങ്ങളിലെല്ലാം ആ തൂണിന്റെ അടുക്കല്‍ ഭഗവാനെന്നു സങ്കല്പിച്ച് ഒരില വച്ചു സകല വിഭവങ്ങളും വിളമ്പുക പതിവാകുകയും വൈക്കത്തഷ്ടമിക്കു വടക്കേച്ചുറ്റിലിരുന്ന് ഊണു കഴിക്കുക വളരെ മുഖ്യമായിട്ടുള്ളതാണെന്ന് ബ്രാഹ്മണര്‍ക്ക് ഒരു വിശ്വാസം ജനിക്കുകയും ചെയ്തു.
ഇപ്രകാരം തന്നെ വില്വമംഗലത്തു സ്വാമിയാര്‍ സ്വാമിദര്‍ശനത്തിനായി ഒരുത്സവകാലത്ത് അമ്പലപ്പുഴെച്ചെല്ലുകയുണ്ടായി. അവിടെയും സ്വാമിയാര്‍ അമ്പലത്തില്‍ ചെന്നപ്പോള്‍ ഭഗവാന്‍ ശ്രീകോവിലിന്നകത്തില്ലായിരുന്നു. സ്വാമിയാര്‍ പ്രദക്ഷിണമായി ചെന്നപ്പോള്‍ ഭഗവാന്‍ ഒരു പട്ടരുടെ വേഷമായിട്ടു നാടകശാലയില്‍ മാരാരുടെ സദ്യയ്ക്കു വിളമ്പിക്കൊണ്ടു നില്‍ക്കുന്നതായി കണ്ടു. ഉടനെ സ്വാമിയാര്‍ അവിടെച്ചെന്നു വന്ദിച്ചിട്ട്, "ഇവിടെ വയ്ക്കാനും വിളമ്പാനുമൊക്കെ ധാരാളമാളുകളുണ്ടല്ലോ. പിന്നെ അവിടുന്നുകൂടി ഇങ്ങനെ ക ഷ്ടപ്പെടുന്നതെന്തിനാണ്?" എന്നു ചോദിച്ചു. അപ്പോള്‍ ഭഗവാന്‍ "ഇവര്‍ (മാരാന്മാര്‍) നമ്മുടെ ഉത്സവം ഭംഗിയാക്കാനായിട്ടു വളരെ അദ്ധ്വാനം ചെയ്യുന്നവാരാണ്. ഇവര്‍ക്കു തൃപ്തിയാകുംവണ്ണം ഭക്ഷണംകൊടുക്കുകയെന്നത് നമുക്കു വളരെ സന്തോഷകരമായിട്ടുള്ളതാണ്. ആണ്ടുതോറും ഇവരുടെ സദ്യയ്ക്കു വിളമ്പുവാന്‍ നാംകൂടെ വരിക പതിവുണ്ട്" എന്നരുളിച്ചെയ്തു. അന്നു മുതല്‍ക്കാണ് അമ്പലപ്പുഴയുത്സവത്തില്‍ നാടകശാലയില്‍ മാരാന്മാരുടെ സദ്യയ്ക്ക് ഇത്ര പ്രാധാന്യം സിദ്ധിച്ചത്. മാരാന്മാരുടെ സദ്യസമയത്ത് ഭഗവാന്‍ അവിടെ എഴുന്നള്ളുന്നുണ്ടെന്നുതന്നെയാണ് ഇപ്പോഴുമുള്ള വിശ്വാസം. ഇങ്ങനെ വില്വമംഗലത്ത് സ്വാമിയാരെ സംബന്ധിച്ച് അനേകം കഥകളുണ്ട്. തിരുവനന്തപുരം തിരുവാര്‍പ്പ് മുതലായ ക്ഷേത്രങ്ങള്‍ ഉണ്ടാകുവാനുള്ള കാരണം തന്നെ വില്വമംഗലത്ത് സ്വാമിയാരാണെന്ന് അവിടങ്ങളിലെ സ്ഥലപുരാണങ്ങള്‍കൊണ്ട് പ്രസിദ്ധമാണല്ലോ. ചേര്‍ത്തല കാര്‍ത്ത്യായനിയും വില്വമംഗലത്തു സ്വാമിയാരുടെ പ്രതിഷ്ഠയാണെന്നാണ് കേട്ടിരിക്കുന്നത്. ഒരിക്കല്‍ സ്വാമിയാര്‍ എവിടെയോ പോകുന്നതിനായി കരമാര്‍ഗം ചേര്‍ത്തലവഴി പുറപ്പെട്ടു. അങ്ങനെ പോകുമ്പോള്‍ അവിടെ ഒരു വനപ്രദേശത്ത് ഏഴു കന്യകമാര്‍ കുളിച്ചുകൊണ്ടിരിക്കുന്നതായി കണ്ടു. ഈ കന്യകമാരെ കണ്ടപ്പോള്‍ത്തന്നെ ഇവര്‍ കേവലം മാനുഷികളല്ലെന്നും ദിവ്യസ്ത്രീകളാണെന്നും തോന്നുകയാല്‍ സ്വാമിയാര്‍ അടുത്തുചെന്നു. ഉടനെ അവര്‍ ഏഴുപേരും അവിടെ നിന്ന് ഓടിത്തുടങ്ങി. സ്വാമിയാരും പിന്നാലെ ഓടി. കന്യകമാര്‍ ഏഴുപേരും ഓടിച്ചെന്ന് ഓരോകുളത്തില്‍ ചാടി. സ്വാമിയാരും പിന്നാലെ ചാടി. ഓരോരുത്തരെ പിടിച്ച് ഓരോ സ്ഥലത്തിരുത്തി. ഒടുക്കം ഏഴാമത്തെ കന്യക ചാടിയത് ഒരു ചേറുള്ള കുളത്തിലായിരുന്നതിനാല്‍ ആ കന്യകയുടെ തലയിലൊക്കെ ചേറായി. ആ കന്യകയെ സ്വാമിയാര്‍ പിടിച്ചിട്ടു ചെല്ലാതെ കുറെ ബലംപിടിച്ചു നിന്നു. ഒടുക്കം സ്വാമിയാര്‍ "എടീ ചേറ്റില്‍ത്തലയായോളേ! പു.........ടീ ഇവിടെ ഇരിക്ക്" എന്നു പറഞ്ഞുകൊണ്ട് ആ കന്യകയെയും പിടിച്ചുകേറ്റി അവിടെയിരുത്തി. ചേറ്റില്‍ തലയായതുകോണ്ട് "ചേര്‍ത്തല ഭഗവതി" എന്ന് ആ ഭഗവതിക്കും "ചേര്‍ത്തല" എന്ന് ആ ദേശത്തിനും നാമം സിദ്ധിച്ചു. ഇങ്ങനെ വില്വമംഗലത്തു സ്വാമിയാരാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഏഴു ഭഗവതികള്‍ ഉണ്ടായിത്തീരുകയും ചെയ്തു. അതില്‍ ഏഴാമതായി പ്രതിഷ്ഠിക്കപ്പെട്ട ദേവിയാണ് പ്രസിദ്ധപ്പെട്ട സാക്ഷാല്‍ ചേര്‍ത്തല കാര്‍ത്ത്യായനി. പ്രതിഷ്ഠാസമയത്ത് സ്വാമിയാര്‍ പുംശ്ചലി (പു.......ടി) എന്ന അസഭ്യവാക്കു പറഞ്ഞുകൊണ്ട് പ്രതിഷ്ഠിച്ചതിനാലാണ് ഇന്നും ആ ദേവിക്ക് അസഭ്യങ്ങളായ പാട്ടുകളും ശകാരങ്ങളുമൊക്കെ സന്തോഷകരങ്ങളായിരിക്കുന്നത്. ചേര്‍ത്തലപൂരത്തിന്റെ പാട്ടുകള്‍ പ്രസിദ്ധങ്ങളാണല്ലോ.
ഇങ്ങനെ വില്വമംഗലത്തു സ്വാമിയാരുടെ അത്ഭുതകര്‍മ്മങ്ങളും അദ്ദേഹത്തെ സംബന്ധിച്ച കഥകളും വളരെയുണ്ട്. ഇവയെല്ലാം വാസ്തവത്തില്‍ നടന്നവയാണെങ്കില്‍ ഈ കഥകള്‍ക്കെല്ലാം വിഷയീഭൂതനായ സ്വാമിയാര്‍ ഒരാള്‍ തന്നെയല്ലെന്നോ അനേകം വില്വമംഗലത്തു സ്വാമിയാരന്മാരുണ്ടായിരുന്നു എന്നോ അഥവാ ഒരാള്‍ തന്നെ ആയിരുന്നു എങ്കില്‍ അദ്ദേഹത്തിന്റെ ജീവിതകാലം ഒരു മനുഷ്യായുഷ്കാലത്തില്‍ വളരെ കൂടുതലായിരുന്നു എന്നോ വിചാരിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, തിരുവനന്തപുരം, തിരുവാര്‍പ്പ്, ഏറ്റുമാനൂര്‍, ചേര്‍ത്തല മുതലായ സ്ഥലങ്ങളിലായി അനേകം ക്ഷേത്രങ്ങള്‍ ഉണ്ടാകുന്നതിനു കാരണഭൂതന്‍ ഈ ഒരു സ്വാമിഅയര്‍ ആയിരിക്കണമെങ്കില്‍ ഈ ക്ഷേത്രങ്ങളെല്ലാം ഉണ്ടായ കാലങ്ങള്‍ക്ക് ഏറിയാല്‍ ഒരു നൂറു കൊലത്തിലധികം അന്തരം വരാന്‍ പാടില്ലല്ലോ . അപ്രകാരം തന്നെ തുഞ്ചത്തെഴുത്തച്ഛന്‍, തലക്കുളത്തൂര്‍ ഭട്ടതിരി മുതലായ അനേകം മഹാന്മാരുടെ കാലത്തെല്ലാം വില്വമംഗലത്തു സ്വാമിയാരും ഉണ്ടായിരുന്നതായി അനേകം കഥകളുണ്ട്. ഇവയും വാസ്തവമായിരിക്കണമെങ്കില്‍ ഈ മഹാന്മാരുടെ ജീവിതകാലവും ഏകദേശം ഒന്നായിരിക്കണമല്ലോ. ചരിത്രപ്രകാരം കാലങ്ങള്‍ക്കു വളരെ അന്തരമുള്ളതായിട്ടാണ് കാണുന്നത്. ഇതിന്റെ വാസ്തവം അറിവുള്ളവര്‍ വല്ല പത്രം മുഖേനയും പ്രസ്താവിച്ചാല്‍ കൊള്ളാം.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ