ഈ ബ്ലോഗ് തിരയൂ

Contents

2012, ജൂൺ 25

തിരുനക്കര ദേവനും അവിടുത്തെ കാളയും




തിരുവിതാംകൂറിൽ കോട്ടയം പട്ടണത്തിന്റെ മദ്ധ്യഭാഗത്തുള്ള തിരുനക്കര ക്ഷേത്രത്തെപ്പറ്റി പലരും കേട്ടിരിക്കാനിടയുണ്ട്. അവിടത്തെ സ്വയംഭൂവായ ശിവനെയും കാളയെയും പറ്റിയുള്ള ഐതിഹ്യങ്ങൾ വായനക്കാർക്കു രസാവഹങ്ങളായിരിക്കുമെന്നു വിശ്വസിക്കുന്നു.
പണ്ടൊരു തെക്കുംകൂർ രാജാവിനു തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിൽ തിങ്ങൾ ഭജനം (മാസന്തോറും തൊഴുക) പതിവുണ്ടായിരുന്നു. ഒരു മാസത്തിന്റെ അവസാനദിവസം അവിടെയെത്തിയാൽ അന്നും പിറ്റേദിവസവുമായി രണ്ടുമാസത്തെ തൊഴുക കഴിച്ചു പോരാമല്ലോ. അങ്ങനെയാകുമ്പോൾ ആണ്ടിൽ ആറു യാത്ര കൊണ്ടു കഴിക്കാമല്ലോയെന്നു വിചാരിച്ച് ആ തമ്പുരാൻ അപ്രകാരമാണ് അതു നടത്തിപ്പോന്നത്. അങ്ങനെ വളരെക്കാലം അദ്ദേഹം അതു മുടക്കം കൂടാതെ നടത്തിക്കൊണ്ടിരുന്നു. കാലക്രമേണ ആ തമ്പുരാനു പ്രായാധിക്യവും രോഗപീഡകളും നിമിത്തം അന്യദേശസഞ്ചാരം ദുസ്സാദ്ധ്യാമായിത്തീർന്നു. പരസഹായം കൂടാതെ ഒന്നും ചെയ്‌വാൻ ശക്തനല്ലാതെയായിട്ടും ഈശ്വരഭക്തനായ അവിടേക്കു തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിലെ തിങ്ങൾഭജനം മുടക്കുന്നതിനു ധൈര്യമുണ്ടായില്ല.
അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ, ഒരു മാസാന്ത്യദിവസം ആ തമ്പുരാൻ പരിവാരസമേതം തൃശ്ശിവപേരൂരെത്തി. വളരെ പ്രയാസപ്പെട്ട് ഒരുവിധം കുളികഴിച്ച് പരസഹായത്തോടുകൂടി വടക്കുന്നാഥന്റെ നടയിൽച്ചെന്നു തൊഴുതുകൊണ്ട്, "അല്ലയോ ഭക്തവത്സലനായ ഭഗവാനേ! എന്റെ ഈ നിയമം മുടങ്ങീട്ടു ജീവിച്ചിരിക്കുകയെന്നുള്ളത് എനിക്കു വളരെ സങ്കടമാണ്. ഇവിടെ വന്നു ദർശനം കഴിച്ചു പോകാൻ ഞാൻ ശക്തനല്ലാതെയും തീർന്നിരിക്കുന്നു. അതിനാൽ കഴിയുന്നതും വേഗത്തിൽ എന്നെ അവിടുത്തെ തൃപ്പാദാരവിന്ദങ്ങളിൽ ചേർത്തുകൊള്ളണേ" എന്നു പ്രാർത്ഥിച്ചു. അന്ന് അത്താഴം കഴിഞ്ഞ് തമ്പുരാൻ കിടന്നുങ്ങിയ സമയം ആരോ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന്, "ഇനി എന്നെക്കാണാനായി ഇങ്ങോട്ടു വന്നു ബുദ്ധിമുട്ടണമെന്നില്ല. ഞാൻതിരു"നക്കര"ക്കുന്നിൽ വന്നേക്കാം. എന്റെ പുരോഭാഗത്തു വൃ‌ഷഭനും എന്റെ പശ്ചാൽഭാഗത്ത് ഒരുവെളുത്ത ചെത്തിയും കാണപ്പെടും" എന്നു പറഞ്ഞതായി തോന്നി. ഉടനെ തമ്പുരാൻ കണ്ണു തുറന്നു നോക്കി. അപ്പോൾ ആരെയും കണ്ടില്ല. ഇതു വടക്കുന്നാഥൻതന്നെ തന്നെക്കുറിച്ചു പ്രസാദിച്ചിട്ട് അടുക്കൽവന്ന് അരുളിച്ചെയ്തതാണെന്ന് അദ്ദേഹം വിശ്വസിച്ചുകൊണ്ടു പിന്നെയും കിടന്നുറങ്ങുകയും ചെയ്തു. പിറ്റേദിവസം പതിവുപോലെ ദേവദർശനവും ഭക്ഷണവും കഴിച്ചു തമ്പുരാൻ തൃശ്ശിവപേരൂർനിന്നു പോന്നു. മടങ്ങിപ്പോരുംവഴി തമ്പുരാൻ വൈക്കത്തു പെരുംതൃക്കോവിലപ്പനെക്കൂടി തൊഴുതിട്ടുപോരാമെന്നു വിചാരിച്ച് അവിടെയിറങ്ങി. തൊഴാനായി അമ്പലത്തിൽ ചെന്നപ്പോൾ താടിയും തലയും വളർത്തി, രുദ്രാക്ഷമാലകളും ഭസ്മവും ധരിച്ച് പരവശനായ ഒരു ബ്രാഹ്മണനെ അവിടെ ക്കണ്ടിട്ട് അദ്ദേഹം ആരാണെന്നും മറ്റും തമ്പുരാൻ അവിടെയുണ്ടായിരുന്നവരിൽ ചിലരോടു ചോദിച്ചു. അപ്പോൾ ഒരാൾ, അദ്ദേഹം ഒരു നമ്പൂരിയാണെന്നും ഇല്ലം വൈക്കത്തുതന്നെയാണെന്നും ഇല്ലപ്പേരു "പേരേപ്പറമ്പ്" എന്നാണെന്നും ദാരിദ്രദുഃഖം സഹിക്കാൻ വയ്യാതെയായിട്ടു വൈക്കത്തപ്പനെ സേവിക്കുകയാണെന്നും സംവത്സരഭജനം കഴിഞ്ഞിട്ടു രണ്ടുമൂന്നു ദിവസമായെന്നും അദ്ദേഹത്തിനു നിത്യവൃത്തിക്കുതന്നെ യാതൊന്നുമില്ലെന്നു തന്നെയല്ല, നാലഞ്ചു പെൺകിടാങ്ങളെ വേളികഴിച്ചു കൊടുക്കാൻ വൈകിയിരിക്കുന്നുണ്ടെന്നും മറ്റുമുള്ള വിവരം തമ്പുരാനെ ഗ്രഹിപ്പിക്കുകയും ചെയ്തു. അതുകേട്ടു തമ്പുരാൻ ആ നമ്പൂരിയെ അടുക്കൽ വിളിച്ച്, "എന്റെ കൂടെ പോരാമെങ്കിൽ ഒന്നോ രണ്ടോ പെൺകൊടയ്ക്കുവേണ്ടുന്ന വക ഉണ്ടാക്കിത്തന്നേക്കാം" എന്നു പറഞ്ഞു. അതു കേട്ട് ഏറ്റവും സന്തുഷ്ടമാനസനായി ഭവിച്ച നമ്പൂരി "കല്പനപോലെ ചെയ്യാം" എന്നു പറയുകയും തമ്പുരാൻ പോന്നപ്പോൾ ഒരുമിച്ചു പോരികയും ചെയ്തു.
അന്നു തെക്കുംകൂർ രാജാക്കന്മാർക്കു രാജവാഴ്ചയുള്ള കാലമായിരുന്നു. അവരുടെ രാജധാനി അന്ന് ഇപ്പോൾ തിരുനക്കരക്ഷേത്രമിരിക്കുന്ന സ്ഥലത്തിനു ഒരു നാഴിക വടക്കുമാറി "തളിയിൽ" എന്നസ്ഥലത്തായിരുന്നു. അതിനാൽ പേരേപ്പറമ്പ് നമ്പൂരി തെക്കുംകൂർ രാജാവിനോടുകൂടി അവിടെ വന്നു താമസിച്ചു. അങ്ങനെ താമസിച്ചിരുന്ന കാലത്തു പേരേപ്പറമ്പ് നമ്പൂരി ഒരു ദിവസം തമ്പുരാന്റെ അടുക്കൽ അറിയിച്ചുംകൊണ്ടു തിരുനക്കര സ്വാമിയാരുമഠത്തിലേക്ക് പോന്നു. സ്വാമിയാരെക്കണ്ട് തന്റെ സ്ഥിതി അറിയിച്ചാൽ വല്ലതും സഹായമുണ്ടായെങ്കിലോ എന്നു വിചാരിച്ചാണ് നമ്പൂരി പോയത്. അപ്രകാരം അദ്ദേഹം സ്വാമിയാരെക്കണ്ടു വിവരമറിയിക്കുകയും ചാതുർമ്മാസ്യം അടുത്തിരിക്കുന്നതിനാൽ നമ്പൂരി അതു കഴിഞ്ഞിട്ടു പോയാൽ മതിയെന്നും വല്ലതും സ്വല്പമായിട്ടെങ്കിലും സഹായിക്കാമെന്നും സ്വാമിയാർ അരുളിച്ചെയ്യുകയും ചെയ്തു. അതിനാൽ നമ്പൂരി അവിടെ താമസിച്ചു.
ഇപ്പോൾ തിരുനക്കരക്ഷേത്രമിരിക്കുന്ന സ്ഥലം അന്നു വെറും കാടായിട്ടു കിടക്കുകയായിരുന്നു. "നക്കരക്കുന്ന്" എന്നാണ് ആ സ്ഥലത്തിന് അന്നു പേരു പറഞ്ഞുവന്നിരുന്നത്. അവിടെ ദേവസാന്നിദ്ധ്യവും ക്ഷേത്രവുമുണ്ടായതിന്റെ ശേ‌ഷമാണ് നക്കര തിരുനക്കരയായത്. നക്കര തന്നെ "നൽക്കര" ലോപിച്ചുണ്ടായതുമാണ്. സ്വാമിയാർ മഠത്തിലെ ഭൃത്യന്മാർ ആ കുന്നിൻപുറത്തു ചേന, ചേമ്പ് മുതലായവ കൃ‌ഷിചെയ്യുക പതിവായിരുന്നു. ചാതുർമാസ്യം കഴിയുന്ന ദിവസം സ്വാമിയാർ മഠത്തിൽ ചുരുക്കത്തിലൊരു സദ്യ പതിവുള്ളതിനാൽ അന്നു രാവിലെ ആ വാലിയക്കാരിൽ രണ്ടുപേർ ചേന പറിക്കാനായി ഒരു മൺവെട്ടി (തൂമ്പ) എടുത്ത് ഒന്നു വെട്ടിയപ്പോൾ അവിടെനിന്നു രക്തപ്രവാഹമുണ്ടാവുകയും അതുകണ്ട് അവർ ഭയപ്പെട്ട് ഓടിച്ചെന്നു വിവരം സ്വാമിയാരുടെ അടുക്കൽ അറിയിക്കുകയും ചെയ്തു. സ്വാമിയാർ അതു കേട്ട് അവിടെച്ചെന്നു മണ്ണു മറിച്ചുനോക്കിയപ്പോൾ അവിടെ ഒരു ശിവലിംഗം മുളച്ചിരിക്കുന്നതായി കണ്ടു. ഇങ്ങനെ സ്വയംഭൂവായിട്ടുള്ള ബിംബം കണ്ടാൽ ഉടനെ നിവേദ്യം കഴിപ്പിക്കാഞ്ഞാൽ അതു മറഞ്ഞുപോകുമെന്നുള്ളതിനാൽ സ്വാമിയാർ സ്വാമിയാർമഠത്തിൽനിന്നു തന്നെ ഉണക്കലരി, പൂവ് മുതലായ സാധനങ്ങൾ വരുത്തി പേരേപ്പറമ്പു നമ്പൂരിയെക്കൊണ്ടു നിവേദ്യം വെപ്പിച്ച് ഉടനെ ഒരു പൂജ കഴിപ്പിച്ചു.അതിന്റെശേ‌ഷം സ്വാമിയാർ ഈ വിവരം തെക്കുംകൂർ രാജാവിന്റെ അടുക്കൽ എഴുതിയയച്ച് അറിയിക്കുകയും ചെയ്തു.
ഈ വർത്തമാനം കേട്ടപ്പോൾ തനിക്കു തൃശ്ശിവപേരൂരിൽ വെച്ചുണ്ടായ സ്വപ്നം ശരിയായല്ലോ എന്നു വിചാരിച്ച് തെക്കുംകൂർ രാജാവിനു വളരെ സന്തോ‌ഷമുണ്ടാവുകയും അദ്ദേഹം ഉടനെ നക്കരക്കുന്നിലെത്തുകയും ചെയ്തു. തമ്പുരാൻ വന്നു നോക്കിയപ്പോൾ ശിവലിംഗവും അതിന്റെ മുൻവശത്തായി ഒരു വൃ‌ഷഭനും സ്വല്പം വടക്കോട്ടുമാറി വായുകോണിലായി ഒരു വെളുത്ത ചെത്തിയും മുളച്ചിരിക്കുന്നതായി കാണുകയും ഇതു തൃശ്ശിവപേരൂർ വടക്കുന്നാഥൻ ഇളകൊണ്ടതുതന്നെയാണെന്നു തീർച്ചപ്പെടുത്തുകയും ചെയ്തു. പിന്നെ തെക്കുംകൂർ രാജാവ് അവിടെ നാലു ഗോപുരങ്ങളും മാളികയായിട്ടും കൂത്തമ്പലം മുതലായവയോടുകൂടിയും ഒരു മഹാക്ഷേത്രത്തിനു വേണ്ടുന്ന ലക്ഷണങ്ങളെല്ലാമൊപ്പിച്ച് അമ്പലം പണികഴിപ്പിക്കയും നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലയ വകയ്ക്കെല്ലാം വേണ്ടുന്ന വസ്തുവഹകൾ, ദേവസ്വംവകയായി തിരിച്ചുവെക്കുകയും ചെയ്തു. അതിൻപ്രകാരം അവിടെ പ്രതിദിനം അഞ്ചു പൂജ, മൂന്നുശീവേലി, നവകം, പഞ്ചഗവ്യം മുതലായവയും ആണ്ടിൽ തുലാം, മീനം, മിഥുനം ഈ മാസങ്ങളിലായി മൂന്നുൽസവങ്ങളും പതിവായിത്തീർന്നു. ഒരു മഹാക്ഷേത്രത്തിൽ വേണ്ടുന്നവയെല്ലാം ഈ ക്ഷേത്രത്തിലും ആ തമ്പുരാൻ ഏർപ്പെടുത്തി. അങ്ങനെ തിരുനക്കരക്ഷേത്രം പ്രസിദ്ധമായിത്തീരുകയും ചെയ്തു. അവിടെ പേരേപ്പറമ്പു നമ്പൂരിയെത്തന്നെ ശാന്തിക്കാരനാക്കി. ചെങ്ങഴശ്ശേരി, പുന്നശ്ശേരി ഇങ്ങനെ രണ്ടില്ലങ്ങളിലുള്ള മൂത്തതിന്മാരെ ദേവന്റെ പരിചാരകപ്രവൃത്തികൾക്കും സ്വാമിയാർമഠത്തിലെ വാലിയക്കാരായിരുന്ന നെടുമങ്ങാടൻ, പാലക്കോടൻ എന്നിവരുടെ തറവാട്ടേക്കു ക്ഷേത്രത്തിൽ വിളക്കെടുപ്പും നെല്ലുകുത്തും നടത്തുന്നതിനുള്ള സ്ഥാനം കൊടുത്ത് അവരെ ആ വകയ്ക്കും നിയമിക്കുകയും ചെയ്തു.
ഇത്രയൊക്കെക്കഴിഞ്ഞപ്പോൾ ഈ ദിക്കുകാർക്ക് ഒരു വലിയഉപദ്രവം നേരിട്ടു. തിരുനക്കര ദേശത്തും അടുത്ത പ്രദേശങ്ങളിലും നെല്ലോസസ്യാദികളോ കൃ‌ഷി ചെയ്താൽ എല്ലാം രാത്രികാലങ്ങളിൽ ഒരു വെള്ളക്കാള വന്നു വേലി പൊളിച്ച് അകത്തുകടന്നു തിന്നു നശിപ്പിച്ചുതുടങ്ങി. ഈ കാള ആരുടെയാണെന്നും എവിടെ നിന്നുവരുന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ആർക്കും നിശ്ചയമില്ല! അവനെ പിടിക്കാൻ കിട്ടുകയുമില്ല. നല്ല നിലാവുള്ള കാലത്തു ദൂരെനിന്നു നോക്കിയാൽ അവൻ നിന്നു തിന്നുന്നതുകാണാം.ആളുകൾ അടുത്തു ചെല്ലുമ്പോൾ എങ്ങനെയോ അവൻ ചാടിപ്പൊയ്ക്കളയും. ഇങ്ങനെയായിട്ടു ജനങ്ങൾ വളരെ ക ഷ്ടപ്പെട്ടു. ഇങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം രാത്രിയിൽ നല്ല നിലാവുള്ള കാലത്തു തിരുനക്കരെനിന്ന് ഏകദേശം രണ്ടു നാഴിക പടിഞ്ഞാറ് "വേളൂർ" എന്ന ദേശത്ത് ഒരു കണ്ടത്തിൽവെച്ച് ഒരു പറയൻ ഈ കാളയെ കല്ലെടുത്തെറിയുകയും മറ്റും ചെയ്തു. ആ രാത്രിയിൽത്തന്നെ ഒരു കാള തന്റെ അടുക്കൽ വന്ന് "അങ്ങ് ദേവനു വേണ്ടുന്നതെല്ലാം പതിവുവെച്ചല്ലോ.എനിക്കെന്താണ് പതിവൊന്നും വെക്കാഞ്ഞത്? ഞാൻആ ദേവന്റെ വാഹനമാണല്ലോ. ഞാൻകണ്ടവരുടെ വിളവുകൾ കട്ടുതിന്നു കാലം കഴിക്കേണ്ടതായിവന്നുവല്ലോ. അതു നിമിത്തം ഞാനിന്ന് ഒരു പറയന്റെ ഏറുകൊള്ളേണ്ടതായിട്ടും വന്നു. ഇതു വലിയ സങ്കടം തന്നെ" എന്നു പറഞ്ഞതായി തെക്കുംകൂർ രാജാവിന് ഒരു സ്വപ്നമുണ്ടായി. ഇതിനെക്കുറിച്ചു തമ്പുരാൻ പ്രശ്നംവെപ്പിച്ചു നോക്കിയപ്പോൾ സ്വപ്നത്തിൽ കാണപ്പെട്ട കാള തിരുനക്കരദ്ദേവന്റെ കാളതന്നെ ആണെന്നും അതിനുകൂടി പതിവായി നിവേദ്യത്തിൽ ഒരു വഹ വെയ്ക്കേണ്ടതാണെന്നും വിധിക്കുകയും കാളയെ വേളൂരുവെച്ച് ഒരു പറയൻ കല്ലെടുത്തെറിഞ്ഞ വിവരം അറിയുകയും ചെയ്യുകയാൽ തമ്പുരാൻ, വേളൂർവെച്ചു കാള ഏതു നിലത്തിൽനിന്നു തിന്നപ്പോൾ ഏറു കൊണ്ടുവോ ആ നിലം ആ വൃ‌ഷഭന്റെ നിവേദ്യംവകയ്ക്കാക്കി ദേവസ്വത്തിലേക്കു വിട്ടുകൊടുത്തു. ആ നിലത്തിന് ഇപ്പോഴും "കാളക്കണ്ടം" എന്നാണ് പറഞ്ഞുവരുന്നത്. ഇപ്രകാരം തെക്കുംകൂർ രാജാവ് തിരുനക്കരക്ഷേത്രത്തിനു വേണ്ടുന്ന പു ഷ്ടികളെല്ലാം വരുത്തുകയും അവിടെ തന്റെ തിങ്ങൾഭജനം നിർവിഘ്നമായി നടത്തിക്കൊണ്ടു തന്നെയിരിക്കുകയും അതിനു മുടക്കം വരാതെ അദ്ദേഹം ചരമഗതിയെ പ്രാപിക്കുകയും ചെയ്തു.
താങ്കള്‍ക്ക് കഥകള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ വശങ്ങളില്‍ കാണുന്ന പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ കഥകള്‍ ഷെയര്‍ ചെയ്യാന്‍ അതെന്നെ സഹായിക്കും.
തിരുനക്കരദ്ദേവന്റെ ചൈതന്യവും പ്രസിദ്ധിയും അസാമാന്യമായി വർദ്ധിക്കുകയാൽ അവിടെ അവസാനമില്ലാതെ വഴിപാടുകൾ വന്നുതുടങ്ങി. പ്രതിദിനം അഞ്ചുമാറും ചതുശ്ശതവും എട്ടും പത്തും പന്തിരുനാഴിയും മറ്റുമുണ്ടായിത്തുടങ്ങിയതിനാൽ ശാന്തിക്കു തന്നെക്കൊണ്ടു മതിയാകാതെ വരികയാൽ പേരേപ്പറമ്പു നമ്പൂരി തിരുനക്കരെനിന്നു മൂന്നു നാഴിക കിഴക്കു "മാങ്ങാനം" എന്ന ദേശത്തുള്ള "മടപ്പള്ളി" എന്നില്ലപ്പേരായ ഒരു നമ്പൂരിയെക്കൂടി കീഴ്ശാന്തിയായിച്ചേർത്തു. അങ്ങനെ രണ്ടുപേരും കൂടി ശാന്തി കുറച്ചുകാലം ശാന്തി നടത്തിയപ്പോഴേക്കും അതുകൊണ്ടുണ്ടായ സമ്പാദ്യം നിമിത്തം പേരേപ്പറമ്പു നമ്പൂരിയുടെ ദാരിദ്രം അശേ‌ഷംനീങ്ങുകയും അദ്ദേഹം നല്ല സമ്പന്നനായിത്തീരുകയും ചെയ്തു. അതിനാൽ അദ്ദേഹം ശാന്തി മടപ്പള്ളിനമ്പൂരിയെത്തന്നെ ഏൽപ്പിച്ചിട്ടു വൈക്കത്തുതന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു. എങ്കിലും ആ ഇല്ലത്തുനിന്ന് ഒരാൾ മാസത്തിലൊരിക്കൽ തിരുനക്കരെ വന്ന് ഒരു ദിവസം ഒരു പന്തീരടിപ്പൂജ കഴിക്കുക പതിവാണ്.[1] അതിപ്പോഴും നടത്തിവരുന്നുണ്ട്.

മടപ്പള്ളി നമ്പൂരി ശാന്തികഴിച്ചുകൊണ്ടിരുന്ന കാലത്തും മുൻ പതിവനുസരിച്ച് ശീവേലികൾക്ക് എഴുന്നള്ളിക്കുക മൂത്തതിന്മാരായിരുന്നു. എന്തോ കാരണവശാൽ തെക്കുംകൂർ രാജാവിന് ഒരു മൂത്തതിന്റെപേരിൽ വിരോധം ജനിക്കുകയാൽ ആ മൂത്തതിനെ വെടിവെച്ചുകൊന്നു കളയുന്നതിനു രാജഭടന്മാർക്ക് കല്പനകൊടുത്തു. അവർ മൂത്തതെന്നു വിചാരിച്ച് മടപ്പള്ളി നമ്പൂരിയെ വെടിവെച്ചുകൊന്നു. അതിനാൽ ആ നമ്പൂരിയുടെ അന്തർജനം തിരുനക്കര നടയിൽവെച്ചു പ്രാണത്യാഗം ചെയ്തു കളഞ്ഞു. അതോടുകൂടി ആ നമ്പൂരിയുടെ ഇല്ലം അന്യം നിൽക്കുകയും ചെയ്തു. അന്നുമുതൽ തിരുനക്കരെ മതിൽക്കകത്ത് അന്തർജനങ്ങൾ കടന്നു കൂടെന്നും മൂത്തതിന്മാർ എഴുന്നള്ളിച്ചുകൂടെന്നും ഏർപ്പാടു വെയ്ക്കുകയും ചെയ്തു. അതു രണ്ടു കൂട്ടവും ഇവിടെ പതിവില്ല. തിരുനക്കരദ്ദേവന്റെ കാളയ്ക്കു ചില കാലങ്ങളിൽ നീര് (വലിയ കുരു) ഉണ്ടായിപൊട്ടുമെന്നും അതു രാജ്യത്തു വലിയ ആപത്തുണ്ടാകുന്ന കാലങ്ങളിലാണ് പതിവെന്നുമുള്ളതു പ്രസിദ്ധമാണല്ലോ. മഹാരാജാക്കന്മാർ നാടുനീങ്ങിയതായ 933, 973, 986, 1004, 1004, 1022, 1036, 1055 ഈ ആണ്ടുകളിൽ ഈ കാളയ്ക്കു നീരുണ്ടാവുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നാണ് കേട്ടിട്ടുള്ളത്. ഇങ്ങനെ നീരുണ്ടാകുന്ന കാലങ്ങളിൽ ദോ‌ഷപരിഹാരാർഥമായി ഈ ക്ഷേത്രത്തിൽ വിശേ‌ഷാൽ ചില അടിയന്തിരങ്ങൾ പതിവുണ്ട്. ആ വകയ്ക്ക് ആയിരത്തിച്ചില്വാനം പണം വീതമാണ് സർക്കാരിൽനിന്നു ചെലവു ചെയ്തുവന്നത്. ജനങ്ങൾക്ക് പരി‌ഷ്കാരവും ആ പതിവ് ഇപ്പോഴില്ല. ഈവക സംഗതികളിൽ വിശ്വാസമില്ലായ്കയും പൊട്ടുകയുമൊന്നും പതിവില്ല. ഇനിയുള്ള കാലത്ത് അതൊന്നുമുണ്ടാകുമെന്നു തോന്നുന്നില്ല.

 

1.^ ആ പതിവ് ഇപ്പോഴില്ല

കുമാരനല്ലൂർ ഭഗവതി




തിരുവിതാംകൂർ സംസ്ഥാനത്തുള്ള ഊരാൺമക്ഷേത്രങ്ങളിൽ പ്രഥമ ഗണനീയവും ഏറ്റുമാനൂർ താലൂക്കിലുള്ളതും സുപ്രസിദ്ധവുമായ കുമാരനല്ലൂർ ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടില്ലാത്തവർ കേരളത്തിലധികമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. അവിടത്തെ ദേവിയെക്കുറിച്ചുള്ള,
'ശംഖുണ്ടിടത്തു വലമേയൊരു ചക്രമുണ്ടു
കാലിൽ ചിലമ്പു ചില മുത്തുപടം കഴുത്തിൽ
ഓടീട്ടു വന്നു കുടികൊണ്ട കുമാരനല്ലൂർ
കാർത്ത്യായനീ! ശരണമെന്നിത കൈതൊഴുന്നേൻ'
എന്ന സങ്കീർത്തനശ്ലോകം അത്ര ഭംഗിയുള്ളതല്ലെങ്കിലും പ്രസിദ്ധമാകയാൽ അതും പലരും കേട്ടിരിക്കാനിടയുണ്ട്. എങ്കിലും ആ ഭഗവതി "ഓടീട്ടുവന്നു കുടികൊണ്ട"തേതു പ്രകാരമാണെന്ന് അറിഞ്ഞിട്ടുള്ളവർ ഇപ്പോൾ അധികമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. അതിനാൽ ആ സംഗതിയെപ്പറ്റി ചുരുക്കത്തിൽ പറഞ്ഞുകൊള്ളുന്നു.
'മധുരമീനാക്ഷി' എന്നു കേൾവിപ്പെട്ട് ദേവിയുടെ ക്ഷേത്രം പണ്ട് പാണ്ഡ്യരാജാക്കന്മാരുടെ വകയായിരുന്നു. പാണ്ഡ്യരാജാക്കന്മാരുടെ രാജധാനി മധുരയിലായിരുന്നതിനാൽ അവർ ആ ദേവിയെ അവരുടെ പരദേവതായയിട്ടാണ് വിചാരിക്കുകയും ആചരിക്കുകയും ചെയ്തുവന്നിരുന്നത്.
ഒരിക്കൽ ആ ദേവീവിഗ്രഹത്തിൽ ചാർത്തിയിരുന്നതും വളരെ വിലയുള്ളതും രത്നഖചിതവുമായ മൂക്കുത്തി എങ്ങനെയോ പോയി. ശാന്തിക്കാരൻ നിർമാല്യം (തലേദിവസത്തെ പൂവും മാലയും) വാരി പുറത്തിട്ടതിന്റെ കൂടെയോ അഭി‌ഷേകവും മറ്റു കഴിച്ച സമയം ഓർക്കാതെ ശാന്തിക്കാരന്റെ കൈ മുട്ടിത്തെറിച്ചോ എങ്ങനെയാണ് അതു പോയതെന്ന ആർക്കും ഒരു നിശ്ചയവുമില്ലായിരുന്നു. മൂക്കുത്തി പോയി എന്നു കേട്ടു പാണ്ഡ്യരാജാവു പലവിധത്തിൽ അന്വേ‌ഷണങ്ങൾ നടത്തീട്ടും ഒരു തുമ്പുമുണ്ടായില്ല. ബിംബത്തിന്മേൽ ചാർത്തിയിരുന്ന സാധനം ശാന്തിക്കാരനറിയാതെ പോവുകയില്ലെന്നുതന്നെ ഒടുക്കം രാജാവു തീർച്ചപ്പെടുത്തി. ശ്രീകോവിലിനകത്തു ശാന്തിക്കാരനല്ലാതെ മറ്റാരും കയറുക പതിവില്ലാത്ത സ്ഥിതിക്കു രാജാവിന്റെ വിചാരം അന്യായമായി പ്പോയി എന്നു പറയാനുമില്ല. എങ്കിലും ശുദ്ധാത്മാവും ദേവിയെക്കുറിച്ചു വളരെ ഭക്തിയുള്ള ആളുമായിരുന്ന ആ പഴയ ശാന്തിക്കാരന് ഈ മൂക്കുത്തി പോയത് ഏതു പ്രകാരമാണെന്നു വാസ്തവത്തിൽ യാതൊരറിവുമുണ്ടായിരുന്നില്ല. ദേവിക്കു പതിവായി ചാർത്തിവന്ന ഈ ആഭരണം പോയതു നിമിത്തം അദ്ദേഹത്തിനും അപാരമായ മനസ്താപ മുണ്ടായിരുന്നു. എങ്കിലും അതൊക്കെ ആരറിയുന്നു. ഉഗ്രശാസനനായ പാണ്ഡ്യരാജാവ് ശാന്തിക്കാരനെ പിടിപ്പിച്ചു വരുത്തി ചോദ്യം തുടങ്ങി. പലവിധത്തിൽ ചോദിച്ചിട്ടും മൂക്കുത്തി പോയതേതു പ്രകാരമാണെന്ന് അറിഞ്ഞുകൂടെന്നുതന്നെ അദ്ദേഹം പറഞ്ഞു. ഒടുക്കം രാജാവ്, നാല്പതു ദിവത്തിനകം ആ മൂക്കുത്തി ശാന്തിക്കരൻ എങ്കിനെയെങ്ങിലും തേടി പ്പിടിച്ചു ഹാജരാക്കണമെന്നും അല്ലാത്തപക്ഷം ശാന്തിക്കാരന്റെ ശിരച്ഛദേം ചെയ്യിക്കുന്നതാണെന്നും കല്പിച്ചു. ഇതുകേട്ടു ശാന്തിക്കാരൻ ഒന്നും മറുപടി പറയാതെ വ്യസനത്തോടുകൂടി രാജസന്നിദ്ധിയിൽനിന്നു പോയി. ആ ബ്രാഹ്മണോത്തമൻ പലവിധത്തിൽ അന്വേ‌ഷിച്ചുനോക്കീട്ടു മൂക്കുത്തി കണ്ടുകിട്ടിയില്ല. അങ്ങനെ മുപ്പത്തൊമ്പതു ദിവസമായി. മുപ്പത്തൊമ്പതാം ദിവസം രാത്രിയിൽ പിറ്റേദിവസം തന്റെ തല പോകുമല്ലോ എന്നു വിചാരിച്ചു വി‌ഷാദിച്ചുകൊണ്ട് അദ്ദേഹം കിടന്നു. കണ്ണടച്ച സമയം ആരോ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന്, 'അങ്ങിനി ഇവിടെ താമസിച്ചാലാപ ത്തുണ്ടാവും. ഇതാ കാവൽക്കാരെല്ലാം നല്ല ഉറക്കമായിരിക്കുന്നു. ഈ തരത്തിനു പുറത്തിറങ്ങി ഓടിക്കൊള്ളു. എന്നാൽ വല്ല ദിക്കിലും ചെന്നു രക്ഷപ്പെടാം' എന്നു പറഞ്ഞു. ഉടനെ അദ്ദേഹം കണ്ണുതുറന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല. "ഇതാരാണ് ഇങ്ങനെ പറഞ്ഞത്? എന്തോ എനിക്കു മനോരാജ്യംകൊണ്ടു വെറുതെ തോന്നിയതായിരിക്കും" എന്നു വിചാരിച്ച് അദ്ദേഹം പിന്നെയും കണ്ണടച്ചു. അപ്പോൾ പിന്നെയും കണ്ണു തുറന്നു. ആരേയും കണ്ടില്ല. അദ്ദേഹം കണ്ണടച്ചപ്പോൾ മൂന്നാമതും മേൽപ്രകാരം പറഞ്ഞു. "ഏതായാലും ഈ ഗുണദോ‌ഷവാക്കിനെ നിരസി ക്കുന്നതു യുക്തമല്ല. ഇതു ദേവി അരുളിച്ചെയ്തതുതന്നെ ആയിരിക്കും. അതിനാൽ വേഗത്തിൽ പോവുകതന്നെ" എന്നു വിചാരിച്ചു നിശ്ചയിച്ചിട്ട് അദ്ദേഹം അവിടെനിന്നെണീറ്റു ക്ഷണത്തിൽ പുറത്തിറങ്ങി ഓടിത്തുടങ്ങി. അപ്പോൾ സർവാംഗസുന്ദരിയായ ഒരു ദിവ്യസ്ത്രീ "വളരെക്കാലം എന്നെ സേവിച്ചു കൊണ്ടിരുന്ന അങ്ങു പോവുകയാണെങ്കിൽ ഞാനും പോരികയാണ്" എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പിന്നാലേ ഓടിയെത്തി. കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ മുൻപിൽക്കടന്ന് ഓടിത്തുടങ്ങി. അതു വലിയ കൂരിരുട്ടുള്ള കാലമായിരുന്നുവെങ്കിലും ആ സ്ത്രീയുടെ ശരീരശോഭയും ആഭരണങ്ങളുടെ പ്രകാശവും നിമിത്തം ആ ബ്രാഹ്മണനു വഴിയിൽ നല്ലപോലെ കണ്ണു കാണാമായിരുന്നു. അങ്ങനെ രണ്ടുപേരും കൂടി നാലഞ്ചുനാഴിക ദുരംവരെ ഓടിയപ്പോൾ ആ സ്ത്രീ പെട്ടെന്നു മറഞ്ഞു കളഞ്ഞു. അപ്പോൾ വഴിയും ദിക്കുമെല്ലാം അന്ധകാരമയമായി. കണ്ണു തീരെ കാണാൻ പാടില്ലതെയായതിനാൽ ബ്രാഹ്മണൻ ഓടാനെന്നല്ല, നടക്കാൻപോലും നിവൃത്തിയില്ലാതെയായി. അപ്പോൾ അദ്ദേഹത്തിനു വളരെ ഭയവും വ്യസനവുമുണ്ടായി. എങ്കിലും തപ്പിത്തപ്പി പിന്നെയും കുറേശ്ശ നടന്നുതുടങ്ങി. ക്ഷീണംകൊണ്ടു നടക്കാനും അദ്ദേഹത്തിനു പ്രയാസമായിത്തീർന്നു. രാജാവിന്റെ ആളുകൾ പിന്നാലേ ഓടിയെത്തി പിടിച്ചെങ്കിലോ എന്നുള്ള ഭയവും അദ്ദേഹത്തിനില്ലായ്കയില്ല. എങ്കിലും ക്ഷീണം നിമിത്തം വല്ല ദിക്കിലൂം കുറച്ചിരിക്കുകയോ കിടക്കുകയോ ചെയ്യാതെ നിവൃത്തിയില്ലെന്ന് അദ്ദേഹത്തിനു തോന്നി. അപ്പോൾ ഇടിമിന്നലിന്റെ പ്രകാശംകൊണ്ട് അദ്ദേഹം ആ വഴിക്കു സമീപത്തായി ഉണ്ടായിരുന്ന വഴിയമ്പലം കണ്ടു. തപ്പിത്തടഞ്ഞ് അദ്ദേഹം അവിടെ ചെന്നുകേറി. രണ്ടാംമുണ്ടു വിരിച്ചു കിടന്നു. മനസ്സിൽ വളരെ ഭയവും വിചാരങ്ങളുമുണ്ടായിരുന്നുവെങ്കിലും ക്ഷീണം കൊണ്ടോ എന്തോ കിടന്നയുടനെ അദ്ദേഹം ഉറങ്ങിപ്പോവുകയും ചെയ്തു.
അക്കാലത്തു കേരളരാജ്യം അടച്ചുവാണിരുന്ന ചേരമാൻ പെരുമാൾ ഒരു ഭഗവതിയെ പ്രതിഷ്ഠിക്കണമെന്നു വിചാരിച്ചു വൈക്കത്ത് ഉദയനാപുരത്തും, ഒരു സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കണമെന്നു വിചാരിച്ച് ഇപ്പോൾ കുമാരനല്ലൂരെന്നു പറഞ്ഞുവരുന്ന സ്ഥലത്തും ഓരോ അമ്പലം പണികഴിച്ചു പ്രതിഷ്ഠ്യ്ക്കു മുഹൂർത്തവും നിശ്ചയിച്ച് അതിലേക്കു വേണ്ടുന്നവയെല്ലാം വട്ടംകൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു. വഴിയമ്പല ത്തിൽ കിടന്നുറങ്ങിയ ബ്രാഹ്മണൻ പിറ്റേദിവസം കാലത്തുണർന്നു കണ്ണുതുറന്നു നോക്കിയപ്പോൾ കുമാരസ്വാമിയെ (സുബ്രഹ്മണ്യനെ) പ്രതിഷ്ഠിപ്പിക്കാനായി ചേരമാൻ പെരുമാൾ പണിയിച്ച അമ്പലത്തിലായിരുന്നു. "തെന്തൊരത്ഭുതം" എന്നു വിചാരിച്ച് അദ്ദേഹം ചുറ്റും നോക്കിയപ്പോൾ അവിടെ ശ്രീകോവിലിനകത്തു പീഠത്തിന്മേൽ സർവാംഗ സുന്ദരിയായ ഒരു ദിവ്യസ്ത്രീ ആ ബ്രാഹ്മണന്റെ മുൻപിൽ കടന്നോടിയ ആ ദേവി ഇരിക്കുന്നത് അദ്ദേഹം കണ്ടു. അതു സാക്ഷാൽ "മധുര മീനാക്ഷി"യായിരുന്നുവെന്നുള്ളത് വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.
താങ്കള്‍ക്ക് കഥകള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ വശങ്ങളില്‍ കാണുന്ന പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ കഥകള്‍ ഷെയര്‍ ചെയ്യാന്‍ അതെന്നെ സഹായിക്കും.
ആ ബ്രാഹ്മണൻ അമ്പലത്തിൽനിന്നു പുറത്തിറങ്ങി അവിടെ കണ്ടവരോടെല്ലാം "ഈ ക്ഷേത്രത്തിൽ മധുരമീനാക്ഷി കുടികൊണ്ടിരിക്കുന്നു" എന്നു പറഞ്ഞു. അതു കേട്ടവരെല്ലാം അമ്പലത്തിൽ ചെന്നു നോക്കി. ഒന്നും കണ്ടില്ല. "എവിടെയിരിക്കുന്നു?" എന്ന് അവർ ചോദിച്ചു. ബ്രാഹ്മണൻ "ഇതാ ആ ശ്രീകോവിലിനകത്ത്" എന്നു ചൂണ്ടിക്കാണിച്ചു കൊണ്ടു പറഞ്ഞു. ദേവിയെ ആ ബ്രാഹ്മണനു പ്രത്യക്ഷമായി കാണാമായിരുന്നുവെങ്കിലും മറ്റാർക്കും കാൺമാൻ പാടില്ലായിരുന്നു. അതിനാൽ ആ ജനങ്ങൾ "ഇദ്ദേഹം ഒരു ഭ്രാന്തനാണ്; അസംബന്ധം പറയുകയാണ്" എന്നുംമറ്റും പറഞ്ഞു പരിഹസിച്ചു. ഈ വർത്തമാനം കർണാകർണികയാ ചേരമാൻ പെരുമാളും കേട്ട് അവിടെച്ചെന്നുനോക്കി. ഒന്നും കാണായ്കയാൽ "ഇവിടെ ആരെയും കാണുന്നില്ലല്ലോ" എന്നു ബ്രാഹ്മണനോടു പറഞ്ഞു. ബ്രാഹ്മണൻ "എന്നാൽ എന്നെ തൊട്ടുംകൊണ്ടു നോക്കൂ" എന്നു പറഞ്ഞു. ചേരമാൻ പെരുമാൾ ആ ബ്രാഹ്മണനെ തൊട്ടുംകൊണ്ടു നോക്കിയപ്പോൾ ദേവി ശ്രീകോവിലിനകത്തു പീഠത്തിന്മേലിരിക്കുന്നതു പ്രത്യക്ഷമായിക്കണ്ടു. പിന്നെ പെരുമാൾ ഇങ്ങനെ വരുവാനുള്ള കാരണമെന്താണെന്ന് ആ ബ്രാഹ്മണനോടു ചോദിക്കുകയും ഉണ്ടായ സംഗതികളെല്ലാം ആ ബ്രാഹ്മണൻ വിസ്തരിച്ചു പറഞ്ഞ് ചേരമാൻ പെരുമാളെ ഗ്രഹിപ്പിക്കുകയും ചെയ്തു. സംഗതി കളെല്ലാം കേട്ടപ്പോൾ ചേരമാൻപെരുമാൾക്കു വിശ്വാസവും വിസ്മയവുമുണ്ടായെങ്കിലും സ്വല്പം കോപവും ഇച്ഛാഭംഗവുംകൂടി ഉണ്ടാകാതെയിരുന്നില്ല. "ഞാൻ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിക്കാനായി ഉണ്ടാക്കിച്ച സ്ഥലത്ത് അതിനിടയാകാതെയിരിക്കത്തക്കവണ്ണം മുൻകൂട്ടി കടന്നിരുന്നുകളയാമെന്നു വിചാരിച്ച ഈ തന്റേടക്കാരത്തിക്ക് ഇവിടെ ഞാൻ യാതൊന്നും കൊടുക്കുകയില്ല. അത്ര ഊറ്റമുണ്ടെങ്കിൽ വേണ്ടതൊക്കെ സ്വയമേവ ഉണ്ടാക്കിക്കൊള്ളട്ടെ. ഞാൻവിചാരിച്ച മുഹൂർത്തത്തിൽത്തന്നെ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിക്കും. അതു ദേവിയെ പ്രതിഷ്ഠിപ്പിക്കേണമെന്നു വിചാരിച്ച സ്ഥലത്തായിക്കളയാം. ഇതാ ഞാൻഇപ്പോൾത്തന്നെ വൈക്കത്തിനു യാത്രയാണ്. ഇവളിവിടെ യിരിക്കട്ടെ" എന്നു പറഞ്ഞിട്ട് അദ്ദേഹം അപ്പോൾത്തന്നെ അവിടെനിന്ന് പോവുകയും ചെയ്തു.
ചേരമാൻപെരുമാൾ അവിടെനിന്നു പോയി ഒരഞ്ചെട്ടു നാഴിക വടക്കായപ്പോൾ ആ പ്രദേശത്തെല്ലാം അകസ്മാൽ അതികഠിനമായ മഞ്ഞു വന്നുനിറഞ്ഞു. അദ്ദേഹത്തിനും കൂടെയുണ്ടായിരുന്നവർക്കും കണ്ണു തീരെ കാണാൻ പാടില്ലാതെയായി. വഴി തിരിച്ചറിയാൻ പാടില്ലാതെ എല്ലാവരും കുഴങ്ങിവശായി. അപ്പോൾ ചേരമാൻപെരുമാളുടെ ഒരു സേവകൻ "നമുക്കിപ്പോൾ ഈ ആപത്തു നേരിട്ടത് ആ ദേവിയുടെ മായാവൈഭവം കൊണ്ടൂതന്നെയായിരിക്കണം. അല്ലാതെ ഇപ്പോൾ ഇങ്ങനെ വരാനിടയില്ല. ആ ദേവിയുടെ മാഹാത്മ്യം ഒട്ടും ചില്ലറയല്ല. ആ ദേവിയും ബ്രാഹ്മണനും ഇവിടെ വന്നെത്തിയ കഥകൊണ്ടുതന്നെ ഇതറിയാവുന്നതാണ്. അതിനാൽ നമുക്ക് മടങ്ങിപ്പോയി അവിടേക്കു വേണ്ടതെല്ലാം ചെയ്യുകയാണ് വേണ്ട തെന്നു തോന്നുന്നു" എന്നു പറഞ്ഞു. അതു കേട്ടു ചേരമാൻപെരുമാൾ "ഇത് ആ ദേവിയുടെ മായാവൈഭവംകൊണ്ടാണെങ്കിൽ നമുക്കിപ്പോൾ കണ്ണുകാണാറാകട്ടെ. അങ്ങനെയാവുകയാണെങ്കിൽ ഇവിടെനിന്നു നോക്കി യാൽ കാണാവുന്ന ദേശമെല്ലാം ആ ദേവിക്ക് കൊടുത്തേക്കാം. അവിടെ വേണ്ടുന്നതെല്ലാം നടത്തുകയും ചെയ്യാം" എന്നു പറഞ്ഞു. ഉടനെ മഞ്ഞു മാറുകയും എല്ലാവർക്കും കണ്ണു കാണാറാവുകയും ചെയ്തു. ഉടനെ ചേരമാൻപെരുമാൾ ആ ദേശമെല്ലാം ആ ദേവിക്ക് വിട്ടുകൊടുത്തിരിക്കു ന്നതായി പറയുകയും തിരിച്ചുപോരികയും ചെയ്തു. മഞ്ഞു നിറഞ്ഞ ആ പ്രദേശത്തിന് "മഞ്ഞൂര്" എന്നു നാമം സിദ്ധിച്ചു. അതു ക്രമേണ "മാഞ്ഞൂര്" ആയിത്തീർന്നു. മാഞ്ഞൂരെന്നു പറയുന്ന ദേശമെല്ലാം ഇപ്പോഴും കുമാരനല്ലുർ ഭഗവതിയുടെ വകയായിട്ടുതന്നെയാണിരിക്കുന്നത്.
ചേരമാൻപെരുമാൾ ദേവീസാന്നിദ്ധ്യമുണ്ടായ ഈ സ്ഥലത്തു മടങ്ങിയെത്തി. ഇവിടെ ദേവീപ്രതിഷ്ഠതന്നെ കഴിപ്പിക്കാമെന്നു നിശ്ചയിച്ച് അതിനു വേണ്ടുന്ന ഒരുക്കങ്ങളൊക്കെ ചെയ്തുകൊണ്ടു താമസിച്ച് ഇവിടെ പ്രതിഷ്ഠീപ്പിക്കുവാനായി ഉണ്ടാക്കിവച്ച സുബ്രഹ്മണ്യവിഗ്രഹം ചേരമാൻ പെരുമാൾ ഉദയനാപുരത്തേക്കു കൊടുത്തയയ്ക്കുകയും അതു നിശ്ചിത മുഹൂർത്തത്തിൽത്തന്നെ ഉദയനാപുരത്തു പ്രതിഷ്ഠിപ്പിക്കുന്നതിനും അവിടെ പ്രതിഷ്ഠിപ്പിക്കുന്നതിനായി ഉണ്ടാക്കിവെച്ചിരിക്കുന്ന ദേവീ വിഗ്രഹം ഇങ്ങോട്ടു കൊടുത്തയയ്ക്കുന്നതിനും പ്രതിപുരു‌ഷന്മാരെ ചട്ടംകെട്ടി അയയ്ക്കുകയും ചെയ്തു.
ഉദയനാപുരത്തുണ്ടാക്കിവെച്ചിരുന്ന ദേവീവിഗ്രഹം സമയത്തിനു വന്നുചേരുകയില്ലെന്നു മുഹൂർത്തദിവസമടുത്തപ്പോൾ അറിവു കിട്ടുകയാൽ ചേരമാൻപെരുമാൾക്കു വളരെ വ്യസനമായി. വേറെ ഒരു വിഗ്രഹം പണിയിക്കുന്നതിനു മാത്രം ദിവസമില്ല. ഈ മുഹൂർത്തത്തിനു പ്രതിഷ്ഠ കഴിപ്പിക്കാഞ്ഞാൽ വളരെ മുതൽ നഷ്ടവും കുറച്ചിലുമുണ്ടാകുമെന്നു തന്നെയല്ല, ഇത്ര നല്ലതായ ഒരു ശുഭമുഹൂർത്തം പിന്നെയുണ്ടാകാനും അത്ര എളുപ്പമല്ല. ആകപ്പാടെ വിചാരിച്ചിട്ടു ചേരമാൻപെരുമാൾ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു.
അന്നു രാത്രിയിൽ കിടന്നുറങ്ങിയ സമയം ചേരമാൻപെരുമാൾ, "ഒട്ടും വ്യസനിക്കേണ്ട, ഇവിടെനിന്നു രണ്ടു നാഴിക വടക്കുകിഴക്കായിട്ടുള്ള മലയിൽ ഒരു കിണറ്റിൽ എന്റെ ഒരു ബിംബം കിടക്കുന്നുണ്ട്. അതെടുത്തുകൊണ്ടുവന്നു പ്രതിഷ്ഠ കഴിപ്പിച്ചാൽ മതി" എന്ന് ആരോ തന്റെ അടുക്കൽ വന്നു പറഞ്ഞതായി ഒരു സ്വപ്നം കണ്ടു. പിറ്റേ ദിവസം രാവിലെ ഇതു വാസ്തവമാണോ എന്നറിയണമെന്നു നിശ്ചയിച്ചു ചേരമാൻ പെരുമാൾ വളരെ ആളുകളോടുകൂടി ആ മലയിലേക്കു പോയി. അവിടമെല്ലാം വലിയ കാടായിരുന്നു. ആ കാടെല്ലാം വെട്ടിത്തെളിച്ചു നോക്കിച്ചെന്നപ്പോൾ ഒരു കിണറു കണ്ടു. ആ കിണറ്റിൽ ആളെയിറക്കി നോക്കിയപ്പോൾ യാതൊരു കേടുമില്ലാത്തതും ഏറ്റവും വിശേ‌ഷപ്പെട്ടതും ലക്ഷണമൊത്തതുമായ ഒരു ബിംബം കണ്ടുകിട്ടുകയും ചേരമാൻപെരുമാൾ അതെടുപ്പിച്ചുകൊണ്ടുവന്നു നിശ്ചിതമുഹൂർത്തത്തിൽത്തന്നെ യഥാവിധി പ്രതിഷ്ഠ കഴിപ്പിക്കുകയും കുമാര (സുബ്രഹ്മണ്യ) സ്വാമിയെ പ്രതിഷ്ഠിപ്പിക്കുന്നതിനായി പണികഴിപ്പിച്ചിരുന്ന ആ ക്ഷേത്രത്തിനു മുൻനിശ്ചയപ്രകാരം "കുമാരനല്ലൂർ" എന്നുള്ള പേരുതന്നെ സ്ഥിരപ്പെടുത്തു കയും ചെയ്തു. പിന്നീട് ചേരമാൻപെരുമാൾ മാഞ്ഞൂർ ദേശം വിട്ടുകൊടുത്തതിനുപുറമേ അവിടെ നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായവയ്ക്കെല്ലാം വേണ്ടുന്ന വസ്തുവഹകൾ വെച്ചുകൊടുക്കുകയും പതിവുകൾ നിശ്ചയിക്കുകയും ചെയ്തതിന്റെ ശേ‌ഷം ആ ദേവസ്വം ആ ദേശക്കാരായ ചില നമ്പൂരിമാർക്കായി വിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെ അതൊരു ഊരാൺമക്ഷേത്രമായിത്തീർന്നു.
ചേരമാൻപെരുമാൾ കുമാരനല്ലൂർ ക്ഷേത്രത്തിൽ തുലാമാസത്തിൽ രോഹിണി മുതൽ വൃശ്ചികമാസത്തിൽ രോഹിണിവരെ ഇരുപത്തെട്ടു ദിവസത്തെ ഉത്സവമാണ് നിശ്ചയിച്ചിരുന്നത്. ആ ക്ഷേത്രം ഊരാൺമ ക്കാരുടെ വകയായിത്തീർന്നിട്ടും വളരെക്കാലം അങ്ങനെതന്നെ നടന്നിരുന്നു. പിന്നീട് അത് കുറച്ച് വൃശ്ചികമാസത്തിൽ കാർത്തിക ഒൻപതാമുത്സവമാകത്തക്കവണ്ണം പത്തുദിവസത്തെ ഉത്സവം മതിയെന്നു നിശ്ചയിച്ചു. ഇപ്പോഴും അപ്രകാരം നടന്നുവരുന്നു. ദേവിയുടെ മാഹാത്മ്യവും ശക്തിയുംകൊണ്ടു കാലക്രമേണ അവിടെ വസ്തുവഹകൾ വളരെ വർദ്ധിച്ചു. ഇപ്പോഴും ആ ദേവസ്വത്തിൽ അഭിവൃദ്ധിയല്ലാതെ ഒട്ടും ക്ഷയമുണ്ടാകുന്നില്ല. സ്ത്രീനായകത്വം സർവത്ര ദോ‌ഷകരമാണെന്നാണല്ലോ പറഞ്ഞുവരുന്നത്. എന്നാൽ കുമാരനല്ലൂര് അത് വളരെ ഗുണപ്രദമായിട്ടാണ് കണ്ടുവരുന്നത്.
ആ ഭഗവതിയുടെ മാഹാത്മ്യങ്ങൾ പറഞ്ഞുതുടങ്ങിയാൽ വളരെയുണ്ട്. ഇപ്പോഴും ദേവീസാന്നിദ്ധ്യം അവിടെ വിളങ്ങിക്കൊണ്ടുതന്നെയിരിക്കുന്നു.
ദേവിയോടുകൂടി മധുരയിൽനിന്നു പോന്ന ബ്രാഹ്മണന്റെ വംശജന്മാർ ഇപ്പോഴും കുമാരനല്ലൂരുണ്ട്. അവരുടെ ഇല്ലപ്പേര് "മധുര" എന്നും അവിടെയുള്ളവരെ "മധുരനമ്പൂരിമാർ" എന്നുമാണ് പറഞ്ഞുവരുന്നത്.

കിടങ്ങൂർ കണ്ടങ്കോരൻ




തിരുവിതാംകൂർ സംസ്ഥാനത്തുള്ള പ്രസിദ്ധ ക്ഷേത്രങ്ങളിൽവെച്ച് ഒട്ടും അപ്രധാനമല്ലാത്തതായി, ഏറ്റുമാനൂർ താലൂക്കിൽ, കിടങ്ങൂർ ദേശത്ത് ഒരു സുബ്രഹ്മണ്യക്ഷേത്രമുണ്ട്. ഇതു കിടങ്ങൂർ ഗ്രാമത്തിലുൾപ്പെട്ട ചില നമ്പൂരിമാരുടെ ഊരാൺമക്ഷേത്രമാണ്. ഇവിടെ 'കണ്ടങ്കോരൻ' എന്നു പ്രസിദ്ധനായിട്ട് ഒരു കൊമ്പനാനയുണ്ടായിരുന്നു. ആകൃതികൊണ്ടും പ്രകൃതികൊണ്ടും തത്തുല്യനായ ഒരാന വേറെ ഒരു ദിക്കിലും ഉണ്ടായിരുന്നതായും ഉള്ളതായും കേട്ടുകേൾവിപോലുമില്ല. ഈ ആനയ്ക്ക് വലിപ്പവും ഭംഗിയും പ്രസിദ്ധനായിരുന്ന വൈക്കത്തു തിരുനീലകണ്ഠനെക്കാൾ വളരെ അധികമുണ്ടായിരുന്നു. തിരുനീലകണ്ഠനെക്കാൾ ഇവനു പൊക്കവും ഉടൽനീളവും ഒരു മുഴത്തിൽ കുറയാതെ ഉണ്ടായിരുന്നു എന്നാണ് കേട്ടിരിക്കുന്നത്. തലയെടുപ്പും ഒട്ടും കുറവല്ലായിരുന്നു. മുമ്പോട്ടു വളഞ്ഞുള്ള ആ വലിയ കൊമ്പുകളുടെ ഭംഗിയും തിരുനീലകണ്ഠനേക്കാൾ വളരെ അധികമുണ്ടായിരുന്നു. എഴുന്നള്ളിച്ചാലുള്ള ഭംഗിയും അങ്ങനെതന്നെ.
ഈ ആനയുടെ ബുദ്ധിവിശേ‌ഷമാണ് ഇതിലൊക്കെയും വിസ്മയനീയമായിട്ടുള്ളത്. സാധുത്വവും ശൂരത്വവും ഒന്നുപോലെ ഉള്ളതായി ഇങ്ങനെ വേറെയൊരാനയെ കാണുന്നതിനു പ്രയാസമുണ്ട്. അവൻ മദംപൊട്ടുന്ന സമയങ്ങളിൽപോലും യാതൊരുത്തരെയും കൊന്നിട്ടില. കൂട്ടാനകളെ കുത്തുകയെന്നുള്ള സമ്പ്രദായവും കണ്ടങ്കോരനുണ്ടായിരുന്നില്ല. ഒന്നും അറിഞ്ഞുകൂടാത്ത കുട്ടികൾപോലും അടുത്തു ചെന്നാൽ യാതൊരു ഉപദ്രവവും അവൻ ചെയ്തിരുന്നില്ല. അത്ര സാധുവാണെങ്കിലും ഏതൊരാനക്കാരെന്റെയും ആജ്ഞയെ അവൻ അനുസരിക്ക പതിവില്ല. ആനക്കാരന്മാരെല്ലാം അവന്റെ അഭിപ്രായം അറിഞ്ഞു നടന്നുകൊള്ളണം എന്നതായിരുന്നു അവന്റെ ചട്ടം. സാധാരണ ആനകളെപ്പോലെ കണ്ടങ്കോരനെ തളയ്ക്കുക പതിവില്ല. അതിനവൻ സമ്മതിക്കയുമില്ല. യഥേഷ്ടം നടക്കുന്നതിന് അവനെ വിട്ടേക്കുകയാണ് പതിവ്. എന്നാൽ രാത്രിസമയങ്ങളിൽ വല്ല എടവും പോയി കിടന്നു കൊള്ളും. അല്ലാതെ യാതൊരുപ്രദ്രവും ചെയ്യാറില്ല. ക്ഷേത്രത്തിനു വടക്കുവശത്തുള്ള പുഴയിൽ ഒരു വലിയ കയമുണ്ട്. പകൽസമയം മിക്കവാറും ആ കയത്തിലാണ് അവന്റെ കിടപ്പ്. പോത്തുകളോടും എരുമകളോടു കണ്ടങ്കോരനു വളരെ സ്നേഹമായിരുന്നു. അവൻ കിടക്കുന്ന കയത്തിൽ വളരെ പോത്തുകളും എരുമകളും വന്നു കൂടുക പതിവായിരുന്നു. എന്നാൽ അവയ്ക്കു തിന്നാനൊന്നും കിട്ടാതെ വിശന്നിരിക്കുന്ന സമയങ്ങളിൽ കണ്ടങ്കോരൻ അവയെയെല്ലാം കരയ്ക്കു കേറ്റിക്കൊണ്ടു പോകും. കിടങ്ങൂർ കരിമ്പുകൃ‌ഷി ധാരാളമുള്ള പ്രദേശമാകയാൽ, പുഴവക്കത്തു തന്നെ കരിമ്പുകൃ‌ഷിചെയുന്ന സ്ഥലം ധാരാളമുണ്ട്. ഏതെങ്കിലും ഒരു വേലി കുറെ പൊളിച്ച്, പോത്തുകളെയും എരുമകളെയും വേലിക്കകത്തുകടത്തി, ആ വേലിമുറിക്കൽ കണ്ടങ്കോരനും നിൽക്കും. എരുമകളെയും മറ്റും അടിച്ചിറക്കാനായി വല്ലവനും വന്നാൽ അവരുടെ നേരെ കണ്ടങ്കോരൻ പാഞ്ഞെത്തും എങ്കിലും ആരെയും ഉപദ്രവിക്കയില്ലതാനും. കണ്ടങ്കോരൻ പാഞ്ഞടുക്കുമ്പോഴേക്കും എല്ലാവരും പേടിച്ചോടിക്കോളും. പോത്തുകളും എരുമകളും തിന്നു നിറഞ്ഞു കഴിഞ്ഞാൽ അവയെയെല്ലാം കൂട്ടിക്കൊണ്ട് ആ കയത്തിലേക്കുതന്നെ പോരികയും ചെയ്യും. എന്നാൽ കണ്ടങ്കോരൻ ഒരു കരിമ്പുപോലും തിന്നുകയില്ല. അവനു പതിവുള്ള തീറ്റി ആനക്കരന്മാർ ഹാജരാക്കി ക്കൊടുത്തുകൊള്ളണം. ദിവസംതോറും ക്ഷേത്രത്തിൽനിന്നും പതിവുള്ള ചോറും പായസവും കൊടുത്തേക്കുകയും വേണം. അല്ലാതെ പരോപദ്രവം ചെയ്ത് അവനൊന്നും തിന്നുക പതിവില്ല..
താങ്കള്‍ക്ക് കഥകള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ വശങ്ങളില്‍ കാണുന്ന പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ കഥകള്‍ ഷെയര്‍ ചെയ്യാന്‍ അതെന്നെ സഹായിക്കും.
ഒരു ദിവസം രാത്രിയിൽ കണ്ടങ്കോരൻ ആ കയത്തിൽ കിടക്കുമ്പോൾ, ഇഞ്ചി, മഞ്ഞൾ, നാളികേരം, അടയ്ക്ക മുതലായ സാധനങ്ങൾ കയറ്റിയ ഒരു വഞ്ചി കിഴക്കുനിന്ന് ഒഴുക്കു താഴ്ത്തി വന്നു. അവൻ അവിടെ കിടക്കുന്നതു വഞ്ചിക്കാർ അറിഞ്ഞില്ല. വഞ്ചി കൊണ്ടുവന്നു കണ്ടങ്കോരന്റെ മീതെ കയറ്റി. അവൻ വഞ്ചി പിടിച്ചവിടെ മുക്കി, എല്ലാമടിച്ചു പൊളിച്ചുകളഞ്ഞു. വഞ്ചിക്കാരെല്ലാം പേടിച്ചു വെള്ളത്തിൽ ചാടി നീന്തിക്കേറി ഓടിക്കളഞ്ഞു. അവൻ അവരെ ഒന്നും ചെയ്തില്ല. അന്നുമുതൽ കണ്ടങ്കോരനു വഞ്ചികളൊടും വഞ്ചിക്കാരോടും ബദ്ധവൈരമായിത്തീർന്നു. പിന്നെ അവൻ കയത്തിൽ കിടക്കുമ്പോൾ ആ പുഴയിൽക്കുടി ഒരു വഞ്ചിയും കടത്തിവിടാതെയായി. വഞ്ചി കണ്ടാൽ അടിച്ചുപൊളിക്കും. അതിനാൽ പിന്നെ വഞ്ചിക്കാർ കണ്ടങ്കോരന്റെ കാലം കഴിയുന്നതുവരെ അവൻ കയത്തിൽ ഇല്ലാത്ത സമയംനോക്കിയല്ലാതെ വഞ്ചി കടത്തിക്കൊണ്ടു പോയിട്ടില്ല. കിഴക്കുനിന്നു പടിഞ്ഞാട്ടും പടിഞ്ഞാറുനിന്നു കിഴക്കോട്ടും പോകുന്ന വഞ്ചികൾ ആ കയത്തിന്റെ വളരെ ദൂരെ മുകളിലും താഴെയും വന്നടുത്തു കെട്ടി, വഞ്ചിക്കാർ കരയ്ക്കിറങ്ങി വന്നുനോക്കി, വിവരമറിഞ്ഞല്ലാതെ കടന്നുപോവുക പതിവില്ല. കണ്ടങ്കോരനെ കയത്തിൽ കാണാതെയിരിക്കാനായിട്ടു കിടങ്ങൂർ സുബ്രഹ്മണ്യസ്വാമിക്കു സകല വഞ്ചിക്കാരും അന്നു വഴിപാടുകൾ കൊടുക്കാറുണ്ട്. അങ്ങനെയുണ്ടായ മുതൽകൊണ്ടു കിഴക്കേനടയിൽ ഒരു ദീപസ്തംഭമുണ്ടാക്കീട്ടുള്ളത് ഇന്നും നിലനിൽക്കുന്നുണ്ട്.
ക്ഷേത്രത്തിൽ എഴുന്നള്ളിക്കാറാകുമ്പോൾ കണ്ടങ്കോരനെ ആനക്കാരന്മാർ വിളിച്ചോ പിടിച്ചോ കൊണ്ടുവരിക പതിവില്ല. എഴുന്നള്ളിക്കുന്നതിനു പാണികൊട്ടുന്നതുകേട്ടാൽ, അവൻ സ്വയമേവ, കയത്തിൽനിന്നു കയറി കൊടിമരത്തിന്റെ ചുവട്ടിൽ ഹാജരാകും. തലയിൽക്കെട്ടു കെട്ടിക്കുന്നതിനായി ആനക്കാരന്മാർ ചെന്നാൽ പിൻഭാഗത്തുകൂടി കയറിക്കൊള്ളുന്നതിനു കാൽ പൊക്കിക്കൊടുക്കും. അതിലേ കേറി, തലയിൽക്കെട്ടു കെട്ടിച്ച് അതിലെതന്നെ ഇറങ്ങിക്കൊള്ളണം. അങ്ങനെയാണ് അവന്റെ ഏർപ്പാട്. എഴുന്നള്ളിക്കുന്ന ഒരാളല്ലാതെ വേറെയാരും മുൻവശത്തുകൂടി കേറുന്നതിന് അവൻ സമ്മതിക്കയില്ല. എഴുന്നള്ളിക്കുന്നതിന് ആരും പറയാതെ തന്നെ കാൽ മടക്കിക്കൊടുക്കുകയും ചെയ്യും. കുടയാലവട്ടം, വെൺചാമരം എന്നിതുകൾക്കായി കേറുന്നവരും പിറകിൽക്കൂടി വേണം കയറുവാൻ. ശീവേലി, വിളക്കു മുതലായതിന് എഴുന്നള്ളിച്ചാൽ കുറച്ചു വേഗം നടക്കുന്നതിനോ പതുക്കെ നടക്കുന്നതിനോ ആനക്കാരന്മാർ ഉത്സാഹിച്ചാൽ ഒന്നും അവൻ അനുസരിക്കയില്ല. അവനൊരു നിശ്ചയമൊക്കെയുണ്ട്. അതുപോലെ ഒക്കെ നടക്കും. അവന്റെ നിശ്ചയം ഒട്ടും തരക്കേടുള്ളതല്ലായിരുന്നുതാനും. ചെണ്ടമേളത്തിനും മറ്റും ഓരോരോ നിലകൾക്കു ഇന്നിന്ന സ്വലങ്ങളിൽ ഇത്രയിത്ര താമസിക്കേണമെന്നവനറിയാം. അതുപോലെയൊക്കെ താമസിക്കും. അതുപോലെ നാഗസ്വരപ്രദക്ഷിണത്തിനും അവനൊരു പതിവുണ്ട്. അപ്രകാരംതന്നെ ഉത്സവത്തിന്റെ രണ്ടാം ദിവസത്തേക്കാൾ മൂന്നാം ദിവസം കുറച്ചധികം താമസിക്കും. അതിനേക്കാളധികം പിറ്റേ ദിവസം താമസിക്കും. അങ്ങനെ ഉത്സവത്തിന്റെ കേമത്തം കൂടിവരുന്ന ക്രമത്തിനു തക്കവണ്ണമൊക്കെ അവൻ നിൽക്കും. പള്ളിവേട്ട, ആറാട്ട് ഇങ്ങനെയുള്ള ദിവസങ്ങളിൽ യഥാക്രമം വെളുപ്പാൻകാലമാകുന്നതുവരെ നിൽക്കുന്നതിനു അവനൊരു വിരോധവുമില്ല. അതിനൊന്നും ആരും പറയേണ്ടാ. ഒക്കെ അവനറിയാം. എന്നാൽ ഒരു ദിവസം വിളക്കോ ശീവേലിയോ കുറച്ചു വേഗം കഴിച്ചുകളയാമെന്നു വിചാരിച്ചാൽ, അവൻ സമ്മതിക്കയില്ല. അവൻ നടക്കാതെ എന്തുചെയ്യും? അപ്രകാരംതന്നെ ഒരു ദിവസം പതിവിൽ കുറച്ചധികം വിസ്തരിച്ചുവേണമെന്നുവെച്ചു പതിവിൽ അധികം താമസിക്കാൻ കണ്ടങ്കോരൻ സമ്മതിക്കയില്ല. പതിവുള്ള സമയമായാൽ അവനങ്ങോട്ടു നടന്നുതുടങ്ങും. പിന്നെ വാദ്യക്കാർ മുതലായവർ നടക്കുകയല്ലാതെ എന്തുചെയ്യും? ഉത്സവത്തിൽ ഓരോ ദിവസത്തെ വിളക്കിനു പതിവിൻപടിയുള്ള വെളിച്ചെണ്ണ അളന്നെടുത്താൽ, പതിവുപോലെയുള്ള തീവെട്ടിയുണ്ടായാൽ വിളക്കു കഴിയുമ്പോൾ ശരിയായിട്ടിരിക്കും. വെളിച്ചെണ്ണ പതിവിൽ കുറച്ചധികമെടുത്താൽ വിളക്കു കഴിയുമ്പോൾ അധികമെടുത്തത് അധികമുണ്ടായിരിക്കും. കുറച്ചെടുത്താൽ കുറവുള്ളതുകൂടെ എടുക്കാതെ തികയുകയുമില്ല. അത്ര കണിശമാണ് കണ്ടങ്കോരന്റെ കാര്യം. കണ്ടങ്കോരനുണ്ടായിരുന്ന കാലത്തു വിളക്കു വകയ്ക്കുള്ള വെളിച്ചെണ്ണയ്ക്കു കള്ളക്കണക്കെഴുതാൻ ദേവസ്വശമ്പളക്കാർക്കു കഴിഞ്ഞിട്ടില്ല. എന്തെങ്കിലും വ്യത്യാസം ചെയ്താൽ ഉടനെ വെളിപ്പെട്ടുപോകും. കണ്ടങ്കോരൻ നേരനീക്കം വരുത്തുകയില്ലെന്നു സർവ്വസമ്മതമാണ്. കണ്ടങ്കോരന്റെ സ്വഭാവഗുണത്തിനു ദൃഷ്ടാന്തമായി അനേക സംഗതികളുണ്ടായിട്ടുള്ളതിൽ ഒന്നു പറയാം. ഒരു ദിവസം ശീവേലി കഴിഞ്ഞു കണ്ടങ്കോരൻ ഒരിടവഴിയിൽക്കൂടിപ്പോകുമ്പോൾ ഒരു കോണു തിരിയുന്ന ദിക്കിൽവെച്ച് ഒരു വയോധികയായ അന്തർജനവുമായി തൊട്ടുതൊട്ടില്ല എന്ന വിധത്തിൽ അടുക്കുന്നതിനിടയായി. ആനയെ അടുത്തു കണ്ടപ്പോഴേക്കും ആ വൃദ്ധയായ അന്തർജനം പേടിച്ചു വിറച്ച് അവിടെ വീണു. പിന്നാലേ തുണയായി വന്നിരുന്ന അച്ചിപ്പെണ്ണ് പേടിച്ചു പിന്നോക്കം ഓടിപ്പോയി. ആനയ്ക്കൊഴിഞ്ഞു പോകുന്നതിനും തിരിഞ്ഞു പോകുന്നതിനും ആ ഇടവഴിക്കു വിസ്താരമില്ലായിരുന്നു. കണ്ടങ്കോരൻ കുറച്ചുസമയം അവിടെ നിന്നു. എന്നിട്ടും അന്തർജനം എണീറ്റു മാറായ്കയാൽ അവൻ അവരെ പതുക്കെ എടുത്ത് ഒരുവശത്തുള്ള കയ്യാലയുടെ മുകളിലേക്കുവെക്കുകയും അന്തർജനത്തിന്റെ കുടയെടുത്തങ്ങോട്ടുവെച്ച് നേരേ പോവുകയും ചെയ്തു. ആനക്കാരന്മാർ ആരും കൂടെയില്ലായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അ അന്തർജനത്തിനു ലവലേശം വേദനയുണ്ടായില്ല. ഇത്രയും ബുദ്ധി ഗുണം ഏതാനയ്ക്കുണ്ട്? ആന കടന്നുപോയി, കുറച്ചു കഴിഞ്ഞപ്പോൾ അന്തർജനം പതുക്കെ എണീറ്റു കുടയുമെടുത്ത് പോവുകയും ചെയ്തു. ഇങ്ങനെ അവന്റെ അത്ഭുതകർമ്മങ്ങൾ വളരെയുണ്ട്.
കണ്ടങ്കോരനെ തടി പിടിക്കുവാൻ പലരും കൊണ്ടുപോവുക പതിവുണ്ട്. എത്രവണ്ണവും എത്ര നീളവും ഉണ്ടായാലും അവനു പിടിക്കാൻ വയ്യാത്ത തടിയില്ല. വക്ക കെട്ടിക്കൊടുത്താൽ എത്ര തടിയും അവൻ കൊണ്ടുപോകും. എന്നാൽ അതും അവന്റെ മനസ്സുകൂടാതെ ആരു വിചാരിച്ചാലും പറ്റുകയുമില്ല. ആനക്കാരന്മാർക്കും ദേവസ്വത്തിലേക്കും വല്ലതും മുറപ്രകാരം കൊടുക്കുന്നതു കൂടാതെ, കണ്ടങ്കോരനുകൂടി വല്ലതും കൊടുക്കാതെ അവനെക്കൊണ്ടു തടിപിടിപ്പിക്കാൻ ആരു വിചാരിച്ചാലും സാധിക്കയില്ല. എന്നാൽ ആനക്കാരന്റെ മനസ്സുകൂടാതെ കഴിയുമോ. അതുമില്ല. അഞ്ചാറാനക്കാരന്മാരുണ്ടായിരുന്നു എങ്കിലും അവരിൽ പ്രധാനമായി ഒരുത്തനുണ്ട്. അവൻ കൂടെയിലാതെ കണ്ടങ്കോരൻ ആ കിടങ്ങൂർക്ഷേത്രത്തിൽ നിന്നു കാൽ നാഴിക തികച്ചു ദൂരേ പോവുകയില്ല; യാതൊരു തടിയും പിടിക്കയുമില്ല. അതിനാൽ ദേവസ്വക്കാരുടെ സമ്മതം വാങ്ങിയതിനുശേ‌ഷം ആനക്കാരനു വല്ലതും കൊടുത്ത് അവനെയും സമ്മതിപ്പിക്കണം. പിന്നെ കണ്ടങ്കോരന് ഇന്നതു കൊടുക്കാമെന്ന് ഒരു ഉടമ്പടിയും പറയണം. കണ്ടങ്കോരനുള്ളതു തടി പിടിച്ചു കഴിഞ്ഞാൽ ഉടനെ കൊടുത്തില്ലെങ്കിൽ തടി തിരിയെ പിടിച്ചു മുമ്പു കിടന്നിരുന്ന ദിക്കിൽ കൊണ്ടു ചെന്നിടും. അങ്ങനെയാണ് കണ്ടങ്കോരന്റെ പതിവ്. പിടിക്കാനുള്ള തടിയും നീളവും വണ്ണവും പിടിചാൽ കൊടുക്കുന്ന പ്രതിഫലവും ആദ്യമേ പറയണം. അപ്പോൾ കണ്ടങ്കോരൻ സമ്മതിച്ചാലും ഇല്ലെങ്കിലും ശിരഃകമ്പനം, ഗർജിതം മുതലായവകൊണ്ട് അവൻ അറിയിക്കും. സമ്മതിച്ചില്ലെങ്കിൽ, കുറച്ചുകൂടി വല്ലതും കൊടുക്കാമെന്നു പറഞ്ഞാൽ അപ്പോൾ സമ്മതിച്ച് അവൻ നല്ലപോലെ തല കുലുക്കും.
കണ്ടങ്കോരന്റെ പ്രതിഫലം സാധാരണ പഴക്കുല, നാളികേരം, ശർക്കര, പായസം മുതലായവയാണ്. ഒരിക്കൽ ഒരാൾ ഒരു വലിയ തടി പിടിക്കുന്നതിനാവശ്യപ്പേട്ടു ചെന്നു പറഞ്ഞു. ദേവസ്വക്കാരും ആനക്കാരും സമ്മതിച്ചു. "കണ്ടങ്കോരനെന്തു കൊടുക്കു"മെന്നാനക്കരൻ ചോദിച്ചു. "പത്തുകുല പൂവൻ പഴവും, പത്തു നാളികേരവും ഒരു തുലാം ശർക്കരയും കൊടുക്കാ" മെന്ന് ആവശ്യക്കാരൻ പറഞ്ഞു. ഉടനെ ആനക്കാരൻ പതിവുപ്രകാരം തടി കണ്ടങ്കോരനെക്കൊണ്ട് പിടിപ്പിച്ചു കൊടുത്തു. എന്നാൽ തടി പിടിച്ചപ്പോൾ തടിയുടെ ഉടമസ്ഥൻ അതു കൊടുത്തില്ല. എന്നു മാത്രമല്ല കുറച്ചു ദിവസം കഴിഞ്ഞു തരാമെന്നു പറഞ്ഞു. ഇതു കണ്ടങ്കോരൻ കേട്ടപ്പോൾ അവനു കോപം സഹിക്കവഹിയാഞ്ഞു തടി എടുത്ത സ്ഥലത്തുതന്നെ കൊണ്ടു ചെന്നിടുകയും ചെയ്തു. ആ സമയത്തു തടിയുടെ ഉടമസ്ഥൻ അവിടെ ഉണ്ടായിരുന്നില്ല. തടിയുടെ ഉടമസ്ഥൻ നോക്കിയപ്പോൾ തടി പൂർവസ്ഥത്തു തന്നെ കിടക്കുന്നതു കണ്ടു വളരെ വ്യസനപ്പെട്ടു. വേറെ പല ആനകളെയും അതിനായി വിളിച്ചു. എന്നാൽ മറ്റാനകൾക്കൊന്നിനും അതിനെ എള്ളിടപോലും നീക്കാൻ സാധിച്ചില്ല. അവസാനം വീണ്ടും ആ ഉടമസ്ഥൻ ചെന്നു പറഞ്ഞപ്പോൾ ദേവസ്വക്കാരും ആനക്കാരും സമ്മതിച്ചുവെങ്കിലും കണ്ടങ്കോരനെ വിളിച്ചപ്പോൾ അവൻ ചെയ്തില്ല

കോഴിക്കോട്ടങ്ങാടി




ണ്ടു കോഴിക്കോട്ടു രാജാവിനു രാജ്യാധിപത്യമുണ്ടായിരുന്ന കാലത്ത് ഒരിക്കൽ അന്നു നാടുവാണിരുന്ന സാമുതിരിപ്പാടു തമ്പുരാന്റെ വലത്തേത്തോളിന് ഒരു വേദന തുടങ്ങി. അതു പ്രതിക്ഷണം വർദ്ധിച്ചു വർദ്ധിച്ചു തമ്പുരാന് സഹിക്കവയ്യാതെയായിത്തീർന്നു. അപ്പോഴേക്കും വൈദ്യന്മാരും മന്ത്രവാദികളും പ്രശ്നക്കാരുമൊക്കെ എത്തി അവരുടെ വിദ്യകളെ പലവിധം പ്രകടിപ്പിച്ചുതുടങ്ങി. സംഖ്യയില്ലാതെ വൈദ്യന്മാരും മന്ത്രവാദികളും വരികയും പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചുനോക്കുകയും ചെയ്തിട്ടും തമ്പുരാനു വേദനയ്ക്ക് ഒരു കുറവും ഉണ്ടായില്ലെന്നു തന്നെയുമല്ല, ക്രമേണ കൂടുതലായിക്കൊണ്ടുമിരുന്നു. ഒടുക്കം വൈദ്യന്മാരും മന്ത്രവാദികളുമെല്ലാം അസാധ്യമെന്നു നിശ്ചയിച്ചു പിന്മാറി. ഒരു നിവൃത്തിയുമില്ലെന്നായിത്തീർന്നു. അങ്ങനെയിരിക്കുമ്പോൾ നല്ല ബുദ്ധിമാനും സൂക്ഷ്മഗ്രാഹിയും ആലോചനാശക്തിയുള്ളയാളുമായ ഒരു വിദ്വാൻ സാമുതിരിപ്പാട്ടിലെ തിരുമുമ്പാകെ ചെന്ന് ആലസ്യത്തിന്റെ വിവരമെല്ലാം ചോദിച്ചറിഞ്ഞു. ഉടനെ അയാൾ "ഈ വേദന ഞാൻ ഭേദമാക്കാം. ഇതിനു വിശേ‌ഷിച്ചൊന്നും വേണ്ടാ. ഒരു തോർത്തുമുണ്ടു നനച്ചു പിഴിഞ്ഞ് ആ വേദനയുള്ള സ്ഥലത്ത് വെച്ചാൽ ക്ഷണത്തിൽ വേദന ദേദമാകും" എന്നു പറഞ്ഞു. ഇതു കേട്ടിട്ടു ഫലിക്കുന്ന പ്രയോഗമാണെന്നുള്ള വിശ്വാസം സാമുതിരിത്തമ്പുരാനെന്നല്ല, അവിടെ ആർക്കും തന്നെയുണ്ടായില്ല. എങ്കിലും വേദനയുടെ ദുസ്സഹത്വംകൊണ്ട് ഇതു ഒന്നു പരീക്ഷിച്ചു നോക്കിയേക്കാം എന്നു വിചാരിച്ച് തമ്പുരാൻ അപ്രകാരം ചെയ്തു. മുണ്ടു നനച്ചു പിഴിഞ്ഞു വലത്തേത്തോളിൽ വെച്ചു മാത്രനേരം കഴിഞ്ഞപ്പോൾ വേദന അശേ‌ഷം മാറി തമ്പുരാനു നല്ല സുഖമായി. അപ്പോൾ ആ വിദ്യ പറഞ്ഞുകൊടുത്ത വിദ്വാന്റെ പേരിൽ തമ്പുരാനു വളരെ സന്തോ‌ഷവും ബഹുമാനവും ഉണ്ടായി എന്നുള്ളതു പറയേണ്ടതില്ലല്ലോ. ഉടനെ തമ്പുരാൻ ആ വിദ്വാനെ വീരശൃംഖല മുതലായ സമ്മാനങ്ങൾ കൊടുത്തു സന്തോ‌ഷിപ്പിച്ചയച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഈ സംഗതികളെല്ലാം ദിവാൻജി കേട്ടു. ഏറ്റവും സ്വാമിഭക്തനും ബുദ്ധിമാനുമായ ദിവാൻജിക്ക് ഈ വർത്തമാനം കേട്ടപ്പോൾ ദുസ്സഹമായ മനസ്താപമാണുണ്ടായത്. ഉടനെ ദിവാൻജി "അയ്യോ! കാര്യം തെറ്റിപ്പോയല്ലോ" എന്നു പറഞ്ഞ് ഏറ്റവും വി‌ഷാദത്തോടുകൂടി പുറപ്പെട്ടു. ആരെയോ അന്വേ‌ഷിക്കുന്നതുപോലെ പല സ്ഥലങ്ങളിൽ ചുറ്റി നടന്ന് ഒടുക്കം സന്ധ്യയോടുകൂടി അങ്ങാടിയിൽ ചെന്നുചേർന്നു. അപ്പോൾ അവിടെ സർവാംഗസുന്ദരിയായ ഒരു യുവതി നിൽക്കുന്നതു കണ്ട്, അവളുടെ അടുക്കൽ ചെന്നു വിനയസമേതം "എനിക്ക് നിങ്ങളോട് അത്യാവശ്യമായി ഒരു സ്വകാര്യം പറയുവാനുണ്ട്" എന്നു പറഞ്ഞു. "എന്താണെന്നുവെച്ചാൽ പറയാമല്ലോ" എന്നു സ്ത്രീ പറഞ്ഞു. അപ്പോൾ ദിവാൻജി ഒരു പരിഭ്രമഭാവത്തോടുകൂടി "അയ്യോ! എന്റെ മുദ്ര ഞാൻ കച്ചേരിയിൽവെച്ചു മറന്നിട്ടാണ് പോന്നത്. ഞാൻ ചെന്ന് അതെടുത്തുകൊണ്ട് ക്ഷണത്തിൽ വന്നേക്കാം. അതുവരെ നിങ്ങൾ ദയവുചെയ്തു ഇവിടെ നിൽക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു. എനിക്കു പറയാനുള്ളതു ഒരത്യാവശ്യകാര്യമാകയാൽ ഞാൻ വന്ന് അതു പറയാതെ നിങ്ങൾ പൊയ്ക്കളയരുത്" എന്നു പറഞ്ഞു. "നിങ്ങൾ തിരിച്ചുവരുന്നതുവരെ ഞാനിവിടെത്തന്നെ നിൽക്കാം." എന്നു സ്ത്രീ സമ്മതിച്ചു പറഞ്ഞു. "അങ്ങനെ സാധാരണയായി പറഞ്ഞാൽ പോരാ. ഞാൻതിരിച്ചുവന്നല്ലാതെ പോവുകയില്ലെന്നു നിങ്ങൾ സത്യം ചെയ്യണം" എന്നു ദിവാൻജി വീണ്ടും നിർബന്ധിക്കയാൽ സ്ത്രീ അപ്രകാരം സത്യം ചെയ്യുകയും ദിവാൻജി പോവുകയും ചെയ്തു.
താങ്കള്‍ക്ക് കഥകള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ വശങ്ങളില്‍ കാണുന്ന പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ കഥകള്‍ ഷെയര്‍ ചെയ്യാന്‍ അതെന്നെ സഹായിക്കും.
ഉടനെ ദിവാൻജി വി‌ഷാദത്തോടുകൂടി സാമുതിരിപ്പാടുതമ്പുരാൻ തിരുമുമ്പാകെ ചെന്ന് "ഇപ്പോൾ തിരുമേനിക്കു സുഖമായില്ലേ?" എന്നു ചോദിച്ചു. ഉടനെ തമ്പുരാൻ "നല്ല സുഖമായി. ചികിത്സയുടെ വിവരമൊക്കെ കേട്ടിരിക്കുമല്ലോ. ആ കൌശലം പറഞ്ഞുതന്നയാൾ യോഗ്യൻതന്നെ, സംശയമില്ല" എന്നു കല്പിച്ചു. അപ്പോൾ ദിവാൻജി, “അയാൾ യോഗ്യൻതന്നെ. കാര്യം പറ്റിച്ചുവല്ലോ. ആലോചിക്കാതെ അയാൾ പറഞ്ഞതുപോലെ കല്പിച്ചു ചെയ്തതു വലിയ കഷ്ടമായിപ്പോയി. ഇനി അതു പറഞ്ഞിട്ടും വിചാരിച്ചിട്ടും പ്രയോജനമില്ലല്ലോ. തിരുമേനിക്കുണ്ടായിരുന്ന ആലസ്യത്തിന്റെ കാരണം അവിടുന്ന് അറിഞ്ഞിരുന്നു എങ്കിൽ ഇങ്ങനെ ചെയ്യുകയില്ലായിരുന്നു. ഇവിടെ ഇത്രമാത്രം ഐശ്വര്യം വർദ്ധിച്ചതു തിരുമേനിയിൽ ലക്ഷ്മീഭഗവതിയുടെ അധിവാസമുണ്ടായിരുന്നതിനാലാണ്. മഹാലക്ഷ്മി അവിടുത്തെ വലത്തേത്തോളിൽ നൃത്തം ചെയ്തുകൊണ്ടിരുന്നതിനാലാണ് അവിടേക്കു സഹിക്കവയ്യാതെകണ്ടുള്ള വേദനയുണ്ടായത്. ഈറൻമുണ്ടു വലത്തേ തോളിൽ വെയ്ക്കുന്നതുപോലെ ആശ്രീകരമായിട്ടു മറ്റൊന്നുമില്ല. അങ്ങനെ ചെയ്താൽ ചെയ്യുന്ന ആളുടെ ദേഹത്തിൽനിന്നു ലക്ഷ്മീഭഗവതി ഉടനെ വിട്ടു മാറുകയും ജ്യേ‌ഷ്ഠാഭഗവതി ആ സ്ഥാനത്തു ബാധിക്കുകയും ചെയ്യും. ഈ തത്ത്വവും തിരുമേനിയുടെ ആലസ്യത്തിന്റെ കാരണവും അറിഞ്ഞിരുന്നതിനാലാണ് ആ വിദ്വാൻ ഈ ഉപായം പറഞ്ഞുതന്നത്. ഇതു നമ്മുടെ കാലദോ‌ഷം കൊണ്ടുണ്ടായതാണ്. ഇനി പറഞ്ഞിട്ടു കാര്യമില്ല. ലക്ഷ്മീദേവി ഇവിടെ നിന്നിറങ്ങിയെങ്കിലും രാജ്യം വിട്ടുപോകാതെയിരിക്കാൻ അടിയൻ ഒരുപായം പ്രയോഗിച്ചിട്ടുണ്ട്. അതിനാൽ അടിയനിനി ജീവിച്ചിരിക്കാൻ നിവൃത്തിയില്ല" എന്നു പറഞ്ഞ് ദിവാൻജീ തിരുമുമ്പാകെ നിന്നു വേഗത്തിൽ ഇറങ്ങിപ്പോവുകയും ഉടനെ ആത്മഹത്യചെയ്യുകയും ചെയ്തു. ദിവാൻജി സത്യം ചെയ്യിച്ച് അങ്ങാടിയിൽ നിർത്തിയ സ്ത്രീ സാക്ഷാൽ മഹാലക്ഷ്മി തന്നെ ആയിരുന്നുവെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ദിവാൻജി തിരിച്ചുവന്നുകാണാതെ പോകാൻ പാടില്ലാതെ തീർന്നതിനാൽ ലക്ഷ്മീദേവി ഇന്നും കോഴിക്കോട്ടങ്ങാടിയിൽ നിൽക്കുന്നുണ്ടെന്നാണ് വിശ്വാസം. കോഴിക്കോട്ടങ്ങാടിയുടെ ഐശ്വര്യം ഇന്നും നശിക്കാതെ വർദ്ധിച്ചുകൊണ്ടിരിക്കുന്നതും സന്ധ്യാസമയത്ത് ചെന്നു നോക്കിയാൽ ആ സ്ഥലത്തിനു വിശേ‌ഷാൽ ഒരു ശ്രീയുണ്ടായിരിക്കുന്നതായി കാണപ്പെടുന്നതും അവിടെ ലക്ഷ്മീഭഗവതിയുടെ അധിവാസമുണ്ടായിട്ടാണെന്നുള്ള ഇതിഹാസത്തിൽ എന്തോ ചില വാസ്തവമുണ്ടെന്നു ആർക്കും തോന്നിപ്പോകത്തക്കവണ്ണം ഐശ്വര്യവും സന്ധ്യാസമയത്ത് ഒരു വിശേ‌ഷഭംഗിയും ആ അങ്ങാടിക്കു ഇന്നും കണ്ടുവരുന്നുണ്ട്.
കാര്യത്തിന്റെ സൂക്ഷ്മസ്ഥിതി ദിവാൻജി പറഞ്ഞു മനസ്സിലാക്കിയപ്പോൾ സാമൂതിരിത്തമ്പുരാൻ അത്യന്തം വ്യസനിക്കുകയും പശ്ചാത്തപിക്കുകയും ചെയ്തു. "അതീതകാര്യാനുശയേന കിം സ്യാദശേ‌ഷ വിദ്വജ്ജനഗർഹിതേന." ഈ സംഗതി നടന്നിട്ടു വളരെ താമസിയാതെതന്നെ സാമുതിരിപ്പാടുതമ്പുരാന്റെ രാജലക്ഷ്മി (രാജ്യാധിപത്യം) അന്യാധീനപ്പെട്ടുപോവുകയും ചെയ്തു.

വയസ്ക്കരെ അച്ഛൻ മൂസ്സ്




വൈദ്യന്മാർക്കു പ്രധാനമായി വേണ്ടതു ഗുരുത്വവും കൈപ്പുണ്യവുമാണെന്നു പ്രസിദ്ധവും സർവ്വസമ്മതവുമാണല്ലോ. വൈദ്യന്മാർ നല്ലപോലെ ശാസ്ത്രനൈപുണ്യവും ബുദ്ധിയും യുക്തിയുമുള്ളവരായിരുന്നാലും ഗുരുത്വവും കൈപ്പുണ്യവുമില്ലെങ്കിൽ അവരുടെ ചികിത്സ ഫലിക്കയില്ലെന്നുള്ളതു തീർച്ചയാണ്. ശാസ്ത്രജ്ഞാനവും യുക്തിയും ബുദ്ധിയുമില്ലാത്തവർക്കു ഗുരുത്വവും കൈപ്പുണ്യവും മാത്രമുണ്ടായിരുന്നതുകൊണ്ട് മതിയാകുന്നതല്ലെങ്കിലും ഗുരുത്വവും കൈപ്പുണ്യവുമുള്ളവർക്കു ശാസ്ത്രപരിചയവും മറ്റും കുറച്ചു കുറവായിരുന്നാലും അബദ്ധമൊന്നും വരുന്നതല്ല. ഗുരുത്വവും കൈപ്പുണ്യവുമുള്ളവർക്കു ശാസ്ത്രജ്ഞാനവും യുക്തിയും ബുദ്ധിയും കൂടിയുണ്ടായിരുന്നാൽ പിന്നത്തെക്കഥ പറയാനുമില്ലല്ലോ. അഷ്ടവൈദ്യന്മാരിൽ അദ്വിതീയന്മാരെന്നു പണ്ടേയ്ക്കുപണ്ടേ പ്രസിദ്ധന്മാരായിരുന്ന വയക്കരെ മൂസ്സന്മാർക്കു മേൽപറഞ്ഞവയെല്ലാം പൂർണ്ണമായിട്ടുള്ളതിനാലാണ് അവർ സർവോത്കർ‌ഷേണ വർത്തിക്കുന്നത്.ഇതിനു ദൃഷ്ടാന്തമായി കഴിഞ്ഞുപോയ ആര്യൻ നാരായണൻമൂസ്സ് അവർകളുടെ അച്ഛനായ അച്ഛൻമൂസ്സ് അവർകളുടെ ചില അത്ഭുതകർമ്മങ്ങളെ താഴെ പ്രസ്താവിക്കുന്നു. കേവലം കേട്ടുകേൾവിയെമാത്രം അടിസ്ഥാനപ്പെടുത്തിയെഴുതുന്ന ഈവക ഐതിഹ്യങ്ങളുടെ വാസ്തവത്വത്തെപ്പറ്റി അധികം ആലോചിക്കണമെന്നില്ല. "മഹാന്മാർക്കെന്തു ദു‌ഷ്കരം?" എന്നു മാത്രം വിചാരിച്ചാൽ മതി.
1. ഒരാൾക്കു മലവും മൂത്രവും പോകാതെ വയറു വല്ലാതെ അടച്ചു വീർത്തു വേദന സഹിക്കവയ്യാതെയായിത്തീർന്നു. വേദനയുടെ ശക്തി കൊണ്ടു കിടക്കാനും ഇരിക്കാനും ഉണ്ണാനുമുറങ്ങാനും എന്നുവേണ്ട, യാതൊന്നും വയ്യാതെയായി രോഗി ഉറക്കെ നിലവിളിച്ചുകൊണ്ടു കിടന്നുരുണ്ടുതുടങ്ങി. പല വൈദ്യന്മാർ വന്നു കാണുകയും പല പ്രയോഗങ്ങൾ ചെയ്തുനോക്കുകയുമൊക്കെ ചെയ്തിട്ടും ഒരു ഫലവുമുണ്ടായില്ല. മരിച്ചുപോകുമെന്നുതന്നെ രോഗിയും വൈദ്യന്മാരും ശേ‌ഷമുള്ളവരും എല്ലാം തീർച്ചപ്പെടുത്തി. എങ്കിലും വയക്കരെ അച്ഛൻമൂസ്സിന്റെ അടുക്കൽക്കൂടി ഒന്നു പോയി പറഞ്ഞുനോക്കാം എന്നു വിചാരിച്ചു രോഗിയുടെ അനന്തിരവൻ വയക്കരെ എത്തി. അതു ദീനം തുടങ്ങിയതിന്റെ പിറ്റേദിവസം രാവിലെയായിരുന്നു. അപ്പോൾ അച്ഛൻമൂസ്സ് വാലിയക്കാർ കറിക്കു നുറുക്കുന്നിടത്തു ചെന്ന് അവരോട് എന്തോ പറഞ്ഞുകൊണ്ടു നിൽക്കുകയായിരുന്നു. ഈ ചെന്നയാൾ അവിടെച്ചെന്നു കണ്ടു ദീനത്തിന്റെ വിവരമെല്ലാം അറിയിച്ചു. ഉടനെ അച്ഛൻമൂസ്സ് അവിടെക്കിടന്നിരുന്ന മത്തങ്ങായുടെ ഒരു ഞെട്ടി (ഞെടുപ്പ്) എടുത്തു കൊടുത്തിട്ട് "ഇതുകൊണ്ടുപോയി കാഞ്ഞവെള്ളത്തിൽ അരച്ചു കലക്കിക്കൊടുത്താൽ മതി" എന്നു പറഞ്ഞു. അയാൾ അത് ഭക്തിയോടുകൂടി വാങ്ങിക്കൊണ്ടുപോയി, അവിടുന്നു പറഞ്ഞതുപോലെ അതിൽ പകുതിയെടുത്തു കാഞ്ഞവെള്ളത്തിൽ അരച്ചുകലക്കി രോഗിക്കു കൊടുത്തു. അതു കുടിച്ചു മാത്രനേരം കഴിഞ്ഞപ്പോൾ മലവും മൂത്രവും ഒഴിക്കുകയും സകലവേദനകളും മാറി രോഗിക്കു നല്ല സുഖമാകുകയും ചെയ്തു. എങ്കിലും മലവും മൂത്രവും പോയിത്തൂടങ്ങീട്ടു മൂത്രപോക്കു നിന്നു. വയറിളകി പിന്നെയും പൊയ്ക്കൊണ്ടുതന്നെയിരുന്നു. അതും ക്രമേണ നിന്നോളുമെന്നു വിചാരിച്ചു അന്നത്തെ അങ്ങനെ കഴിഞ്ഞു. പിറ്റേദിവസമായപ്പോഴേക്കും വയറ്റിൽനിന്നു പോക്കു കുറച്ചുകൂടി അധികമായി. അപ്പോഴേക്കും രോഗിക്കു ക്ഷീണവും പാരവശ്യവും കലശലായി. ഉടനെ രോഗിയുടെ അനന്തിരവൻ ഓടി പിന്നെയും അച്ഛൻമൂസ്സിന്റെ അടുക്കലെത്തി വിവരം അറിയിച്ചു. അപ്പോൾ അച്ഛൻമൂസ്സ് "ആ തന്നയച്ച മരുന്നു മുഴുവനും അരച്ചു കലക്കിക്കൊടുത്തുവോ? എന്നു ചോദിച്ചു. "ഇല്ല. പകുതിയേ കൊടുത്തുള്ളു. ശേ‌ഷം ഇരിക്കുന്നുണ്ട്" എന്ന് ഈ ചെന്നയാൾ അറിയിച്ചു. "എന്നാൽ ശേ‌ഷമുള്ളതുകൂടി അരച്ചുകലക്കിക്കൊടുത്തേക്കു. സുഖമാവും എന്ന് അച്ഛൻമൂസ്സ് പറഞ്ഞു. ഉടനെ അയാൾ ചെന്നു മത്തങ്ങയുടെ ഞെട്ടി ശേ‌ഷമുണ്ടായിരുന്നതുകൂടി കാഞ്ഞവെള്ളത്തിൽ അരച്ചുകലക്കിക്കൊടുത്തു. അതു കുടിച്ചതോടുകൂടിത്തന്നെ വയറ്റിൽനിന്നു പോക്കു നിന്നു. ക്രമേണ മലമൂത്രങ്ങൾ പതിവുപോലെ പോയിത്തുടങ്ങുകയും ക്രമേണ രോഗിയുടെ ക്ഷീണം മാറി സുഖമാവുകയും ചെയ്തു.

താങ്കള്‍ക്ക് കഥകള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ വശങ്ങളില്‍ കാണുന്ന പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ കഥകള്‍ ഷെയര്‍ ചെയ്യാന്‍ അതെന്നെ സഹായിക്കും.
2.ദേഹത്തിന്റെ സ്ഥൗല്യം നിമിത്തം ഇരിക്കാനും നിൽക്കാനും നടക്കാനും കിടക്കാനും നിവൃത്തിയില്ലാതായിത്തീർന്ന ഒരു മാപ്പിള ഒരിക്കൽ അച്ഛൻമൂസ്സവർകളുടെ അടുക്കൽ വരികയുണ്ടായി. അയാൾക്കു ശരീരം ക്രമത്തിലധികം തടിച്ചു പോയതുകൊണ്ടുള്ള അസ്വാധീനമല്ലാതെ വേറെ യാതൊരു സുഖക്കേടുമില്ല. സാമാന്യത്തിലധികം തടിച്ചുകഴിഞ്ഞിട്ടു പിന്നെയും ദിവസംപ്രതിയെന്നപോലെ സ്ഥൗല്യം വർദ്ധിച്ചുകൊണ്ടിരുന്നതിനാൽ അയാൾ പല വൈദ്യന്മാരെ കാണുകയും പല ചികിത്സ ചെയ്തിട്ടും ഒരു ഫലവും കാണാഞ്ഞതിനാലുമാണ് ഒടുക്കം വയക്കരെ വന്നത്. "കാർശ്യമേവ വരം സ്ഥൗല്യാന്ന ഹി സ്ഥൂലസ്യ ഭേ‌ഷജം" എന്നുള്ളതിൽ വൈദ്യന്മാരുടെ ചികിത്സകൾ ഫലിക്കാത്തതിനാൽ അത്ഭുതപ്പെടാനുമില്ല.
അച്ഛൻമൂസ്സവർകൾ വിവരമെല്ലാം കേട്ടതിന്റെ ശേ‌ഷം രോഗിയുടെ ആപാദചൂഡം ഒന്നുരണ്ടു പ്രാവശ്യം സൂക്ഷിച്ചുനോക്കിയിട്ട് "നിനക്കിപ്പോൾ ചികിത്സയൊന്നും ചെയ്യണമെന്നില്ല. മുപ്പതു ദിവസത്തിനകം നീ മരിച്ചുപോകും. മരണലക്ഷണങ്ങൾ പൂർണ്ണമായിട്ടു കാണുന്നുണ്ട്. ഈശ്വര കാരുണ്യംകൊണ്ട് ആയുസ്സിന്റെ ബലംകൊണ്ടു ഒരുവേള മരിക്കാതെയിരിക്കുകയാണെങ്കിൽ ഒരു മാസം കഴിഞ്ഞിട്ട് ഇവിടെ വന്നാൽ വല്ലതും ചികിത്സ നിശ്ചയിക്കാം. അല്ലാതെ ഇപ്പോളൊന്നും നിശ്ചയിക്കാനില്ല" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾതന്നെ മാപ്പിളയുടെ മനസ്സിൽ വല്ലാതെ ഒരു വ്യസനവും ആധിയുമുണ്ടായി. പെട്ടെന്ന് അയാൾ മൂർച്ഛിച്ചുവീണു. വയക്കരെ അച്ഛൻമൂസ്സവർകൾ പറഞ്ഞാൽ പിന്നെ അതിനു കടുകിടയ്ക്കു വ്യത്യാസം വരികയില്ലെന്നുള്ളതു പ്രസിദ്ധവും എല്ലാവർക്കും അനുഭവസിദ്ധവുമാണ്. അങ്ങനെയിരിക്കുന്ന അവിടുന്ന് ഇപ്രകാരം പറഞ്ഞാൽ ആർക്കാണ് വ്യസനമുണ്ടാകാത്തത്? മരണഭയമെന്നത് എല്ലാവർക്കുമുള്ളതാണല്ലോ.
മൂന്നേമുക്കാൽ നാഴിക കഴിഞ്ഞപ്പോൾ മാപ്പിളയ്ക്കു ബോധം വീണു. ഉടനെ കുടെയുണ്ടായിരുന്നവരിൽ അഞ്ചാറുപേരുകൂടി ഒരുവിധമെടുത്തു തോണിയിലാക്കി കൊണ്ടുപോവുകയും ചെയ്തു. വീട്ടിൽ എത്തിയതിന്റെ ശേ‌ഷം മാപ്പിളയ്ക്കു കഞ്ഞിക്കും ചോറിനും ഒന്നിനും രുചിയുമില്ല. ഉറക്കവുമില്ല. ഒരു കാര്യത്തിലും ഒരുത്സാഹവും മനസ്സുമില്ലെന്നുള്ള സ്ഥിതിയിലായിത്തീർന്നു. ഭാര്യയും പുത്രന്മാരും വളരെ നിർബന്ധിച്ചാൽ കുറച്ചു കഞ്ഞി കുടിക്കും. അല്ലാതെ അയാളുടെ മനസ്സാലെ സ്നനാശനാദികൾ ഒന്നും തന്നെയില്ലാതായിത്തീർന്നു. ക്രമേണ ദേഹം ചടച്ചു തുടങ്ങുകയും ചെയ്തു. എന്തിനു വളരെപ്പറയുന്നു? ഒരു കുട്ടിയാനയെപ്പോലെയിരുന്ന ആ കൂറ്റൻ ഒരു മാസം കഴിഞ്ഞപ്പോഴേക്കും കൃശശരീരനായ ഒരു മനു‌ഷ്യന്റെ ആകൃതിയായിത്തീർന്നു. ഒരു മാസം കഴിഞ്ഞപ്പോൾ ഇനി ഇപ്പോൾ മരിച്ചുപോവുകില്ലായിരിക്കുമെന്നുള്ള ഒരു വിചാരവും മാപ്പിളയുടെ മനസ്സിൽ ഉണ്ടായിത്തുടങ്ങി. ക്ഷീണം നല്ലപോലെയുണ്ടെങ്കിലും അയാൾക്ക് എണീറ്റു നടക്കുന്നതിനും മറ്റും യാതൊരുസ്വാധീനവും ഇല്ലാതെയാവുകയും ചെയ്തു. എങ്കിലും "ഒരു മാസം കഴിഞ്ഞിട്ടു മരിച്ചില്ലെങ്കിൽ പിന്നെയും ചെല്ലണമെന്നാണല്ലോ വയക്കരെത്തിരുമേനി കൽപിച്ചിരിക്കുന്നത്. അതിനാൽ ഒന്നുകൂടി പോകണം" എന്നു നിശ്ചയിച്ച് അയാൾ പരിവാരസമേതം വീണ്ടും അച്ഛൻമൂസ്സ് അവർകളുടെ അടുക്കലെത്തി വിവരമെല്ലാം അറിയിച്ചു. അപ്പോൾ അവിടുന്ന് "നീ ഇനി ഇപ്പോഴെങ്ങും മരിച്ചുപോവുകയില്ല. ഞാനന്ന് അങ്ങനെ പറഞ്ഞത് മരിച്ചുപോകുമെന്നു വിചാരിച്ചിട്ടുമല്ല. ചടച്ചവരുടെ ദേഹം തടിക്കാനല്ലാതെ തടിച്ചവരുടെ ദേഹം ചടയ്ക്കാൻ ചികിത്സയൊന്നുമില്ല. പിന്നെ ദേഹം ചടപ്പിക്കുന്നതിനു മനോവിചാരം തന്നെയാണ് ചികിത്സ. മരണഭയം നിമിത്തം ഉണ്ടാകുന്നതിലധികം പ്രബലമായ മനോവിചാരമുണ്ടാകാൻ തരമില്ലല്ലോ. അതിനാൽ അന്ന് അങ്ങനെ പറഞ്ഞത് ഒരു ചികിത്സയാണെന്ന് വിചാരിച്ചാൽ മതി. ആ ചികിത്സ ഫലിക്കുകയും ചെയ്തുവല്ലോ. ഇപ്പോൾ ദേഹത്തിന്റെ സ്വാധീനക്കുറവൊക്കെ മാറിയില്ലേ? വേറെ ദീനമൊന്നുമില്ലാത്തതിനാൽ ഇനി ചികിത്സയൊന്നും വേണമെന്നില്ല. ഇനിയും പണ്ടത്തെപ്പോലെ ദേഹം തടിക്കാതെ സൂക്ഷിക്കുക മാത്രം ചെയ്താൽ മതി. അതിനു പതിവായി ദേഹം വിയർക്കത്തക്കവണ്ണം വല്ലതും അദ്ധ്വാനം ചെയ്തുകൊണ്ടിരുന്നാൽ മതിതാനും. സന്തതിയും സമ്പത്തും ധാരാളമുണ്ടായിരിക്കുക; മനോവിചാരത്തിനു കാരണമൊന്നുമില്ലാതെയിരിക്കുക; സുഖമായി യഥേഷ്ടം ഭക്ഷണവും കഴിച്ച് അദ്ധ്വാനമൊന്നും ചെയ്യാതെ സ്വസ്ഥമായിരിക്കുക - ഇതൊക്കെക്കൊണ്ടാണ് ദേഹം ക്രമത്തിലധികം തടിക്കുന്നത്. ശക്തിക്കു തക്കവണ്ണം വ്യായാമം മനു‌ഷ്യർക്ക് അത്യാവശ്യമാണ്. അതു പതിവായി ചെയ്തുകൊണ്ടാൽ സുഖമായിരിക്കാം. അതിനാൽ ഇനി പതിവായി അങ്ങനെ ചെയ്തുകൊണ്ടിരുന്നാൽ മതി" എന്നു പറഞ്ഞു. ഇതു കേട്ടു മാപ്പിള വളരെ സന്തോ‌ഷിച്ചു പോവുകയും പതിവായി വ്യായാമം ചെയ്തുകൊണ്ട് ആജീവനാന്തം സുഖമായി ഇരിക്കുകയും ചെയ്തു.
3.ഒരിക്കൽ ഒരു സ്ത്രീയ്ക്കു പ്രസവവേദന ആരംഭിച്ചതിന്റെ ശേ‌ഷം നാലഞ്ചുദിവസം കഴിഞ്ഞിട്ടും പ്രസവിച്ചില്ല. അഞ്ചാം ദിവസം പ്രജയുടെ ഒരു കയ്യിന്റെ അറ്റം പുറത്തു കാണായി. സാധാരണ പ്രസവത്തിങ്കൽ ശിരസ്സാണലോ ആദ്യം കാണപ്പെടുന്നത്. അങ്ങനെയലാതെ ആദ്യം കയ്പുറത്തേക്കു വന്നു കണ്ടതിനാൽ വയറ്റാട്ടികൾക്കും മറ്റും വളരെ പരിഭ്രമവും വ്യസനവുമുണ്ടായി. അക്കാലത്തു സൂതികർമിണികളും അപ്പാത്തിക്കിരിമാരും മറ്റും ഈ ദിക്കുകളിൽ ഇല്ലാതിരുന്നതിനാൽ ഇങ്ങനെയുള്ള സംഗതികളിൽ നാട്ടുകാർക്കു നാട്ടുവൈദ്യന്മാരല്ലാതെ ഒരു ശരണവുമില്ലായിരുന്നല്ലോ. അതിനാൽ സ്ത്രീയുടെ ഉടമസ്ഥന്മാർ ഓടി വയക്കരെ എത്തി, വിവരം അച്ഛൻമൂസ്സവർകളുടെ അടുക്കൾ അറിയിച്ചു. അച്ഛൻ മൂസ്സവർകൾ കുറച്ചാലോചിച്ചിട്ട് "ഒരു ഇരുമ്പാണിയോ പിശ്ശാങ്കത്തിയോ വല്ലതും തീയത്തു കാണിച്ച് നല്ലപോലെ പഴുപ്പിച്ച് ആ കുട്ടിയുടെ കയ്യിന്മേൽ വച്ചാൽ മതി" എന്നു പറഞ്ഞു. സ്ത്രീയുടെ ഉടമസ്ഥന്മാർക്ക് അങ്ങനെ ചെയ്യാൻ നല്ല മനസ്സില്ലായിരുന്നു. എങ്കിലും വേറെ മാർഗമൊന്നും ഇല്ലാതിരുന്നതിനാലും അച്ഛൻമൂസ്സവർകൾ പറഞ്ഞിട്ട് ചെയ്താൽ ഒന്നും അപകടമായി വരികയില്ലെന്നുള്ള വിശ്വാസം കൊണ്ടും അവർ അങ്ങനെ ചെയ്തു. ഇരുമ്പു പഴുപ്പിച്ചുവച്ച ഉടനെ ശിശു കൈ അകത്തേക്കു വലിച്ചു. മാത്രനേരം കഴിഞ്ഞപ്പോൾ സ്ത്രീ ക്രമപ്രകാരം പ്രസവിക്കുകയും ചെയ്തു. തള്ളയ്ക്കും പിള്ളയ്ക്കും യാതൊരുതരക്കേടും പറ്റിയില്ല. കുട്ടിയുടെ കൈ പൊള്ളിയിരുന്നു. ആ വിവരം പിന്നെ മൂസ്സവർകളുടെ അടുക്കൽ അറിയിക്കുകയും അതിനു ചില ചികിത്സകൾ അവിടുന്നു നിശ്ചയിച്ചു പറയുകയും അതിൻപ്രകാരം ചെയ്തപ്പോൾ കുട്ടിക്കു സുഖമാവുകയും ചെയ്തു.
4. ഒരിക്കൽ വാതരോഗിയും വയറ്റിൽവേദനക്കാരനുമായ ഒരാൾ പല ചികിത്സകൾ ചെയ്തിട്ടും സുഖം കാണയ്കയാൽ വയക്കരെ അച്ഛൻമൂസ്സ് അവർകളുടെ അടുക്കൽ വന്നു വിവരം അറിയിച്ചു. ആ രോഗി ചെങ്ങന്നൂർക്കാരനോ മറ്റോ ആണെന്നാണ് കേട്ടിട്ടുള്ളത്. ദീനത്തിന്റെ വിവരമെല്ലാം കേട്ടപ്പോൾ അച്ഛൻമൂസ്സ് അവർകൾ "നിങ്ങളുടെ ദിക്കിൽ മുതിര ധാരാളം കിട്ടുകയില്ലേ? എന്നു ചോദിച്ചു. രോഗി "ധാരാളം കിട്ടും. അടിയനുതന്നെ ആണ്ടുതോറും ഇരുനൂറുപറ മുതിരയിൽ കുറയാതെ കിട്ടുന്നുണ്ട്" എന്നു പറഞ്ഞു. "എന്നാൽ മുതിര വറുത്തു കുത്തി പരിപ്പാക്കി, അതു കുറേശ്ശ പുഴുങ്ങി, ദിവസന്തോറും രാവിലെ അതും കൂട്ടി കഞ്ഞി കുടിച്ചാൽ മതി" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ രോഗിക്ക് ഒട്ടും തൃപ്തിയായില്ല. എങ്കിലും അവിടുത്തെ അടുക്കൽ ഒന്നും മറുത്തുപറയാൻ പാടില്ലലോ എന്നു വിചാരിച്ചു ഒന്നും പറയാതെ കുണ്ഠിതത്തോടുകൂടി തിരിച്ചുപോയി. വീട്ടിൽ ചെന്ന ഉടനെ അയാളുടെ ഭാര്യ ചികിത്സയുടെ വിവരം ചോദിച്ചു. അപ്പോൾ ആ രോഗി "എന്റെ ദീനം ഭേദമാകുന്നതാണെന്നു തോന്നുന്നില്ല. കുതിരകളെപ്പോലെ ദിവസംതോറും ഞാൻ കാണം പുഴുങ്ങിത്തിന്നാനാണ് അവിടുന്ന് കല്പിച്ചത്. ഭേദപ്പെടുന്ന ദീനമാണെങ്കിൽ അവിടുന്ന് അങ്ങനെ കല്പിക്കുകയില്ലല്ലോ. ഞാൻ അവിടെ ചെന്നപ്പോൾ അനേകം രോഗികൾ അവിടെ കൂടിയിരുന്നു. അവർക്കൊക്കെ ക‌ഷായത്തിനും മറ്റും ചാർത്തിക്കൊടുക്കുകയും ചിലർക്കു മരുന്നുകൾ കൊടുക്കുകയും മറ്റും ചെയ്തു. എന്നോടുമാത്രം ഇങ്ങനെ കല്പിച്ച സ്ഥിതിക്ക് എന്റെ ദീനം മാറുന്നതല്ലെന്നു നിശ്ചയിക്കാം" എന്നു പറഞ്ഞു. അപ്പോൾ ഭാര്യ "അങ്ങനെ നിശ്ചയിക്കാൻ പാടില്ല. ഏതായാലും അവിടുന്നു കൽപ്പിച്ചതുപോലെ കുറച്ചു ദിവസം ചെയ്തുനോക്കണം. ഭേദമായില്ലെങ്കിൽ വേണ്ടാ. ഇതു ചെയതതുകൊണ്ട് നമുക്കു നഷ്ടമൊന്നും വരാനില്ലല്ലോ" എന്നു പറഞ്ഞു. "എന്നാലങ്ങനെയാവട്ടെ" എന്നു രോഗിയും സമ്മതിച്ചു. അച്ഛൻമൂസ്സ് അവർകൾ പറഞ്ഞയച്ചതുപോലെ പത്തുപന്ത്രണ്ടു ദിവസം ചെയ്തപ്പോൾ രോഗിക്കു കുറച്ചു സുഖമുണ്ടെന്നു തോന്നുകയാൽ നാൽപതു ദിവസം മുടങ്ങാതെ അങ്ങനെ ചെയ്തു. അപ്പോൾ രോഗി സകല സുഖക്കേടുകളും മാറി സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു.
5. ഒരിക്കൽ ഒരു സ്ത്രീ തന്റെ ഗൃഹത്തിലുള്ള ഉത്തരത്തിൽനിന്ന് എന്തോ ഒരു സാധനം എടുക്കുന്നതിനായി വലത്തെ കയ്യുയർത്തി. പിന്നെ ആ കൈ എന്തായാലും മേൽപ്പോട്ടുതന്നെ നിൽക്കുന്നതല്ലാതെ കീഴ്പ്പോട്ടിടാൻ വയ്യാതെയായിത്തീർന്നു. പല വൈദ്യന്മാർ ചില ചികിത്സകൾ ചെയ്തു. ഞരമ്പിന്റെ നിശ്ചയമുള്ളവരായ തിരുമ്മുകാരെ ക്കൊണ്ടു തിരുമ്മിച്ചുനോക്കി. ചിലർ ഈ രോഗം വാതസംബന്ധമായിട്ടുള്ളതാണെന്നും മറ്റു ചിലർ ഞരമ്പു പിണങ്ങിപ്പോയതാണെന്നും വേറെ ചിലർ ഇതൊരു ദേവതാഗോഷ്ടിയാണെന്നും മറ്റും അഭിപ്രായപ്പെട്ടു. പല ചികിത്സകളും മന്ത്രവാദങ്ങളുമൊക്കെ ചെയ്തിട്ടും ഒരു ഭേദവുമുണ്ടായില്ല. സ്ത്രീയുടെ കൈ നേരെ മേൽപ്പോട്ടുതന്നെ നിന്നതല്ലാതെ കീഴ്പ്പോട്ടു വന്നില്ല. ഒടുക്കം ആ സ്ത്രീയെ വയക്കരെ അച്ഛൻമൂസ്സവർകളുടെ അടുക്കൽ കൊണ്ടുവന്നു കാണിച്ചു വിവരമൊക്കെ പറഞ്ഞു. അച്ഛൻ മൂസ്സവർകൾ കുറച്ചു നേരം തന്റെ മനസ്സുകൊണ്ട് ആലോചിച്ചിട്ട്, ആ സ്ത്രീയെ ഇറയത്തു കേറ്റി നിർത്താൻ പറഞ്ഞു. സ്ത്രീയുടെ ഉടമസ്ഥന്മാർ അപ്രകാരം ചെയ്തു. പിന്നെ ആ സ്ത്രീയുടെ അസ്വാധീനമല്ലാത്ത ഇടത്തേ കൈ ഒരു കയറിട്ടു മുറുക്കി പുരയുടെ മുകളിലത്തെ വളയിൽ കെട്ടാൻ പറഞ്ഞു. അതും അങ്ങനെ ചെയ്തു. അപ്പോൾ വയക്കരെ തെക്കുവശത്തു മുറ്റത്തു ദീനക്കാരായും മറ്റും വളരെ ആളുകൾ കൂടിട്ടുണ്ടായിരുന്നു. ഈ സ്ത്രീയുടെ കൂടെയും അവരുടെ ഭർത്താവ്, സഹോദരന്മാർ മുതലായി പലരുമുണ്ടായിരുന്നു. ഈ ആളുകളൊക്കെ നോക്കിക്കൊണ്ടു നിൽക്കുന്ന സ്ഥലത്തുവെച്ചാണ് ഈ വിദ്യ കാണിക്കുന്നതെന്നുകൂടി വായനക്കാർ ഓർത്തുകൊള്ളണം. സ്ത്രീയുടെ ഇടത്തെക്കൈ മേല്പോട്ടു പിടിച്ചുകെട്ടിക്കഴിഞ്ഞപ്പോൾ അച്ഛൻമൂസ്സവർകൾ സ്ത്രീയുടെ ഭർത്താവിനെ വിളിച്ച് അവൾ ഉടുത്തിരിക്കുന്ന വസ്ത്രം അഴിച്ചുകളയാൻ പറഞ്ഞു. ഇതു കേട്ടപ്പോൾ സ്ത്രീയുടെ ഉടമസ്ഥന്മാർക്കൊക്കെ വളരെ വ്യസനമായി. സ്ത്രീയുടെ കഥ പറയാനുമില്ലല്ലോ. ഈ ബഹുജനസമക്ഷം ഇങ്ങനെ പ്രവർത്തിക്കാനും ഇങ്ങനെ ചെയ്യാൻ മനസ്സില്ലെന്ന് അച്ഛൻ മൂസ്സവർകളോട് പറയാനും ധൈര്യമില്ലാതെ സ്ത്രീയുടെ ഭർത്താവും ഉടമസ്ഥന്മാരും അങ്ങനെ പരുങ്ങിക്കൊണ്ടുനിന്നു. അപ്പോൾ അച്ഛൻമൂസ്സവർകൾ "നിങ്ങൾക്കു മടിയുണ്ടെങ്കിൽ ഞാൻതന്നെയാവാം" എന്നു പറഞ്ഞു പെട്ടെന്നു സ്ത്രീയുടെ അടുക്കലേക്കു ചെന്നു വസ്ത്രത്തിന്റെ തുമ്പത്തു പിടിക്കാനായി ഭവിക്കയും സ്ത്രീയുടെ വലത്തേ കൈ കീഴ്പ്പോട്ടു വരികയും ഒരുമിച്ചു കഴിഞ്ഞു. വസ്ത്രമിപ്പോൾ അഴിച്ചുകളയുമെന്നുള്ള ദിക്കായപ്പോൾ സ്ത്രീ 'അയ്യോ! അരുത്' എന്നു പറഞ്ഞുകൊണ്ട് വലത്തേക്കൈകൊണ്ട് വസ്ത്രത്തിന്റെ തുമ്പത്തു മുറുകേ പിടിച്ചു. അച്ഛൻ മൂസ്സവർകൾ പിന്നോക്കംപോന്നു യഥാസ്ഥാനം ഇരിക്കുകയും ചെയ്തു. സ്ത്രീയുടെ കൈ കീഴ്പ്പോട്ടു വന്നതിനോടുകൂടി അതിന്റെ അസ്വാധീനതയും തീർന്നു. പിന്നെ ആ കൈ പൊക്കുകയോ താഴ്ത്തുകയോ എന്തു വേണമെങ്കിലും ഇഷ്ടംപോലെ പ്രവർത്തിക്കാറായി. ഇതു കണ്ട് എല്ലാവരും വളരെ അത്ഭുതപ്പെട്ടു. സ്ത്രീയുടെ ഇടത്തെ കയിന്റെ കെട്ടഴിച്ചു കൊണ്ടുപോയ്ക്കൊള്ളുന്നതിന് അച്ഛൻമൂസ്സവർകൾ പറയുകയും അവർ കൊണ്ടുപോവുകയും ഇങ്ങനെ ആ സ്ത്രീ സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു.
6. ഒരിക്കൽ ഒരു പുരു‌ഷൻ കോട്ടുവായിടുന്നതിനായി വായ പൊളിച്ചിട്ടു പിന്നെ വായ പൂട്ടാൻ പാടില്ലാതെയായിത്തീർന്നു. എല്ലായ്പ്പോഴും വായ പൊളിച്ചുകൊണ്ടുതന്നെയിരുന്നു. മുക്കൂട്ടും കുഴമ്പുമൊക്കെ പുരട്ടിത്തിരുമ്മിക്കുകയും മറ്റു പല ചികിത്സകൾ ചെയ്തിട്ടും അയാൾക്കു വായ പൊളിച്ചപടി തന്നെ ഇരുന്നതല്ലാതെ കൂട്ടാറായില്ല. ഒടുക്കം അയാളെ വയക്കരെ അച്ഛൻമൂസ്സ് അവർകളുടെ അടുക്കൽത്തന്നെ കൊണ്ടുവന്നു. വിവരമെല്ലാം കേട്ടതിന്റെ ശേ‌ഷം അച്ഛൻമൂസ്സവർകൾ അടുത്തു ചെന്നു വലതുകൈകൊണ്ടു രോഗിയുടെ താടിക്ക് ഒരു തട്ടും ഇടതുകൈകൊണ്ട് മൂർധാവിൽ ഒരിടിയും ഒരുമിച്ചുകൊടുത്തു. അതോടുകൂടി അയാളുടെ സുഖക്കേടു ഭേദമായി. വായ യഥാപൂർവ്വം അടയ്ക്കുകയും തുറക്കുകയും ചെയ്യാറായി അയാൾ പോവുകയും ചെയ്തു. ഇങ്ങനെ അച്ഛൻമൂസ്സ അവർകളുടെ ദിവ്യത്വങ്ങളും അത്ഭുതകർമ്മങ്ങളും പറഞ്ഞാൽ അവസാനമില്ലാതെയുണ്ട്. ഇതെല്ലാം പ്രധാനമായി അവിടുത്തെ ഗുരുത്വവും കൈപ്പുണ്യവും കൊണ്ടാണെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഗുരുത്വമുള്ളവർക്കു തത്കാലോചിതങ്ങളായ പ്രവൃത്തികളും യുക്തികളും അപ്പപ്പോൾ തോന്നിക്കൊള്ളും. കൈപ്പുണ്യമുള്ളവർ എന്തു ചെയ്താലും ഫലിക്കാതെയിരിക്കുകയില്ലല്ലോ.

കുഞ്ചമൺപോറ്റിയും മറ്റപ്പള്ളി നമ്പൂതിരിപ്പാടും




ചാത്തനെസ്സേവിച്ചു പ്രത്യക്ഷമാക്കിയ പ്രസിദ്ധനായ കുഞ്ചമൺ പോറ്റിയും, ശ്രീപോർക്കലിയിൽപ്പോയി ഭ്രദ്രകാളിയെ സേവിച്ചു പ്രത്യക്ഷ പ്പെടുത്തിയ വിശ്വവിശ്രുതനായ മറ്റപ്പള്ളിനമ്പൂരിപ്പാടും ഒരുകാലത്തു ജീവിച്ചിരുന്നവരാണ്. മറ്റപ്പള്ളിനമ്പൂരിപ്പാട്ടിലെ ഇല്ലപ്പേർ ആദ്യകാലത്ത് 'മറ്റപ്പള്ളി' എന്നു മാത്രമായിരുന്നു. ആ ഇല്ലത്തു നിന്ന് ഒരാൾ ശ്രീപോർക്കലിയിൽ പോയി ഭദ്രകാളിയെ സേവിച്ചു പ്രത്യക്ഷമാക്കി വന്നതിനാൽ അക്കാലംമുതൽ ഇല്ലപ്പേർ 'ഭദ്രകാളിമറ്റപ്പള്ളി' എന്നു പ്രസിദ്ധമായിത്തീർന്നു. അതിനാൽ എല്ലാവരും പറയുന്നതും ആ ഇല്ലത്തുള്ളവർ എഴുത്തുകുത്തുകളിൽ പേരുവയ്ക്കുന്നതുമെല്ലാം ഇന്നും 'ഭദ്രകാളിമറ്റപ്പള്ളി നമ്പൂരി' (പ്പാട്) എന്നുതന്നെയാണ്.
സാക്ഷാൽ ഭദ്രകാളി മറ്റപ്പള്ളി നമ്പൂരിപ്പാട് ഒരിക്കൽ ഒരു തോണിയിൽക്കയറി വേമ്പനാട്ടുകായലിൽക്കൂടി തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. വൈക്കത്തു പടിഞ്ഞാറുവശത്തായപ്പോൾ അവിടെ ക്ഷേത്ര ത്തിൽ ഒരു പാണി കൊട്ടുന്നതു കേട്ടു. ആ പാണി ഒരു അസാധാരണരീതിയിൽ ആയിരുന്നതിനാൽ, "ശാസ്ത്രപ്രകാരം ഇത്ര ശരിയായി ഈ പാണി കൊട്ടുന്നത് ആരാണെന്നറിയണം. ഇതു മനു‌ഷ്യരിലാരുമാണെന്നു തോന്നുന്നില്ല. ദേവന്മാരിൽ ആരെങ്കിലുമായിരി ക്കണം. ഏതെങ്കിലും തോണി ഇവിടെ അടുക്കട്ടെ എന്നു പറഞ്ഞു തോണി അടുപ്പിച്ചു നമ്പൂരിപ്പാടു കരയ്ക്കിറങ്ങി, കുളിയും കഴിച്ചു ക്ഷേത്രത്തിൽ എത്തി. അപ്പോൾ അവിടെ ഉൽസവകാലമായിരുന്നു. ഉൽസവബലിയുടെ പാണികൊട്ടാണ് നമ്പൂരിപ്പാട് കേട്ടത്. ആ പാണി കൊട്ടിയിരുന്നതു ഒരു സ്ത്രീയായിരുന്നു.
വൈക്കത്തുക്ഷേത്രത്തിൽ പ്രവൃത്തിക്കാരും അവകാശികളുമായവരിൽ ഒരു മാരാന്റെ വീട്ടിൽ ഒരുകാലത്തു പുരു‌ഷന്മാരാരുമില്ലാതെയായിത്തീർന്നു. ഒരു സ്ത്രീയും രണ്ടുമൂന്നു പെൺകുട്ടികളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അവർക്കു പതിവായി ക്ഷേത്രത്തിൽനിന്നുള്ള ചോറല്ലാതെ ഉപജീവനത്തിനു യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. ആ വീട്ടുകാർ ക്ഷേത്രത്തിൽ പ്രതിദിനം നടത്തേണ്ടുന്ന കൊട്ട്, പാട്ട് മുതലായ പ്രവൃത്തികൾ ആ സ്ത്രീ ശേ‌ഷമുള്ള മാരാന്മാരോടു നല്ലവാക്കു പറഞ്ഞു അവരെക്കൊണ്ടു നടത്തിച്ചു ചോറു വാങ്ങി ഉപജീവനം കഴിച്ചുവന്നു.
താങ്കള്‍ക്ക് കഥകള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ വശങ്ങളില്‍ കാണുന്ന പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ കഥകള്‍ ഷെയര്‍ ചെയ്യാന്‍ അതെന്നെ സഹായിക്കും.
അങ്ങനെയിരിക്കുമ്പോൾ ഒരുൽസവകാലത്ത് അവിടെ ശേ‌ഷമുള്ള മാരാന്മാരെല്ലാവരുംകുടി, ആ സ്ത്രീയുടെ വീട്ടിൽനിന്നു നടത്തേണ്ടുന്ന പ്രവൃത്തികൾ നടത്താതെ മുട്ടിച്ചാൽ അവർക്കുള്ള അവകാശം പോവുകയും ആ അവകാശവും അതിനുള്ള ആദായങ്ങളും കൂടി തങ്ങൾക്കു കിട്ടുകയും ചെയ്യുമല്ല എന്നു വിചാരിച്ച് അവരുടെ ആൾപ്പേരായി ആരും അടിയന്തിരം നടത്തിക്കൊടുക്കരുതെന്നു പറഞ്ഞു നിശ്ചയിച്ചു. പിന്നെ അവർ എല്ലാവരുംകൂടി ആ സ്ത്രീയെ വിളിച്ച്, "നിങ്ങളുടെ ആൾപ്പേരായിട്ടു ക്ഷേത്രത്തിലെ പ്രവൃത്തികൾ നടത്താൻ ഞങ്ങൾക്കാർക്കും മനസ്സില്ല. നാളെ ഉൽസവബലിയാണ്. അതിന്റെ പാണി നടത്തുന്നതിനുള്ള പ്രധാന ചുമതല നിങ്ങളുടെ തറവാട്ടേക്കാണല്ലോ. അതിനാൽ ആരെയെങ്കിലും വരുത്തി അടിയന്തിരം നടത്തിച്ചുകൊള്ളണം. അല്ലെങ്കിൽ അടിയന്തിരം മുട്ടും. ഞങ്ങൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു" എന്നു പറയുകയും ചെയ്തു. അന്നു വൈക്കത്തു പേരുംതൃക്കോവിൽ ക്ഷേത്രം ചില നമ്പൂരിമാരുടെ ഊരാൺമയോടും രാജ്യാധിപതിയായ വടക്കുംകൂർ രാജാവിന്റെ മേങ്കോയിമ്മസ്ഥാനത്തോടും കൂടിയായിരുന്ന തിനാൽ ആ മാരാന്മാർ ആ സ്ത്രീയുടെ ആൾപ്പേരായി ക്ഷേത്രത്തിലെ അടിയന്തിരങ്ങൾ നടത്താൻ തങ്ങൾക്കു മനസ്സില്ലെന്നുള്ള വിവരം ഊരാൺമക്കാരുടെയും രാജാവിന്റെയും അടുക്കലും കൂടി പറയുകയും ചെയ്തു. ആ സാധുസ്ത്രീ വളരെ താഴ്മയോടുകൂടി പലവിധത്തിൽ പറഞ്ഞിട്ടും ദു ഷ്ടന്മാരും ദുരാഗ്രഹികളുമായ മാരാന്മാർ സമ്മതിച്ചില്ല. ആൾപ്പേരായിട്ട് അടിയന്തിരം നടത്താൻ മനസ്സില്ലെന്നുതന്നെ അവർ വീണ്ടും തീർച്ചയായിട്ടു പറഞ്ഞു. അപ്പോഴേക്കും സൂര്യൻ അസ്തമിക്കാറായിരുന്നതിനാൽ പിറ്റേദിവസത്തേക്കു ദൂരസ്ഥലങ്ങളിൽ നിന്ന് ആളെ വരുത്തി അടിയന്തിരം നടത്തിക്കാൻ നിവൃത്തിയില്ലായിരുന്നു. പാണി പരിചയമുള്ള മാരാന്മാർ അടുക്കലെങ്ങും വേറെ ഉണ്ടായിരിന്നുമില്ല. ആകപ്പാടെ ആ സ്ത്രീ വിചാരവും വി‌ഷാദവും കൊണ്ടു പരവശയായിത്തീർന്നു. അവർ വ്യസനംകൊണ്ട് അത്താഴമുണ്ണാതെ, "എന്റെ പെരുതൃക്കോവിലപ്പാ! അന്നദാനപ്രഭോ! എന്റെ ചോറു മുട്ടിക്കല്ലേ. ഇതിന് അവിടുന്നുതന്നെ എന്തെങ്കിലും ഒരു മാർഗമുണ്ടാക്കിത്തരണേ. അല്ലാതെ ഞാൻവിചാരിച്ചിട്ട് ഒരു നിവൃത്തിയും കാണുന്നില്ല" എന്നു പറഞ്ഞു കരഞ്ഞുംകൊണ്ട് പോയിക്കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ ഉറങ്ങുകയും ഉറക്കത്തിൽ അവർക്ക്, "നീ ഒട്ടും വ്യസനിക്കേണ്ടാ. നീ ഇപ്പോൾ ഗർഭം ധരിച്ചിട്ടുണ്ട്. നിന്റെ ഉദരത്തിൽ കിടക്കുന്നത് ഒരു പുരു‌ഷപ്രജയാണ്. അതിനാൽ നാളെ ഉൽസവബലിക്കു നീതന്നെ പാണി കൊട്ടിയാൽ മതി. നീ രാവിലെ കുളിച്ചു ക്ഷേത്രത്തിൽ ചെല്ലണം. അപ്പോൾ പാണി കൊട്ടാനുള്ള എണ്ണങ്ങളെല്ലാം നിനിക്കു ഞാൻ തോന്നിച്ചുതന്നു കൊള്ളാം." എന്നു പെരുംതൃക്കോവിലപ്പന്റെ ദർശനമുണ്ടാവുകയും ചെയ്തു. അപ്രകാരംതന്നെ ഉൽസവബലിക്ക് ഈ സ്ത്രീയെക്കൊണ്ട് പാണികൊട്ടിച്ചു കൊള്ളണമെന്നു രാജാവിനും ഊരാൺമക്കാർക്കും തന്ത്രിക്കുംകൂടി അന്നു ദർശനമുണ്ടായി. അതിനാൽ പിറ്റേദിവസം രാവിലെ ആ സ്ത്രീ കുളിച്ച് അമ്പലത്തിൽ ചെല്ലുകയും പാണി കൊട്ടിക്കൊള്ളുന്നതിനു രാജാവു മുതലായവർ അനുവദിക്കുകയും അവർ പാണി കൊട്ടിത്തുടങ്ങുകയും ചെയ്തു. ഇപ്രകാരമാണ് അന്ന് അവിടെ ഉൽസവബലിക്ക് ഒരു സ്ത്രീ പാണി കൊട്ടാനിടയായത്.
ആ സ്ത്രീ കുളിച്ചു ക്ഷേത്രത്തിൽ ചെന്നതിന്റെ ശേ‌ഷം ഉൽസവബലി കഴിയുന്നതുവരെ അവർക്കു സുബോധമുണ്ടായിരുന്നില്ല. പെരുംതൃക്കോവിലപ്പൻ തോന്നിച്ചതുപോലെയൊക്കെ അവർ പ്രവർത്തിച്ചു എന്നേയുള്ളു. ഭഗവാൻ തോന്നിച്ചിട്ടു കൊട്ടിയ പാണി ശാസ്ത്രപ്രകാരവും അസാധാരണവുമായിരുന്നത് ഒരത്ഭുതമല്ലല്ലോ. പാണി വിധിപ്രകാര മായിരുന്നതിനാൽ ഉൽസവബലി ഭുജിക്കുന്നതിനു ഭൂതങ്ങളും പ്രത്യക്ഷ മായി വായും വിളർന്നുകൊണ്ട് തന്ത്രിയുടെ അടുക്കലേക്ക് അടുത്തു തുടങ്ങി. അന്നു വൈക്കത്തു ക്ഷേത്രത്തിൽ തന്ത്രി 'മേക്കാട്ടു നമ്പൂരി' ആയിരുന്നു. അദ്ദേഹം ഉൽസവബലിയും മറ്റും ഒരുവിധം കഴിച്ചുകൂട്ടുമായിരുന്നു എന്നല്ലാതെ ദിവ്യമായ ആ പാണിക്കു ചേർന്നവിധം തൂവാൻ തക്കവണ്ണമുള്ള പഠിത്തവും പരിചയവും തപശ്ശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഭൂതങ്ങളെ പ്രത്യക്ഷമായി കണ്ടപ്പോഴേക്കും തന്ത്രി പേടിച്ചു വിറച്ചുതുടങ്ങി. ഉൽസവബലി വേണ്ടപോലെ ആയില്ലെങ്കിൽ ഭൂതങ്ങൾ തന്ത്രിയെക്കൂടി ഭക്ഷിച്ചുകളയുമെന്നു അദ്ദേഹത്തിനു തോന്നി. ഉടനെ തന്ത്രിനമ്പൂരി, നമ്പൂരിപ്പാടിനോട് "നമ്പൂരി എന്നെ രക്ഷിക്കണം. അല്ലെങ്കിൽ ഇവർ ഇപ്പോൾ എന്നെ പിടിച്ചു ഭക്ഷിക്കും, ഈ ക്ഷേത്രത്തിലെ തന്ത്രം പകുതി ഞാൻനമ്പൂരിക്കു തന്നിരിക്കുന്നു" എന്നു പറഞ്ഞു. അപ്പോൾ നമ്പൂരിപ്പാടു താറുടുത്തു മണ്ഡപത്തിൽ ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്ത്രിനമ്പൂരി മേൽ പറഞ്ഞ പ്രകാരം അപേക്ഷിച്ചു പറഞ്ഞതുകേട്ട് നമ്പൂരിപ്പാടു മണ്ഡപത്തിൽനിന്നിറങ്ങിച്ചെന്നു കൈവട്ടകയും പൂപ്പാലികയും വാങ്ങി വിധി പ്രകാരം തൂവാനും ഭൂതങ്ങളെലാം പ്രത്യക്ഷമായി ഉൽസവബലി ഭുജിക്കാനും തുടങ്ങി. ഉൽസവബലി കഴിഞ്ഞപ്പോൾ ഭൂതങ്ങളെല്ലാം വളരെ തൃപ്തിയോടും സന്തോ‌ഷത്തോടുംകൂടി അന്തർധാനം ചെയ്യുകയും ചെയ്തു. ഭദ്രകാളിയെ സേവിച്ചു പ്രത്യക്ഷമാക്കിയ ആളും സകലശാസ്ത്രപാരംഗതനും നല്ല മന്ത്രവാദിയും തന്ത്രിയുമായ നമ്പൂരിപ്പാട് ഭൂതങ്ങളെ ഭയപ്പെടാതെയിരുന്നതും അദ്ദേഹം ഉൽസവബലി കഴിച്ചിട്ടു ഭൂതങ്ങളെല്ലാം തൃപ്തിപ്പെടുകയും സന്തോ‌ഷിക്കുകയും ചെയ്തതും ഒരത്ഭുതമല്ലല്ലോ. ഇപ്രകാരമാണ് ഭദ്രകാളി മറ്റപ്പള്ളി നമ്പൂരിപ്പാട്ടിലെ തറവാട്ടേക്കു വൈക്കത്തെ തന്ത്രം പകുതി കിട്ടിയത്. ഇപ്പോഴും വൈക്കത്തെ തന്ത്രം മേക്കാട്ടു നമ്പൂരിയും മറ്റപ്പള്ളി നമ്പൂരിപ്പാടും കൂടിയാണ് നടത്തിവരുന്നത്.
സാക്ഷാൽ ഭദ്രകാളിമറ്റപ്പള്ളിനമ്പൂരിപ്പാടു വൈക്കത്തുക്ഷേത്രത്തിൽ തന്ത്രിയായി അവിടെ താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം കുഞ്ചമൺപ്പോറ്റി എവിടെയോ പോയി വരുംവഴി വൈക്കത്തു ചെന്നുചേർന്നു. ഊണു കഴിഞ്ഞു നമ്പൂരിപ്പാടും പോറ്റിയുംകൂടി ഓരോ വെടികൾ പറഞ്ഞുകൊണ്ടിരുന്ന മധ്യേ പ്രസംഗവശാൽ പോറ്റി, "ഒരു മൂർത്തിയെ സേവിക്കുകയാണെങ്കിൽ ചാത്തനെത്തന്നെ സേവിക്കണം. ചാത്തൻ പ്രസാദിച്ചാൽ സാധിക്കാത്ത കാര്യം യാതൊന്നുമില്ല" എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞു പറഞ്ഞ് ഒടുക്കം അവർ തമ്മിൽ വാദം വലിയ കലശലായി. വാദം മുറുക്കമായപ്പോൾ പോറ്റി, "എന്നാൽ നമുക്ക് അത് ഇപ്പോൾത്തന്നെ ഒന്നു പരീക്ഷിച്ചു നോക്കാം, നമുക്ക അമ്പലത്തിലേക്കു പോകാം" എന്നും പറഞ്ഞു. "അങ്ങനെതന്നെ" എന്നു നമ്പൂരിപ്പാടും പറഞ്ഞു. രണ്ടുപേരുംകൂടി പോയി ക്ഷേത്രത്തിൽ മണ്ഡപത്തിൽ കേറിയിരുന്നു. ഉടനെ പോറ്റി, "ആരവിടെ മുറക്കാൻ കൊണ്ടുവരട്ടെ" എന്നു പറഞ്ഞു. അപ്പോൾ ഒരു കുട്ടിച്ചാത്തൻ ഒരു ഭൃത്യന്റെ വേ‌ഷത്തിൽ വെറ്റില തേച്ചു തെറുത്തു മുറുക്കാൻ തയ്യാറാക്കി പോറ്റിക്കു കൊണ്ടുചെന്നു കൊടുത്തു. ഉടനെ നമ്പൂരിപ്പാട്, "കാളിയെവിടെ? മുറുക്കാൻ കൊണ്ടു വരട്ടേ" എന്നു പറഞ്ഞു. അപ്പോൾ സാക്ഷാൽ ഭദ്രകാളി അതിസുന്ദരിയായ മനു‌ഷ്യസ്തിയുടെ വേ‌ഷത്തിൽ മുറുക്കാൻ തയ്യാറാക്കി നമ്പൂരിപ്പാട്ടി ലേക്കും കൊണ്ടുചെന്നുകൊടുത്തു. ഉടനെ പോറ്റി, "ആരവിടെ, കോളാമ്പി കൊണ്ടുവരട്ടേ" എന്നു പറഞ്ഞു. അപ്പോൾ ഭൂസ്പർശംകൂടാതെ ഒരാളൊരു കോളാമ്പിയും കൊണ്ടു പോറ്റിയുടെ അടുക്കൽ ആവിർഭവിച്ചു. പോറ്റി ആ കോളാമ്പിയിൽ തുപ്പുകയും ആ ആൾ കോളാമ്പിയുംകൊണ്ടു മേൾഭാഗ ത്തേക്കുപോയി അന്തർധാനം ചെയ്യുകയും ചെയ്തു. ഉടനെ നമ്പൂരിപ്പാടും "കാളിയെവിടെ? കോളാമ്പി കൊണ്ടുവരട്ടെ" എന്നു പറഞ്ഞു. അപ്പോൾ ഒരു സ്ത്രീ നിലംതൊടാതെ കോളാമ്പിയുംകൊണ്ടു നമ്പൂരിപ്പാട്ടിലെ അടുക്കൽ ചെല്ലുകയും നമ്പൂരിപ്പാട് കോളാമ്പിയിൽ തുപ്പുകയും ആ സ്ത്രീയും മേൾഭാഗത്തേക്കു പോയി മറയുകയും ചെയ്തു. ഉടനെ കുഞ്ചമൺപോറ്റി നമ്പൂരിപ്പാടിനോട്, "അവിടുന്നു തന്നെ ജയിച്ചു. ഞാൻമടങ്ങിയിരിക്കുന്നു. ഞാൻഇത്രത്തോളം വിചാരിച്ചിരുന്നില്ല" എന്നു സമ്മതിച്ചു യാത്രയും പറഞ്ഞു പോയി. ഉടനെ ഭദ്രകാളി, നമ്പൂരിപ്പാട്ടിലെ അടുക്കൽ വീണ്ടും ആവിർഭവിക്കുകയും "ഇപ്രകാരമുള്ള പ്രവൃത്തി എന്നെക്കൊണ്ടു ചെയ്യിച്ചു കളയാമെന്നു വിചാരിച്ചതു ശരിയായില്ല. ഈ വകയൊക്കെ എനിക്കു പ്രയാസമാണ്. അതിനാൽ ഇനി അവിടുന്ന് എന്നെക്കാണുകയില്ല. എങ്കിലും അങ്ങ് ന്യായമായി വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഇനിയും ഞാൻസാധിപ്പിച്ചുതന്നു കൊള്ളാം" എന്ന് അരുളിചെയ്തിട്ടു മറയുകയും അന്നുമുതൽ ഭദ്രകാളി മറ്റപ്പള്ളിനമ്പൂരിപ്പാട്ടിലേക്കു ഭദ്രകാളി അപ്രത്യക്ഷ മായി ഭവിക്കുകയും ചെയ്തു.

വെൺമണി നമ്പൂതിരിപ്പാടന്മാർ


താങ്കള്‍ക്ക് കഥകള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ വശങ്ങളില്‍ കാണുന്ന പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ കഥകള്‍ ഷെയര്‍ ചെയ്യാന്‍ അതെന്നെ സഹായിക്കും.
വെൺമണിനമ്പൂരിപ്പാട്ടിലെ ഇല്ലം കൊച്ചി രാജ്യത്തു 'വെള്ളാരപ്പിള്ളി' എന്ന ദേശത്താണ്. ആ ഇല്ലത്ത് ഒരു കാലത്തു മന്ദബുദ്ധിയായിട്ട് ഒരു ബ്രാഹ്മണകുമാരൻ ഉണ്ടായിത്തീർന്നു. അദ്ദേഹത്തെ അദ്ദേഹത്തിന്റെ അച്ഛൻ യഥാകാലം ഉപനയനം, സമാവർത്തനം മുതലായവ കഴിച്ചു വേദാധ്യായനത്തിനായി തൃശ്ശിവപേരൂർ ബ്രഹ്മസ്വം മഠത്തിൽ കൊണ്ടു ചെന്നാക്കി. അദ്ദേഹം വേദാധ്യയനം ചെയ്തു തൃശ്ശിവപേരൂർ താമസിച്ചിരുന്നതു സഹപാഠികളുടെ പരിഹാസപാത്രമായിട്ടാണ്. ഇദ്ദേഹം ഒരോഭോ‌ഷനും സാധുവുമായിരുന്നതിനാൽ ദുസ്സാമർത്ഥ്യക്കാരായ ഉണ്ണിനമ്പൂരിമാർ ഇദ്ദേഹത്തെ പലവിധത്തിൽ ഭോ‌ഷങ്കളിപ്പിക്കുകയും പരിഹസിക്കുകയും ഉപദ്രവിക്കുകയും പല അപകടങ്ങളിൽ അകപ്പെടുത്തി ബുദ്ധിമുട്ടിക്കുകയും മറ്റും ചെയ്തു കൊണ്ടിരുന്നു.
അക്കാലത്തു തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിൽ ശ്രീകോവിലിന്റെ ഭിത്തിയിൽ ഒരു ചിത്രമെഴുത്തുകാരൻ ഒരു യക്ഷിയുടെ രൂപം എഴുതുകയും ആ ചിത്രം സകല ലക്ഷണങ്ങളും തികഞ്ഞതായിത്തീരുകയാൽ അവിടെ ഒരു യക്ഷിയുടെ സാന്നിധ്യമുണ്ടാവുകയും ചെയ്തിരുന്നു. ആ യക്ഷി രാത്രികാലങ്ങളിൽ സഹശയനത്തിനായി ആ ദിക്കിലുള്ള യവൗനയുക്തന്മാരായ പുരു‌ഷന്മാരുടെ അടുക്കൽ ചെല്ലുകയും അങ്ങനെ പലരെ ഉപദ്രവിക്കുകയും പതിവായിരുന്നു. അക്കാലത്ത് ആ ദിക്കിൽ യക്ഷിയാൽ ബാധിതരായി, ആ ദിവ്യരതിക്രീഡയെ അനുഭവിക്കാൻ അശക്തന്മാരായ പലർ പിറ്റേ ദിവസത്തേക്കു മരിച്ചുപോകുകയും ചിലർ എണീക്കാൻ പാടില്ലാത്തവണ്ണം ക്ഷീണിച്ച് അവശന്മാരായിത്തീരുകയും നല്ലപോലെ ദേഹബലവും ധൈര്യവുമുള്ള ചിലർ മാത്രം അപകടമൊന്നും കൂടാതെ സുഖമനുഭവിക്കുകയും ചെയ്തുകൊണ്ടിരുന്നു. യക്ഷി ആരെയാണു പിടികൂടുന്നതെന്നു നിശ്ചയമില്ലാതിരുന്നതിനാൽ അക്കാലത്ത് ആ ദിക്കിലുള്ള പുരു‌ഷന്മാരെല്ലാം വളരെ ഭയപ്പെട്ടാണ് രാത്രികാലങ്ങൾ കഴിച്ചുകൂട്ടികൊണ്ടിരുന്നത്; മേൽപറഞ്ഞ ചിത്രത്തിന്റെ അടുക്കൽ പുരു‌ഷന്മാരാരെങ്കിലും ചെന്ന് 'ഇന്ന് രാത്രിയിൽ എന്റെ അടുക്കൽ വരണം' എന്നു പറഞ്ഞാൽ അന്നു രാത്രിയിൽ ആ യക്ഷി ആ പുരു‌ഷന്റെ അടുക്കലെത്തും. ആ യക്ഷിക്ക് അങ്ങനെ ഒരു വിശേ‌ഷം കൂടിയുണ്ടായിരുന്നു.
ഇങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം വൈകുന്നേരം ചില ഉണ്ണിനമ്പൂരിമാരും വെൺമണി നമ്പൂരിപ്പാടുംകൂടി വടക്കുന്നഥക്ഷേത്രത്തിൽ തൊഴാനായിട്ടുപോയി. അവിടെചെന്ന് യഥാക്രമം ഓരോ ദേവന്മാരെ തൊഴുതുതൊഴുത് ആ യക്ഷിയുടെ ചിത്രത്തിന്റെ അടുക്കൽ ചെന്നപ്പോൾ ഉണ്ണിനമ്പൂരിമാരെല്ലാവരുംകൂടി പറഞ്ഞിളക്കി വെൺമണി നമ്പൂരിപ്പാടിനെക്കൊണ്ട് ആ യക്ഷിയുടെ അടുക്കൽ "ഇന്നു രാത്രിയിൽ എന്റെ അടുക്കൽ വരണം" എന്നു പറയിച്ചു. എലാവരുംകൂടി അങ്ങനെ പറയണമെന്നു നിർബന്ധിച്ചതുകൊണ്ട് അങ്ങനെ പറഞ്ഞു എന്നല്ലാതെ അങ്ങനെ പറയുന്നത് എന്തിനായിട്ടാണെന്നും അങ്ങനെ പറഞ്ഞാലുണ്ടാകുന്ന ഫലമെന്താണെന്നും ഒന്നും അദ്ദേഹത്തിന് അറിവില്ലായിരുന്നു. തൊഴുക കഴിഞ്ഞ് എല്ലാവരുംകൂടി ബ്രഹ്മസ്വം മഠത്തിലേക്കു പോയി. സന്ധ്യാവന്ദനാദികളും അത്താഴവും കഴിഞ്ഞു പതിവുപോലെ എല്ലാവരും അവരവരുടെ കിടപ്പുസ്ഥലത്തു ചെന്നു കിടക്കുകയും ചെയ്തു. എല്ലാവരും ഉറക്കമായപ്പോൾ യക്ഷി ആ മഹൻ നമ്പൂരിപ്പാട്ടിലെ അടുക്കൽ എത്തി. യക്ഷി ചെന്നു തൊട്ട ഉടനെ അദ്ദേഹം ഉണർന്നു. പിന്നെ അവർ യഥേഷ്ടം സുഖാനുഭൂതിയോടുകൂടി സഹശയനംചെയ്തു. ആ ദിവസംവരെ ബ്രഹ്മച്ചര്യത്തോട്കൂടിയും സ്ത്രീസുഖമറിയാതെയും ഇരുന്നിരുന്ന നമ്പൂരിപ്പാട്ടിലേക്ക് ആ യക്ഷിയുടെ സഹശയനം പരമാനന്ദകരമായിഭവിച്ചു. അപ്രകാരം തന്നെ യക്ഷിയും അദ്ദേഹത്തിന്റെ സഹശയനം ഏറ്റവും തൃപ്തികരവും സന്തോ‌ഷാവഹവുമായിത്തീർന്നു. ആ യക്ഷിക്ക് അന്നത്തെപ്പോലെ ഒരു സുഖവും തൃപ്തിയും അതിനുമുമ്പ് ഒരിക്കലും ഉണ്ടായതായി തോന്നിയില്ല. സുഖാനുഭവങ്ങളെല്ലാം കഴിഞ്ഞ് അന്ത്യയാമം ആകാരായപ്പോൾ യക്ഷി, "എനിക്ക് ഇവിടെ താമസിക്കാൻ പാടില്ല. മനു‌ഷ്യസഞ്ചാരം തുടങ്ങുന്നതിനു മുമ്പ് എനിക്ക് സ്വസ്ഥാനത്ത് എത്തണം. അതിനാൽ ഇപ്പോൾ ഞാൻ പോകുന്നു" എന്നു പറഞ്ഞു. ഉടനെ നമ്പൂരിപ്പാട് "ഇന്നു രാത്രിയിലും വരാമോ?' എന്നു ചോദിച്ചു. അപ്പോൾ യക്ഷി "അവിടേക്ക് അങ്ങനെ ആഗ്രഹവും എന്റെ പേരിൽ സന്തോ‌ഷവുമുണ്ടെങ്കിൽ ഞാൻ ഇന്നെന്നല്ലാ, എല്ലാ ദിവസം രാത്രിയിലും അവിടുത്തെ അടുക്കൽ വന്നുകൊള്ളം. എന്നാൽ ഒരു കാര്യമുണ്ട്. അതുകൂടി പറഞ്ഞേക്കാം. അവിടുന്ന് എന്റെ സമ്മതം കൂടാതെ അന്യസ്ത്രീകളെ തൊടരുത്. വേറെ ഒരു സ്ത്രീയെ അവിടുന്നു തൊട്ടാൽപ്പിന്നെ ഞാൻ അവിടുത്തെ അടുക്കൽ വരികില്ല."
നമ്പൂരിപ്പാട്: "ഇല്ല; എന്റെ അച്ഛനാണ് ഇല്ല. നിന്റെ അനുവാദം കൂടാതെ ഞാൻ യാതൊരു സ്ത്രീയെയും തൊടുകയില്ല."
ഇതു കേട്ടപ്പോൾ യക്ഷി സന്തോ‌ഷത്തോടുകൂടി "എന്നാൽ ഞാൻ പതിവായി വന്നുകൊള്ളാം" എന്നു പറഞ്ഞു പോവുകയും പിന്നെ പതിവായി രാത്രിതോറും നമ്പൂരിപ്പാട്ടിലെ അടുക്കൽ വന്നുകൊണ്ടിരിക്കുകയും കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ പരസ്പരസ്നേഹാകുലരായിത്തീരുകയും ചെയ്തു.
അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ മഹൻ നമ്പൂരിപ്പാട്ടിലെ വേദാധ്യയനം നിറുത്തി, ഇല്ലത്തേയ്ക്കു കൂട്ടിക്കൊണ്ടുപോകാനായി അച്ഛൻനമ്പൂരിപ്പാട് ഒരു ദിവസം ത്രിശ്ശിവപേരൂർ ചെന്നു. അച്ഛൻ തന്നെ കൂട്ടികൊണ്ടുപോകാനായിട്ടാണ് വന്നിരിക്കുന്നത് എന്നറിഞ്ഞപ്പോൾ, യക്ഷിയെ പിരിഞ്ഞു പോകണമല്ലോ എന്നു വിചാരിച്ചു മഹൻ നമ്പൂരിപ്പാട്ടിലേക്കു വളരെ വ്യസനമായി. അന്നു രാത്രിയിൽ യക്ഷി വന്നപ്പോൾ നമ്പൂരിപ്പാടു വളരെ മനസ്താപത്തോടുകൂടി, "എന്നെ ഇല്ലത്തേക്കു കൊണ്ടുപോകാൻ അച്ഛൻ വന്നിട്ടുണ്ട്. നാളെ രാവിലെ പോകണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഞാനെന്താണു വേണ്ടത്?" എന്നു ചോദിച്ചു. അപ്പോൾ യക്ഷി "അവിടുന്ന് ഒട്ടും വ്യസനിക്കേണ്ട. അവിടുന്ന് ഇല്ലത്തേക്കു പോയാൽ പിന്നെ പതിവായി ഞാൻ അവിടെ വന്നുകൊള്ളാം" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ നമ്പൂരിപ്പാട്ടിലേക്കു വ്യസനമെല്ലാം തീർന്നു, വളരെ സന്തോ‌ഷമായി. പിന്നെ പതിവുപോലെ അവർ സുഖമായി ഒരുമിച്ച് രമിക്കുകയും വെളുപ്പാൻ കാലമായപ്പോൾ പോവുകയും ചെയുതു. രാവിലെ അച്ഛൻനമ്പൂരിപ്പാടു മഹനെ കൂട്ടികൊണ്ട് ഇലത്തേക്കു പോയി. മഹൻ നമ്പൂരിപ്പാട് ഇലത്തുചെന്നു താമസമായതിന്റെ ശേ‌ഷവും യക്ഷിരാത്രിതോറും പതിവായി അവിടെയും ചെന്നു കൊണ്ടിരുന്നു.
അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ അച്ഛൻനമ്പൂരിപ്പാട് മകനെക്കൊണ്ട് ഒന്നു വേളികഴിപ്പിക്കണമെന്നു നിശ്ചയിച്ച് പില സ്ത്രീജാതകങ്ങൾ വരുത്തി നോക്കിക്കുക മുതലായ ചില ശ്രമങ്ങൾ തുടങ്ങി. ഈ വിവരമറിഞ്ഞപ്പോൾ, താൻ വേളികഴിച്ചാൽ പിന്നെ യക്ഷി തന്റെ അടുക്കൽ വരികില്ലല്ലോ എന്നു വിചാരിച്ചിട്ട് അതും മകൻനമ്പൂതിപ്പാട്ടിലേക്ക് അത്യന്തം വ്യസനകാരണമായിത്തീർന്നു. അതിനാൽ അദ്ദേഹം തനിക്കു വേളി കഴിക്കാൻ മനസ്സില്ലെന്നും അതിനായി അച്ഛൻ നിർബന്ധിക്കരുതെന്നും മറ്റൊരാൾ മുഖാന്തരം അച്ഛനെ ഗ്രഹിപ്പിച്ചു.
അച്ഛൻനമ്പൂരിപ്പാട്ടിലേക്ക് അതുകേട്ടപ്പോൾ വ്യസനവും കോപവും സഹിക്കവഹിയാതെയായിത്തീർന്നു. ഉടനെ അദ്ദേഹം മഹനെ വിളിച്ചു നേരിട്ടുതന്നെ "എന്താ ഉണ്ണിക്കു വേളി കഴിക്കാൻ മനസ്സില്ല, അല്ലേ? നീ ഇത്ര കഥയില്ലാത്തവനായി തീർന്നല്ലോ. നീ ഒന്ന് വേളി കഴിച്ച്, അതിൽ ചില സന്താനങ്ങളുണ്ടായിക്കണ്ടിട്ടു നമ്മുടെ കാലം കഴിഞ്ഞാൽ കൊള്ളാമെന്നാണ് എന്റെ ആഗ്രഹം. അതൊന്നും സാധിച്ചില്ലെങ്കിലും ഈ തറവാടു നശിക്കാതെയിരിക്കണമല്ലോ. അതിനു നീ വേളി കഴിക്കാതിരുന്നാൽ പിന്നെ എന്താ മാർഗം?"
മഹൻ: "അച്ഛൻ പറയുന്നതൊക്കെ കാര്യമാണ്. ഇതിനൊക്കെ സമാധാനം പറയാൻ എനിക്കറിഞ്ഞുകൂടാ. എന്തൊക്കെയായാലും ഞാൻ വേളി കഴിക്കയില്ല. അതിന് അച്ഛൻ എന്നൊടു നിർബന്ധിക്കയുമരുത്."
അച്ഛൻ:"വേളി കഴിക്കയില്ല എന്നു പറഞ്ഞാൽ മതിയോ? കഴിക്കയില്ലാത്തതിന്റെ കാരണമെന്താണ്? അതു കേൾക്കട്ടെ"
മഹൻ: "കാരണമൊന്നുമില്ല. എനിക്കതിന്നു മനസ്സില്ല എന്നേയുള്ളു."
അച്ഛൻ: "വേണ്ടുന്ന കാര്യം ചെയ്വാൻ മനസ്സില്ലെങ്കിൽ നീ ഈ തറവാട്ടിൽ കേറരുത്. എവിടെയെങ്കിലും പൊയ്ക്കൊള്ളണം. ഏഭ്യാ! നിനക്കു മനസ്സില്ല, അല്ലേ? എന്റെ മുമ്പിൽ നിന്നു നിനക്കിങ്ങനെ പറയാൻ ധൈര്യമുണ്ടായല്ലോ. പോ, എന്റെ മുമ്പിൽനിന്ന്. കൊശവനെ ഇനി ഇവിടെ കണ്ടാലറിയാം."
ഇങ്ങനെ അച്ഛൻ കോപത്തോടുകൂടി ശകാരിച്ചതു കേട്ടപ്പോൾ സാധുവും ശുദ്ധഹൃദയനുമായ മഹൻ നമ്പൂതിരിപ്പാട്ടിലേക്കു വ്യസനം സഹിക്കവഹിയാതെയായി. ഈ സംഭാ‌ഷണമുണ്ടായതു രാത്രിയിൽ അത്താഴത്തിനു മുമ്പായിട്ടായിരുന്നു. അതിനാൽ മഹൻനമ്പൂതിരിപ്പാട്ടിലേക്കു വ്യസനം നിമിത്തം അത്താഴമുണ്ണാതെ കരഞ്ഞും കൊണ്ടു പോയിക്കിടന്നു. പതിവുസമയമായപ്പോൾ യക്ഷി അദ്ദേഹത്തിന്റെ അടുക്കൽവന്നു. അപ്പോൾ അദ്ദേഹം വ്യസനിച്ചു കരഞ്ഞുകൊണ്ടു കിടക്കുകയാണെന്നു യക്ഷിക്കു മനസ്സിലായതിനാൽ വ്യസനകാരണമെന്താണെന്നു ചോദിച്ചു. ഈ സംഗതി യക്ഷിയോടു പറയാൻ അദ്ദേഹത്തിനു വളരെ മടിയും ലജ്ജയുമുണ്ടായിരുന്നതിനാൽ ആദ്യം ഒന്നും പറയാതെ ഉപായത്തിൽ കഴിച്ചുകൂട്ടാൻ അദ്ദേഹം കഴിയുന്നതും ശ്രമിച്ചുനോക്കി. എങ്കിലും യക്ഷിയുടെ നിർബന്ധം നിമിത്തം ഒടുക്കം പരമാർത്ഥമൊക്കെ അദ്ദേഹം യക്ഷിയോടു പറഞ്ഞു. അപ്പോൾ യക്ഷി. "അവിടുന്ന് ഒട്ടും വ്യസനിക്കേണ്ടാ. വേളി കഴിക്കുന്നതിനു എനിക്കു യാതൊരു വിരോധവുമില്ല. അവിടുന്നു വേളി കഴിക്കാതെയിരുന്നാൽ ഈ തറവാടു നശിച്ചു പോകുമല്ലോ. ഞാൻ നിമിത്തം അങ്ങനെ വരുന്നത് എനിക്കും വളരെ വ്യസനമാണ്. അവിടുന്നു വേളി കഴിച്ചാലും എന്നെ ഉപേക്ഷിക്കരുത് എന്നു മാത്രമേ എനിക്കു നിർബന്ധമുള്ളു. വേളി കഴിച്ചാൽ ഒന്നരാടൻ ദിവസം ആ അന്തർജനത്തിന്റെ അടുക്കൽ സഹശയനം ചെയ്തുകൊള്ളണം. ഒന്നരാടൻ മാറി വേറെ സ്ഥലത്തു കിടന്നുകൊള്ളണം. ആ ദിവസങ്ങളിൽ ഞാൻ അവിടുത്തെ അടുക്കൽ വന്നുകൊള്ളാം. അതിനാൽ നാളെ രാവിലെ അച്ഛന്റെ അടുക്കൽചെന്നു വേളി കഴിക്കാൻ സമ്മതമാണെന്നു പറയണം. അച്ഛൻ പറഞ്ഞതിനെ കേൾക്കാതിരിക്കുന്നതു ശരിയല്ല" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ മഹൻ നമ്പുരിപ്പാട്ടിലേക്കു വളരെ സന്തോ‌ഷമായി. പിന്നെ അവർ രണ്ടുപേരുംകൂടി രാത്രിയെ സുഖമായി നയിച്ചു. വെളുപ്പാൻ കാലമായപ്പോൾ യക്ഷി പോയി. മഹൻനമ്പൂതിരിപ്പാട് രാവിലെ എണീറ്റ് അച്ഛന്റെ അടുക്കൽ ചെന്നു വേളികഴിച്ചുകൊള്ളാമെന്നു സമ്മതിച്ചു പറയുകയും അച്ഛൻ നമ്പൂതിപ്പാട് അതു കേട്ടു സന്തോ‌ഷിക്കുകയും താമസിയാതെ ഒരു മൂഹൂർത്തത്തിൽ മഹന്റെ വേളിയും കുടിവെപ്പും കേമമായും ഭംഗിയായും നടത്തിക്കുകയും ചെയ്തു. വേളി കഴിച്ചതിന്റെ ശേ‌ഷം മഹൻ നമ്പൂതിരിപ്പാട് യക്ഷി പറഞ്ഞിട്ടുള്ളതുപോലെ ഒന്നരാടൻ ദിവസം അന്തൻജനത്തിന്റെ അടുക്കലും ഒന്നരാടൻ വേറെയും കിടന്നുകൊണ്ടിരിക്കുകയും ദിവസ മുറയ്ക്കു യക്ഷി അദ്ദേഹത്തിന്റെ അടുക്കൽ ചെന്നുകൊണ്ടിരിക്കുകയും ചെയ്തു.
അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ അന്തർജനം ഗർഭം ധരിക്കുകയും പത്തുമാസവും തികഞ്ഞ് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. മഹൻനമ്പൂരിപ്പാടു പുത്രന്റെ ജാതകർമ്മം, നാമകരണം, അന്ന പ്രാശനം മുതലായവ അച്ഛന്റെ സഹായത്തോടും ആജ്ഞപ്രകാരവും യഥാ കാലം വേണ്ടതുപോലെ നടത്തി. അപ്പോഴേക്കും അച്ഛൻനമ്പൂരിപ്പാട് അദ്ദേഹത്തിന്റെ ആഗ്രഹംപോലെത്തന്നെ പത്രമുഖം കണ്ടു സന്തോ‌ഷിച്ചുകൊണ്ടു ചരമഗതിയെ പ്രാപിച്ചു. പിന്നെ മഹൻനമ്പൂതിരിപ്പാട് അച്ഛന്റെ പിണ്ഡം, സംവൽസരദീക്ഷ, പന്ത്രാണ്ടാം മാസം മുതലായവ യഥാശക്തി കഴിച്ചുകൂട്ടി.
അപ്പോഴേക്കും മഹനെ ഉപനയിക്കാനുള്ള കാലമായി. പിന്നെ അതിനു മുഹൂർത്തം നിശ്ചയിക്കുകയും ക്രിയാദികൾക്കും മറ്റും വേണ്ടുന്ന ആളുകളെ ഒക്കെ ക്ഷണിക്കുകയും സാമാനങ്ങളെല്ലാം വട്ടംകൂട്ടുകയും ചെയ്തു. ഉപനയനത്തിന്റെ തലേദിവസം രാത്രി യക്ഷിയുടെ മുറയായിരുന്നതിനാൽ യക്ഷി പതിവുപോലെ നമ്പൂരിപ്പാട്ടിലെ അടുക്കലെത്തി. അപ്പോൾ നമ്പൂരിപ്പാടു പ്രസംഗവശാൽ "നാളെ കാലത്തു കുംഭരാശി മുഹൂർത്തത്തത്തിന് ഉണ്ണിയുടെ ഉപനയനം കഴിച്ചാൽ കൊള്ളാമെന്നു വിചാരമുണ്ട്" എന്നു പറഞ്ഞു. അപ്പോൾ യക്ഷി, "എന്നാൽ എനിക്ക് ഒരാഗ്രഹമുണ്ട്. അത് അവിടുന്നു സാധിപ്പിച്ചുതരണം. അവിടുത്തെ പ്രധാനഭാര്യ അഗ്നിസാക്ഷികമായി വിവാഹം ചെയ്യപ്പെട്ട് ആ അന്തർജനമാണെങ്കിലും ആദ്യഭാര്യ ഞാനാണല്ലോ. അതിനാൽ അവിടുത്തെ പുത്രനായ ആ ഉണ്ണിക്കു ഞാൻ വലിയമ്മയാണ്. അതുകൊണ്ട് നാളെ ഉപനയനസമയത്ത് ഉണ്ണി ക്രിയാംഗമായി ഭിക്ഷ യാചിക്കുമ്പോൾ ആദ്യം ഭിക്ഷ കൊടുക്കാൻ ഞാനായാൽ കൊള്ളാമെന്ന് എനിക്കു വളരെ ആഗ്രഹമുണ്ട്. അത് അവിടുന്ന അനുവദിക്കുകയും എന്നെക്കൊണ്ടു നടത്തിക്കുകയും വേണം. സമയമാകുമ്പോൾ ഞാൻ ഒരന്തർജനത്തിന്റെ വേ‌ഷത്തിൽ ഇവിടെ വന്നുകൊള്ളാം" എന്നു പറഞ്ഞു. ഉടനെ നമ്പൂരിപ്പാട്, "അതിനെന്തു വിരോധമാണ്? എനിക്കതു വളരെ സന്തോ‌ഷമാണ്. സമയമാകുമ്പോൾ ഇവിടെ വന്നോളു. കാര്യം ഞാൻ നടത്തിച്ചുകൊള്ളാം." എന്നു സമ്മതിച്ചു പറയുകയും ചെയ്തു.
ക്രിയയ്ക്കു വേണ്ടുന്ന ആളുകളും ഓതിക്കോനും ചാർച്ചക്കാര്യം വേഴ്ചക്കാരും മറ്റുമായിട്ടുള്ള വേറെ അനേകം ബ്രാഹ്മണശ്രേഷ്ഠന്മാരും അന്തർജനങ്ങളും കിടാങ്ങളുമൊക്കെ തലേദിവസംതന്നെ എത്തീട്ടുണ്ടായിരുന്നു. പിറ്റേദിവസം നേരം വെളുത്തപ്പോഴേക്കും എല്ലാവരും കുളിച്ചു തറ്റുടുത്തു ഹാജരായി. ഉടനെ ക്രിയകൾ ആരംഭിക്കുകയും ചെയ്തു. ഭിക്ഷ കൊടുക്കാനുള്ള സമയമായപ്പോഴേക്കും മറക്കുടയും പുതപ്പും ധരിച്ച് അന്തർജനത്തിന്റെ വേ‌ഷമായി കുറെ അരിയും ഒരു പാത്രത്തിലെടുത്തു കൊണ്ട് യക്ഷിയും ആ സ്ഥലത്തെത്തി. യക്ഷി ചെന്നു യാതൊരു ശങ്കയുംകൂടാതെ അന്തർജനങ്ങളുടെ കൂട്ടത്തിൽ കേറി നിലയായി. അന്തർജനവേ‌ഷധാരിണിയായ യക്ഷിയെ കണ്ടപ്പോൾതന്നെ നമ്പൂരിപ്പാട്ടിലേക്ക് ആളെ മനസ്സിലായി. എങ്കിലും ശേ‌ഷമുള്ള ബ്രാഹ്മണരുടേയും അന്തർജനങ്ങളുടേയും ഇടയിൽ "ഈ അന്തർജനം ഏതാണ്, എവിടുത്തേതാണ്, എന്തിനാണ് വന്നത്?" എന്നും മറ്റും അപ്പോൾ സംസാരം തുടങ്ങി. "ഏതായാലും തൊടരുത്" എന്നു പറഞ്ഞു ശേ‌ഷമുള്ള അന്തർജനങ്ങളെല്ലാം മാറിനിന്നു.
ഭിക്ഷ യാചിക്കുക എന്നുള്ള ക്രിയയായപ്പോൾ നമ്പൂരിപ്പാട് ഓതിക്കോനോട് "ഇപ്പോൾ വിശേ‌ഷാൽ വന്നിരിക്കുന്ന ആ അന്തർജനത്തിന്റെ അടുക്കൽ വേണം ഭിക്ഷ യാചിക്കാൻ. ആദ്യം ഭിക്ഷയിടാനും ആ അന്തർജനം വേണം. ഉണ്ണിയുടെ അമ്മ രണ്ടാമതു ഭിക്ഷയിട്ടുകൊള്ളട്ടെ. അതു മതി" എന്നു പറഞ്ഞു.
ഓതിക്കോൻ: "അതു വിഹിതമല്ല. ഉണ്ണിയുടെ അമ്മയാണ് ആദ്യം ഭിക്ഷയിടേണ്ടത്. അതു കഴിഞ്ഞല്ലാതെ മറ്റാർക്കും ഭിക്ഷയിടാൻ പാടില്ല."
നമ്പൂരിപ്പാട്: "ഇപ്പോൾ വന്നിരിക്കുന്നത് ഉണ്ണിയുടെ വലിയമ്മയാണ്. ഞാൻ ആദ്യം വേളി കഴിച്ചത് ഈ അന്തർജനത്തെയാണ്. അതിനാൽ ഈ അന്തർജനം വേണം ആദ്യം ഭിക്ഷയിടാൻ."
ഇതു കേട്ടപ്പോൾ നമ്പൂരിപ്പാട്ടിലെ ചാർച്ചക്കാരായും സ്വജനങ്ങളായും മറ്റും അവിടെ വന്നുകൂടിയിരുന്ന നമ്പൂരിമാരും അന്തർജനങ്ങളും ഓതിക്കോനും എല്ലാവരും "അങ്ങ് ഈ ഉണ്ണിയുടെ അമ്മയെ വേളി കഴിക്കുന്നതിനു മുമ്പ് ഒന്നുകൂടി വേളി കഴിച്ചിട്ടുണ്ടെങ്കിൽ അതു ഞങ്ങളാരും അറിയാതിരിക്കുമോ? അങ്ങ് ഈ പറഞ്ഞതു ശുദ്ധമേ ഭോ‌ഷ്കാണ്. അല്ലെങ്കിൽ പറയു, കേൾക്കട്ടെ; ഈ അന്തർജനം എവിടുത്തെ, ആരുടെ മകളാണ്?" എന്നും മറ്റും ചില ചോദ്യങ്ങളും വഴക്കുകളും തർക്കങ്ങളും കലശലായി. ഈ വന്നിരിക്കുന്നതു തന്റെ സഹപത്നിയാണെന്നും തന്നെക്കൊണ്ട് ആദ്യം ഭിക്ഷയിടുവിക്കുകയില്ലെന്നും അറിഞ്ഞപ്പോൾ ആ ഉണ്ണിയുടെ അമ്മയായ അന്തർജനത്തിനു കോപവും മനസ്താപവും ദുസ്സഹമായിത്തീരുകയാൽ ആ അന്തർജനം, "എനിക്ക് കാൺമാൻ കൊതിച്ച് ആദ്യമുണ്ടായ ഈ ഉണ്ണിക്ക് ആദ്യമെന്നല്ല, ഒരിക്കലും ഈ തെണ്ടിക്കേറിവന്ന വരത്തയെക്കൊണ്ടു ഭിക്ഷയിടീക്കാൻ ഞാൻ സമ്മതിക്കില്ല. എന്റെ ഉണ്ണിക്ക് ഞാൻ ഭിക്ഷയിട്ടാൽ മതി. ഈ പിശാച് വല്യമ്മ ചമഞ്ഞ് ഇപ്പോൾ എവിടുന്നാണ് കേറിവന്നത്? എന്റെ ഉണ്ണിക്ക് ഇവൾ ഭിക്ഷയിടുകയാണെങ്കിൽ ഇവളുടെ മുഖത്തു ഞാൻ ചൂലെടുത്തടിക്കും" എന്നും മറ്റും ശകാരവും വഴക്കും പൊടിപൊടിച്ചു തുടങ്ങി. എല്ലാവരും ഇങ്ങനെ തനിക്കു വിരോധമായി പറഞ്ഞുതുടങ്ങുകയാൽ നമ്പൂരിപ്പാട് ഒന്നും പറയാൻ ശക്തനല്ലാതെ അങ്ങനെ വല്ലാതെ അന്ധനായിത്തീർന്നു. അപ്പോൾ യക്ഷി, "ഞാൻ ഉണ്ണിക്കു ഭിക്ഷയിടാനാണ് വന്നത്. ഉണ്ണിയുടെ അച്ഛന് അതു സമ്മതവുമാണ്. അതിനാൽ നിങ്ങളൊക്കെ എന്തെല്ലാം പറഞ്ഞാലും ഭിക്ഷയിടാതെ ഞാൻ പോവുകയില്ല, നിശ്ചയംതന്നെ" എന്നു പറഞ്ഞു. ഉടനെ അന്തർജനം, "നിനക്ക് അത്ര നിശ്ചയവും മിടുക്കുമുണ്ടോ? എന്നാലതുതന്നെ ഒന്നറിയണം. നിന്നെ ഇവിടെനിന്നു പുറത്തിറക്കിയല്ലാതെ ഇവിടെ ഇനി ഉപനയനത്തിന്റെ ക്രിയ യാതൊന്നും പാടില്ല. ഞാനാണ് പറഞ്ഞത്. ഭിക്ഷയാചിക്കാനും ഭിക്ഷയിടാനും ഇവളെ ഇവിടെനിന്ന് ഇറക്കി വിട്ടിട്ടു വേണം. വരുവിൻ, ആത്തേമ്മാരുകളെല്ലാരും വരുവിൻ! നമുക്കിവളെപ്പിടിച്ച് ഇവിടെ നിന്നു പുറത്താക്കാം. പിന്നെ നമ്പൂരിമാരും വാലിയക്കാരുംകൂടി ഇവളെ പടിക്കു പുറത്താക്കി അയച്ചോളും" എന്നു പറഞ്ഞു ശേ‌ഷമുള്ള അന്തർജനങ്ങളുടെ സഹായത്തോടുകൂടി യക്ഷിയെ പിടിച്ച് ആ അകത്തുനിന്നു പുറത്താക്കി. നമ്പൂരിപ്പാട് "അയ്യോ! സാഹസം പ്രവർത്തിക്കരുത്" എന്നു പറഞ്ഞു നിലവിളച്ചുകൊണ്ട് പിന്നാലെചെന്നു. പടിക്കു പുറത്ത് കൊണ്ടുപോയി തള്ളിയെ ഉടനെ ലജ്ജയും കോപവും സഹിക്കാൻ പാടില്ലാതെ യക്ഷി സ്വന്തമായ രൂപത്തെത്തന്നെ സ്വീകരിച്ച് അവിടെ നിന്നുകൊണ്ട് നമ്പൂരിപ്പാടിനോടായിട്ട്, "അവിടുന്ന് ഒട്ടും വ്യസനിക്കരുത്. ഇതൊന്നും അവിടുത്തെ ദോ‌ഷംകൊണ്ടല്ലെന്ന് എനിക്കറിയാം. എനിക്ക് അവിടുത്തേപ്പേരിൽ ലേശംപോലും പരിഭവവുമില്ല. എങ്കിലും ഈ സ്ഥലത്തും ഈ അടിയന്തരത്തിങ്കലുംവെച്ച് എന്നെ ഇപ്രകാരം അവമാനിച്ചതിനാൽ ഇനി മൂന്നു തലമുറ കഴിഞ്ഞാൽപിന്നെ ഈ തറവാട്ടിൽ ഉണ്ണിയുണ്ടായിട്ട് ഉപനയനം കഴിക്കാൻ സംഗതിയാവുകയില്ല, നിശ്ചയംതന്നെ. എന്നാൽ, ഇപ്പോൾ ഒരു വ്യാഴവട്ടത്തിലധികം കാലമായി എന്റെ സാന്നിധ്യം ഈ സ്ഥലത്ത് ഉണ്ടായിട്ടുള്ളതിന്റെ ഫലമാഹാത്മ്യം ഹേതുവായിട്ട് ഒടുവിൽ രണ്ടു തലമുറയ്ക്കുണ്ടാകുന്ന രണ്ടു പുരു‌ഷന്മാർ സരസ്വതീപ്രസാദംകൊണ്ട് വിശ്വവിശ്രുതന്മാരായിത്തീരുകയും ചെയ്യും. ഇത്രയും കാലം മനു‌ഷ്യസഹവാസത്തോടുകൂടി ഞാൻ ഭൂലോകത്തിൽത്തന്നെ താമസിച്ചു പോയതുകൊണ്ട് ഇനി ഞാൻ ഞങ്ങളുടെ ലോകത്തിൽ ചെന്നാൽ എന്നെ അവിടെ യഥാപൂർവം സ്വീകരിക്കുമെന്നു തോന്നുന്നില്ല. എന്നുമാത്രമല്ല, ഈ അവമാനം അനുഭവിച്ചിട്ട് ഇനി ജീവിച്ചിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. അവിടുന്ന് എന്നെക്കുറിച്ച് വിചാരിച്ച് വ്യസനിക്കരുത്. അകത്ത് പോയി ഉപനയനത്തിന്റെ ശേ‌ഷം ക്രിയകൾകൂടി നടത്തി, ഇനിയും വളരെക്കാലം ഭാര്യാപുത്രാദികളോടുകൂടി സുഖമായി ജീവിച്ചിരുന്നാലും. ഞാൻ ഇതാ യോഗാഗ്നിയിൽ എന്റെ ദേഹത്തെ ഭസ്മീകരിക്കുന്നു" എന്നു പറയുകയും ഉടനെ ആ യക്ഷി എല്ലാവർക്കും അദൃ ഷ്ടയായി ഭവിക്കുകയും ഒരു തേജസ്സു മേൽപ്പോട്ടുയർന്നു മേഘമണ്ഡലത്തിൽ കേറി മറയുന്നത് എല്ലാവരാലും കാണപ്പെടുകയും ചെയ്തു. യക്ഷിയുടെ ഈ വാക്കു കേൾക്കുകയും ഈ അത്ഭുതം കാണുകയും ചെയ്തപ്പോൾ തങ്ങൾ പ്രവർത്തിച്ചതു സാഹസവും അവിവേകവുമായി എന്ന് എല്ലാവർക്കും തോന്നി എങ്കിലും "അതീത കാര്യാനുശയേന കിം സ്യാത്".
വെൺമണിനമ്പൂരിപ്പാടന്മാരുടെ സാക്ഷാൽ തറവാട് ഇപ്പോൾ പുരു‌ഷന്മാരില്ലാതെ ശൂന്യപ്രായമായിരിക്കുന്നത് ആ യക്ഷിയുടെ ശാപം കൊണ്ടും ഒടുവിലത്തെ തലമുറക്കാരും കൊല്ലം 1066-ആമാണ്ടു വൃശ്ചികമാസത്തിലും 1068-ആമാണ്ടു മകര മാസത്തിലുമായി ദേഹവിയോഗം ചെയ്തവരുമായ വെൺമണി അച്ഛൻനമ്പൂരിപ്പാടും മഹൻ നമ്പൂരിപ്പാടു വിശ്വവിശ്രുതന്മാരായിത്തീർന്നത് ആ യക്ഷിയുടെ അനുഗ്രഹമാഹത്മ്യം കൊണ്ടു മാത്രമാണെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഇപ്പോൾ‍ ഉള്ള വെൺമണിനമ്പൂരിപ്പാടന്മാർ പണ്ടേതന്നെ ഈ കുടുംബത്തിൽനിന്നു പിരിഞ്ഞുപോയിട്ടുള്ള ഒരു അച്ഛൻ നമ്പൂരിപ്പാട്ടിലെ ശാഖയിലുണ്ടായിട്ടുള്ളവരാണ്.

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes