ഈ ബ്ലോഗ് തിരയൂ

Contents

2011, ജൂൺ 14

കോട്ടയത്തുരാജാവ്

കോട്ടയത്തുരാജകുടുംബം ബ്രിട്ടീ‌ഷുമലബാറിന്റെ വടക്കേ അറ്റത്തുള്ള താലൂക്കുകളില്‍ ഒന്നായ കോട്ടയം താലൂക്കിലാകുന്നു. ഈ കുടുംബത്തിലുള്ള സ്ത്രീപുരു‌ഷന്മാര്‍ യഥാകാലം വിദ്യാഭ്യാസം ചെയ്തുകൊണ്ടിരുന്നതിനാല്‍ മുന്‍കാലങ്ങളില്‍ അവിടെ വിദ്വാന്മാരല്ലാതെ ഉണ്ടായിരിക്ക പതിവില്ല. എങ്കിലും ഒരുകാലത്ത് ആ രാജകുടുംബത്തില്‍ കേവലം മന്ദബുദ്ധിയായ ഒരു രാജകുമാരന്‍ അഭൂതപൂര്‍വമായിസംഭവിക്കുന്നതിനിടയായി. അദ്ദേഹത്തിന്റെ ചരിത്രത്തെക്കുറിച്ചാണ് കുറഞ്ഞൊന്ന് ഇവിടെ പ്രസ്താവിക്കാന്‍ പോകുന്നത്.
അക്കാലത്ത് ആ രാജകുടുംബത്തില്‍ രാജാധിപത്യം ഉണ്ടായിരുന്നതിനാലും വേറെ പുരു‌ഷന്മാര്‍ അവിടെ ഇദ്ദേഹത്തെക്കാള്‍ മൂത്തവരായി ഇല്ലാതെയിരുന്നതുകൊണ്ടും ഈ രാജകുമാരനെ ബാല്യകാലത്തില്‍ സാധാരണയായി അധികം താല്പര്യത്തോടുകൂടി വിദ്യാഭ്യാസം ചെയ്യിച്ചു എങ്കിലും തന്നിമിത്തം യാതൊരു ഫലവുമുണ്ടായില്ല. രാജ്യഭാരം വഹിക്കേണ്ട ചുമതലക്കാരനായ നമ്മുടെ കഥാനായകന്‍ കേവലം മൃതപ്രായമായിത്തന്നെ വളര്‍ന്നുവന്നു. അത്യന്തം വിദു‌ഷിയായ ഒരു രാജ്ഞിയുടെ പുത്രനും ആ മാതാവിനാല്‍ യഥോചിതം വളര്‍ത്തപ്പെട്ടയാളും സകലശാസ്ത്രപാരംഗതന്മാരായ പണ്ഡിതവര്യന്മാരാല്‍ യഥാകാലം അതിശ്രദ്ധയോടുകൂടി ശിക്ഷിക്കപ്പെട്ടയാളുമായ ഈ രാജകുമാരന്‍, മന്ദബുദ്ധികളെ എത്രതന്നെ ജാഗ്രതയോടുകൂടി വിദ്യാഭ്യാസം ചെയ്യിച്ചാലും യാതൊരു പ്രയോജനവും ഉണ്ടാകുന്നതല്ലെന്നുള്ളതിലേയ്ക്ക് നല്ലൊരു ദൃഷ്ടാന്തമായിരുന്നു
താങ്കള്‍ക്ക് കഥകള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ വശങ്ങളില്‍ കാണുന്ന പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ കഥകള്‍ ഷെയര്‍ ചെയ്യാന്‍ അതെന്നെ സഹായിക്കും.
ഈ രാജകുമാരന് ഏകദേശം പതിനാറു വയസ്സു പ്രായമായ സമയം അയല്‍രാജ്യാധിപനായ അന്നത്തെ കോഴിക്കോട്ട് സാമൂതിരിപ്പാടുതമ്പുരാന്‍ തീപ്പെട്ടു. ഈ രണ്ടു രാജകുടുംബാംഗങ്ങളും തമ്മില്‍ മുമ്പിനാലെ വളരെ ബന്ധുത്വത്തോടുകൂടിയ സ്ഥിതിയാകയാല്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍ അടിയന്തിരം അന്വേ‌ഷിക്കാനായി പരസ്പരം പോവുക പതിവുണ്ട്. അങ്ങനെ പോവുകയോ വരികയോ ചെയ്താല്‍ രണ്ടു സ്ഥലത്തുള്ള രാജാക്കന്മാരും നല്ല വ്യുത്പന്നന്മാരായിരിക്കുന്നതിനാല്‍ അവരുടെ പരസ്പരസംഭാ‌ഷണം ഗീര്‍വാണഭാ‌ഷയിലാണ് പതിവ്. അതിനാല്‍ സാമൂതിരിപ്പാടുതമ്പുരാന്‍ തീപ്പെട്ടുപോയി എന്നുള്ള വര്‍ത്തമാനം കേട്ടപ്പോഴേക്കും ഈ രാജകുമാരന്റെ അമ്മയായ രാജ്ഞിക്ക് അപരിമിതമായ മനസ്താപം സംഭവിച്ചു. സാമൂതിരിപ്പാട് തീപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് അടിയന്തിരം അന്വേ‌ഷിക്കുന്നതിന് കീഴ്മര്യാദപ്രകാരം ഒരാള്‍ പോകാതെയിരുന്നാല്‍ അത് ലൗകികത്തിനും വേഴ്ചയുടെ സ്ഥിതിക്കും വളരെ പോരാത്തതാണ്. പോവുകയെന്നുവെച്ചാല്‍ ഏകദേശം പുരു‌ഷപ്രായം തികഞ്ഞിട്ട് ഈ മൂടന്മാഗ്രസരനായ കുമാരനല്ലാതെ ആരുമില്ലതാനും. ഇയ്യാള്‍ അവിടെ ചെന്നാല്‍ വല്ലതുമൊരു വാക്ക് ഗീര്‍വാണത്തില്‍ സംസാരിക്കണമെങ്കില്‍ അറിഞ്ഞുകൂടാ. അവര്‍ വല്ലതും പറഞ്ഞെങ്കില്‍ അതു മനസ്സിലാവുകയുമില്ല. ഈശ്വരാ! ഞാന്‍എന്താണു വേണ്ടത്? വലിയ കഷ്ടമായിത്തീര്‍ന്നുവല്ലോ എന്നിങ്ങനെ വിചാരിച്ചു രാജ്ഞി വ്യസനിച്ചു. ഒടുക്കം ഒരു വാക്ക് ചോദിച്ചാല്‍ മതിയെന്നും പിന്നെ വേണ്ടുന്നതൊക്കെ പറയുന്നതിനു നല്ല വിദ്വാന്മാരായ ചില ആളുകളെ കൂടെ അയയ്ക്കാമെന്നും രാജകുമാരന്‍ ഗാംഭീര്യം നടിച്ചിരുന്നുകൊള്ളട്ടെ എന്നും മറ്റും തീര്‍ച്ചപ്പെടുത്തി. അപ്പോള്‍ തന്റെ പുത്രനെ അടുക്കല്‍ ഇരുത്തി കോഴിക്കോട്ടു ചെന്നാല്‍ ചോദിക്കേണ്ടതായ "മയാ കിം കര്‍ത്തവ്യം" എന്ന ഒരു വാക്യം ഉരുവിടുവിച്ചുതുടങ്ങി. അങ്ങനെ മൂന്ന് അഹോരാത്രം ഉരുവിട്ടപ്പോഴേക്കും അതു രാജകുമാരന് ഒരു വിധം പാഠമായി. പിന്നെയും അധികം താമസിച്ചാല്‍ പുല കഴിയുന്നതിനു മുമ്പായി അവിടെ ചെന്നു കാണുന്നതിനു ദിവസം മതിയാകാതെ ഇരുന്നതിനാല്‍ അവിടെ എത്തുന്നതുവരെ ഈ വാക്യം ഉരുവിട്ടു കൊള്ളുന്നതിന് തന്റെ പുത്രനോടും ശേ‌ഷം വേണ്ടുന്ന കാര്യങ്ങളെല്ലാം മറ്റു ചുല വിദ്വാന്മാരോടും പറഞ്ഞുറപ്പിച്ച് രാജ്ഞി യാത്ര അയയ്ക്കുകയും ചെയ്തു.

പരിവാരസമേതം രാജകുമാരനെയും കൊണ്ട് അതിവിദ്വാന്മാരായ ചില യോഗ്യന്മാര്‍ പുറപ്പെട്ടു. കോഴിക്കോട്ടെത്തുന്നതുവരെ ഇവര്‍ ഈ വാക്യം ഇടവിടാതെ പറഞ്ഞുകൊടുക്കുകയും രാജകുമാരന്‍ ഉരുവിടുകയും ചെയ്തു. അവിടെ എത്തിയ ഉടന്‍ തന്നെ സാമൂതിരിസ്ഥാനം ഏറ്റു നാടുവാഴാനിരിക്കുന്ന ആളായ ഇളംകൂറു രാജാവ് വന്ന് യഥോചിതം എതിരേറ്റുകൊണ്ടുപോയി സല്‍ക്കരിച്ചിരുത്തി. ഉടനെ രാജകുമാരന്‍ തന്റെ അമ്മ ഉപദേശിച്ചിരുന്നതും താന്‍ അതുവരെ ഉരുവിട്ടുകൊണ്ടിരുന്നതുമായ ആ വാക്യം പോലും ശരിയായി പറയാന്‍ കഴിയാതെ "മയ കിം കര്‍ത്തവ്യം" എന്നു ചോദിച്ചു. രാജകുമാരന്‍ മയാ എന്നുള്ളതിന്റെ ദീര്‍ഘം കൂടാതെ അബദ്ധമായി പറഞ്ഞതുകൊണ്ട് ഇദ്ദേഹം ഒരു മൂടന്മനാണെന്നും മയാ (എന്നാല്‍) കിം (എന്ത്) കര്‍ത്തവ്യം (ചെയപ്പെടേണ്ടത്) എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യത്തിന്റെ താല്പര്യമെന്നും മനസ്സിലാവുകയാല്‍ കോഴിക്കോട്ട് രാജാവ് പരിഹാസമായിട്ട് "ദീര്‍ഘോച്ചാരണം കര്‍ത്തവ്യം" എന്നു മറുപടി പറഞ്ഞു. ബന്ധുക്കളായിട്ടുള്ളവര്‍ അടിയന്തിരം അന്വേ‌ഷിക്കാനായി ചെല്ലുന്ന സമയം "ഞാനിപ്പോള്‍ ഇവിടെ എന്തു സഹായമാണ് ചെയ്യേണ്ടത്? ആവശ്യമുള്ളതിനെ പറഞ്ഞാല്‍ എന്തും ചെയ്യാന്‍ തയ്യാറാണ്" എന്നു വേണമല്ലോ പറയാന്‍ എന്നു വിചാരിച്ചാണ് രാജ്ഞി ആ അര്‍ത്ഥം വരത്തക്കതായ ഈ ചെറിയ വാക്യം പഠിപ്പിച്ചുവിട്ടത്. പക്ഷേ, അതിങ്ങനെ പരിണമിച്ചു.

കോഴിക്കോട്ടുരാജാവിന്റെ പരിഹാസവചനം കേട്ട് കൂടെയുണ്ടാ യിരുന്ന വിദ്വാന്മാര്‍ വളരെ ലജ്ജിച്ച് രാജകുമാരനെയും കൂട്ടിക്കൊണ്ടു തിരിച്ചുപോന്നു കോട്ടയത്തെത്തി വിവരം രാജ്ഞിയെ അറിയിച്ചു. ഇതുകേട്ടപ്പോള്‍ രാജ്ഞിക്കുണ്ടായ വ്യസനവും ലജ്ജയും ഇത്രമാത്രമാണെന്നു പറയേണ്ടതില്ലല്ലോ. ഞാനെന്താണ് ചെയ്യേണ്ടതെന്നു ചോദിച്ചതിന് താന്‍ ദീര്‍ഘംകൂട്ടി ഉച്ചരിച്ചാല്‍ മതി എന്നുള്ള ആ മറുപടി എത്രയോ ഹാസ്യസൂചകമായിരിക്കുന്നു. ഇതിലധികം അവമാനം ഇനി ഈ വംശത്തിലുള്ളവര്‍ക്ക് സിദ്ധിച്ചിട്ടില്ല. ഇപ്പോള്‍ ഈ കുമാരന്‍ നിമിത്തമാണല്ലോ ഇതിനു സംഗതിയായത്. ഇങ്ങനെയുള്ള പുത്രന്‍ ഉണ്ടായിരുന്നിട്ടു യാതൊരു പ്രയോജനവുമില്ല എന്നിങ്ങനെ വിചാചിച്ച് വ്യസനാകുലയായ രാജ്ഞി തന്റെ പുത്രനെ പിടിച്ചുകെട്ടി കുമാരധാരയില്‍ കൊണ്ടുപോയി ഇടുന്നതിന് ഉടനെ രാജഭടന്മാര്‍ക്കു കല്പന കൊടുത്തു. അവര്‍ തല്‍ക്ഷണം അപ്രകാരം ചെയ്കയും ചെയ്തു.
കുമാരധാര എന്നു പറയുന്നത് കോട്ടയത്തു തന്നെയുള്ള ഒരു അരുവിയുടെ വെള്ളച്ചാട്ടമുള്ള പുണ്യസ്ഥലത്തിന്റെ പേരാണ്. അവിടെ ഒരു മലയുടെ മുകളില്‍ നിന്നും തുമ്പിക്കെവണ്ണത്തില്‍ സദാ, യാതൊരു പ്രതിബന്ധവും കൂടാതെ, ഒരു വെള്ളച്ചാട്ടമുണ്ട്. അതിന്റെ ഉദ്ഭവസ്ഥാനത്തുനിന്ന് ഉദ്ദേശം പതിറ്റാള്‍ താഴ്ചയിലാണ് അത് ചെന്നു വീഴുന്നത്. അവിടെ മാത്രനേരം കിടന്നാല്‍ ഏതു പ്രാണിയും മരംപോലെ ആയിപ്പോകും. നേരത്തോടു നേരം അവിടെ കിടന്നിട്ട് മരിക്കാതെ ജീവിച്ചു കേറുന്നതിന് സംഗതിയായാല്‍ എത്ര മൂടന്മനായ മനു‌ഷ്യനും അതിവിദ്വാനും ഒരു നല്ല കവിയുമായിത്തീരും. അങ്ങനെയാണ് ആ സ്ഥലത്തിന്റെ മാഹാത്മ്യം. പക്ഷേ, നാഴിക തികചു കിടന്നാല്‍ ഏതൊരുത്തനായാലും മരിച്ചുപോകുമെന്നുള്ളതും തീര്‍ച്ചയാണ്.
നമ്മുടെ കഥാനായകനായ രാജകുമാരനെ കുമാരധാരയില്‍ കെട്ടിയിട്ടതിന്റെ പിറ്റേദിവസം ആ സമയത്തു ചെന്നെടുത്തു നോക്കിയപ്പോള്‍ അദ്ദേഹം ദേഹം ആസകലം മരവിച്ചു മിണ്ടാന്‍പോലും വഹിയാതെ നിശ്ചഷ്ടേനായിരുന്നു എങ്കിലും ശ്വാസം പോയിട്ടില്ലെന്ന് അറികയാല്‍ രാജഭടന്മാര്‍ എടുത്തു തല്‍ക്ഷണം രാജ്ഞിയുടെ അടുക്കല്‍ കൊണ്ടുചെന്നു. ഉടനെ രാജ്ഞിയുടെ കല്പനപ്രകാരം അദ്ദേഹത്തിന്റെ തണുപ്പുമാറ്റുന്നതിനു തക്കതായ പ്രതിവിധികള്‍ ചെയ്തുതുടങ്ങി, എന്തിനു വളരെ പറയുന്നു. കുറച്ചു സമയം തികഞ്ഞപ്പോഴേക്കും രാജകുമാരനു പൂര്‍ണ്ണമായും സുഖം സിദ്ധിച്ചു. അതോടുകൂടി ബുദ്ധിയുടെ മാന്ദ്യവും തീര്‍ന്നു. അക്ഷരജ്ഞാനംപോലും ഇല്ലാത്ത അദ്ദേഹത്തിനു ബോധം വീണ് നാക്കെടുത്തു സംസാരിക്കാറായപ്പോള്‍ അദ്ദേഹത്തിന്റെ വചനനദികള്‍ അമൃതിനെ അതിശയിപ്പിക്കുന്ന മാധുര്യത്തോടുകൂടി കവിതാരൂപേണ പ്രവഹിച്ചുതുടങ്ങി. അപ്പോള്‍ മാതാവായ രാജ്ഞിക്കും മറ്റുള്ള സകലജനങ്ങള്‍ക്കും ഉണ്ടായ സന്തോ‌ഷവും അത്ഭുതവും ഒക്കെ എന്തു പറയുന്നു!
പിന്നെ അതിയോഗ്യനായ ഒരു ശാസ്ത്രികള്‍ ആ രാജകുമാരനെ യഥാക്രമം വിദ്യാഭ്യാസം ചെയ്യിക്കുകയും കുറഞ്ഞൊരു കാലംകൊണ്ട് അദ്ദേഹം സകലശാസ്ത്ര പാരദൃശ്വാവും ഒരു പ്രസിദ്ധ കവിയുമായി ത്തീരുകയും ചെയ്തു. ഇദ്ദേഹമാണ് കോട്ടയം കഥകള്‍ എന്നു പ്രസിദ്ധായ നാലാട്ടക്കഥകളുടെ നിര്‍മ്മാതാവ്.
മന്ദോത്കണ്ഠാഃ കൃതാസ്തേന ഗുണാധികതയാ ഗുര
ഫലേന സഹകാരസ്യ പു‌ഷ്പോദ്ഗമ ഇവ പ്രജാഃ
എന്നു പറഞ്ഞതുപോലെ കോട്ടയത്തു രാജകുടുംബത്തില്‍ അതിനുമുമ്പ് ഉണ്ടായിരുന്ന രാജാക്കന്‍മാരെയെല്ലാരെയുംകാള്‍ കീര്‍ത്തി യോടും പ്രതാപത്തോടുംകൂടി വേണ്ടുംവണ്ണം രാജ്യപരിപാലനവും ചെയ്ത് ഇദ്ദേഹം സുഖമാകുംവണ്ണം വസിച്ചു. ഈ കോട്ടയത്തു തമ്പുരാന്‍ ഒറ്റശ്ലോകങ്ങളായിട്ടും മറ്റും അനേകം കൃതികള്‍ ഉണ്ടാക്കീട്ടുണ്ടെങ്കിലും മേല്‍പ്പറഞ്ഞ നാലാട്ടക്കഥകളോളം പ്രസിദ്ധിയും പ്രചാരവും മറ്റൊന്നിനുമില്ല.
ഇദ്ദേഹം ഒന്നാമതുണ്ടാക്കിയ ആട്ടക്കഥ ബകവധമാണ്. ഇത് ഉണ്ടാക്കിത്തീര്‍ത്ത ഉടനെ ഗുരുനാഥനെ കാണിച്ചു. അപ്പോള്‍ അദ്ദേഹം മുഴുവന്‍ വായിച്ചു നോക്കീട്ട് "ഇതു സ്ത്രീകള്‍ക്കു കൈകൊട്ടിക്കളിക്ക് വളരെ നന്നായിരിക്കുന്നു" എന്നു പറഞ്ഞു. ഇതുകേട്ടപ്പോള്‍ തന്റെ കവിതയ്ക്കു ഗാംഭീര്യവും അര്‍ത്ഥപുഷ്ടിയും മതിയായില്ലെന്നാണ് ഗുരുനാഥന്റെ അഭിപ്രായമെന്നു തമ്പുരാനു മനസ്സിലായി. ഇനി അങ്ങനെ പോരാ എന്നു വിചാരിച്ച് പിന്നെ ഉണ്ടാക്കിയതാണ് "കിര്‍മ്മീരവധം". അതും തീര്‍ന്ന ഉടനെ ഗുരുനാഥനെ കാണിച്ചു. ഗുരുനാഥന്‍ അതു നോക്കീട്ട് ഇതു മുമ്പിലത്തെപ്പോലെയല്ല. ഒരു വ്യാഖ്യാനം കൂടെ വേണം. എന്നാല്‍ പഠിക്കുന്നവര്‍ക്ക് വ്യുത്പത്തിയുണ്ടാകാന്‍ നല്ലതാണ് എന്നു പറഞ്ഞു. ഈ വാക്കിന്റെ സാരം കാഠിന്യം അധികമായിപ്പോയി എന്നാണല്ലോ. അദ്യത്തേ തിനു പോരാതെയും പോയി. ഇതിന് അധികമായി. എന്നാല്‍ ഇനി ഇടമട്ടിലൊന്ന് ഉണ്ടാക്കിനോക്കാം എന്നു വിചാരിച്ച് മൂന്നാമത് അദ്ദേഹം ഉണ്ടാക്കിയതാണ് "കല്യാണസഗൗന്ധികം" ആട്ടകഥ. അതു ഗുരുനാഥന്‍ കണ്ടിട്ട് "കഥ ഇതായതുകൊണ്ട് കവി ഒരു സ്ത്രീജിതനാണെന്നു ജനങ്ങള്‍ പറയും" എന്നു പറഞ്ഞു. പാഞ്ചാലിയുടെ വാക്കു കേട്ടു ഭീമസേനന്‍ കല്യാണസഗൗന്ധികം കൊണ്ടുവരാന്‍ പോയ കഥയായതുകൊണ്ടാണല്ലോ ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ഇനി ഉര്‍വ്വശിയുടെ അപേക്ഷയെ അര്‍ജുനന്‍ നിരാകരിച്ച കഥ ആയിക്കളയാം എന്നു വിചാരിച്ചു തമ്പുരാന്‍ നാലാമത് "നിവാതകവചകാലകേയവധം" കഥയുണ്ടാക്കിക്കാണിച്ചു. അപ്പോള്‍ ഗുരുനാഥന്‍ "അത് ആട്ടക്കാര്‍ക്ക് ആടാന്‍ കൊള്ളാം. ആട്ടം കണ്ടു കൊണ്ടിരിക്കുമ്പോള്‍ മുറുക്കുള്ളവര്‍ക്കു മുറുക്കാനും മൂത്രമൊഴിക്കാന്‍ പോകേണ്ടവര്‍ക്ക് അതിനും സമയം വേണമല്ലോ എന്നു വിചാരിച്ചിട്ടായിരിക്കും വജ്രബാഹുവജ്രകേതുക്കളെക്കൂടെ സൃഷ്ടിച്ചത്" എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ഈ കവിത ഗുരുനാഥനെ നന്നേ ബോധിച്ചു എന്നു മനസ്സിലാകയാല്‍ തമ്പുരാനു വളരെ സന്തോ‌ഷമുണ്ടായി.
കല്യാണസഗൗന്ധികം ആട്ടകഥയില്‍ "പഞ്ചസായകനിലയേ" എന്നുള്ളത് അബദ്ധപ്രയോഗമാണെന്നു ഗുരുനാഥന്‍ പറയുകയും എന്നാല്‍ അത് അവിടുന്നു തന്നെ മാറ്റിതരണമെന്നു തമ്പുരാന്‍ അപേക്ഷിക്കുകയും ഗുരുനാഥന്‍ വളരെക്കാലം വിചാരിച്ചിട്ടും അത്രയും ഭംഗിയുള്ള ഒരു പദം അതിനു പകരം അവിടെ ചേര്‍ക്കാന്‍ കഴിയായ്കയാല്‍ ഒടുക്കം അതുതന്നെ മതിയെന്നു സമ്മതിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. പിന്നെ "ബകവധം" ആട്ടകഥയില്‍ "കാടേ ഗതി നമുക്ക്" എന്നുള്ള പ്രയോഗത്തില്‍ അറം വരികയാലാണ് ടിപ്പുസുല്‍ത്താനെ ഭയപ്പെട്ടു നാടുവിട്ടു കാടുകേറുന്നതിനും രാജ്യം കൈവിട്ടുപോകുന്നതിനും സംഗതി യായതെന്നും കേള്‍വിയുണ്ട്. ഇങ്ങനെ തമ്പുരാനെപ്പറ്റി അനേകം സംഗതികള്‍ പറയാനുണ്ട്. വിസ്തരഭയത്താല്‍ ചുരുക്കുന്നു.
പ്രസിദ്ധനായ കോട്ടയത്തു തമ്പുരാന്‍ മഹാകവിയായ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയുടെ കാലത്തു ജീവിച്ചിരുന്നതായി പറയപ്പെടുന്നു.
രാജാധിപത്യം ഇല്ലെങ്കിലും കോട്ടയത്തു രാജകുടുംബവംശക്കാര്‍ ഇന്നും ഉണ്ട്. ബ്രിട്ടീ‌ഷ് ഗവര്‍മ്മേണ്ടില്‍നിന്ന് മാലിഖാനും പറ്റി പൂര്‍വ്വസ്ഥാനമായ കോട്ടയത്തുതന്നെ താമസിച്ചുവരുന്നു.

മഹാഭാ‌ഷ്യം

നന്താംശജാതനായ സാക്ഷാല്‍ പതജ്ഞലിമഹര്‍‌ഷി വ്യാകരണമഹാഭാ‌ഷ്യമുണ്ടാക്കി തന്റെ ആയിരം ശി‌ഷ്യന്മാമാരെയും അടുക്കലെത്തി പറഞ്ഞുകൊടുത്തു പഠിപ്പിച്ച്, ഉരുവിടുവിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ ശി‌ഷ്യന്‍മാരില്‍ ഒരാള്‍ അനുവാദം കൂടാതെ എണീറ്റു പാഠശാലയില്‍ നിന്നും പുറത്തേക്കു പോയി. ശി‌ഷ്യന്റെ ഈ ദുസ്സ്വാതന്ത്യ്രപ്രവൃത്തി മഹര്‍‌ഷിക്ക് ഒട്ടും രസിച്ചില്ല. അതിനാല്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പെട്ടെന്നു കോപാഗ്നി ജ്വലിചു. അദ്ദേഹം കോപത്തോടുകൂടി കണ്ണുകള്‍ മിഴിച്ചു ഒന്നു നോക്കി. സമീപത്തിരുന്ന ശി‌ഷ്യന്‍മാരെല്ലാം അദ്ദേഹത്തിന്റെ കോപാഗ്നിയില്‍ ഭസ്മാവശേ‌ഷന്മാരായി ഭവിച്ചു. തന്റെ പ്രിയശി‌ഷ്യന്‍മാരെല്ലാം നശിച്ചുപോയതിനെക്കുറിച്ചു ശുദ്ധാത്മാവായ തപോധനന്റെ ഹൃദയത്തില്‍ പെട്ടെന്ന് അപാരമായ പശ്ചാത്താപമുണ്ടായി. ജനോപകാരാര്‍ത്ഥം താനുണ്ടാക്കിയ മഹാഭാ‌ഷ്യമെല്ലാം ഗ്രഹിച്ചവരായ ശി‌ഷ്യന്‍മാരെ ല്ലാവരും നശിച്ചുപോയല്ലോ എന്നു വിചാരിച്ചു മഹര്‍‌ഷി വി‌ഷാദിച്ചുകൊണ്ടിരിക്കുമ്പോള്‍ മുമ്പു പുറത്തേക്കിറങ്ങിയപ്പോയ ശി‌ഷ്യന്‍ വിവര മറിഞ്ഞ് അദ്ദേഹത്തിന്റെ അടുക്കല്‍ വന്ന്, "അല്ലയോ സ്വാമിന്‍! അവിടുന്ന് ഒട്ടും വി‌ഷാദിക്കേണ്ട. അവിടേക്കു ശി‌ഷ്യനായിട്ടു ഞാനുണ്ടല്ലോ. മഹാഭാ‌ഷ്യം മുഴുവനും എനിക്കു ഹൃദിസ്ഥമായിട്ടുണ്ട്. ഞാനതിനെ ജനോപകാരാര്‍ത്ഥം ശി‌ഷ്യപരമ്പരയാ പ്രചരിപ്പിചുകൊള്ളാം" എന്നു പറഞ്ഞു. അപ്പോള്‍ മഹര്‍‌ഷിയുടെ മനസ്സില്‍ വീണ്ടും കോപാഗ്നി ജ്വലിക്കയാല്‍ "എടാ ദ്രാഹി നീ നിമിത്തമല്ലേ എന്റെ പ്രിയ ശി‌ഷ്യന്മാരെല്ലാം നശിച്ചുപോയത്? അതിനാല്‍ നീയും ഭസ്മമായിപ്പോകട്ടെ" എന്ന് ആ ശി‌ഷ്യനേയും ശപിച്ചു ഭസ്മമാക്കി. പിന്നെയും മഹര്‍‌ഷിക്കു വലിയ വി‌ഷാദമായി. ശുദ്ധാത്മാക്കള്‍ക്കു കോപവും പശ്ചാത്താപവും പെട്ടെന്നുണ്ടാകുമല്ലോ.

മഹര്‍‌ഷി പിന്നെയും അങ്ങനെ വി‌ഷാദിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഗന്ധര്‍വന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വന്ന് "അല്ലയോ ഭഗവാനേ! അവിടുന്ന് ഒട്ടും വി‌ഷാദിക്കേണ്ട. അവിടേക്കു പ്രിയശി‌ഷ്യനായിട്ട് ഈ ഞാനുണ്ട്. ഞാനൊരു ഗന്ധര്‍വനാണ്. ഞാന്‍വളരെക്കാലമായി ഈ ആശ്രമസമീപത്തിങ്കല്‍ നില്‍ക്കുന്ന അശ്വത്ഥവൃക്ഷത്തിന്മേലിരുന്നിരുന്നു.അവിടുന്നു മഹാഭാ‌ഷ്യം ശി‌ഷ്യന്‍മാര്‍ക്കു ചൊല്ലിക്കൊടുക്കുന്നതു കേട്ടുകേട്ട് അതെല്ലാം ഞാന്‍ഗ്രഹിച്ചിരിക്കുന്നു. അതിനാല്‍ എന്നെ അവിടുന്ന് ഒരു ശി‌ഷ്യനായി സ്വീകരിച്ചുകൊണ്ടാലും" എന്നു പറഞ്ഞു. അപ്പോള്‍ പിന്നെയും മഹര്‍‌ഷിക്കു കോപമാണുണ്ടായത്. നീ എന്റെ മനസ്സു കൂടാതെയും ഞാന്‍ഉപദേശിക്കാതെയും എന്റെ ഭാ‌ഷ്യം ഒളിച്ചിരുന്ന് ഗ്രഹിച്ചതിനാല്‍ നീയൊരു ബ്രഹ്മരാക്ഷസനായിപ്പോകട്ടെ" എന്നു മഹര്‍‌ഷി ആ ഗന്ധര്‍വ്വനെ ശപിച്ചു. ഇതു കേട്ടപ്പോള്‍ ഗന്ധര്‍വന്‍ ഏറ്റവും പരവശനായിത്തീരുകയാല്‍ വിനയസമേതം മഹര്‍‌ഷിയുടെ കാല്‍ക്കല്‍ വീണു നമസ്കരിച്ചിട്ടു ശാപമോക്ഷത്തിനായി അപേക്ഷിച്ചു. ശുദ്ധഹൃദയനായ മഹര്‍‌ഷി ഉടനെ പ്രസാദിച്ച്, "നീ എന്റെ ഭാ‌ഷ്യം അതു ഗ്രഹിക്കാന്‍ യോഗ്യതയുള്ള ഒരാള്‍ക്ക് ഉപദേശിച്ചുകൊടുക്കണം. ഭാ‌ഷ്യം മുഴുവനും ഉപദേശിച്ചുകഴിയുമ്പോള്‍ നീ ശാപമുക്തനായി നിജസ്ഥിതി പ്രാപിക്കും" എന്നു പറഞ്ഞു ഗന്ധര്‍വനെ അനുഗ്രഹിച്ചു. ബ്രഹ്മരാക്ഷസനായ ഗന്ധര്‍വന്‍ വീണ്ടും മഹര്‍‌ഷിയെ വന്ദിച്ചിട്ട് അവിടെ നിന്നു പോയി യഥാപൂര്‍വം ആലിന്റെ മുകളില്‍ച്ചെന്ന് ഇരിപ്പായി. ഭാ‌ഷ്യം ഗ്രഹിക്കുന്നതിനു തക്ക യോഗ്യതയുള്ളവര്‍ക്കു വേണമല്ലോ അതുപദേശിച്ചു കൊടുക്കാന്‍ എന്നു വിചാരിച്ച് ആ ബ്രഹ്മരാക്ഷസന്‍ അതിലെ കടന്നു പോകുന്ന ബ്രാഹ്മണന്‍മാരെ ഒക്കെ വിളിച്ച് അവരുടെ യോഗ്യതയെ പരീക്ഷിച്ചുകൊണ്ടിരുന്നു.

താങ്കള്‍ക്ക് കഥകള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ വശങ്ങളില്‍ കാണുന്ന പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ കഥകള്‍ ഷെയര്‍ ചെയ്യാന്‍ അതെന്നെ സഹായിക്കും.
ബ്രഹ്മരാക്ഷസന്റെ പരീക്ഷ എങ്ങനെയെന്നാല്‍, തന്റെ അടുക്കല്‍ വരുന്നവരോടു "പചേര്‍ന്നി‌ഷ്ഠായാം കിം രൂപം" എന്നൊരു ചോദ്യം ചോദിക്കും. അതിനു ശരിയായ ഉത്തരം പറയാത്തവരെ അവന്‍ പിടിച്ചു ഭക്ഷിക്കുകയും ചെയ്യും. ഇങ്ങനെയാണ് ഏര്‍പ്പാട്. ഈ ചോദ്യത്തിനു "പക്തം" എന്നും മറ്റു ചില അബദ്ധങ്ങളായ ഉത്തരങ്ങളല്ലാതെ ശരിയായി ആരും പറയായ്കയാല്‍ ആ ബ്രഹ്മരാക്ഷസന്‍ അസംഖ്യം മഹാബ്രാഹ്മണരെ പിടിച്ചു ഭക്ഷിച്ചു. അങ്ങനെ വളരെക്കാലം കഴിഞ്ഞു.

അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം സര്‍വാശാസ്ത്രപാരംഗതനും വേദജ്ഞനും വേദാന്തിയും യോഗശാസ്ത്രവാരാശിയും വിരക്തനുമായ ഒരു ബ്രാഹ്മണശ്ര‌ഷ്ഠന്‍ അതിലേ വന്നു. അദ്ദേഹം സംന്യസിക്കണമെന്നു നിശ്ചയിച്ചു തനിക്കു ക്രമസംന്യാസം തരുന്നതിനും തന്റെ ഗുരുവായി സ്വീകരിക്കുന്നതിനും തക്ക യോഗ്യതയുള്ള ഒരാളെ കണ്ടുകിട്ടുന്നതിനായി അന്വേ‌ഷിച്ചു നടക്കുകയായിരുന്നു. ആ ബ്രഹ്മണനെയും കണ്ടയുടനെ ബ്രഹ്മരാക്ഷസന്‍ തന്റെ അടുക്കല്‍ വിളിച്ചു മേല്‍പ്പറഞ്ഞ ചോദ്യം ചോദിചു. അദ്ദേഹം "പക്വം" എന്ന് ഉത്തരം പറഞ്ഞു.ഇതു കേട്ടപ്പോള്‍ ബ്രാഹ്മണനു മഹാഭാ‌ഷ്യം ഗ്രഹിക്കാന്‍ തക്ക യോഗ്യതയുണ്ടെന്നു നിശ്ചയിച്ച് ബ്രഹ്മരാക്ഷസന്‍ അദ്ദേഹത്തിന് ഉപദേശിച്ചു കൊടുക്കാനാരംഭിച്ചു. ബ്ര‌ഹ്മമരാക്ഷസന്‍ ആലിന്‍മേലും ബ്രാഹ്മണന്‍ ആല്‍ത്തറയിലുമിരുന്നു. ആദ്യംതന്നെ ബ്രഹ്മരാക്ഷസന്‍ ബ്രാഹ്മണനു വിശപ്പും ദാഹവും ഉറക്കവും വരാതെയിരിക്കാനായി ഒരു ദിവ്യ‌ഷൗധം കൊടുത്തു സേവിപ്പിച്ചിട്ടാണ് ഭാ‌ഷ്യം ഉപദേശിക്കാന്‍ തുടങ്ങിയത്. ബ്രഹ്മരാക്ഷസന്‍ ആ ആലിന്റെ ഇലപറിച്ചു ഭാ‌ഷ്യം കുറേശ്ശ എഴുതി കൊടുക്കുകയും ബ്രാഹ്മണന്‍ അതു നോക്കി ധരിക്കുകയുമായിട്ടാണ് പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തത്. ബ്രഹ്മരാക്ഷസന്‍ എഴുതിയിടുന്നത് ബ്രാഹ്മണന്‍ നോക്കി ധരിച്ചുകഴിഞ്ഞാല്‍ പിന്നെയും ബ്രഹ്മരാക്ഷസന്‍ എഴുതിയിട്ടുകൊടുക്കും. ഇങ്ങനെ ആറു മാസക്കാലം കഴിഞ്ഞപ്പോള്‍ മഹാഭാ‌ഷ്യം മുഴുവനും ഉപദേശിക്കുകയും ബ്രാഹ്മണന്‍ ധരിക്കുകയും കഴിഞ്ഞു. അപ്പോള്‍ ബ്രഹ്മരാക്ഷസന്‍ ശാപമുക്തനായി പൂര്‍വസ്ഥിതിയില്‍ ഗന്ധര്‍വത്വത്തെ പ്രാപിക്കുകയും ചെയ്തു. ഉടനെ ബ്രാഹ്മണന്‍ തന്റെ ഗുരുവായ ഗന്ധര്‍വനെ വന്ദിച്ചു യാത്രയും പറഞ്ഞ് അവിടെനിന്ന് യാത്രയായി. അപ്പോള്‍ ആ ഗന്ധര്‍വന്‍ തന്റെ പ്രിയശി‌ഷ്യനായ ബ്രാഹ്മണനെ വീണ്ടും വണ്ണം അനുഗ്രഹിച്ചിട്ട് "അല്ലയോ ബ്രാഹ്മണോത്തമ! അങ്ങേക്കു ക്ഷുല്‍പിപാസകളുടേയും നിദ്രയുടെയും ബാധ ഉണ്ടാകാതിരി ക്കാനായി ഞാന്‍തന്ന ആ ദിവ്യ‌ഷൗധത്തിന്റെ ശക്തി അങ്ങേക്കുജലസ്പര്‍ശമുണ്ടായാല്‍ നശിചുപോകും. ഉടന്‍ ഭവാന്‍ നിദ്ര പ്രാപിക്കുകയും ചെയ്യും. പിന്നെ അങ്ങ് ആറുമാസക്കാലം കഴിയാതെ ഉണരുകയില്ല. അതിനാല്‍ ഇനി വെള്ളത്തിലിറങ്ങുന്ന കാര്യം വളരെ സൂക്ഷിച്ചുവേണം" എന്നു പറഞ്ഞിട്ട് അന്തര്‍ദ്ധാനവും ചെയ്തു. ഉടനെ ബ്രാഹ്മണന്‍ താന്‍ പഠിച്ച മഹാഭാ‌ഷ്യത്തിന്റെ ഒരംശമെങ്ങാനും വിസ്മരിച്ചുപോയെങ്കില്‍ പറഞ്ഞുതരാന്‍ ആരും ഉണ്ടായിരിക്കാത്തതുകൊണ്ടു ഗന്ധര്‍വന്‍ എഴുതി ത്തന്നവയായ ഈ ആലിലകള്‍കൂടി കൊണ്ടുപോയി ഇതൊന്നു പകര്‍ത്തി യെഴുതി സൂക്ഷിക്കണം എന്നു നിശ്ചയിച്ച് ആലിലകളും കെട്ടിയെടുത്ത് അവിടെനിന്നു പോവുകയും ചെയ്തു.

ആ ബ്രാഹ്മണന്‍ പിന്നെയും പല സ്ഥലങ്ങളില്‍ സഞ്ചരിച്ച് ഒരു ദിവസം ദിക്കില്‍ ചെന്നപ്പോള്‍ മാര്‍ഗമധ്യേയുളള ഒരു നദി ഇറങ്ങിക്കടക്കേണ്ടതായി വന്നു. നദിയില്‍ ഇറങ്ങാതെ അക്കരെ കടക്കുന്നതിന് ആ ദിക്കിലെങ്ങും തോണിയും വഞ്ചിയുമൊന്നുമില്ലായിരുന്നു. നദിയില്‍ വെള്ളമധികമില്ലാത്തതുകൊണ്ട് അവിടെയെല്ലാവരും അക്കരെയിക്കരെ കടക്കുന്നത് നദിയിലിറങ്ങിയാണ്. നദി വീതി വളരെ കുറഞ്ഞതുമായി രുന്നു. അതിനാല്‍ ആ ബ്രാഹ്മണന്‍ ക്ഷണത്തില്‍ ഇറങ്ങിക്കടന്നു കളയാമെന്നുവെച്ചിട്ടു കുറച്ചു വെളളം കയ്യിലെടുത്തു മുഖം കഴുകി. ഉടനെ ആ ബ്രാഹ്മണന്‍ ഗാഢനിദ്രയെ പ്രാപിച്ച് അവിടെ വീണു. അപ്പോള്‍ ആ കടവില്‍ കുളിച്ചുകൊണ്ടുനിന്ന നവയവൗനയുക്തനായ ഒരു ശൂദ്രകന്യക അതുകണ്ട് അടുത്തു ചെന്നു നോക്കിയപ്പോള്‍ അദ്ദേഹം ഉറങ്ങുകയാണെന്നും അല്ലാതെ മോഹാലാസ്യവും മറ്റുമല്ലെന്നും മനസ്സിലാക്കി. എങ്കിലും ഒരു ബ്രാഹ്മണന്‍ ഇപ്രകാരം മാര്‍ഗമധ്യേ വീണു കിടക്കുന്നതു കണ്ടിട്ട് ഇട്ടുംവെച്ചു പോകുന്നതു യുക്തമല്ലെന്നു വിചാരിച്ച് അവിടെ നിന്നുകൊണ്ടു ദാസിമാരില്‍ ഒരുത്തിയെ വീട്ടിലേക്കു പറഞ്ഞയച്ച് നാലു ഭൃത്യന്‍മാരെ വരുത്തി, അവരെക്കൊണ്ട് ഈ ബ്രാഹ്മണനെ കെട്ടിയെടുപ്പിച്ചു സ്വഗൃഹത്തിലെക്കു കൊണ്ടുപോയി. അവിടെ അവള്‍ ധാരാളം വിസ്താരവും വൃത്തിയുമുള്ളതും കാറ്റും വെളിച്ചവും നിര്‍ബാധമായി കടക്കുന്നതുമായ ഒരു മുറിക്കകത്തു കട്ടിലില്‍ മെത്ത വിരിച്ച് അതില്‍ ആ ബ്രാഹ്മണനെ കിടത്തി. ആ കന്യക നാടുവാഴിയായ ഒരു ശൂദ്രപ്രഭുവിന്റെ പുത്രിയും സന്ദൗര്യം, സൗശീല്യം, സൗജന്യം, വൈദു‌ഷ്യം, വൈദഗ്ദ്ധ്യം, ആഭിജാത്യം മുതലായ സകല സദ്ഗുണങ്ങളും തികഞ്ഞ ഒരു മനസ്വിനിയുമായിരുന്നു. അവളുടെ വീട് ആ നദീതീരത്തുതന്നെ വഴിക്കടുക്കലുമായിരുന്നു.

ബ്രാഹ്മണന്‍ കുറച്ചുനേരം കഴിയുമ്പോള്‍ ഉണരുമെന്നായിരുന്നു ആ കന്യകയുടെ വിചാരം. അദ്ദേഹം നേരത്തോടു നേരമായിട്ടും ഉണരായ്കയാല്‍ ഇതെന്തു കഥയാണെന്നു വിചാരിച്ച്, അവള്‍ക്ക് വളരെ പരിഭ്രമമായി. ഉടനെ ഈ വിവരമെല്ലാം അവള്‍ അവളുടെ അച്ഛന്റെ അടുക്കല്‍ച്ചെന്നു പറഞ്ഞു. പ്രഭു ഉടനെ വൈദ്യനെ വരുത്തിക്കാണിച്ച പ്പോള്‍ "ഇദ്ദേഹത്തെ ബാധിച്ചിരിക്കുന്നത് നിദ്രയാണ്. അല്ലാതെ ഇതൊരു രോഗവും ബാധയുമൊന്നുമല്ല. എന്നാല്‍ നേരത്തോടു നേരമായിട്ടും ഇദ്ദേഹം ഉണരാതിരിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. എന്തായാലും ദിവസംതോറും മൂന്നു പ്രാവശ്യം വീതം അന്നലേപനം (ചോറരച്ചു ദേഹമാസകലം തേയ്ക്കുക) ചെയ്തില്ലെങ്കില്‍ താമസിയാതെ ഇദ്ദേഹം മരിച്ചുപോയേക്കാം. അന്നലേപനം ശരിയായി ചെയ്തുകൊണ്ടിരു ന്നാല്‍ ഇദ്ദേഹം എത്രനാള്‍ ഉണരാതിരുന്നാലും യാതൊരു തരക്കേടും വരുന്നതല്ല. എന്നുമാത്രമല്ല ഇദ്ദേഹം ഉണരുമ്പോള്‍ ഇദ്ദേഹതിനു ഭക്ഷണം കഴിക്കാതിരുന്നതുകൊണ്ടുള്ള ക്ഷീണം ഉണ്ടായിരിക്കുകയുമില്ല" എന്നു പറഞ്ഞു വൈദ്യന്‍ പോയി. പിന്നെ ആ വൈദ്യന്‍ പറഞ്ഞതുപോലെ യൊക്കെ ചെയ്തു. പ്രാണനെ രക്ഷിക്കുന്നതിനു മറ്റാരുമായാല്‍ ശരിയാവുകയില്ലെന്നു വിചാരിച്ച് ശൂദ്രപ്രഭു തന്റെ പുത്രിയെത്തന്നെ അതിനു നിയോഗിച്ചു. വൈദ്യവിധിപ്രകാരം പ്രാണനെ രക്ഷിക്കുന്നതിനു താന്‍തന്നെ അല്ലാഞ്ഞാല്‍ ശരിയാവുകയില്ലെന്നു വിചാരിച്ച് അതിനായി സ്വയമേവ സന്നദ്ധയായിരുന്ന ശൂദ്രകന്യകയ്ക്കു പിതൃനിയോഗംകൂടി കിട്ടിയപ്പോഴേക്കും വളരെ സന്തോ‌ഷമായി. അതിനാല്‍ അവള്‍തന്നെ വളരെ ജാഗ്രതയോടുകൂടി പ്രതിദിനം മൂന്നു നേരവും അന്നലേപനവും മറ്റും ചെയ്ത് ആ ബ്രാഹ്മണനെ രക്ഷിച്ചുകൊണ്ടിരുന്നു.

ഇങ്ങനെ ആറു മാസം കഴിഞ്ഞപ്പോള്‍ ആ ബ്രാഹ്മണന്‍ ഉണര്‍ന്നു. അപ്പോള്‍ അദ്ദേഹത്തിന് ഒന്നാമതുണ്ടായ വിചാരം തന്റെ ആലിലക്കെട്ടിനെ ക്കുറിച്ചായിരുന്നു. അതി നാല്‍ അദ്ദേഹം പെട്ടെന്നെണീറ്റ് ആ നദീതീര ത്തിങ്കലേക്കു പോയി. അവിടെച്ചെന്നു നോക്കിയപ്പോള്‍ ആലിലക്കെട്ടും അവിടെത്തന്നെ കിടക്കുന്നുണ്ടായിരുന്നു. എങ്കിലും അതൊരു പശു തിന്നു കൊണ്ടു നില്‍ക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്. പശുവിനെപ്പിടിച്ചുമാറ്റി നോക്കിയപ്പോള്‍ ഏതാനും ഭാഗമൊക്കെ പശു തിന്നുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ ബ്രാഹ്മണനു വളരെ വി‌ഷാദമായി. പൊയ്പോയതിനെക്കുറിച്ച് ഇനി വിചാരിച്ചതുകൊണ്ട് ഫലമൊന്നുമില്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹം ശേ‌ഷമുണ്ടായിരുന്ന ആലിലകളെല്ലാം പെറുക്കിയെടുത്ത് യഥാക്രമം അടുക്കിക്കൊണ്ടിരിക്കുമ്പോള്‍ ഈ ബ്രാഹ്മണന്‍ എങ്ങോട്ടാണ് പോകുന്ന തെന്ന് അറിയുന്നതിനായി ആ ശൂദ്രകന്യകയാല്‍ അയയ്ക്കപ്പെട്ട രണ്ടു ഭൃത്യന്‍മാര്‍ അവിടെ വന്നു. അവരോട് ഈ പശു ആരുടെ വകയാണ് എന്ന് ബ്രാഹ്മണന്‍ ചോദിക്കുകയും ഇത് ഞങ്ങളുടെ യജമാനന്റെ വകയാണ് എന്ന് അവര്‍ ഉത്തരം പറയുകയും ചെയ്തു. പിന്നെ ബ്രാഹ്മണന്‍ ആ ആലിലക്കെട്ടുമെടുത്തുകൊണ്ടു പ്രഭുവിന്റെ ഗൃഹത്തില്‍ത്തന്നെ വന്നു. അപ്പോള്‍ ശൂദ്രകന്യക ബ്രാഹ്മണനെ യഥാക്രമം വന്ദിച്ചു പൂജിച്ചിരുത്തി. പിന്നെ അവര്‍ തമ്മിലുണ്ടായ സംഭാ‌ഷണംകൊണ്ട് ഈ ബ്രാഹ്മണന്റെ എല്ലാ സ്ഥിതികളും അദ്ദേഹം ഇത്രവള രെക്കാലം ഉറങ്ങിപ്പോകുവാനുള്ള കാരണവും മറ്റും ശൂദ്രകന്യകയ്ക്കും ഈ ശൂദ്രകന്യകയുടെ സ്ഥിതികളും അവളുടെ ഗുണങ്ങളും തന്നെ രക്ഷിച്ചത് ഇവളാണെന്നും മറ്റും ബ്രാഹ്മണനും മനസ്സിലായി. വിവരങ്ങളെല്ലാം അറിഞ്ഞപ്പോള്‍ അവര്‍ക്കു പരസ്പരം വളരെ ബഹുമാനവുമുണ്ടായി. പിന്നെ ബ്രാഹ്മണന്റെ താല്‍പര്യപ്രകാരം ആലില തിന്ന പശുവിനെ ശൂദ്രകന്യക പ്രത്യേകമൊരു സ്ഥലത്തു പിടിച്ചു കെട്ടിക്കുകയും ബ്രാഹ്മണന്‍ അന്നും അവിടെതന്നെ താമസിക്കുകയും ചെയ്തു. ബ്രാഹ്മണന് അഭ്യംഗത്തിനും അത്താഴത്തിനും വേണ്ടതെല്ലാം കന്യകതന്നെ തയ്യാറാക്കിക്കൊടുത്തതിനാല്‍ അന്നു രാത്രിയിലും അദ്ദേഹം സുഖമായിട്ടുറങ്ങി.
പിറ്റേ ദിവസം രാവിലെ ബ്രാഹ്മണന്‍ എണീറ്റു പശുവിനെ കെട്ടിയിരുന്ന സ്ഥലത്തു ചെന്നു നോക്കിയപ്പോള്‍ പശു തിന്ന ആലിലകളെല്ലാം യാതൊരു കേടും കൂടാതെ ചാണകത്തോടുകൂടി കിടക്കുന്നതുകണ്ടു. അദ്ദേഹം അവയെല്ലാം പെറുക്കിയെടുത്തു കഴുകി ത്തുടച്ചു കൊണ്ടുവന്നു. ശേ‌ഷമുള്ള ആലിലകളോടു കൂട്ടിച്ചേര്‍ത്തു നോക്കിയപ്പോള്‍ ഒന്നു നഷ്ടപ്പെട്ടില്ലെന്നറിയുകയാല്‍ അദ്ദേഹത്തിനു വളരെ സന്തോ‌ഷമായി. ഈ ആലിലകളൊന്നും ഇത്രയും കാലമായിട്ടും വാടാതെയും പശു തിന്നിട്ടു ദഹിക്കാതെയും ഇരുന്നത് അതുകളില്‍ ഭാ‌ഷ്യമെഴുതിയ ഗന്ധര്‍വന്റെ ദിവ്യത്വംകൊണ്ടോ മഹാഭാ‌ഷ്യത്തിന്റെ മാഹാത്മ്യംകൊണ്ടോ എന്തുകൊണ്ടാണെന്നു നിശ്ചയമില്ല. എന്തെങ്കിലുമൊരു ദിവ്യശക്തികൊണ്ടായിരിക്കണം, അല്ലാതെ ഇങ്ങനെ വരുന്നതല്ലല്ലോ.
പിന്നെ ആ ബ്രാഹ്മണന്‍ ആ ആലിലകളെലാംകൂടി കൂട്ടിക്കെട്ടി തയ്യാറാക്കി വച്ചു. യാത്ര പറയാനായി ആ ശൂദ്രകന്യകയെ അടുക്കല്‍ വിളിച്ചു. "ഇപ്പോള്‍ അഞ്ചാറു മാസമായല്ലോ. ഞാനിവിടെ വന്നിട്ട്. ഇനി ഇപ്പോള്‍ ഞാന്‍പോകുവാന്‍ ഭാവിക്കുകയാണ്. ഇത്രയുംകാലം നീ എന്നെ വേണ്ടുന്ന ശുശ്രൂ‌ഷയെല്ലാം ചെയ്തു രക്ഷിച്ചു എന്നല്ല, നീ എന്റെ പ്രാണരക്ഷ ചെയ്തു എന്നുതന്നെ പറയാം. നീ എനിക്കുചെയ്ത ഈ ഉപകാരത്തിനു തക്കതായ പ്രതിഫലമൊന്നും ഞാന്‍കാണുന്നില.എങ്കിലും ഇതിനെക്കുറിച്ചൊന്നും പറയാതെ പോയാല്‍ ഞാന്‍കേവലം കൃതഘ്നനാകുമല്ലോ. അതുകൊണ്ടു ചോദിക്കുന്നതാണ്. നിന്റെ ആഗ്രഹം എന്താണെന്നു പറഞ്ഞാല്‍ അതു സാധിക്കുന്നതിനായി നിന്നെ ഞാന്‍ അനുഗ്രഹിക്കാം. എന്റെ അനുഗ്രഹം ഒരിക്കലും വിഫലീഭവിക്കുന്നതല്ല. ഇതല്ലാതെ ഒന്നും തരാനായിട്ടു ഞാന്‍കാണുന്നില്ല. അതിനാല്‍ നിന്റെ ആഗ്രഹമെന്താണെന്നു പറയണം" എന്നു പറഞ്ഞു. അപ്പോള്‍ ആ കന്യക വിനയസമേതം തൊഴുതുംകൊണ്ട് "അല്ലയോ സ്വാമിന്‍! ഞാന്‍ ജനിച്ചതില്‍പ്പിന്നെ ഒരു പുരു‌ഷന്റെ പാദശ്രുശ്രു‌ഷ ചെയ്യുന്നതിനാണ് എനിക്ക് ഭാഗ്യം സിദ്ധിച്ചത്. അതിനാല്‍ ഈ ജന്മത്തില്‍ മറ്റൊരു പുരു‌ഷന്റെ ശുശ്രു‌ഷ ചെയ്വാന്‍ സംഗതിയാകാതെയിരുന്നാല്‍ കൊള്ളാ മെന്നല്ലാതെ വേറെ യാതൊരാഗ്രഹവും എനിക്കില്ല. അതിനാല്‍ അവിടുന്നു കൃപയുണ്ടായി ഞാന്‍അവിടുത്തെ ഭാര്യയായിത്തീരാനായിട്ട് എന്നെ അനുഗ്രഹിക്കണം. ഇതിലധികമായി ഒരനുഗ്രഹവും വേണമെന്നു ഞാനാഗ്രഹിക്കുന്നില്ല. ഇതില്‍ വലിയതായ ഒരനുഗ്രഹമുണ്ടെന്നു ഞാന്‍ വിചാരിക്കുന്നുമില്ല. ഈ അനുഗ്രഹം എനിക്കു ലഭിക്കുന്നുവെങ്കില്‍ എന്റെ ജന്മം സഫലമായി" എന്നു പറഞ്ഞു.
ആ ശൂദ്രകന്യകയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ബ്രാഹ്മണനു വളരെ വിചാരമായി. "കഷ്ടം! ഇഹലോഹസുഖങ്ങളെ അശേ‌ഷം ഉപേക്ഷിച്ചു സന്യാസം വാങ്ങിക്കുന്നതിനായി ഗുരുവിനെ അന്വേ‌ഷിച്ചു നടക്കുന്ന ഞാന്‍ഇവളെ വിവാഹം ചെയ്യുന്നതെങ്ങനെയാണ്? പ്രാണരക്ഷചെയ്ത ഇവളുടെ അപേക്ഷയെ ഉപേക്ഷിക്കുന്നതെങ്ങനെയാണ്? നാലാമത്തെ ആശ്രമത്തെ ആഗ്രഹിച്ചു നടക്കുന്ന ഞാന്‍രണ്ടാമത്തെ ആശ്രമത്തെ കൈക്കൊള്ളണമെന്നായിരിക്കുമോ ഈശ്വരവിധി? അങ്ങനെ ആയാല്‍ത്തന്നെയും ബ്രഹ്മകുലജാതനായ ഞാന്‍ശൂദ്രകുലജാതയായ ഇവളെ ആദ്യമായി വിവാഹം ചെയ്യുന്നത് വിഹിതമല്ലല്ലോ. ഒരു ബ്രാഹ്മണണനു ബ്രഹ്മക്ഷത്രവൈശ്യകുലങ്ങളില്‍നിന്ന് യഥാക്രമം ഓരോ വിവാഹം ചെയ്തല്ലാതെ ഒരു ശൂദ്രകന്യകയെ വിവാഹം ചെയ്വാന്‍ പാടില്ല എന്നാണല്ലോ ശാസ്ത്രം. അതിനാല്‍ ഇവളെ വിവാഹം ചെയ്യണമെങ്കില്‍ അതിനു മുമ്പായി മൂന്നു ജാതിയിലുള്ള മൂന്നു കന്യകമാരെ വിവാഹം ചെയ്യേണ്ടിയിരിക്കുന്നു. ഒരു വിവാഹവും വേണ്ടെന്നു വിചാരിച്ചിരുന്ന എനിക്ക് ഇങ്ങനെ വേണ്ടിവന്നത് അത്യാശ്ചര്യമായിരിക്കുന്നു. ഇത് ഈശ്വരന്‍ എന്നെ പരിക്ഷിക്കുകയായിരിക്കുമോ? അഥവാ ഒരുപ്രകാരം വിചാരിച്ചാല്‍ ഇതും നല്ലതു തന്നെയാണ്. ശാസ്ത്രംകൊണ്ടും യുക്തികൊണ്ടും അനുഭവംകൊണ്ടും സംസാരത്തിന്റെ നിസ്സാരത അറിഞ്ഞിട്ടു മനസ്സിലുണ്ടാകുന്ന വിരക്തിക്കു കുറച്ചുകൂടി ബലമുണ്ടായിരിക്കും. അതിനാല്‍ ഏതായാലും ഇവളുടെ ആഗ്രഹം സാധിപ്പിച്ചിട്ടു പിന്നെ നമ്മുടെ ആഗ്രഹവും സാധിക്കാം. അല്ലാതെ നിവൃത്തിയില്ല എന്നിങ്ങനെ വിചാരിച്ചിട്ട് ആ ബ്രാഹ്മണന്‍ ശൂദ്രകന്യകയോട് "അല്ലയോ ഭദ്ര! നിന്റെ ഹിതത്തെ അനുവര്‍ത്തിക്കുന്നതിനു ഞാന്‍സദാസന്നദ്ധനാണ്. എങ്കിലും ഒരു ബ്രാഹ്മണനായ ഞാന്‍ശൂദ്രകന്യകയായ നിന്നെ വിവാഹം ചെയ്യുന്നതിനു ബ്രാഹ്മണകുലത്തില്‍നിന്നും ക്ഷത്രിയ കുലത്തില്‍നിന്നും വൈശ്യകുലത്തില്‍നിന്നും ഓരോ കന്യകമാരെ വിവാഹം ചെയ്തിട്ടല്ലാതെ പാടില്ല. അങ്ങനെയാണ് ശാസ്ത്രവിധി. അതിനാല്‍ ഞാന്‍പോയി മൂന്നു വിവാഹം ചെയ്തതിനുശേ‌ഷം നിന്നെയും വിവാഹം ചെയ്തുകൊള്ളാം. അതുവരെ നീ ക്ഷമിക്കണം" എന്നു പറഞ്ഞു. ഇതു കേട്ടു സന്തോ‌ഷസമേതം ശൂദ്രകന്യക ശാസ്ത്രവിധിപ്രകാരമല്ലാതെ ഒന്നും ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമില്ല. എന്റെ അപേക്ഷയെ സദയം അങ്ങു സ്വീകരിക്കുന്നുവെങ്കില്‍ അതിനായിട്ട് എത്ര കാലം വേണമെങ്കിലും കാത്തിരിക്കുന്നതിന് എനിക്ക് യാതൊരു വിരോധവുമില്ല" എന്നു പറഞ്ഞു. "എന്നാല്‍ അങ്ങനെയാവട്ടെ" എന്നു പറഞ്ഞു ബ്രാഹ്മണന്‍ അദ്ദേഹത്തിന്റെ ആലിലക്കെട്ടുമെടുത്ത് സ്വദേശത്തേക്കു തിരിച്ചുപോവുകയും ചെയ്തു.
അനന്തരം ആ ബ്രാഹ്മണന്‍ സൃഗൃഹത്തില്‍ ചെന്നു താമസിച്ചുകൊണ്ട് ബ്രാഹ്മണകുലത്തില്‍നിന്നും ക്ഷത്രിയകുലത്തില്‍ നിന്നും വൈശ്യകുലത്തില്‍ നിന്നും ഓരോ കന്യകമാരെ യഥാക്രമം വിവാഹം ചെയ്തതിന്റെ ഒടുക്കം ഈ ശൂദ്രകന്യകയേയും യഥാവിധി വിവാഹം കഴിച്ചു (മുന്‍കാലങ്ങളില്‍ ബ്രാഹ്മണന്‍ നാലു ജാതിയില്‍നിന്നും അഗ്നിസാക്ഷിയായിത്തന്നെ വിവാഹം കഴിക്കാറുണ്ടെന്നതു പ്രസിദ്ധമാണല്ലോ).
അങ്ങനെ ആ ബ്രാഹ്മണന്‍ നാലു ഭാര്യമാരോടുകൂടി യഥാസുഖം സ്വഗൃഹത്തില്‍ താമസിച്ച കാലത്ത് ആ നാലു ഭാര്യമാരില്‍നിന്നും അദ്ദേഹത്തിന് ഓരോ പുത്രന്‍മാരുണ്ടായി. പുത്രന്‍മാരുടെ ജാതകര്‍മം മുതല്‍ വര്‍ത്തമാനംവരെയുള്ള സകല ക്രിയകളും അദ്ദേഹം യഥാകാലം വേണ്ടതുപോലെ ചെയ്തു. പുത്രന്‍മാരെ യഥാക്രമം അദ്ദേഹം തന്നെ വിദ്യാഭ്യാസം ചെയ്യിച്ചു. ആ പുത്രന്‍മാര്‍ നാലുപേരും അതിയോഗ്യന്മാരും സകല ശാസ്ത്രപാരംഗതരും പിതൃതുല്യഗുണവാന്മാരുമായിത്തീരുകയും ചെയ്തു. ആദ്യപുത്രനായ ബ്രാഹ്മണകുമാരനെ അദ്ദേഹം വിശേ‌ഷിച്ചു വേദാധ്യയനവും ചെയ്യിച്ചു. ഒടുക്കം നാലുപേരെയും മഹാഭാ‌ഷ്യം പഠിപ്പിച്ചു. എന്നാല്‍ നാലാമത്തെ പുത്രന്‍ ശൂദ്രകുലജാതനും മഹാഭാ‌ഷ്യം വേദാംഗവുമാകയാല്‍ ആ പുത്രനെ അഭിമുഖമായിരുന്നു ഭാ‌ഷ്യം പഠിപ്പിക്കുന്നതു വിഹിതമല്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹം ആ പുത്രനെ പ്രത്യേകിച്ച് ഒരു മറവുള്ള സ്ഥലത്തിരുത്തിയാണ് മഹാഭാ‌ഷ്യം ഉപദേശിച്ചുകൊടുത്തത്. എന്നു മാത്രവുമല്ല, മഹാഭാ‌ഷ്യം ശൂദ്രവംശജര്‍ക്ക് ഉപദേശിച്ച് പരമ്പരയാ വേദാര്‍ഹന്‍മാരല്ലാത്ത അവരുടെ ഇടയില്‍ അതിനു പ്രചാരം വരുത്തുകയില്ലെന്ന് ആ പുത്രനെക്കൊണ്ടു പ്രതിജ്ഞ ചെയ്യിക്കുകൂടി ചെയ്തിട്ടാണ് അദ്ദേഹം മഹാഭാ‌ഷ്യം ആ പുത്രന് ഉപദേശിചുകൊടുത്തത് എന്ന് ചിലര്‍ പറയുന്നു.
ഇങ്ങനെ പുത്രന്‍മാര്‍ അതിയോഗ്യന്‍മാരും യവൗനയുക്തന്‍മാരുമായിത്തീര്‍ന്നതിന്റെ ശേ‌ഷം ആ ബ്രാഹ്മണന്‍ അവിടെനിന്നു പോവുകയും ചെയ്തു. അദ്ദേഹം പല സ്ഥലങ്ങളിലും സഞ്ചരിച്ച് ഒടുക്കം ശ്രീഗഡൗപാദാചാര്യനില്‍നിന്നു ക്രമസന്യാസത്തെ സ്വീകരിച്ചു ബ്രഹ്മധ്യാനവും ചെയ്തുകൊണ്ട് ബദര്യാശ്രമത്തിങ്കല്‍ താമസിചു.കേരളാചാര്യഗുരുവായ സാക്ഷാല്‍ കര്‍ത്താവായ ശ്രീശങ്കരാചാര്യസ്വാമികളുടെ ഗോവിന്ദസ്വാമിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ അധികമുണ്ടായിരിക്കനിടയില്ലാത്തതിനാല്‍ യോഗീശ്വരശിരോമണിയായ ഗോവിന്ദസ്വാമികള്‍ എന്നു പറയപ്പെടുന്ന മഹാന്‍ ഈ ബ്രാഹ്മണോത്തമന്‍ തന്നെയാണെന്നുകൂടി പറഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന്റെ യോഗ്യതയെക്കുറിച്ച് അധികം വിസ്തരിച്ചിട്ട് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അപ്രകാരം തന്നെ അദ്ദേഹത്തിനു നാലു ജാതിയിലുമായി ഭാര്യമാരുണ്ടായിരുന്നവരില്‍നിന്നു ജനിച്ചവരായ നാലു പുത്രന്മാരില്‍ ബ്രാഹ്മണസ്ത്രീയില്‍നിന്നും ജനിച്ച പുത്രന്‍ സാക്ഷാല്‍ വരരുചിയും, ക്ഷത്രിയസ്ത്രീയില്‍നിന്നു ജനിച്ച പുത്രന്‍ വിശ്വവിശ്രുതനായ വിക്രമാദിത്യമഹാരാജാവും, വൈശ്യസ്ത്രീയില്‍നിന്നു ജനിച്ച പുത്രന്‍ വിശ്വവിശ്രുതനായ വിക്രമാദിത്യമന്ത്രിയെന്നു പ്രസിദ്ധനായ ഭട്ടിയും, ശൂദ്രസ്ത്രീയില്‍നിന്നു ജനിച്ച പുത്രന്‍മഹാവിദ്വാനായ ഭര്‍ത്തൃഹരിയുമാണെന്നുള്ള വാസ്തവം കൂടി പറഞ്ഞാല്‍ പിന്നെ അവരുടെ യോഗ്യതകളെക്കുറിച്ച് പറഞ്ഞറിയിക്കേണ്ടവരായി അധികമാരുമുണ്ടായിരിക്കാനിടയില്ല. പറയിപെറ്റുണ്ടായ പന്തിരുകുല ത്തിന്റെ ആദ്യപിതാവായ വരരുചിയെക്കുറിച്ചും അനേകം കഥകള്‍ക്കു വി‌ഷയീഭൂതന്മാരായ വിക്രമാദിത്യഭട്ടികളെക്കുറിച്ചും കേട്ടിട്ടില്ലാത്തവര്‍ കേവലം പാമരന്മാരുടെ ഇടയില്‍പ്പോലും ആരുമുണ്ടായിരിക്കാനിടയില്ല. ഭര്‍ത്തൃഹരിയുടെ ശതകത്രയം മലായാളത്തിലും തര്‍ജമ ചെയ്യപ്പെട്ടിട്ടു ള്ളതിനാല്‍ അദ്ദേഹത്തെക്കുറിച്ചും പലരും അറിഞ്ഞിരിക്കാനിടയുണ്ട്. അതിവിദ്വാന്മാരും സംസ്കൃതത്തില്‍ വ്യാകരണസംബന്ധമായും മറ്റും അനേകം ഗ്രന്ഥങ്ങളുടെ നിര്‍മ്മാതാക്കളുമായ ഇവര്‍ സംസ്കൃതപണ്ഡിതന്മാരുടെ ഇടയില്‍ ഇന്നും നിത്യപരിചിതന്മാരായിട്ടാണ് ഇരിക്കുന്നത്. വാര്‍ത്തികം, പ്രാകൃതപ്രവേശം, ധനപഞ്ചകം മുതലായ പല ഗ്രന്ഥങ്ങള്‍ വരരുചിയും, ഭട്ടികാവ്യം (രാമായണം കഥ) എന്ന പ്രസിദ്ധഗ്രന്ഥവും മറ്റ് അനേകം കൃതികളും ഭട്ടിയും, ഹരിടീക, വാക്യപദീയം മുതലായ വ്യാകരണഗ്രന്ഥങ്ങളും വേദാന്തം വകയായി മറ്റും അനേകഗ്രന്ഥങ്ങളും മേല്പറഞ്ഞ ശതകത്രയവും മറ്റും ഭര്‍ത്തൃഹരിയും ഉണ്ടാക്കീട്ടുണ്ട്. പ്രസിദ്ധമായ അമരുശതകവും ഭര്‍ത്തൃഹരിയുടെ കൃതിയാണെന്ന് വിദ്വാന്മാരുടെ ഇടയില്‍ ഒരഭിപ്രായമുണ്ട്. ഇപ്രകാരമുള്ള മഹാന്മാരുടെ മാംസശരീരം പൊയ്പോയാലും അവരുടെ യശഃശരീരത്തിനു ലോകാവസാനം വരെ യാതൊരു ഹാനിയും സംഭവിക്കയില്ലെന്നുള്ളതു തീര്‍ച്ചയാണല്ലോ. മഹാഭാ‌ഷ്യത്തിന്റെ പ്രചാരത്തിനു കാരണഭൂതന്മാര്‍ ഇവര്‍ തന്നെയാണെന്നുള്ളതും പറയണമെന്നില്ലല്ലോ.

മേല്പറഞ്ഞ നാലു മഹാന്മാരും അവരുടെ അച്ഛനായ ഗോവിന്ദസ്വാമികളുടെ അടുക്കല്‍നിന്നു മഹാഭാ‌ഷ്യം പഠിച്ചുകഴിഞ്ഞതിന്റെ ശേ‌ഷം അവര്‍ക്കു ഭാ‌ഷ്യകര്‍ത്താവായ പതഞ്ജലിമഹര്‍‌ഷിയെ ഒന്നു കണ്ടാല്‍ക്കൊള്ളാമെന്ന് അതികലശലായിട്ട് ഒരാഗ്രഹമുണ്ടായി. അതിനാല്‍ അവര്‍ അന്വേ‌ഷിച്ചപ്പോള്‍ പതഞ്ജലിമഹര്‍‌ഷി അതിനു വളരെ മുമ്പുതന്നെ സ്വര്‍ഗ്ഗാരോഹണം ചെയ്തു കഴിഞ്ഞിരിക്കുന്നതായി അറിഞ്ഞു. അപ്പോള്‍ ഭര്‍ത്തൃഹരി ചൊല്ലിയതായ ഒരു ശ്ലോകം ഇവിടെ ചേര്‍ക്കുന്നു.
"അഹോ ഭാ‌ഷ്യമഹോ ഭാ‌ഷ്യമഹോ വയമഹോ വയം
അദൃഷ്ട്വാfസ്മാന്‍ ഗതസ്വര്‍ഗ്ഗമകൃതാര്‍ത്ഥോ പതഞ്ജലിഃ"

ഭര്‍ത്തൃഹരി

ഭര്‍ത്തൃഹരി ആദ്യമേതന്നെ നിത്യ ബ്രഹ്മചാരിയായിരുന്നു എന്നും അതല്ല അദ്ദേഹം ആദ്യം വിവാഹം കഴിക്കുകയും ഗൃഹസ്ഥാശ്രമത്തെ സ്വീകരിച്ചു കുറച്ചുകാലം ഇരിക്കുകയും ചെയ്തു. പിന്നീടു വിരക്തനും സന്യാസിയുമായിത്തീര്‍ന്നതാണെന്നും ഇങ്ങനെ രണ്ടുവിധം കേള്‍വിയുണ്ട്. അദ്ദേഹം ഐഹികസുഖങ്ങളെ ഉപേക്ഷിച്ചു വിരക്തനായിത്തീര്‍ന്നതിന് ഒരു കാരണവും ചിലര്‍ പറയുന്നുണ്ട്. അതു താഴെ പറഞ്ഞുകൊള്ളുന്നു. ഒരു ദിവസം ഒരു യോഗീശ്വരന്‍ ഭര്‍ത്തൃഹരിയുടെ ഗൃഹത്തില്‍ വന്നു. ആ യോഗി ഒരു മാമ്പഴം ഭര്‍ത്തൃഹരിയുടെ കൈയില്‍ കൊടുത്തിട്ട്, “ഈ മാമ്പഴം തിന്നാല്‍ ജരാനരകള്‍ കൂടാതെ എന്നും ജീവിച്ചിരിക്കും” എന്നു പറഞ്ഞു ഉടനെ ഇറങ്ങിപ്പോവുകയും ചെയ്തു. യോഗി പോയതിന്റെ ശേഷം ഭര്‍ത്തൃഹരി, “കുറച്ചു കാലം കഴിയുമ്പോള്‍ എന്റെ പ്രിയത്മ വാര്‍ധക്യം നിമിത്തം ജരാനരകളാല്‍ ബാധിതയായി മരിച്ചുപോകുമല്ലോ. അവള്‍ മരിച്ചിട്ടു പിന്നെ ഞാന്‍ ജീവിച്ചിരിക്കുന്നതെന്തിനാണ? അതിനാല്‍ ഈ മാമ്പഴം അവള്‍ക്കു കൊടുക്കണം. അവള്‍ എന്നും ജീവിച്ചിരിക്കട്ടെ” എന്നു വിചാരിച്ച് ആ മാമ്പഴം ഭാര്യയ്ക്കു കൊടുക്കുകയും അതിന്റെ മാഹാത്മ്യം ഇന്നപ്രകാരമാണെന്ന് അവളെ ധരിപ്പിക്കുകയും ചെയ്തു. ഭര്‍ത്തൃഹരി അസാമാന്യമായി സ്നേഹിച്ചും പതിവ്രതാശിരോമണിയെന്നു വിശ്വസിച്ചും വെച്ചിരുന്ന ആ ഭാര്യയ്ക്ക് ഒരു ജാരന്‍ ഉണ്ടായിരുന്നു. അവന്‍ ഭര്‍ത്തൃഹരിയുടെ അശ്വപാലകന്‍ (കുതിരക്കാരന്‍) തന്നെയായിരുന്നു. മാമ്പഴം കൈയില്‍ക്കിട്ടുകയും അതിന്റെ മാഹാത്മ്യത്തെപ്പറ്റി അറിയുകയും ചെയ്തപ്പോള്‍ പുംശ്ച്ലിയായ ആ സ്ത്രീ, “നമ്മുടെ ജാരന്‍ മരിച്ചിട്ടു പിന്നെ ഞാന്‍ ജീവിച്ചിരിക്കുന്നതെന്തിനാണ? അവന്‍ എന്നും ജീവിച്ചിരിക്കട്ടെ” എന്നു വിചാരിച്ച് ആ മാമ്പഴം ആരുമറിയാതെ ജാരനെ വരുത്തി. അവനു കൊടുക്കുകയും അതിന്റെ മാഹാത്മ്യത്തെ ഗ്രഹിപ്പിക്കുകയും ചെയ്തു. ആ കുതിരക്കാരന്‍, എന്റെ ഭാര്യ മരിച്ചിട്ടു പിന്നെ ഞാന്‍ ജീവിച്ചിരിക്കുന്നതെന്തിനാണ്? അവള്‍ എന്നും ജീവിച്ചിരിക്കട്ടെ എന്നു വിചാരിച്ച് അത് അവന്റെ ഭാര്യയ്ക്കു കൊടുത്തു. കുതിരക്കാരന്റെ ഭാര്യ ഭര്‍ത്തൃഹരിയുടെ ഭവനത്തിലെ അടിച്ചുതളിക്കാരത്തിയുമായിരുന്നു. അവള്‍ അവിടെ വന്ന് അടിച്ചുതളി കഴിഞ്ഞ് അവളുടെ വീട്ടിലേക്കു പോയ സമയത്താണ് കുതിരക്കാരന്‍ ഈ മാമ്പഴം അവള്‍ക്കു കൊടുത്ത് അതിന്റെ മാഹാത്മ്യത്തെ ധരിപ്പിച്ചത്. ഭര്‍ത്തൃഹരി പുറത്ത് എവിടെയോ പോയി തിരിച്ചുവരുമ്പോള്‍ മാധ്യേമാര്‍ഗ്ഗം ആ സ്ത്രീ ആ മാമ്പഴവും കൊണ്ടുപോകുന്നതു കണ്ടു. മാമ്പഴം കണ്ടപ്പോള്‍ അതു തനിക്ക് യോഗി തരികയും താന്‍ ഭാര്യയ്ക്കു കൊടുക്കുകയും ചെയ്തതാണെന്ന് അദ്ദേഹത്തിനും മനസ്സിലാവുകയാല്‍ അദ്ദേഹം അവളോട് “ നിനക്ക് ഈ മാമ്പഴം എവിടെനിന്നും കിട്ടി?” എന്നു ചോദിച്ചു. “ ഇത് എനിക്ക് എന്റെ ഭര്‍ത്താവു തന്നതാണ്” എന്നു മാത്രം പറഞ്ഞിട്ട് അവള്‍ പോയി. ഭര്‍ത്തൃഹരി സ്വഗൃഹത്തില്‍ വന്നന്റെശേഷം കുതിരക്കാരനെ വരുത്തി, ആ മാമ്പഴം അവന് എവിടെനിന്നും കിട്ടി എന്നു ചോദിച്ചു. ആദ്യമൊക്കെ അവന്‍ ചില വ്യാജങ്ങള്‍ പറഞ്ഞുവെങ്കിലും ഒടുക്കം ഭര്‍ത്തൃഹരിയുടെ നിര്‍ബന്ധവും ഭീഷണിയും കൊണ്ടു വാസ്തവംതന്നെ പറഞ്ഞു. അതു കേട്ടപ്പോള്‍ ഭര്‍ത്തൃഹരിക്കു വളരെ വ്യസനമുണ്ടായി.”കഷ്ടം ! ഞാന്‍ അതിമാത്രം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നത് ഈ കുലടയെ ആണല്ലോ. സ്ത്രീകളെ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ല. കഷ്ടം! ഇവള്‍ക്കു വിരൂപനും തന്റെ ഭൃത്യനുമായ ഈ നിചങ്കലാണല്ലോ അഭിനിവേശമുണ്ടായത്. അശ്ചര്യം തന്നെ! ഇവന്‍ ഇവളുടെ ജാരനലെങ്കില്‍ ഇവള്‍ക്ക് ഇവനോട് ഇത്രയും സ്നേഹം തോന്നാനും ഈ മാമ്പഴം ഇവനു കൊടുക്കാനും ഇടയില്ല. ഏതായാലും ഇതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയേണ്ടാ” എന്നിങ്ങനെ വിചാരിച്ച് അദ്ദേഹം കുതിരക്കാരനെ പറഞ്ഞയച്ചിട്ട് ശയനഗൃഹത്തില്‍ പോയി വിചാര്‍മഗ്നനായി കിടന്നു. കുതിരക്കാരന്‍ ഈ ഉണ്ടായ സംഗതിയെല്ലാം ഒരു ദാസിമുഖേന ഭര്‍ത്തൃഹരിയുടെ ഭാര്യയെ ഗ്രഹിപ്പിച്ചു. തന്റെ വ്യാജപ്രവൃത്തികളെല്ലാം ഭര്‍ത്താവറിഞ്ഞു എന്നറിഞ്ഞപ്പോള്‍ അവള്‍ക്കു വളരെ വ്യസനവും ഭയവുമുണ്ടായി. ഇതു നിമിത്തം തന്റെ ജാരനു കഠിനശിക്ഷയും തനിക്ക് ദുര്യശസ്സു മുണ്ടാകുമെന്നും ഇവ രണ്ടും ഉണ്ടാകാതെയിരിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ കഥ ഉടനെ കഴിക്കണമെന്നും അവള്‍ നിശ്ചയിച്ചു. ഉടനെ അവള്‍ വിഷം ചേര്‍ത്ത് ഒരു ഓട്ടട(ഒരു പലഹാരം) ഉണ്ടാക്കി, “ഭക്ഷണം തയ്യാറാക്കന്‍ കുറച്ചു താമസമുണ്ട്. വയറു കായാതിരിക്കട്ടെ. ഇതു തിന്നോളൂ” എന്നു പറഞ്ഞ് ആ പലഹാരം ഭര്‍ത്തൃഹരിയുടെ കൈയില്‍ കൊടുത്തു. അംഗനാജനത്തോളം ദുര്‍ബുദ്ധി മറ്റാര്‍ക്കുള്ളു?
ഭര്‍ത്തൃഹരി പലഹാരം കൈയില്‍ വങ്ങിക്കൊണ്ട്, “ ഇവള്‍ എന്നെ കൊല്ലാനായി വിഷം കൂട്ടി ഉണ്ടാക്കിയതായിരിക്കണം. ഇനി ഇവളുടെ സഹവാസം ഉപേക്ഷിക്കുക തന്നെയാണ് യുക്തം; സംശയമില്ല. നാലാശ്രംങ്ങളുള്ളതില്‍ ഉത്തമവും സുഖപ്രദവും ദുഃഖരഹിതവുമായിരിക്കുന്നത് ചതുര്‍ത്ഥാശ്രമം തന്നെയാണ്. അതിനാല്‍ അചിരേണ അതിനെത്തന്നെ സ്വീകരിക്കണം” എന്നു മന്‍സ്സിലാക്കിക്കോണ്ടു നിശ്ചയിച്ചിട്ട് “ഓട്ടപ്പം വീട്ടേച്ചുടും” എന്നു പറഞ്ഞുകൊണ്ട് അവിടെനിന്നെണീറ്റു പുറത്തുവന്നു. ആ പലഹാരം പുരയുടെ ഇറമ്പില്‍ തിരുകിവെച്ചിട്ട് അദ്ദേഹം ഭിക്ഷവാങ്ങി ഭക്ഷിക്കുന്നതിനായി ഒരു ചട്ടി കൈയിലെടുത്ഥു കൊണ്ടു പുറത്തിറങ്ങിപ്പോവുകയും ചെയ്തു. ഭര്‍ത്തൃഹരി പടിക്കു പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ പുരയ്ക്കു തീപിടിക്കുകയും സര്‍വസ്വവും ഭസ്മാവശേഷമായിതീരുകയും ചെയ്തു. അനന്തരം ഭര്‍ത്തൃഹരി സന്യാസവൃത്തിയോടുകൂടിയും ഭിക്ഷയെടുത്തു ഭക്ഷണം കഴിച്ചും പല്‍ സ്ഥലങ്ങളില്‍ സഞ്ചരിച്ചു. ഒടുക്കം അദ്ദേഹം ഭിക്ഷ യാചിച്ചു വാങ്ങി ഭക്ഷണം കഴിക്കുന്നതു യുക്തമല്ലെന്നും വല്ലവരും വല്ലതും കൊണ്ടുവന്നുതന്നെങ്കില്‍ മാത്രം ഭക്ഷിച്ചാല്‍ മതിയെന്നും നിശ്ചയിച്ച് പരദേശത്തുള്ള് ഒരു മഹാക്ഷേത്രത്തില്‍ (ചിദംബരത്താണെന്നും ചിലര്‍ പറയുന്നു.) ചെന്നുചേര്‍ന്നു. അവിടെ കിഴക്കേ ഗോപുരത്തില്‍ “പട്ടണത്തുപിള്ള” എന്നു പ്രസിദ്ധനായ സന്യാസി ശ്രേഷ്ഠന്‍ ഇരിക്കുന്നുണ്ടായിരുന്നു. അതിനാല്‍ ഭര്‍ത്തൃഹരി പടിഞ്ഞാറേ ഗോപുരത്തില്‍ പോയി തന്റെ ചട്ടിയും മുമ്പില്‍വെച്ച് അവിടെയിരുന്നു. ആ ചട്ടിയില്‍ വല്ലവരും ഭക്ഷണസാധനവും കൊണ്ടു ചെന്നിട്ടാല്‍ ഭര്‍ത്തൃഹരി അതെടുത്തു ഭക്ഷിച്ചിരുന്നു. അതില്‍ ആരും ഒന്നും കൊണ്ടു ചെന്നിട്ടു കൊടുത്തില്ലെങ്കില്‍ അദ്ദേഹം ഭക്ഷിക്കാറുമില്ല. ഭക്ഷണം കൂടാതെ അദ്ദേഹം അനേകം ദിവസങ്ങള്‍ കഴിച്ചുകൂട്ടാറുണ്ടായിരുന്നു. എന്നാല്‍ അതുകൊണ്ട് അദ്ദേഹത്തിന് വിശേഷിച്ചു യാതൊരു സുഖക്കേടും ക്ഷീണവും ഉണ്ടാകാറുമില്ല. ഈ കാലത്ത് ഒരു ദിവസം ഒരു ഭിക്ഷക്കാരന്‍ അവിടെ കിഴക്കേ ഗോപുരത്തില്‍ ചെന്നു പട്ടണത്തുപിള്ളയോടു ഭിക്ഷ യാചിച്ചു. അപ്പോള്‍ പട്ടണത്തുപിള്ള “ ഞാനും തന്നേപ്പോലെ തന്നെ ഒരു ഭിക്ഷക്കാരനാണ്. തനിക്കു തരുന്നതിന് എന്റെ കൈവശം യാതൊന്നുമില്ല. എന്നാല്‍ പടിഞ്ഞാറേ ഗോപുരത്തില്‍ ഒരു ധനികന്‍ ഇരിക്കുന്നുണ്ട്. അവിടെച്ചെന്നു ചോദിച്ചാല്‍ അദ്ദേഹം വല്ലതും തരുമായിരിക്കും” എന്നു പറഞ്ഞു. ഉടനെ ആ ഭിക്ഷക്കാരന്‍ പടിഞ്ഞാറേ ഗോപുരത്തില്‍ ഭര്‍ത്തൃഹരി യുടെ അടുക്കല്‍ ചെന്നു ഭിക്ഷ ചോദിച്ചു. അപ്പോള്‍ ഭര്‍ത്തൃഹരിയും “ഭിക്ഷ കൊടുക്കുന്നതിന് എന്റെ കൈവശം യാതൊന്നുമില്ല. ഞാനും തന്നേപ്പോലെ ഒരു ദരിദ്രനാണ്” എന്നു പറഞ്ഞ്. ഉടനെ ഭിക്ഷക്കാരന്‍ “അങ്ങ് ഒരു ധനവാനാണെന്നു കിഴക്കേ ഗോപുരത്തിലിരിക്കുന്ന മനുഷ്യന്‍ പറഞ്ഞല്ലോ?” എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ താനൊരു ചട്ടി വച്ചുകൊണ്ടിരിക്കുന്നതിനാലാണ് പട്ടണത്തു പിള്ള ഇങ്ങനെ പറഞ്ഞയച്ചതെന്നും, വിരക്തന്‍മാര്‍ക്ക് ഇങ്ങനെ ഒരു ചട്ടി വെച്ചുകൊണ്ടിരിക്കുന്ന അയുക്തവും അനാവശ്യവുമാണെന്നും ഇങ്ങനെ ഒരു പാത്രം വെച്ചുകൊണ്ടിരുന്നാല്‍ വല്ലവരും വല്ലതും തന്നാല്‍ കൊള്ളാമെന്ന് തനിക്കാഗ്രഹമുണ്ടെന്ന് അര്‍ഥമാകുന്നതാണെന്നു മാണ് പിള്ളയുടെ അഭിപ്രായമെന്നും മന്‍സ്സിലാവുകയാല്‍ “ഇനി ഇതിരുന്നിട്ട് ആരും ഇങ്ങനെ പറയാനിടയാകരുത്” എന്നും പറഞ്ഞ് അദ്ദേഹം ആ ചട്ടിയെടുത്ത് ഒരേറുകൊടുത്തു. മണ്‍പാത്രമായ ചട്ടു ഉടഞ്ഞു തകര്‍ന്നുപോയി എന്നുള്ളതു പറയണമെന്നില്ലല്ലോ. പിന്നെ ഭര്‍ത്തൃഹരി ആജീവനാന്തം ആ പുണ്യക്ഷേത്രസന്നിധിയില്‍ തന്നെ ഇരുന്നിരുന്നു വെന്നും അദ്ദേഹത്തിന്റെ വിശിഷ്ട്കൃതികളെല്ലാം അദ്ദേഹം അവിടെയിരുന്ന് ഉണ്ടാക്കീട്ടുള്ളവയാണെന്നുമാണ് കേള്‍വി.

2011, ജൂൺ 13

ചെമ്പകശ്ശേരിരാജാവ്

ണ്ട് തെക്കുംകൂര്‍ രാജ്യത്ത് (ഇപ്പോള്‍ തിരുവിതാംകൂറില്‍)[1] ഏറ്റുമാനൂര്‍ താലൂക്കില്‍ ചേര്‍ന്ന കുമാരനല്ലൂര്‍ പടിഞ്ഞാറ്റുംഭാഗത്ത് 'പുളിക്കല്‍ച്ചെമ്പകശ്ശേരി'എന്ന് ഇല്ലപ്പേരായിട്ട് ഒരു നമ്പൂതിരിയുണ്ടായിരുന്നു. ആ നമ്പൂതിരിയുടെ ഇല്ലത്ത് ഒരു കാലത്ത് ഒരു ഉണ്ണിയും ആ ഉണ്ണിയുടെ മാതാവായിട്ടു വിധവയായ ഒരന്തര്‍ജനവുമല്ലാതെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായിത്തീര്‍ന്നു. ആ കുടുംബത്തില്‍ അതികലശലായ ദാരിദ്ര്യവുമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഏകസന്താനമായ ഉണ്ണി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായി വേദാദ്ധ്യയനം ചെയ്തുകൊണ്ടു താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം മദ്ധ്യാഹ്നസമയത്ത് ആയുധപാണികളും അന്യനാട്ടുകാരുമായ അഞ്ഞൂറോളം നായന്മാര്‍ കുമാരനല്ലൂര്‍ വന്നുചേര്‍ന്നു. അവര്‍ കോഴിക്കോട്ടുരാജാവും കൊച്ചിരാജാവും തമ്മിലുണ്ടായ യുദ്ധത്തില്‍ പരാജിതന്മാരായി പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോന്ന സൈനികന്മാരായിരുന്നു. രണ്ടുമൂന്നുദിവസമായിട്ടു ഭക്ഷണം കഴിക്കായ്കയാല്‍ അവര്‍ അത്യന്തം പരവശന്മാരായിത്തീര്‍ന്നിരുന്നു. അവര്‍ കുമാരനല്ലൂര്‍ വന്നപ്പോള്‍ ചില ബ്രഹ്മചാരികളായ ഉണ്ണികളും ചില ഉണ്ണിനമ്പൂരിമാരും കുളത്തിലിറങ്ങി മാധ്യന്ദിനം കഴിച്ചു കേറിപ്പോകുന്നതായിക്കണ്ട് അവരുടെ അടുക്കല്‍ച്ചെന്ന് "ഞങ്ങള്‍ ഭക്ഷണം കഴിച്ചിട്ട് ഇന്നേക്കു രണ്ടുമൂന്നു ദിവസമായി. എവിടെച്ചെന്ന് ആരോടു ചോദിച്ചാലാണ് ഞങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരം കിട്ടുന്നത്?" എന്നു ചോദിച്ചു. ചില ഉണ്ണിനമ്പൂരിമാരും ബ്രഹ്മചാരികളും അതു കേട്ടിട്ട് ഒന്നും മിണ്ടാതെ പോയി. ചിലര്‍ തിരിഞ്ഞുനിന്ന് "ഇതാ ആ പുറകേവരുന്ന ബ്രഹ്മചാരിയോടു ചോദിച്ചാല്‍ മതി. അദ്ദേഹം നിങ്ങള്‍ക്കു ഭക്ഷണം കഴിക്കുന്നതിന് എന്തെങ്കിലും മാര്‍ഗമുണ്ടാക്കിത്തരാതിരിക്കുകയില്ല. അദ്ദേഹം ധാരാളം സ്വത്തും ഔദാര്യവുമുള്ള ആളാണ്" എന്നു പറഞ്ഞു. ഇവര്‍ ഈ പറഞ്ഞതു പരിഹാസമായിട്ടാണെന്നു സൈനികര്‍ക്കു മനസ്സിലായില്ല. അവര്‍ ബ്രഹ്മചാരിയുടെ അടുക്കല്‍ച്ചെന്ന് വന്ദിച്ച് തങ്ങള്‍ക്കു ഭക്ഷണത്തിനു വല്ലതും തരണമെന്ന് അപേക്ഷിച്ചു. ആ ബ്രഹ്മചാരി പുളിക്കല്‍ ചെമ്പകശ്ശേരിയിലെ ആയിരുന്നു. ആ ഇല്ലത്ത് അക്കാലത്തു വളരെ ദാരിദ്ര്യമായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഈ ഭടന്മാരെ തന്റെ അടുക്കലേക്കു പറഞ്ഞയച്ചതു തന്റെ സഹപാഠികളില്‍ ചിലരാണെന്നും താന്‍ ദരിദ്രനായിരിക്കുന്നതുകൊണ്ടു തന്റെ പേരില്‍ അവര്‍ക്കുള്ള പുച്ഛംനിമിത്തം അവര്‍ ഇപ്രകാരം ചെയ്തതാണെന്നും ആ ബ്രഹ്മചാരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം തന്റെ കഴുത്തില്‍ കിടന്നിരുന്ന പുലിനഖമോതിരം അഴിച്ച് ആ ഭടന്മാര്‍ക്കു കൊടുത്തിട്ട്" നിങ്ങള്‍ ഇതു കൊണ്ടുപോയി വിറ്റ് അരിയും സാമാനങ്ങളുമെല്ലാം വാങ്ങി,ഇപ്പഴത്തെ ഭക്ഷണം കഴിക്കണം;വൈകുന്നേരത്തേക്കു ഞാന്‍ വേറേ എന്തെങ്കിലും മാര്‍ഗമുണ്ടാക്കിത്തരാം. ഊണു കഴിച്ചു നിങ്ങള്‍ വേഗത്തില്‍ വരണം. കാണാതെ പൊയ്ക്കളയരുത്" എന്നു പറഞ്ഞയച്ചു.
ആ ഭടന്മാര്‍ പുലിനഖമോതിരം കൊണ്ടുപോയി വിറ്റ് അരി മുതലായവ എല്ലാം വാങ്ങി ഭക്ഷണം കഴിക്കുകയും ഇപ്രകാരം ഔദാര്യമുള്ള ഈ ബ്രഹ്മചാരി ഏതില്ലത്തെയാണെന്നും അദ്ദേഹത്തിന്റെ സ്ഥിതി ഏതു പ്രകാരമാണെന്നും മറ്റും അന്വേഷിച്ചറിയുകയും ചെയ്തതിന്റെശേഷം അവര്‍ വേഗത്തില്‍ വീണ്ടും ആ ബ്രഹ്മചാരിയുടെ അടുക്കല്‍ച്ചെന്ന് വന്ദിച്ച് "ഇനി അടിയങ്ങള്‍ എന്തു വേണമെന്നു കല്പിക്കണം. കല്പന ചെയ്‌വാന്‍ അടിയങ്ങള്‍ സന്നദ്ധരാണ്. ഇന്നു മുതല്‍ അവിടുന്ന് അടിയങ്ങളുടെ തമ്പുരാനും അടിയങ്ങള്‍ അവിടുത്തെ ആജ്ഞാകരന്മാരുമാണ്. ഇനി അടിയങ്ങള്‍ മറ്റൊരാളെ ആശ്രയിച്ച് ഉപജീവിക്കണമെന്നു വിചാരിക്കുന്നില്ല" എന്നു പറഞ്ഞു. ഇതു കേട്ടു ബ്രഹ്മചാരി "നിങ്ങള്‍ അങ്ങനെ നിശ്ചയിച്ചുവെങ്കില്‍ ഞാനും അപ്രകാരംതന്നെ സമ്മതിച്ചിരിക്കുന്നു. നിങ്ങള്‍ക്കു ഭക്ഷണത്തിനു തരുന്നതിനെന്നല്ല, എനിക്ക് അഹോവൃത്തി കഴിക്കുന്നതിനുപോലും എന്റെ കൈവശവും തറവാട്ടിലും യാതൊന്നുമില്ല. എനിക്ക് വേണ്ടതുകൂടി നിങ്ങളുണ്ടാക്കിത്തരേണ്ടതായിട്ടാണിരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ആദ്യമായി വേണ്ടത് ഉച്ചയ്ക്കു നിങ്ങളെ എന്റെ അടുക്കലേക്കു പറഞ്ഞയച്ചവരുടെ ഇല്ലങ്ങളില്‍ക്കേറി കൊള്ളയടിച്ചു സര്‍വസ്വവും അപഹരിക്കുകയാണ്. ഇതു കഴിഞ്ഞിട്ടു വേണ്ടതു പിന്നെ ഞാന്‍ പറയാം" എന്നു പറഞ്ഞു. ഉടന്‍ ആ ഭടന്മാര്‍ "കല്പന പോലെ" എന്നു പറഞ്ഞ് ആ ബ്രഹ്മചാരിയെ വീണ്ടും വന്ദിച്ചുകൊണ്ട് അവിടെനിന്നു പോയി. ഓരോ നമ്പൂതിരിമാരുടെ ഇല്ലങ്ങളില്‍ കയറി കൊള്ളയിടുവാന്‍ തുടങ്ങി. ആ ലഹളയില്‍ അവര്‍ ചില ഇല്ലങ്ങളിലെ സര്‍വസ്വവും അപഹരിച്ചു. എന്നു മാത്രമല്ല,എല്ലാവരെയും നിഗ്രഹിക്കുകയും ചെയ്തു.
പുളിക്കല്‍ച്ചെമ്പകശ്ശേരിയിലെ ഉണ്ണി ഒരു ദിവസം അക്കാലത്ത് ഈ ദേശങ്ങളുടെ അധിപതിയായിരുന്ന തെക്കുംകൂര്‍ രാജാവിന്റെ അടുക്കല്‍ച്ചെന്ന്, തനിക്കു താമസിക്കുന്നതിനു സ്വന്തമായി ഒരു സ്ഥലമില്ലെന്നും വില കൊടുത്തു വാങ്ങാന്‍ തനിക്കു സ്വത്തില്ലെന്നും താനൊരു ദരിദ്രനാണെന്നും ഇല്ലത്തു താനും തന്റെ മാതാവുമല്ലാതെ വേറെ ആരുമില്ലെന്നും അതിനാല്‍ ഒരു പുരയിടം ദാനമായിട്ടു തരണമെന്ന് അറിയിച്ചു. രാജാവ് ഇതുകേട്ട് "ഉണ്ണിക്ക് ഒരു ദിവസംകൊണ്ട് വെട്ടിയെടുക്കാവുന്നിടത്തോളം വിസ്താരത്തില്‍ ഒരു പുരയിടം നമ്മുടെ രാജ്യത്തിനകത്ത് എവിടെയെങ്കിലും വെട്ടിവളച്ചെടുത്തുകൊള്ളുന്നതിന് നാം അനുവദിച്ചിരിക്കുന്നു" എന്നു പറഞ്ഞു. ഉടനെ ഉണ്ണി "എന്നാല്‍ അപ്രകാരം ഒരു പ്രമാണംകൂടി തരണം. അല്ലാഞ്ഞാല്‍ എനിക്കൊരുറപ്പില്ലല്ലോ" എന്നറിയിച്ചു. രാജാവ് ഇതുകേട്ട് ഉടനെ തന്റെ മന്ത്രിയായ പുതിയിടത്തില്‍ ഉണ്യാതിരിയെ വരുത്തി മേല്‍പറഞ്ഞ പ്രകാരം അനുവദിച്ചതായി ഒരു നീട്ടെഴുതിക്കൊണ്ടു വരുവാന്‍ ആജ്ഞാപിച്ചു. ബുദ്ധിമാനായ മന്ത്രി ഇതു കേട്ടു രാജാവിനോടു സ്വകാര്യമായിട്ട് "ഇതില്‍ എന്തോ ചതിയുണ്ടെന്നാണ് തോന്നുന്നത്. ഈ ഉണ്ണിക്ക് ഇപ്രകാരം ഒരു പുരയിടം കൊടുക്കാനനുവദിച്ചാല്‍ വാമനമൂര്‍ത്തിക്കു മൂന്നടി ഭൂമി കൊടുത്ത മഹാബലിക്കു പറ്റിയതുപോലെ, പറ്റിയേക്കും. ഈ ഉണ്ണി ഒട്ടും കുറഞ്ഞവനല്ലെന്ന് അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങള്‍കൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ട്" എന്നറിയിച്ചു. രാജാവ് മന്ത്രിയുടെ ഉപദേശത്തെ അത്ര സാരമുള്ളതായി ഗണിച്ചില്ല. ഉടനെ മന്ത്രി നീട്ടെഴുതിക്കൊണ്ടുവരികയും രാജാവ് ഒപ്പും മുദ്രയുംവെച്ചു നീട്ട് ഉണ്ണിക്കു കൊടുത്തയയ്ക്കുകയും ചെയ്തു. അതിന്റെ പിറ്റേദിവസം രാവിലെ ആ ബ്രഹ്മചാരി ഒരു ഉടവാളുമായി പുറപ്പെട്ട് അക്കാലത്തു കുമാരനല്ലൂര്‍ പടിഞ്ഞാറ്റുംഭാഗമെന്നു പറഞ്ഞുവന്നിരുന്ന പ്രദേശത്തിനു ചുറ്റും ആ വാളുകളുകൊണ്ട് ഓരോന്ന് വെട്ടിക്കൊണ്ട് ഒരു പ്രദക്ഷിണമായിട്ടു വന്നു. ഒരു ദിവസം കൊണ്ടു വെട്ടിയെടുക്കാവുന്ന സ്ഥലം എടുത്തുകൊള്ളാനാണല്ലോ തെക്കുംകൂര്‍രാജാവ് പ്രമാണം കൊടുത്തിരിക്കുന്നത്. അതിനാല്‍ മേല്‍പ്പറഞ്ഞ പ്രകാരം വെട്ടിയെടുത്ത ഊര് (ദേശം) ആകയാല്‍ ആ ദേശത്തിന് 'ഉടവാളൂര്'എന്ന പേരിടുകയും ചെയ്തു. ഉടവാളൂര് എന്നുള്ളത് കാലക്രമേണ 'കുടമാളൂര്'എന്നായിത്തീര്‍ന്നു. ഇപ്പോഴും ആ പ്രദേശത്തിനു കുടമാളൂര്‍ എന്നുതന്നെ പേര്‍ വിളിച്ചു വരുന്നു. പിന്നെ അവിടെ ഒരു ഭവനം പണിയിക്കുകയും ആ പ്രദേശത്തിനു ചുറ്റും ഒരു കോട്ടകെട്ടിക്കുകയും ചെയ്ത് ആ ഉണ്ണി തന്റെ മാതാവോടുകൂടി സ്ഥിരതാമസം അവിടെ ആക്കുകയും ചെയ്തു. ഭടന്മാര്‍ ഓരോ സ്ഥലങ്ങളില്‍ക്കേറി കൊള്ളചെയ്തു കൊണ്ടുവന്ന അളവറ്റ ധനംകൊണ്ട് അദ്ദേഹത്തിനു സമ്പാദ്യവും ധാരാളമായി. അങ്ങനെ ആ ദേശത്തിന്റെ ആധിപത്യത്തോടും രാജപദവിയോടുംകൂടി ആ ഉണ്ണി സൈന്യസമേതം അവിടെ താമസിച്ചുതുടങ്ങിയ കാലം മുതല്‍ അദ്ദേഹത്തെ എല്ലാവരും പുളിക്കല്‍ച്ചെമ്പകശ്ശേരിയിലെ കൊച്ചുതമ്പുരാന്‍ എന്നു വിളിച്ചുതുടങ്ങി. അനന്തരം അദ്ദേഹത്തിന്റെ സമാവര്‍ത്തനം കഴിയുകയും ഇല്ലപ്പേരില്‍'പുളിക്കല്‍' എന്നുണ്ടായിരുന്നത് ലോപിച്ചുപോവുകയും അദ്ദേഹത്തെ എല്ലാവരും'ചെമ്പകശ്ശേരിത്തമ്പുരാന്‍'എന്നും 'ചെമ്പകശ്ശേരിരാജാവ്'എന്നും പറഞ്ഞുതുടങ്ങുകയും ചെയ്തു. ഇങ്ങനെ ചെമ്പകശ്ശേരിനമ്പൂരി ചെമ്പകശ്ശേരി രാജാവായിത്തീര്‍ന്നു.
അനന്തരം ആ ഭടന്മാര്‍ വേമ്പനാട്ടുകായലിന്റെ പടിഞ്ഞാറെക്കര 'വേമ്പനാട്ടു'രാജാവിന്റെ അധീനത്തിലിരുന്ന അമ്പലപ്പുഴനാട്ടുമ്പുറം, ആ രാജാവിനെ ജയിച്ചു കൈവശപ്പെടുത്തുകയും ചെമ്പകശ്ശേരിരാജാവിന്റെ സ്ഥിരതാമസവും രാജധാനിയും അവിടെയാക്കുകയും ചെയ്തു. അതിനാല്‍ ആ പ്രദേശത്തിനു 'ചെമ്പകശ്ശേരി രാജ്യം' എന്നു നാമം സിദ്ധിച്ചു.
ചെമ്പകശ്ശേരിരാജാവായിത്തീര്‍ന്ന ആ നമ്പൂരി വിവാഹം കഴിച്ചു കുടി വെച്ചതു കുടമാളൂര്‍ മഠത്തില്‍ത്തന്നെയാണ് (ചെമ്പകശ്ശേരിരാജാവിന്റെ ഭവനത്തിനു 'മഠം' എന്നാണു പറഞ്ഞുവന്നിരുന്നത്).
പുളിക്കല്‍ച്ചെമ്പകശ്ശേരിനമ്പൂരി കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ ഒരു ഊരാണ്‍മക്കാരനായിരുന്നു. അദ്ദേഹം തന്റെ ഭടന്മാരെക്കൊണ്ട് കൊള്ളയും ഹിംസയും ചെയ്യിച്ച ഇല്ലങ്ങളിലെ നമ്പൂരിമാരും ആ ക്ഷേത്രത്തില്‍ ഊരാണ്‍മക്കാരനായിരുന്നു. ഊരാണ്‍മക്കാരായ നമ്പൂരിമാരെ അദ്ദേഹം ഇപ്രകാരം ദ്രോഹിക്കുക നിമിത്തം ശേഷമുള്ള ഊരാളരായ നമ്പൂരിമാര്‍കൂടി ഇദ്ദേഹത്തിന്റെ ഊരാണ്‍മസ്ഥാനം വേണ്ടെന്നു വയ്ക്കുകയും അദ്ദേഹത്തെ മേലാല്‍ ക്ഷേത്രത്തില്‍ കടത്തിക്കൂടാ എന്നു നിശ്ചയിക്കുകയും ചെയ്തു. എന്നുമാത്രവുമല്ല, പുളിക്കല്‍ച്ചെമ്പകശ്ശേരി നമ്പൂരിക്കു കുമാരനല്ലൂര്‍ക്ഷേത്രത്തിന്റെ വടക്കെനടയില്‍ മതില്‍പുറത്ത് മതിലിനോടു ചേര്‍ന്ന് ഒരു മഠമുണ്ടായിരുന്നത് ശേഷമുള്ള നമ്പൂരിമാര്‍ തീവയ്പിച്ചു ഭസ്മമാക്കിക്കളയുകയും ചെയ്തു. ആ മഠമിരുന്ന പുരയിടത്തിന് ഇന്നും 'പുളിക്കല്‍മഠത്തില്‍ പുരയിടം' എന്നാണു പേര് പറഞ്ഞുവരുന്നത്. ചെമ്പകശ്ശേരിത്തമ്പുരാന്‍ ബ്രഹ്മചാരിയായിരുന്ന കാലത്തു കുമാരനല്ലൂര്‍ ക്ഷേത്രത്തിലെ ഊരാണ്‍മക്കാരായ നമ്പൂരിമാരെ ദ്രോഹിക്കുകയാല്‍ കുമാരനല്ലൂര്‍ ഭഗവതിയുടെ അനിഷ്ടംനിമിത്തം കാലാന്തരത്തില്‍ അദ്ദേഹത്തിനു പലവിധത്തിലുള്ള അനര്‍ത്ഥങ്ങളുണ്ടായിത്തുടങ്ങി. അനര്‍ത്ഥഹേതു അനിഷ്ടമാണെന്നും അതിനു കുമാരനല്ലൂര്‍ നടയില്‍ വിളിച്ചുചൊല്ലിപ്രായശ്ചിത്തം ചെയ്യുകയും ഒരാനയെ നടയ്ക്കിരുത്തുകയും ചെയ്താലല്ലാതെ നിവൃത്തിയുണ്ടാതല്ലെന്നും പ്രശ്നക്കാര്‍ വിധിക്കുകയാല്‍ തമ്പുരാന്‍ അപ്രകാരം ചെയ്യുന്നതിനായി കുമാരനല്ലൂര്‍ ചെന്നുഎങ്കിലും അദ്ദേഹം മതില്‍ക്കകത്തു കടക്കുന്നതിന് ഊരാണ്‍മക്കാരായ നമ്പൂരിമാര്‍ അനുവദിച്ചില്ല. ഒടുക്കം ചെമ്പകശ്ശേരിത്തമ്പുരാന്‍ മതില്‍ക്കു പുറത്തുനിന്നു പ്രായശ്ചിത്തം ചെയ്യുകയും നടയ്ക്കിരുത്താനായി കൊണ്ടുചെന്നിരുന്ന ആനയെ ഒരു പൊന്നുന്തലേക്കെട്ട് കെട്ടിച്ചു മതില്‍ക്കകത്തേക്ക് അഴിച്ചുവിടുകയും ചെയ്തിട്ടു കുടമാളൂര്‍ക്ക് പോവുകയും ചെയ്തു. ആ തലേക്കെട്ട് ഇന്നും കുമാരനല്ലൂര്‍ ഭണ്ഡാര ത്തിലിരിക്കുന്നുണ്ട്. വിഷുവിന് കണിവയ്ക്കാനും ഉത്സവകാലത്തും അത് പുറത്തെടുത്ത് ഉപയോഗിക്കാറുണ്ട്. അതില്‍ 'ചെമ്പകശ്ശേരിവക' എന്നു പേരു വെട്ടിയിട്ടുമുണ്ട്.
ഇപ്രകാരം ആദ്യം അമ്പലപ്പുഴ രാജാവായിത്തീര്‍ന്ന മഹാന്റെ സീമന്തപുത്രനായിരുന്നു അമ്പലപ്പുഴെ 'പൂരാടംപിറന്ന തമ്പുരാന്‍' എന്നു പ്രസിദ്ധനും സര്‍വജ്ഞനുമായിരുന്ന ഗംഭീരമാനസന്‍. അങ്ങനെ നാലോ അഞ്ചോ തലമുറ കഴിഞ്ഞപ്പോഴേക്കും അമ്പഴപ്പുഴരാജ്യം തിരുവിതാംകൂറിലേക്കായി. ഒടുക്കം ആ വംശത്തില്‍ ഒരു തമ്പുരാട്ടി മാത്രം ശേഷിക്കുകയും ആ തമ്പുരാട്ടി പത്തുപതിനഞ്ചു കൊല്ലംമുമ്പേ കുടമാളൂര്‍ മഠത്തില്‍വെച്ച് തീപ്പെട്ടുപോവുകയും ചെയ്തു. ഇപ്പോള്‍ അവിടെയുള്ളവര്‍'വേലിയാംകോല്‍' എന്നൊരു നമ്പൂരിയുടെ ഇല്ലത്തുനിന്ന് ഇവിടെ ദത്തുകേറിയവരും അവരുടെ സന്താനങ്ങളുമാണ്. അമ്പലപ്പുഴരാജാവിന്റെ സ്ഥാനം ഇപ്പോള്‍ വഹിച്ചുപോരുന്നത് (ക്ഷേത്രകാര്യങ്ങള്‍ക്കു മാത്രം) തിരുവിതാംകൂര്‍ മഹാരാജാവുതിരുമനസ്സിലെ പ്രതിനിധിയായിട്ടു കുടമാളൂര്‍ തെക്കേടത്തു ഭടതിരിപ്പാടവര്‍കളാണ്.

കുറിപ്പുകള്‍

1. ഇപ്പോള്‍ തിരുവിതാംകൂര്‍ രാജ്യവും ഏറ്റുമാനൂര്‍ താലൂക്കും ഇല്ല.

കാലടിയില്‍ ഭട്ടതിരി

കാലടിയില്‍ ഭട്ടതിരിയുടെ ഇല്ലം കുമാരനല്ലൂര്‍ ഗ്രാമത്തിലുള്‍പ്പെട്ട നെട്ടാശ്ശേരി എന്ന ദിക്കിലാകുന്നു. ഈ ഇല്ലത്തുള്ളവര്‍ക്കു പാരമ്പര്യമായിട്ടുതന്നെ മന്ത്രവാദമുണ്ടെന്നും ഗണപതി പ്രത്യക്ഷമാണെന്നും പ്രസിദ്ധ മാണല്ലോ. ഇവരുടെ മന്ത്രവാദത്തിന് അനന്യസാധാരണത്വം സിദ്ധിക്കുന്നതിനും ഗണപതി പ്രത്യക്ഷീഭവിക്കുന്നതിനുമുള്ള കാരണങ്ങള്‍ ചുരുക്കമായി ഇവിടെ വിവരിക്കുന്നു.

ഒരിക്കല്‍ ഈ ഇല്ലത്തുള്ള ഒരു ഭട്ടതിരിയും അദ്ദേഹത്തിന്റെ സ്നേഹിതനായ വേറെ ഒരു നമ്പൂതിരിയുംകൂടി ത്യശ്ശിവപേരൂര്‍ പൂരം കാണാനായി പുറപ്പെട്ടു. ഇരിങ്ങാലക്കുടയ്ക്കു സമീപമായപ്പോള്‍ നേരം വൈകിയതിനാല്‍ ഒരില്ലത്തുകയറി പകലെ ഊണും സന്ധ്യാവന്ദനവും കഴിച്ച് അവിടെനിന്നു പുറപ്പെട്ട് 'യക്ഷിപ്പറമ്പ് ' എന്ന സ്ഥലത്തിനു സമീപമായപ്പോള്‍ സര്‍വ്വാംഗസുന്ദരികളായ രണ്ടു മനു‌ഷ്യസ്ത്രീകള്‍ വഴിയില്‍ നില്ക്കുന്നതുകണ്ടു. ആ സ്ത്രീകള്‍ ഇവര്‍ അടുത്തുചെന്നപ്പോള്‍ തിരുമേനികള്‍ എങ്ങോട്ടാണ് ഈ അസമയത്ത് എഴുന്നള്ളത്ത്? എന്നു ചോദിച്ചു. അപ്പോള്‍ ഭട്ടതിരി ഞങ്ങള്‍ പൂരത്തിനു പോവുകയാണ് എന്നു പറഞ്ഞു. ഉടനെ സ്ത്രീകള്‍ ഇവിടെ അങ്ങോട്ടുചെല്ലുമ്പോള്‍ യക്ഷിപ്പറമ്പെന്നു പറയുന്ന സ്ഥലമായി. ഇങ്ങനെയുള്ള അസമയങ്ങളില്‍ ഇതിലേ മനു‌ഷ്യരാരും നടക്കാറില്ല. ഇതൊരു വൈ‌ഷമ്യസ്ഥലമാണെന്ന് അവിടുന്ന് കേട്ടിട്ടില്ലായിരിക്കുമോ? എഴുന്നള്ളത്തു ഇന്നു വേണ്ടെന്നാണ് അടിയങ്ങള്‍ക്ക് തോന്നുന്നത്. എഴുന്നള്ളിയാല്‍ എന്തെങ്കിലും ആപത്തുണ്ടാകും. അങ്ങനെ വളരെ കണ്ടിട്ടുണ്ട് എന്നു പറഞ്ഞു. അപ്പോള്‍ നമ്പൂരി, ഞങ്ങള്‍ക്ക് ഈ ദിക്കിലെങ്ങും പരിചയമില്ല. ഞങ്ങള്‍ ഈ ദിക്കുകാരല്ല. ഇന്നു പോകേണ്ടെന്നുവച്ചാല്‍ കേറികിടക്കുന്നതിന് എവിടെ യാണു സകൗര്യമുള്ളത്. ഇവിടെ അടുക്കലെങ്ങാനും വല്ല ശൂദ്രവീടുകളോ മറ്റോ ഉണ്ടോ? എന്നു ചോദിച്ചു. അടിയങ്ങളുടെ കുപ്പമാടം ഇവിടെ അടുക്കലാണ്. വിരോധമില്ലെങ്കില്‍ അങ്ങൊട്ടെഴുന്നള്ളിയാല്‍ അവിടെ കിടക്കാം. എന്നു സ്ത്രീകള്‍ പറഞ്ഞു.

ഇങ്ങനെ ആ സ്ത്രീകളും ഈ ബ്രാഅണരും കൂടി കുറഞ്ഞൊരു നേരത്തെ സംഭാ‌ഷണം കഴിഞ്ഞപ്പോഴേക്കും അസമയത്തു പോയാല്‍ വല്ലതും ആപത്തു സംഭവിച്ചെങ്കിലോ എന്നുള്ള ഭയംകൊണ്ടും ഈ സുന്ദരികളോടുകൂടി പോയാല്‍ അന്നു രാത്രി സുഖമായി കഴിച്ചുകൂട്ടാമെന്നുള്ള മോഹംകൊണ്ടും ഭട്ടതിരിയും നമ്പൂരിയും ആ സ്ത്രീകളുടെ വീട്ടിലേയ്ക്കു പോവുകയെന്നുതന്നെ തീര്‍ച്ചയാക്കി. പിന്നെ അവര്‍ നാലുപേരുംകൂടി അവിടെനിന്നു പോയി. കുറച്ചു ചെന്നപ്പോള്‍ വലിയതായിട്ട് ഒരു മാളിക കണ്ടു. ഈ സ്ത്രീകള്‍ ബ്രാഹ്മണരെ ആ മാളികയില്‍ കൂട്ടിക്കൊണ്ടുപോയി. അവിടെ അടുത്തടുത്തു വിശാലമായ രണ്ടു മുറികള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നില്‍ ഭട്ടതിരിയെയും ഒന്നില്‍ നമ്പൂരിയെയും കൊണ്ടുചെന്നു കിടത്തി. രണ്ടു മുറികളിലും ഓരോ സ്ത്രീകള്‍ ചെന്നുകൂടി. ഭട്ടതിരി കിടന്ന മുറിയില്‍ ചെന്ന ആ സ്ത്രീ ഭട്ടതിരിയെ തൊട്ടപ്പോള്‍തന്നെ അദ്ദേഹത്തിനു ബോധമില്ലാതായി. ഉടനെ അവള്‍ അദ്ദേഹത്തെ ഭക്ഷിക്കാനും തുടങ്ങി. നമ്പൂരിക്കു പതിവായി 'ദേവീമാഹാത്മ്യം' പാരായണമുള്ളതിനാല്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ ദേവീമഹാത്മ്യം ഗ്രന്ഥമുണ്ടായിരുന്നു. ആ ഗ്രന്ഥം തലയ്ക്കല്‍ വച്ചുംകൊണ്ടാണ് കിടക്കുക പതിവ്. അന്നും ഗ്രന്ഥം തലയ്ക്കല്‍ വച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്ന സ്ത്രീ "ആ ഗ്രന്ഥം ഇവിടെ താഴെയെങ്ങാനും വെച്ചേക്കണം. അതെന്തിനു തലയ്ക്കല്‍ വെച്ചിരിക്കുന്നു" എന്നു ചോദിച്ചു. "ഇതു താഴെ വയ്ക്കാന്‍ പാടില്ല. തലയ്ക്കല്‍ വച്ചുംകൊണ്ടാണ് ഞാന്‍കിടന്നുറങ്ങുക പതിവ്" എന്നു നമ്പൂരി പറഞ്ഞു. പിന്നെയും ഗ്രന്ഥം താഴെവയ്ക്കാന്‍ ആ സ്ത്രീ വളരെ നിര്‍ബന്ധിച്ചു. എങ്കിലും നമ്പൂരി സമ്മതിച്ചില്ല. അപ്പോഴേക്കും മറ്റേ മുറിയില്‍ ഭട്ടതിരിയുടെ എല്ലുകള്‍ കടിച്ചുപൊട്ടിക്കുന്നതിന്റെയും ചോര കുടിക്കുന്നതിന്റെയും ശബ്ദം കലശലായിട്ട് ഈ മുറിയില്‍ കേട്ടുതുടങ്ങി. നമ്പൂരിക്കു കുറേശ്ശെ ഭയവും ചില സംശയങ്ങളും തോന്നിത്തുടങ്ങി. അവിടെക്കിടന്നുംകൊണ്ടു ഭട്ടതിരിയെ വിളിച്ചു. ഭട്ടതിരിയെ അപ്പോഴേക്കും മുക്കാലും ഭക്ഷിച്ചുകഴിഞ്ഞിരുന്നു. പിന്നെ ആര്‍ വിളി കേള്‍ക്കുന്നു? ഭട്ടതിരി വിളി കേള്‍ക്കാതിരിക്കുകയും അടുക്കല്‍ നില്‍ക്കുന്ന സ്ത്രീ ഗ്രന്ഥം താഴെ വയ്ക്കാന്‍ നില്‍ബന്ധിക്കുകയും ചെയ്യുന്നതുകൊണ്ടും മറ്റും ആകപ്പാടെ കാര്യം നല്ല പന്തിയല്ലെന്നും ഈ സ്ത്രീകള്‍ കേവലം മനു‌ഷ്യസ്ത്രീകള്‍ അല്ലെന്നും തോന്നുകയാല്‍ നമ്പൂരിക്കു ഭയം കലശലായിത്തീര്‍ന്നു. അദ്ദേഹം ഗ്രന്ഥം കയ്യിലെടുത്തുപിടിച്ചുകൊണ്ടു തന്നെ കിടന്നു അദ്ദേഹത്തിനു ലവലേശം ഉറക്കം വരികയും അദ്ദേഹം ഉറങ്ങുകയും ഉണ്ടായില്ലെന്നു പറയേണ്ടതില്ലല്ലോ. അന്ത്യയാമമാകുന്നതു വരെ ആ സ്ത്രീ അദ്ദേഹത്തിന്റെ അടുക്കല്‍ ആ മുറിയില്‍ നിന്നു. പിന്നെ പുറത്തേക്കിറങ്ങിപ്പോയി. നമ്പൂതിരി നിശ്ചഷ്ടേനായി ആ കട്ടിലില്‍തന്നെ ഉറങ്ങാതെ കിടക്കുകയും ചെയ്തു.

നേരം വെളുത്തപ്പോള്‍ അവിടെ മാളികയുമില്ല; സ്ത്രീകളുമില്ല. നമ്പൂരി ഒരു വലിയ കരിമ്പനയുടെ മുകളില്‍ ഇരിക്കുന്നു. പിന്നെ അദ്ദേഹം വളരെ പ്രയാസപ്പെട്ട് ഒരു വിധത്തില്‍ താഴെയിറങ്ങി. അപ്പോള്‍ അതിനടുത്തുള്ള മറ്റൊരു കരിമ്പനയുടെ ചുവട്ടില്‍ ഭട്ടതിരിയുടെ നഖങ്ങളും കുടുമ്മയും മാത്രം കിടക്കുന്നതു കണ്ടു. അപ്പോള്‍ തലേദിവസം കാണപ്പെട്ട സ്ത്രീകള്‍ മനു‌ഷ്യസ്ത്രീകള്‍ അല്ലെന്നും യക്ഷികളായിരുന്നുഎന്നും അവരുടെ മായാബലംകൊണ്ട് അവരെ മനു‌ഷ്യസ്ത്രീകള്‍ അല്ലെന്നും യക്ഷികളായിരുന്നു എന്നും അവരുടെ മായാബലംകൊണ്ട് അവരെ മനു‌ഷ്യസ്ത്രീകളാണെന്നും കരിമ്പന മാളികയാണെന്നും തോന്നിച്ചതാണെന്നും ഭട്ടതിരിയെ യക്ഷി ഭക്ഷിക്കയായിരുന്നു എന്നും ദേവീമാഹാത്മ്യം എന്ന ഗ്രന്ഥം തന്റെ കൈയിലുണ്ടായിരുന്നതിനാല്‍ തന്നെത്തൊടാന്‍ പാടില്ലാഞ്ഞതിനാലാണ് മറ്റേ യക്ഷി തന്നെ ഭക്ഷിക്കാഞ്ഞതെന്നും മറ്റും നമ്പൂരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം പൂരത്തിനു പോകാതെതന്നെ തിരിച്ചുപോന്നു.

അന്നു മരിച്ചുപോയ ആ ഭട്ടതിരിയല്ലാതെ ആ ഇല്ലത്തു പുരു‌ഷന്‍മാരാരും ഉണ്ടായിരുന്നില്ല. മരിച്ചുപോയ ഭട്ടതിരിയുടെ അന്തര്‍ജനത്തിനു അന്നു ഗര്‍ഭമുണ്ടായിരുന്നു. നമ്പൂരി വന്നു ഭട്ടതിരിയുടെ മരണവ്യത്താന്തം അന്തര്‍ജനത്തിന്റെ അടുക്കല്‍ അറിയിച്ചു. അപ്പോള്‍ വിധവയായിതീര്‍ന്ന ആ അന്തര്‍ജനം അത്യന്തം വി‌ഷാദമഗ്നനായി എന്നുള്ളതു പറയേണ്ടതില്ലല്ലോ. പിന്നെ ആ പതിവ്രതതന്നെ ഭര്‍ത്താവിന്റെ ശേ‌ഷക്രിയകളെല്ലാം കഴിച്ചു. അങ്ങനെയിരിക്കുന്ന കാലത്ത് ഏറ്റവും തേജോമയനായ ഒരു പുത്രനെ അന്തര്‍ജനം പ്രസവിച്ചു. ഉണ്ണിക്കു ജാതകര്‍മ്മം, നാമകരണം, അന്നപ്രാശനം, ചൌളം, ഉപനയനം, സമാവര്‍ത്തനം മുതലായവ യഥാകാലം വേണ്ടതുപോലയെല്ലാം കഴിച്ചു. അതിനിടക്കു വിദ്യാഭ്യാസം ചെയ്യിക്കുകയും വേദാധ്യയനം ചെയ്യിക്കുകയുമെല്ലാം ചെയ്തു. അത്യന്തം ബുദ്ധിമാനായ ആ ബ്രാഹ്മണകുമാരന്‍ പതിനാറു വയസ്സു കഴിഞ്ഞപ്പോഴേക്കും അദ്ദേഹം വേദവേദാംഗതത്ത്വജ്ഞനായും സകലശാസ്ത്രപുരാണേതിഹാസ പാരംഗതനായും തീര്‍ന്നു.

അപ്പോള്‍ തന്റെ അച്ഛന്റെ മരണവൃത്താന്തം അമ്മ പറഞ്ഞു മനസ്സിലാവുകയാല്‍ അച്ഛനെക്കൊന്ന ആ യക്ഷിയുടെ കഥ കഴിച്ചേക്കുമെന്ന് അദ്ദേഹം നിശ്ചയിച്ച് ആ ഉദ്ദേശസിദ്ധിക്കായി സൂര്യനെ സേവിച്ചുതുടങ്ങി. അതികഠിനമായിരിക്കുന്ന തപസ്സുകൊണ്ട് അദ്ദേഹം സൂര്യഭഗവാനെ പ്രത്യക്ഷമാക്കി സൂര്യഭഗവാന്‍ ഒരു ബ്രാഹ്മണന്റെ രൂപം ധരിച്ച് ഭട്ടതിരിയുടെ അടുക്കല്‍ ചെന്നു ചില ദിവ്യമന്ത്രങ്ങള്‍ ഉപദേശിക്കുകയും "പോരാത്തതെല്ലാം ഇതില്‍ പറയുന്നുണ്ട്. ഇതില്‍ നോക്കിച്ചെയ്തോളൂ" എന്നു പറഞ്ഞ് ഒരു ഗ്രന്ഥം കൊടുക്കുകയും ചെയ്തിട്ട് മറഞ്ഞുപോവുകയും ചെയ്തു. ആ ഭട്ടതിരിക്കു "സൂര്യകാലടി" എന്നു നാമം സിദ്ധിക്കുകയും പ്രസിദ്ധനാവുകയും ചെയ്തു. അദ്ദേഹമാണ് വിശ്വവിശ്രുതനായ "സൂര്യകാലടി" എന്നു പറയപ്പെടുന്ന ഭട്ടതിരി. അക്കാലം മുതല്‍ ആ ഇല്ലത്ത് ഓരോ തലമുറയില്‍ ഓരോരുത്തര്‍ക്ക് "സൂര്യന്‍" എന്നുകൂടി പേരിട്ടു തുടങ്ങി. അതിന്നും നടന്നുവരുന്നു.

സൂര്യഭഗവാനില്‍നിന്ന് ഉപദേശവും ഗ്രന്ഥവും കിട്ടിയതിന്റെ ശേ‌ഷം സൂര്യഭട്ടതിരി വിവാഹം കഴിച്ചു ഗൃഹസ്ഥനായിട്ടു താമസിച്ചു. അക്കാലത്തു സൂര്യദത്തമായ ഗ്രന്ഥം മുഴുവനും നോക്കി ഹൃദിസ്ഥമാക്കി. അതൊരു മന്ത്രവാദഗ്രന്ഥമായിരുന്നതിനാല്‍ ഭട്ടതിരി പ്രസിദ്ധനായ ഒരു മന്ത്രവാദി യായിത്തീര്‍ന്നു. അദ്ദേഹം പിന്നെ അദ്ദേഹത്തിനുണ്ടായ പുത്രന്മാര്‍ക്കും സൂര്യഭഗവാങ്കല്‍നിന്നു തനിക്കു കിട്ടിയ വിദ്യയെ ഉപദേശിച്ചുകൊടുത്തു. അങ്ങനെ തലമുറതോറുമുണ്ടായ ഉപദേശംകൊണ്ട് ആ പാരമ്പര്യം ഇന്നും ആ ഇല്ലത്തുള്ളവര്‍ക്കു കാണുന്നുണ്ട്. കാലടിയില്‍ ഭട്ടതിരിമാരുടെ മന്ത്രവാദത്തിന് ഒരനന്യസാധാരണത്വമുണ്ടായത് ഇങ്ങനെയാണ്.

പിന്നെ സൂര്യഭട്ടതിരിയെ പല സ്ഥലങ്ങളിലും മന്ത്രവാദത്തിനായി കൊണ്ടുപോകുകയും അദ്ദേഹം പല ബാധകള്‍ ഒഴിക്കുകയുമുണ്ടായിട്ടുണ്ട്. അദ്ദേഹം മന്ത്രവാദം ചെയ്തിട്ട് ഒഴിയാതെ ഒരു ബാധയും ഉണ്ടായിരുന്നില്ല. അങ്ങനെ പല ദൃഷ്ടാന്തങ്ങള്‍ കണ്ടപ്പോള്‍ സൂര്യഭഗവാന്റെ ഉപദേശസാഫല്യത്തെക്കുറിച്ചു ഭട്ടതിരിയുടെ മനസ്സില്‍ത്തന്നെ നല്ല വിശ്വാസമുണ്ടായി. സൂര്യഭഗവാന്റെ ഉപദേശപ്രകാരം ചെയ്താല്‍ എലാം ഫലിക്കുമെന്നു കണ്ടപ്പോള്‍ ഇനി ഒട്ടും താമസിയാതെ തന്റെ അച്ഛനെ ഭക്ഷിച്ച യക്ഷിയെ ശിക്ഷിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. പിന്നെ അതിനു വേണ്ടുന്ന ഉപകരണങ്ങളെല്ലാം സമ്പാദിച്ച് അതികഠിനമായ ഒരു ഹോമം തുടങ്ങി. ശിക്ഷാര്‍ഹയായ യക്ഷി ഏതാണെന്നു നിശ്ചയമില്ലായ്കയാല്‍ അദ്ദേഹം ലോകത്തിലുള്ള സകലയക്ഷികളെയും ഒന്നായിട്ടാവാഹിച്ചു. ഇദ്ദേഹത്തിന്റെ മന്ത്രശക്തികൊണ്ടു നിവൃത്തിയില്ലാതെയായിട്ടു സകലയക്ഷികളും അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു. അപ്പോള്‍ ഭട്ടതിരി "എന്റെ അച്ഛനെ ഭക്ഷിച്ചതു നിങ്ങളിലാരാണ്?" എന്നു ചോദിച്ചു. അപ്പോള്‍ എല്ലാ യക്ഷികളും "ഞാനല്ല, ഞാനല്ല" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി യക്ഷികളെ ഓരോരുത്തരെ ആയിട്ടു പൊന്നും വിളക്കും പിടിപ്പിച്ചു സത്യം ചെയ്യിച്ചു വിട്ടയച്ചു. അങ്ങനെ ശിക്ഷാര്‍ഹയായ ആ ഒരു യക്ഷി ഒഴികെ ശേ‌ഷമെല്ലാവരും പോയി. അപ്പോള്‍ ഭട്ടതിരി തന്റെ പുരോഭാഗത്തിങ്കല്‍ ഭയവിഹ്വലയായി വിറച്ചുകൊണ്ടു നില്‍ക്കുന്ന ആ യക്ഷിയോടും സത്യം ചെയ്യാന്‍ പറഞ്ഞു. താന്‍ അപരാധിനിയാകയാല്‍ സത്യം ചെയ്യുന്നതിനു നിവൃത്തിയില്ലാതെ ആ യക്ഷി തന്റെ അപരാധത്തെ ഏറ്റു പറഞ്ഞു. ഉടനെ ഭട്ടതിരി "എന്നാല്‍ ഞാനിപ്പോള്‍ നിന്നെ ഹോമിക്കും" എന്നു പറഞ്ഞു. "എന്നെ ഹോമിച്ചാല്‍ ഇന്നേക്കു നാല്പത്തൊന്നാം ദിവസം അങ്ങു ചക്രശ്വാസം വലിച്ചു മരിക്കും" എന്ന് യക്ഷി പറഞ്ഞു. അപ്പോള്‍ ഭട്ടതിരി "അങ്ങനെ വരാതിരിക്കാന്‍ ഒരു മാര്‍ഗമില്ലെന്നു വരുമോ" എന്നു ചോദിച്ചു. "നാല്‍പത്തൊന്നാം ദിവസം തിരുവാലൂര്‍ പോയി ദര്‍ശനം കഴിക്കാന്‍ സംഗതിയായാല്‍ മരിക്കില്ല. അല്ലാതെ ശാപമോക്ഷമുണ്ടാകുന്നതല്ല" എന്ന് യക്ഷി പറഞ്ഞു. "എന്തായാലും ഇനി ഞാന്‍നിന്നെ വിട്ടയയ്ക്കുന്നില്ല" എന്നു പറഞ്ഞു ഭട്ടതിരി ആ യക്ഷിയെ പിടിച്ചു ഹോമിക്കുകയും ചെയ്തു.

അതിന്റെ ശേ‌ഷം കുറചു ദിവസം കഴിഞ്ഞപ്പോള്‍ അന്നു കേരളരാജ്യം വാണുകൊണ്ടിരുന്ന "പള്ളിബാണപ്പെരുമാള്‍" ഭട്ടതിരിയുടെ അടുക്കല്‍ ഒരാളയച്ചു. ഉടനെ ഭട്ടതിരി അവിടെ ചെന്നു. അപ്പോള്‍ പെരുമാള്‍ തന്റെ ഭാര്യയ്ക്ക് ഒരു ഗന്ധര്‍വന്റെ ഉപദ്രവം തുടങ്ങീട്ടു വളരെക്കാലമായി എന്നും പല മന്ത്രവാദികളെക്കൊണ്ടും മന്ത്രവാദങ്ങള്‍ ചെയ്യിച്ചിട്ടും ഗന്ധര്‍വ്വന്‍ ഒഴിഞ്ഞുപോയിട്ടില്ലെന്നും ആ ഉപദ്രവം നിമിത്തം ഭാര്യയ്ക്കുണ്ടാകുന്ന ഗര്‍ഭമെല്ലാം അലസിപ്പോകുന്നു എന്നും അതിനാല്‍ ഏതു വിധവും ആ ഉപദ്രവം ഒഴിച്ചുതരണമെന്നും ഭട്ടതിരിയോടു പറഞ്ഞു. ഭട്ടതിരി അങ്ങനെ ആവാമെന്നു സമ്മതിക്കുകയും, അതിലേക്കു വേണ്ടുന്ന ഉപകരണങ്ങള്‍ക്ക് ഒരു ചാര്‍ത്തെഴുതിക്കൊടുക്കുകയും ചെയ്തു. ചാര്‍ത്തിന്‍പ്രകാരമുള്ള ഉപകരണങ്ങളെല്ലാം അന്നുതന്നെ തയ്യാറാക്കി. ഭട്ടതിരി മന്ത്രവാദവും തുടങ്ങി. ചക്രം വരച്ചു പിണിയാളുകളെയിരുത്തി ഭസ്മം ജപിച്ചിടുകയും പലവിധത്തിലുള്ള ഹോമകര്‍മാദികള്‍ കഴിക്കുകയും ചെയ്തിട്ടും പിണിയാള്‍ തുള്ളിയില്ല. എന്തൊക്കെയായിട്ടും ഗന്ധര്‍വന്‍ തന്റെ ആകര്‍‌ഷണത്തില്‍ ഉള്‍പ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ ഭട്ടതിരിക്കു വാശി കലശലായിത്തീരുകയാല്‍ ബ്രാഹ്മണര്‍ക്ക് വിഹിത മല്ലാത്ത പല കഠിനകര്‍മങ്ങളും അദ്ദേഹം ചെയ്തു. പല ജന്തുക്കളെയും മറ്റും അദ്ദേഹം മുറിച്ചു മുറിച്ചു ഹോമിച്ചു തുടങ്ങി. ശീല നെയ്യില്‍ മുക്കി നിലത്തു വിരിച്ച് അതു നിറച്ച് ഉറുമ്പാകുമ്പോള്‍ എടുത്തുഹോമിക്കും. ഇങ്ങനെയുള്ള കഠിനപ്രവൃത്തികള്‍ സംഖ്യയില്ലാതെ ചെയ്തപ്പോള്‍ ഗന്ധര്‍വന് നിവൃത്തിയില്ലാതെയായിത്തീരുകയാല്‍ പ്രത്യക്ഷമായി ഭട്ടതിരിയുടെ മുമ്പില്‍ വന്നു. പിന്നെ അവര്‍ തമ്മില്‍ മന്ത്രതന്ത്രങ്ങളെക്കുറിച്ച് ഒരു വലിയ വാദമുണ്ടായി. ആ വാദത്തില്‍ ഭട്ടതിരി തന്നെ ജയിച്ചു. ഒരുവിധത്തിലും ഭട്ടതിരിയെ ജയിക്കുന്നതിനു നിവൃത്തിയില്ലെന്നു തീര്‍ച്ചയായപ്പോള്‍ ഗന്ധര്‍വന്‍ വളരെ താഴ്മയോടുകൂടി "അതിവിശിഷ്ടനായിരിക്കുന്ന അങ്ങയെ ജയിക്കുന്നതിന് ആരു വിചാരിച്ചാലും കഴിയുന്നതല്ല. അങ്ങയുടെ അച്ഛനെ ഭക്ഷിച്ചവളും എന്റെ പ്രിയതമയുമായ ആ യക്ഷിയെ അങ്ങു സംഹരിച്ചുവല്ലോ.ഇനി സ്ത്രീയെയും വിട്ടു പോകണമെന്ന് അങ്ങു നിര്‍ബന്ധിക്കുന്നതു കഷ്ടമാണ്. എനിക്ക് ഈ സ്ത്രീയില്‍ അധികമായിരിക്കുന്ന ആസക്തി ജനിക്കുകയാലാണ് ഞാന്‍വന്നു ബാധിച്ചത്. ഇവളെ ഉപേക്ഷിചു പോകുന്ന കാര്യം എനിക്കു വളരെ വ്യസനമാണ്. അതിനാല്‍ അവിടുന്ന് കൃപയുണ്ടായി എന്നെ ഉപദ്രവിക്കാതിരിക്കണം" എന്നു പറഞ്ഞു. അപ്പോള്‍ ഭട്ടതിരി "രാജാവിന്റെ ഭാര്യയ്ക്കു നേരിട്ടിരിക്കുന്ന ഉപദ്രവം നീക്കിക്കൊടുത്തുകൊള്ളാമെന്നു ഞാന്‍ രാജാവിന്റെ അടുക്കല്‍ പറഞ്ഞുപോയി. ഇനി അതിനെ ഭേദപ്പെടുത്തുന്നത് എനിക്കു വളരെ അവമാനവും നിവൃത്തിയില്ലാത്തതുമാണ്. അതിനാല്‍ വേഗത്തില്‍ സത്യം ചെയ്ത് ഇവിടെനിന്ന് ഒഴിഞ്ഞുപൊയ്ക്കൊള്ളണം. അതാണു നല്ലത്. പോകാത്തപക്ഷം നിന്റെ യക്ഷി പോയവഴിക്കു നിന്നെ ഞാനയയ്ക്കും" എന്നു പറഞ്ഞു. അതു കേട്ടപ്പോള്‍ ഗന്ധര്‍വനു ഭയവും വ്യസനവും സഹിക്കവഹിയാതായിട്ട് "ഇന്നേക്കു പന്ത്രണ്ടാം ദിവസം അങ്ങ് മൂത്രം മുട്ടി മരിക്കട്ടെ" എന്നു ഭട്ടതിരിയെ ശപിച്ചു. അപ്പോള്‍ ഭട്ടതിരി വ്യസനത്തോടുകൂടി ശാപമോക്ഷത്തെ അപേക്ഷിക്കുകയും പന്ത്രണ്ടാം ദിവസം തിതുവാലൂര്‍ പോയി ദര്‍ശനം കഴിച്ചാല്‍ മരിക്കയില്ലെന്നു ഗന്ധര്‍വന്‍ ശാപമോക്ഷം കൊടുക്കുകയും ചെയ്തു. പിന്നെയും ഭട്ടതിരിയുടെ നിര്‍ബന്ധം നിമിത്തം ഗന്ധര്‍വന്‍ സത്യംചെയ്ത് അവിടംവിട്ട് പോകുകയും ചെയ്തു. ബാണപെരുമാള്‍ ഭട്ടതിരിക്കു വളരെ സമ്മാനങ്ങളും മറ്റും കൊടുത്തു ബഹുമാനിച്ചയച്ചു. താമസിയാതെ പെരുമാളുടെ ഭാര്യ ഗര്‍ഭം ധരിക്കുകയും ഒന്നും അലസാതെ നാലഞ്ചു കുട്ടികള്‍ ഉണ്ടാവുകയും ചെയ്തു.

ഭട്ടതിരിയുടെ മരണത്തിന്റെ തലേദിവസം തിരുവാലൂര്‍ ഒരു അശരീരിവാക്കു കേള്‍ക്കപ്പെട്ടു. "നാളെ ഇവിടെ ഒരപമൃത്യു സംഭവിക്കും; അതിനാല്‍ മൂന്നേമുക്കാല്‍ നാഴികപ്പകലിനുമുമ്പ് അത്താഴപ്പൂജയും കഴിച്ച് എല്ലാവരും പൊയ്ക്കൊള്ളണം" എന്നായിരുന്നു ആ അശരീരിവാക്ക്. മരണദിവസം പകലെ ആയപ്പോഴേക്കും ഭട്ടതിരി തിരുവാലൂരെത്തി. അതുവരെ അദ്ദേഹത്തിനു യാതൊരു ദീനവും ഉണ്ടായിരുന്നില്ല. അദ്ദേഹം ശുദ്ധം മാറിയിരുന്നതിനാല്‍ തിരുവാലൂര്‍ ചെന്നയുടനെ കുളത്തിലിറങ്ങി കുളിച്ചു. കുളി കഴിഞ്ഞ കരയ്ക്കു കയറിയപ്പോള്‍ മൂത്രമൊഴിക്കണമെന്നു തോന്നി. ഉടനെ അവിടെ അടുക്കല്‍ത്തന്നെയുണ്ടായിരുന്ന മൂത്രക്കുഴിയില്‍ ചെന്നിരുന്നു. അപ്പോള്‍ മൂത്രം ഒഴിക്കണ്ടെന്നു തോന്നി. ഉടനെ എണീറ്റു കുളത്തിലിറങ്ങി ശൌചിച്ചു കാലും മുഖവും ശുദ്ധിവരുത്തി കരയ്ക്കു കയറിയപ്പോള്‍ പിന്നെയും മൂത്രം മുട്ടിത്തുടങ്ങി. പിന്നെയും മൂത്രമൊഴിക്കാന്‍ ചെന്നിരുന്നു. അപ്പോള്‍ വേണ്ടെന്നു തോന്നി. ഇങ്ങനെ സന്ധ്യവരെ അദ്ദേഹം കുളത്തിലിറങ്ങുകയും കേറുകയുമായിട്ടു കഴിച്ചുകൂട്ടി. സന്ധ്യയായപ്പോഴേക്കും അദ്ദേഹം ക്ഷീണിച്ചു കുളപ്പുരയില്‍ വീണു. ഉടനെ ചക്രശ്വാസവും വലിച്ചുതുടങ്ങി. അന്നു പ്രദോ‌ഷമായിരുന്നതിനാല്‍ വ്രതക്കാരായിട്ടും മറ്റും അസംഖ്യം ജനങ്ങള്‍ അവിടെ കൂടിയിരുന്നു. എങ്കിലും അശരീരിവാക്കിന്‍പ്രകാരം മൂന്നേമുക്കാല്‍ നാഴികപ്പകലെ അത്താഴപ്പൂജയും കഴിച്ചു എലാവരും പോയി. ഭട്ടതിരി മാത്രം ശ്വാസം വലിച്ചുംകൊണ്ട് അവിടെ കിടന്നു. മൂത്രം മുട്ടിയും ചക്രശ്വാസം വലിച്ചും മരണവേദനയോടുകൂടി അദ്ദേഹം കിടന്നു വി‌ഷമിക്കുമ്പോള്‍ "ഈശ്വരാ! ഗ്രന്ഥത്തില്‍ കണ്ടതാണല്ലോ ഞാന്‍ ചെയ്തത്" എന്നു പറഞ്ഞു എന്നും അപ്പോള്‍ അതിനു മറുപടിയായിട്ട് "സൂര്യകാലടി വേണം ചെയ്യാന്‍ എന്നു ഗ്രന്ഥത്തിലുണ്ടായിരുന്നുവോ" എന്നൊരു അശരീരിവാക്കുണ്ടായെന്നും പ്രസിദ്ധമായി കേള്‍ക്കുന്നുണ്ട്. ഇപ്പോഴും അതൊരു പഴഞ്ചൊല്ലുപോലെ ജനങ്ങള്‍ ഉപയോഗിച്ചു വരുന്നു മുണ്ട്. എന്നാല്‍ സമീപത്തെങ്ങും മറ്റാരുമില്ലാതിരുന്നപ്പോള്‍ ഉണ്ടായ ഈ വാക്ക് ഇത്ര പരസ്യമായിത്തീര്‍ന്നതെങ്ങനെയെന്നു നിശ്ചയമില്ല.

ഏതെങ്കിലും ഭട്ടതിരി ചക്രശ്വാസം വലിച്ചും മൂത്രം മുട്ടിയും അര്‍ധരാത്രിയായപ്പോഴേക്കും അവിടെക്കിടന്നു മരിച്ചു. അദ്ദേഹം ചക്രശ്വാസം വലിച്ചു ചുറ്റിത്തിരിഞ്ഞു നിലത്തുനിന്നു മേല്പോട്ടു പൊങ്ങിയപ്പോള്‍ മരണവേദനയോടുകൂടി ചാടിക്കടിച്ചിട്ടുള്ള പാടുകള്‍ ഇന്നും തിരുവാലൂര്‍ കുളപ്പുരയുടെ തട്ടിന്റെ തുലാങ്ങളിന്മേലും മറ്റും കാണുന്നുണ്ട്. തിരുവാലൂര്‍ ക്ഷേത്രം ആലങ്ങാട്ടു താലൂക്കിലാണ്. സൂര്യഭട്ടതിരി ജീവിച്ചിരുന്നതു പള്ളിബാണപ്പെരുമാളുടെ കാലത്താണെന്നു കാണുന്നതുകൊണ്ട് ഉദ്ദേശം കലിവര്‍‌ഷം മൂവായിരത്തിനാനൂറിനോടടുത്താണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു.സൂര്യഭട്ടതിരിയുടെ കാലം കഴിഞ്ഞതില്‍ പിന്നെയും ആ ഇല്ലത്തുള്ള ഭട്ടതിരിമാര്‍ വളരെ തപശ്ശക്തിയുള്ളവരും വേദജ്ഞന്മാരും ശാസ്ത്രജ്ഞന്മാരും നല്ല മന്ത്രവാദികളുംതന്നെയായിരുന്നു.

ഒരു ദിക്കില്‍ ഒരു വലിയ ജന്മിയുടെ വക ഒരു തെങ്ങിന്‍തോട്ടത്തില്‍ കാവലായിട്ട് ഒരു മൂത്തചേകോന്‍ (തീയന്‍) താമസിച്ചിരുന്നു. ആ തോട്ടത്തില്‍ വളരെ തേങ്ങ വീഴുന്നതുകൊണ്ടു വലിയ വലിയ തേങ്ങാക്കൂട്ടങ്ങള്‍ വളരെയുണ്ടായിരുന്നു. മിക്ക സമയങ്ങളിലും കൂടുകള്‍ ഒഴിയാതെ ഉണക്കത്തേങ്ങ കിടക്കുക പതിവാണ്. അവിടെ ഈ മൂത്തചേകോന്‍ ഒരു മാടം കെട്ടിയുണ്ടാക്കി അതിലാണ് അവന്റെ കിടപ്പു പതിവ്. രാത്രിയില്‍ തീയിടാനായിട്ട് ആ മാടത്തില്‍ ഒരു വലിയ നെരിപ്പോടുമുണ്ടായിരുന്നു. അവന്‍ തണുപ്പുള്ള കാലങ്ങളില്‍ വരട്ടുതേങ്ങയെടുത്തു വെട്ടിക്കീറി അതിന്റെ ചകിരിയിട്ടു തീ കത്തിക്കുകയും തേങ്ങ തീയിലിട്ടു ചുട്ടെടുത്തു തിന്നുകയും ചെയ്തും തീയും കാഞ്ഞിരിക്കുക പതിവാണ്.

ഒരിക്കല്‍ ഒരു മഞ്ഞുകാലത്തു വെളുപ്പാന്‍കാലമായപ്പോള്‍ മൂത്തചേകോനു തണുപ്പു സഹിക്കാന്‍ പാടില്ലാതെയായിട്ട് എണീറ്റ് രണ്ടുമൂന്നു തേങ്ങയെടുത്തു വെട്ടിക്കീറി ചകിരിയിട്ടു തീയും കത്തിച്ചു തേങ്ങയും ചുട്ടുതിന്നു തീയും കാഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ ആ മാടത്തിന്റെ മെടയുടെ (തട്ടിയുടെ) ഇടയില്‍ക്കൂടി ഒരു കൊച്ചു തുമ്പിക്കെ മൂത്തചോകോന്റെ അടുക്കലേക്കു നീട്ടുന്നത് അവന്‍ കണ്ടു. ഉടനെ ഒരു തേങ്ങാക്ക‌ഷണം അവന്‍ തുമ്പിക്കയ്യിലേകു വെച്ചുകൊടുത്തു. അതു വാങ്ങി തിന്നിട്ടു പിന്നെയും തുമ്പിക്കെ നീട്ടി. മൂത്തചേകോന്‍ പിന്നെയും ഒരു ക‌ഷണം വെച്ചു കൊടുത്തു. അങ്ങനെ പല പ്രാവശ്യം കഴിഞ്ഞപ്പോഴേക്കും ചുട്ട തേങ്ങയെല്ലാം അവസാനിച്ചു. നേരവും വെളുത്തു. അപ്പോള്‍ തുമ്പിക്കൈ കാണാതെയുമായി. മൂത്തചേകോനെണീറ്റ് അവന്റെ ജോലിക്കും പോയി.

പിറ്റേദിവസം വെളുപ്പാന്‍കാലത്തു മൂത്തചേകോന്‍ പതിവുപോലെ തേങ്ങ ചുട്ടു തിന്നുന്നതിനു തുടങ്ങി. അപ്പോള്‍ തലേദിവസത്തെപ്പോലെ ആ കൊച്ചു തുമ്പിക്കയ്യും കണ്ടുതുടങ്ങി. അന്നും അവന്‍ ഓരോ ക‌ഷണം ആ തുമ്പിക്കയ്യില്‍ വെച്ചുകൊടുക്കുകയും ആ കുട്ടിയാന മൂത്തചേകോന്റെ അടുക്കല്‍ വന്നുനിന്നു തേങ്ങ വാങ്ങിത്തിന്നും തുടങ്ങി. എന്തിനു വളരെ പറയുന്നു. അങ്ങനെ ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും മൂത്ത ചേകോനും കുട്ടിയാനയും പരസ്പരം അത്യന്തം സ്നേഹമായിത്തീര്‍ന്നു. ഒരു സമയവും കുട്ടിയാന മൂത്തചേകോനെ പിരിഞ്ഞുപോകാതെയായി. മൂത്തചേകോന്‍ ഭക്ഷിക്കുന്ന സാധനങ്ങളിലെല്ലാം ഒരു ഭാഗം കുട്ടിയാനയ്ക്കും കൊടുക്കാതെ അവന്‍ ഭക്ഷിക്കുകയില്ല. എന്നാല്‍ കുട്ടിയാനയ്ക്കു ചുട്ട തേങ്ങപോലെ പ്രിയമായിട്ടു മറ്റൊന്നുമില്ല. മൂത്തചേകോന്‍ ദിവസംതോറും രണ്ടും മൂന്നും തേങ്ങവീതം ചുട്ടു കുട്ടിയാനയ്ക്കു കൊടുക്കും. അസംഖ്യം തേങ്ങ വീഴുന്ന സ്ഥലമായതു കൊണ്ട് ഈ കുറവ് ഉടമസ്ഥന്‍ അറിയുന്നതിനും ചോദ്യപ്പെടുന്നതിനും ഇടയായതുമില്ല. മൂത്തചേകോന്‍ വല്ലേടത്തും കൂലിവേലയ്ക്കു പോയാലും കുട്ടിയാന കൂടെ ഉണ്ടായിരിക്കും. എന്നുവേണ്ടാ, കുട്ടിയാനയും മൂത്തചേകോനുമായി പിരിഞ്ഞിട്ട് ഒരു സമയവുമില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ. എന്നാല്‍ ഈ കുട്ടിയാനയെ ആ മൂത്തചേകോനല്ലാതെ മറ്റാര്‍ക്കും കാണ്‍മാന്‍ പാടില്ലായിരുന്നു താനും.

അങ്ങനെയിരിക്കുമ്പോള്‍ ഒരിക്കല്‍ ഒരു കാലടിയില്‍ ഭട്ടതിരി എവിടെയോ മന്ത്രവാദത്തിനോ തന്ത്രത്തിനോ മറ്റോ പോയി തിരിച്ചുവരുമ്പോള്‍ നാട്ടുവഴി ഈ തോട്ടത്തിന്നടുക്കല്‍ക്കൂടിയായിരുന്ന തിനാല്‍ അതിലേ വന്നു. അപ്പോള്‍ അദ്ദേഹം ഈ കുട്ടിയാനയെ കണ്ടു. ഭട്ടതിരി ഒരു ദിവ്യനായിരുന്നതിനാല്‍ ഇതു കേവലമൊരു കുട്ടിയാനയല്ലെന്ന് അദ്ദേഹത്തിനു തോന്നുകയാല്‍ ഇതിനെ വിലയ്ക്കു തരാമോ എന്നു മൂത്തചേകോനോടു ചോദിച്ചു. മൂത്തചേകോന് ഈ ആനക്കുട്ടിയുടെ മേല്‍ വളരെ വാത്സല്യവും കൌതുകവും ഉണ്ടായിരുന്ന തിനാല്‍ "അയ്യോ അടിയന്‍ ഈ ഒറ്റക്കൊമ്പനെ (ആ കുട്ടിയാനയ്ക്ക് ഒരു കൊമ്പേ ഉണ്ടായിരുന്നുള്ളൂ) തരികയില്ല" എന്നു പറഞ്ഞു. എങ്കിലും ഭട്ടതിരിയുടെ നിര്‍ബന്ധംകൊണ്ടു നിവൃത്തിയില്ലാതെയായതുകൊണ്ടും പറയുന്ന വില കൊടുക്കാമെന്നു അദ്ദേഹം സമ്മതിച്ചതുകൊണ്ടും ഒടുക്കം കൊടുക്കാമെന്ന് അവന്‍ സമ്മതിച്ചു. പിന്നെ ഭട്ടതിരി മൂത്തചേകോന്‍ പറഞ്ഞതുപോലെയുള്ള സംഖ്യ എണ്ണിക്കൊടുത്തു കുട്ടിയാനയെ വാങ്ങി. എങ്കിലും കുട്ടിയാന ഭട്ടതിരിയുടെ കൂടെപ്പോകാതെ മൂത്തചേകോന്റെ അടുക്കല്‍ത്തന്നെ നിന്നു. പിന്നെ ഭട്ടതിരി മൂത്തചേകോനോട് അവന്റെ നെരിപ്പോടും രണ്ടുമൂന്നു വരട്ടുതേങ്ങയും വിലകൊടുത്തു വാങ്ങി. ആ തേങ്ങാ തല്ലിപ്പൊട്ടിച്ചു നെരിപ്പോടിലിട്ടു ചുട്ടു. അതില്‍നിന്ന് ഒരു ക‌ഷണം തേങ്ങായെടുത്തു നീട്ടിയപ്പോള്‍ കുട്ടിയാന ഭട്ടതിരിയുടെ അടുക്കല്‍ വന്നു വാങ്ങിച്ചു തിന്നു. പിന്നെ ഭട്ടതിരി ആ നെരിപ്പോടുമെടുത്തുംകൊണ്ടു നടന്നുതുടങ്ങി. കുട്ടിയാന അദ്ദേഹത്തിന്റെ പിന്നാലെയും ചെന്നു. ഇടയ്ക്കിടയ്ക്കു ഭട്ടതിരി ഓരോ ക‌ഷണം തേങ്ങയെടുത്തു കുട്ടിയാനയ്ക്കു കൊടുത്തുംകൊണ്ടാണ് നടന്നത്. കുട്ടിയാന അതെല്ലാം വാങ്ങിച്ചു തിന്നുംകൊണ്ടു പിന്നാലെതന്നെ ചെല്ലുകയും ചെയ്തു. അങ്ങനെ ഭട്ടതിരി കുട്ടിയാനയെയുംകൊണ്ട് ഇല്ലത്തെത്തി

മൂത്തചേകോന് ആ കുട്ടിയാനയുടെ സൂക്ഷ്മസ്ഥിതിയൊന്നും മനസ്സിലായില്ല. അതു ഭട്ടതിരിയുടെ പിന്നാലെ പോയതു തേങ്ങയുടെ കൊതികൊണ്ടുമാത്രമാണെന്നേ അവന്‍ വിചാരിച്ചുള്ളൂ. ഭട്ടതിരിക്ക് ആ കുട്ടിയാന സാക്ഷാല്‍ ഗണപതിയാണെന്നു കണ്ടപ്പോള്‍ത്തന്നെ മനസ്സിലായി. അദ്ദേഹം തേങ്ങ വാങ്ങിച്ചു ഗണപതിഹോമം കഴിച്ചു ഗണപതിയെ ആവാഹിച്ചുംകൊണ്ടാണ് പോന്നത്. അതൊന്നും മൂത്ത ചേകോന്‍ അറിഞ്ഞില്ല. ഭട്ടതിരി ഇല്ലത്തെത്തിയപ്പോഴേക്കും കുട്ടിയാന സാക്ഷാല്‍ ഗണപതിയുടെ രൂപത്തില്‍ പ്രത്യക്ഷനായി. അദ്ദേഹം ആ ഗണപതിയെ തന്റെ മറ്റുള്ള തേവാരങ്ങളുടെ കൂട്ടത്തില്‍ ഇല്ലത്തുതന്നെ പ്രതി‌ഷ്ഠിക്കുകയും ചെയ്തു. അങ്ങനെയാണ് കാലടിയില്‍ ഭട്ടതിരിമാര്‍ക്കു ഗണപതി പ്രത്യക്ഷമായിത്തീര്‍ന്നത്.

അക്കാലംമുതല്‍ അവിടെ എല്ലാവരും ഗണപതിയെ വേണ്ടുംവണ്ണം സേവിച്ചുകൊണ്ടിരുന്നു. എന്നുമാത്രമല്ല, സമാവര്‍ത്തനം കഴിഞ്ഞാല്‍ പിന്നെ ആ ഇല്ലത്തുള്ള എല്ലാവരും ദിവസവും ഗണപതിഹോമം കഴിക്കണമെന്നും ഇല്ലത്തു തേവാരവും ഗണപതിഹോമവും ഒരു ദിവസവും മുടങ്ങാതെ കഴിക്കേണ്ടതിലേക്കായി പുരു‌ഷന്മാരില്‍ ആരെങ്കിലും ഒരാള്‍ എന്നും ഇല്ലത്തുണ്ടായിരിക്കണമെന്നും ഏര്‍പ്പാടു വെച്ചു. ആ ഇല്ലത്തുള്ള എല്ലാവര്‍ക്കും ഗണപതി പ്രത്യക്ഷമായിത്തീര്‍ന്നു എന്നുമാത്രമല്ല, അവര്‍ വിചാരിക്കുന്ന സകല കാര്യങ്ങളും ഗണപതി സാധിച്ചുകൊടുത്തും തുടങ്ങി. അപ്പോഴേക്കും അവര്‍ക്കു മന്ത്രവാദത്തില്‍ മുമ്പിനാലെ ഉണ്ടായിരുന്ന പ്രശസ്തി ശതഗുണീഭവിച്ചു. അപസ്മാരം, ബ്രഹ്മരക്ഷസ്സ് മുതലായി സകല ബാധോപദ്രവങ്ങളും ഒഴിവാക്കുന്നതിനു കാലടിയില്‍ ഭട്ടതിരിമാര്‍ക്കു യാതൊരു പ്രയാസവുമില്ലാതെയായിത്തീര്‍ന്നു. എന്തെങ്കിലും ഉപദ്രവമുണ്ടായാല്‍ ജനങ്ങള്‍ ഭട്ടതിരിയെ സ്വസ്ഥാനത്തു വരുത്തീട്ടോ കാലടിയില്‍ പോയി ഭജനമിരുന്നിട്ടോ മന്ത്രവാദം ചെയ്യിക്കുന്നതല്ലാതെ മറ്റൊരു മന്ത്രവാദിയെക്കൊണ്ടു മന്ത്രവാദം ചെയ്യിക്കുകയോ മറ്റൊരു സ്ഥലത്തുപോയി ഭജനമിരിക്കുകയോ അക്കാലത്തു പതിവില്ലായിരുന്നു. കാലടിയി!ല്‍ ഗണപതിയുടെ മാഹാത്മ്യങ്ങള്‍ പറഞ്ഞാല്‍ വളരെയുണ്ട്. വിസ്രതാരഭയത്താല്‍ അവയെല്ലാം ഇവിടെ വിവരിക്കുന്നില്ല. എങ്കിലും ദൃഷ്ടാന്തത്തിനായി ഒന്നുരണ്ടു സംഗതികള്‍ മാത്രം ചുരുക്കത്തില്‍ പറഞ്ഞുകൊള്ളുന്നു.

തിരുവിതാംകൂര്‍ സംസ്ഥാനത്തു ചങ്ങനാശ്ശേരിത്താലൂക്കില്‍ കാടമുറി ഗ്രാമത്തില്‍ "കുഞ്ചമണ്‍പോറ്റി" എന്നൊരു മന്ത്രവാദിയുണ്ടെന്നും ആ തറവാട്ടുകാര്‍ക്കു ചാത്തന്മാര്‍ പ്രത്യക്ഷമാണെന്നും ഇന്നും പ്രസിദ്ധമാണല്ലോ. ഇപ്പോള്‍ ഇവിടെയുള്ളവര്‍ക്കു ചാത്തന്മാരെ പ്രത്യക്ഷമായി കാണാന്‍ പാടില്ലെങ്കിലും ചാത്തന്മാര്‍ ഇന്നും അവരുടെ ആജ്ഞയെ അനുസരിക്കുന്നുണ്ട്. ഇപ്പോഴും അവര്‍ പല സ്ഥലങ്ങളില്‍ പോയി ചാത്തന്റെ ഉപദ്രവങ്ങള്‍ ഒഴിക്കുന്നുണ്ട്. കുഞ്ചമണ്‍ പോറ്റി ഒഴിച്ചാല്‍ ഒഴിയാത്ത ചാത്തന്‍ എങ്ങുമില്ലെന്നുള്ളതു പ്രസിദ്ധമാണ്. ആവശ്യക്കാര്‍ വന്ന് അപേക്ഷിച്ചാല്‍ തത്കാലം പോകുന്നതിനു സകൗര്യമില്ലെങ്കില്‍ കുഞ്ചമണ്‍ പോറ്റിമാര്‍ അവധിവെച്ച് എഴുത്തുകൊടുത്ത് തത്കാലത്തേക്കു ചാത്തന്മാരെ ഒഴിച്ചുനിര്‍ത്തുക ഇന്നും പതിവുള്ളതാണ്. "ഇന്ന മാസം ഇത്രാം തീയതി നാമവിടെ വരുന്നതാണ്. അതുവരെ നിങ്ങള്‍ ഇന്ന ഗൃഹത്തില്‍ യാതൊരുപദ്രവവും ചെയ്തുപോകരുത്. ഇതു നമ്മുടെ കുട്ടിചാത്തന്മാര്‍ ഗ്രഹിപ്പാന്‍ കുഞ്ചമണ്‍പോറ്റി ഇന്നാര്." ഇപ്രകാരമാണ് അവര്‍ എഴുത്തു കൊടുത്തയയ്ക്കുന്നത്. ഇപ്രകാരം കുഞ്ചമണ്‍പോറ്റിയുടെ എഴുത്തുവാങ്ങിച്ചുകൊണ്ടു പോയി ചാത്തന്റെ ഉപദ്രവമുള്ള ഗൃഹത്തില്‍ വായിച്ചാല്‍ അവധി കഴിയുന്നതുവരെ ആ ഗൃഹത്തില്‍ യാതൊരുപദ്രവവുമുണ്ടാവുകയില്ലെന്നുള്ളതു തീര്‍ച്ചയായിട്ടുള്ളതും ഇന്നും കണ്ടുവരുന്ന തുമാണ്. ചാത്തന്മാരെ സേവിച്ചു പ്രത്യക്ഷമാക്കിയ കുഞ്ചമണ്‍പോറ്റിയും ഗണപതിയെ പ്രത്യക്ഷമാക്കിയ കാലടിയില്‍ ഭട്ടതിരിയും ഒരു കാലത്തു ജീവിച്ചിരുന്നവരാണ്.

മുമ്പൊരിക്കല്‍ ഒരു കുഞ്ചമണ്‍പോറ്റി കാലടിയില്‍ ഭട്ടതിരിയെ കാണാനായി ചെന്നിരുന്നു. പോറ്റി പതിനെട്ടു തണ്ടുവെച്ച ഒരു ബോട്ടിലാണ് ചെന്നിരുന്നത്. ഭട്ടതിരിയുടെ ഇല്ലം പുഴവക്കത്താകയാല്‍ ബോട്ട് ആ കടവില്‍ത്തന്നെ ചെന്നടുത്തു. ഉടനെ പോറ്റി കരയ്ക്കിറങ്ങി ചെന്നു. അപ്പോള്‍ സന്ധ്യാസമയമായിരുന്നതുകൊണ്ടു ഗൃഹസ്ഥനായ ഭട്ടതിരി ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു. പോറ്റി മുറ്റത്തു ചെന്നപ്പോള്‍ ഭട്ടതിരി പുറത്തേക്കു വന്ന്, "വേഗം കുളി കഴിഞ്ഞു വരാം" എന്നു പറഞ്ഞു പോറ്റിയെ കുളിക്കാനയച്ചിട്ട് അകത്തേക്കുതന്നെ പോയി. പോറ്റി ബോട്ടിലാണു വന്നതെന്നു മനസ്സിലാവുകയാല്‍ പോറ്റിക്കും ബോട്ടു കാര്‍ക്കും വേഗത്തില്‍ അത്താഴം കാലമാക്കണമെന്നു ഭട്ടതിരി ശട്ടംകെട്ടി. ഭട്ടതിരി അന്തിമുടിച്ചു കഴിഞ്ഞപ്പോഴേക്കും പോറ്റിയും കുളി കഴിഞ്ഞു വന്നു. പിന്നെ ഭട്ടതിരിയും പോറ്റിയും കൂടി പുറത്തളത്തിലിരുന്നു രണ്ടുപേരുടെയും ജപങ്ങളും മറ്റും കഴിച്ചു. കുറച്ചുനേരം കുശലപ്രശ്നവും ചെയ്തുകൊണ്ട് അങ്ങനെയിരുന്നു. അപ്പോഴേക്കും അത്താഴം കാലമാവുകയാല്‍ രണ്ടുപേരും ഊണു കഴിച്ചു. ഊണു കഴിഞ്ഞു പിന്നെയും പുറത്തളത്തില്‍ വന്നു വെടിയും പറഞ്ഞങ്ങനെ ഇരിക്കുന്ന മധ്യേ ഭട്ടതിരി മടപ്പിള്ളിക്കാരെ വിളിച്ച് പോറ്റിയുടെ ബോട്ടുകാര്‍ക്കുകൂടെ വേഗത്തില്‍ ചോറുകൊടുക്കാന്‍ ശട്ടം കെട്ടി. അപ്പോള്‍ പോറ്റി "അതൊന്നും വേണ്ട, നമ്മുടെ ബോട്ടുകാര്‍ക്കു ഭക്ഷണം ഞാന്‍ തന്നെ കൊടുത്തുകൊള്ളാം. മറ്റാരും കൊടുത്താല്‍ അവര്‍ക്കു തൃപ്തിയാവുക യില്ല" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി "എന്നാല്‍ അങ്ങോട്ടു ചെന്നു വിളമ്പിക്കൊടുത്തേക്കണം; നമുക്കങ്ങോട്ടു പോകാം: ഞാന്‍കൂടി വരാം" എന്നു പറഞ്ഞു. അപ്പോള്‍ പോറ്റി "അതൊന്നും വേണ്ട, ഞാനവര്‍ക്ക് അത്താഴം കൊടുത്തു. അവര്‍ പോവുകയും ചെയ്തു. ഇനിയിപ്പോള്‍ അതിനായിട്ടുല്‍സാഹിക്കണമെന്നില്ല" എന്നു പറഞ്ഞു. ഇത്രയും കേട്ടപ്പോള്‍ ഭട്ടതിരിക്കു കാര്യം മനസ്സിലായി. "ബോട്ടുകാരൊക്കെ ചാത്തന്മാരായിരിഇകും, അല്ലേ?" എന്നു ഭട്ടതിരി ചോദിച്ചു. "അതേ, ഒരു മൂര്‍ത്തിയെ സേവിക്കയെന്നുവെച്ചാല്‍ ചാത്തനെത്തന്നെ സേവിക്കണം. എങ്കിലേ എല്ലാത്തിനും ഉപയോഗപ്പെടൂ" എന്നു പോറ്റി പറഞ്ഞു. വെറുതെ പത്തിരുപതുപേര്‍ക്കുകൂടി രാത്രികാലത്ത് അരിവയ്ക്കുന്നതിനിടയാക്കു കയും പോറ്റി ഇപ്രകാരം പറയുകയും ചെയ്തത് തന്നെ അപമാനിക്കയായിരുന്നു എന്നും ഗണപതിയെ സേവിച്ചാല്‍ എല്ലാത്തിനും ഉപയോഗപ്പെടുകയില്ലെന്നാണ് പോറ്റിയുടെ വാക്കിന്റെ സാരമെന്നും മനസ്സിലാവുകയാല്‍ ഭട്ടതിരിയുടെ മനസ്സില്‍ അല്പം വല്ലായ്മയുണ്ടായി. എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ചിരിച്ചുകൊണ്ട് "അതു ശരിയാണ്" എന്നു സമ്മതിച്ചു. പിന്നെയും രണ്ടുപേരുംകൂടി വളരെ നേരം സംഭാ‌ഷണംചെയ്തുകൊണ്ടിരുന്നശേ‌ഷം പോറ്റിക്കു കിടക്കുന്നതിനെല്ലാം തയ്യാറാക്കി കൊടുപ്പിച്ചിട്ടു ഭട്ടതിരി അകത്തേക്കുപോയി രണ്ടുപേരും കിടന്നുറങ്ങുകയും ചെയ്തു.

വെളുപ്പാന്‍കാലത്തു രണ്ടുപേരും ഉണര്‍ന്നെണീറ്റു പുറത്തളത്തില്‍ വന്നു. പോറ്റി അപ്പോള്‍ത്തന്നെ യാത്രയും പറഞ്ഞു ബോട്ടു കേറാന്‍ പോയി. ഭട്ടതിരി കുളിക്കാനും പോയി. പോറ്റി കടവില്‍ ചെന്നു നോക്കിയപ്പോള്‍ ബോട്ടവിടെ കാണാനില്ലായിരുന്നു. ബോട്ടു കള്ളന്മാര്‍ വല്ലവരും മോഷ്ടിച്ചതായിരിക്കുമെന്നു വിചാരിച്ച് പോറ്റിക്കു വളരെ വ്യസനമായിത്തീര്‍ന്നു. ബോട്ടു പൂട്ടിയിരുന്ന താഴും തുടലും ഒന്നും കാണാനില്ലായിരുന്നു. ഉടനെ പോറ്റി പരിഭ്രമിച്ചു ഭട്ടതിരി കുളിക്കുന്നിടത്തു ചെന്നു വിവരം പറഞ്ഞു. അപ്പോള്‍ ഭട്ടതിരി "ഇവിടെനിന്ന് ഒരു സാമാനവും കള്ളന്മാര്‍ കൊണ്ടുപോകാറില്ല. ഇതും കള്ളന്മാര്‍ കൊണ്ടുപോയതാ ണെന്നു തോന്നുന്നില്ല. ഇവിടെ ഒരൊറ്റക്കൊമ്പനുണ്ട്. ഇത് അയാളുടെ നേരമ്പോക്കായിരിക്കണം. ഏതായാലും പരിഭ്രമിക്കേണ്ടാ, നിവൃത്തിയു ണ്ടാകും" എന്നു പറഞ്ഞു. പിന്നെ ഭട്ടതിരി അവിടെ നിന്നുംകൊണ്ടു മേല്പോട്ടു നോക്കിയപ്പോള്‍ ബോട്ട് ആ കടവില്‍ നില്‍ക്കുന്ന ആലിന്റെ മുകളില്‍ ഇരിക്കുന്നതു കണ്ടു. ഉടനെ പോറ്റിയോട് "എന്നെ തൊട്ടുകൊണ്ട് മേല്പോട്ട് നോക്കൂ" എന്ന് ഭട്ടതിരി പറയുകയും പോറ്റി അപ്രകാരം നോക്കുകയും ചെയ്തു. അപ്പോള്‍ ആലിന്റെ മുകളില്‍ ഒരു കൊമ്പത്തു ബോട്ടു കേറ്റിവെച്ച്, തുമ്പിക്കൈകൊണ്ടു താങ്ങിപ്പിടിച്ചുംകൊണ്ട് ഗണപതി ഇരിക്കുന്നതു പോറ്റിയും കണ്ടു. ഇതു താന്‍ തലേദിവസം പറഞ്ഞതിനു വിദ്യയാണെന്നു പോറ്റിക്കു തന്നെ അബദ്ധമാക്കാനായിട്ടുള്ള മനസ്സിലാവുകയാല്‍ പോറ്റി ഭട്ടതിരിയോടു മാപ്പുചോദിച്ചു. ഉടനെ ഭട്ടതിരി ഗണപതിയോട് "അതിങ്ങ് കൊടുത്തേക്കൂ. അദ്ദേഹത്തിനു പോകാന്‍ വൈകിയെന്നു പറയുന്നു, വെറുതെ ബുദ്ധിമുട്ടിക്കേണ്ടാ" എന്നു പറഞ്ഞു. അപ്പോള്‍ ഗണപതി അവിടെയിരുന്നുംകൊണ്ട് ബോട്ടെടുത്തു പുഴയിലേക്ക് ഇട്ടുകൊടുത്തു. ആലിന്റെ മുകളില്‍നിന്നും ബോട്ടു വെള്ളത്തില്‍ വീഴുന്നതുകണ്ടപ്പോള്‍ ബോട്ടു പൊട്ടിപ്പോയി എന്നു പോറ്റിക്കു തോന്നി. എങ്കിലും യാതൊരു കേടും സംഭവിച്ചില്ല. പോറ്റിക്കു വളരെ ബഹുമാനവും അത്ഭുതവും ഉണ്ടായി. ബോട്ടു കിട്ടി എങ്കിലും ബോട്ടുകാരില്ലാതെ പോറ്റി പിന്നെയും വി‌ഷണ്ണനായിത്തീര്‍ന്നു. ഗണപതിയെപ്പേടിച്ചു ചാത്തന്മാരും അടുത്തു വരികയില്ല. അതു ഭട്ടതിരിയോടു പറയാന്‍ പോറ്റിക്കു വളരെ ലജ്ജയും മടിയും തോന്നുകയാല്‍ ഒന്നും മിണ്ടാതെ കുറച്ചുനേരം അങ്ങനെ പരുങ്ങലായിട്ടു നിന്നു. ഒടുക്കം നിവൃത്തിയില്ലെന്നു തോന്നുകയാല്‍ ആ വിവരവും ഭട്ടതിരിയോടു പറഞ്ഞു. പിന്നെ ഭട്ടതിരി "ഭയപ്പെടേണ്ടാ, അവര്‍ വന്നോട്ടെ, അയാളൊന്നും ഉപദ്രവിക്കാതെ ഞാന്‍ നോക്കിക്കൊള്ളാം" എന്നു പറഞ്ഞു. പിന്നെ ചാത്തന്മാര്‍ വന്നു ബോട്ടില്‍കയറി. പോറ്റി വഴിപാടിനു പണവും കൊടുത്തു ഗണപതിയെ തൊഴുതുംവെച്ചു പോവുകയും ചെയ്തു.

പിന്നെ ഒരിക്കല്‍ ഒരു കാലടിയില്‍ ഭട്ടതിരി കോഴിക്കോട്ടു താനത്തിനായിട്ടു പോയിരുന്നു. അവിടെ കൌണാറ്റിനു വടക്കേകരയുള്ളവര്‍ ക്കല്ലാതെ താനം പതിവില്ല. കാലടിയില്‍ ഭട്ടതിരിയുടെ ഇല്ലം അന്നു കൌണാറ്റിനു തെക്കേക്കര ആയിരുന്നതുകൊണ്ട് അവിടെചെന്നപ്പോള്‍ അദ്ദേഹത്തിനു താനം ചാര്‍ത്തുകയില്ലെന്നു വഴക്കായി. അപ്പോള്‍ താനത്തിനായിട്ട് അത്രത്തോളം ചെന്നിട്ട് വെറുതെ പോരുന്നത് തനിക്കവമാനമാണല്ലോ എന്നു വിചാരിച്ചു ഭട്ടതിരി "എന്റെ ഇല്ലം കൌണാറ്റിനു വടക്കേക്കരയാണ്" എന്നു പറഞ്ഞു. വാസ്തവത്തില്‍ തെക്കേക്കരയാണെന്നു നല്ല നിശ്ചയമുള്ളവര്‍ അവിടെ പലരുമുണ്ടായിരുന്നു. അവരെല്ലാവരും ഭട്ടതിരിയുടെ ഇല്ലം തെക്കേക്കരയാണെന്നു പറഞ്ഞു. ആരു പറഞ്ഞാലും ഭട്ടതിരി സമ്മതിക്കയില്ല. അദ്ദേഹം പിന്നെയും "എന്റെ ഇലം വടക്കേക്കരയാണ്" എന്നു പറയും. ഇങ്ങനെ വഴക്കു കലശലായി. അപ്പോള്‍ വിവരം സാമൂതിരിപ്പാടു തിരുമനസ്സുകൊണ്ടു കേട്ടു. അവിടുന്ന് ഒടുക്കം ഒരു തീര്‍ച്ച നിശ്ചയിച്ചു. എങ്ങനെയെന്നാല്‍ "തത്ക്കാലം ഭട്ടതിരിയുടെ താനം ചാര്‍ത്തുകയും കിഴി കൊടുക്കുകയും ചെയ്കയും ഇവിടെനിന്ന് ഒരാളെ അയച്ച്, ഭട്ടതിരിയുടെ ഇല്ലം തെക്കേക്കരയോ വടക്കേകരയോ എന്നു നോക്കി തിട്ടംവരുത്തുകയും പോകുന്നയാള്‍ തിരിച്ചുവരുന്നതുവരെ ഭട്ടതിരിയെ ഇവിടെ താമസിപ്പിക്കുകയും ഭട്ടതിരി സത്യമാണ് പറഞ്ഞതെങ്കില്‍ അദ്ദേഹത്തെ സബഹുമാനം വിട്ടയയ്ക്കുകയും വ്യാജമാണെങ്കില്‍ കിഴി തിരിയെ വെപ്പിക്കുകയും യഥായോഗ്യം ശിക്ഷിക്കുകയും വേണ്ടതാണ്" എന്നായിരുന്നു കല്പന. ആ കല്പനയെ ഭട്ടതിരിയും മറ്റെല്ലാവരും സമ്മതിക്കുകയും ഭട്ടതിരിയെക്കൂടെ താനം ചാര്‍ത്തുകയും ചെയ്തു. കല്പനപ്രകാരം കോഴിക്കോട്ടു നിന്ന് അയച്ചയാള്‍ വന്നു നോക്കിയപ്പോള്‍ ഭട്ടതിരിയുടെ ഇല്ലം വടക്കേക്കര ഇരിക്കുന്നതും കൌണാറിനു തെക്കുപുറെ പ്രവഹിക്കുന്നതും കണ്ടു. ആ വിവരം അവിടെച്ചെന്നു തിരുമനസ്സറിയിച്ചു. ഉടനെ സാമൂതിരിപ്പാടുതമ്പുരാന്‍ തിരുമനസ്സുകൊണ്ടു ഭട്ടതിരിയെ തിരുമുമ്പാകെ വരുത്തി വളരെ സമ്മാനങ്ങളും കൊടുത്തു ബഹുമാനിച്ചയക്കുകയും ചെയ്തു. വാസ്തവത്തില്‍ ഭട്ടതിരിയുടെ ഇല്ലം മുമ്പു കൌണാറ്റിനു തെക്കേക്കരെത്തന്നെയായിരുന്നു. ഈ തര്‍ക്കമുണ്ടായ പ്പോള്‍ ഭട്ടതിരിക്ക് അവമാനം വരുമല്ലോ എന്നു വിചാരിച്ച് ഗണപതി തന്റെ ഒറ്റക്കൊമ്പുകൊണ്ടു കുത്തി ആറിനെത്തിരിച്ചു ഭട്ടതിരിയുടെ ഇല്ലത്തിനു തെക്കുപുറെ ആക്കിവിടുകയായിരുന്നു. ആറ് പണ്ട് ഭട്ടതിരിയുടെ ഇല്ലത്തിനു വടക്കുപുറെ ആയിരുന്നു എന്നുള്ളത് ഇപ്പോഴും അവിടെച്ചെന്നു നോക്കിയാല്‍ ആ സ്ഥലത്തിന്റെ കിടപ്പുകൊണ്ട് അറിയാവുന്നതാണ്.

കാലടിയില്‍ ഭട്ടതിരിമാര്‍ക്കു പ്രത്യക്ഷമായിരുന്ന ഗണപതി പിന്നെ അങ്ങനെയല്ലാതെ ആയതിന്റെ കാരണംകൂടി പറയാതെ ഈ ഉപന്യാസം ഉപസംഹരിക്കുന്നതു വിഹിതമല്ലെന്നു വിചാരിച്ച് അതുകൂടിപ്പറഞ്ഞു കൊള്ളുന്നു. ഒരിക്കല്‍ ഒരു കപ്പല്‍ക്കച്ചവടക്കാരന്‍ വിലപിടിച്ചവയായ അനേകം സാമാനങ്ങള്‍ കേറ്റിക്കൊണ്ടു വടക്കുനിന്നു തെക്കോട്ടു കൊണ്ടുപോയ ഒരു കപ്പല്‍ സമുദ്രത്തില്‍ താണുപോയി. കപ്പലിലുണ്ടായി രുന്നവര്‍ മിക്കപേരും ഒരുവിധം മരിക്കാതെ കരയ്ക്കു കയറി. കപ്പലിന്റെ ഉടമസ്ഥനും മരിച്ചില്ല. കപ്പല്‍ചേതംകൊണ്ടു വളരെ ന ഷ്ടമുണ്ടായതിനാല്‍ കപ്പലിന്റെ ഉടമസ്ഥന്‍ വ്യസനിച്ചുകൊണ്ടു നടക്കുമ്പോള്‍ കാലടിയില്‍ ഭട്ടതിരിക്കു ഗണപതി പ്രത്യക്ഷമാണെന്നും അവിടെച്ചെന്നു പറഞ്ഞാല്‍ ഇതിനെന്തെങ്കിലും നിവൃത്തിയുണ്ടാക്കിത്തരുമെന്നും ആരോ അവനോടു പറഞ്ഞു. ഉടനെ ആ കച്ചവടക്കാരന്‍ കാലടിയിലെത്തി. ഭട്ടതിരിയെക്കണ്ടു വിവരമെല്ലാം പറയുകയും സാമാനങ്ങള്‍ക്കൊന്നും ന ഷ്ടവും കപ്പലിനു കേടും കൂടാതെ കപ്പല്‍ ഉയര്‍ത്തിക്കൊടുത്താല്‍ കപ്പലിലുള്ള സാമാനത്തിന്റെ പകുതി വില ഭട്ടതിരിക്കു കൊടുത്തേക്കാമെന്നു സമ്മതിക്കുകയും ചെയ്തു. പിന്നെ ഗണപതിയുടെ അടുക്കല്‍ച്ചെന്ന് ഈ വിവരം പറഞ്ഞു. അപ്പോള്‍ ഗണപതി "ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ എനിക്കു പ്രയാസമാണ്" എന്നു പറഞ്ഞു. അപ്പോള്‍ ഭട്ടതിരി "ഈ കാര്യം സാധിച്ചുകൊടുക്കാമെന്നു ഞാന്‍ ഏറ്റുപറഞ്ഞുപോയതാണ്. ഇത് ഏതുവിധവും നിര്‍വഹിച്ചുതരണമെന്നു നിര്‍ബന്ധിച്ചു പറഞ്ഞു. ഉടനെ ഗണപതി പോയി സമുദ്രത്തില്‍ മുങ്ങി കപ്പല്‍ തന്റെ ഒറ്റക്കൊമ്പുകൊണ്ട് ഉയര്‍ത്തിക്കൊടുക്കുകയും കച്ചവടക്കാരന്‍ പറഞ്ഞിരുന്നതുപോലെയുള്ള ദ്രവ്യം ഭട്ടതിരിക്കു കൊടുക്കുകയും ചെയ്തു. അതിന്റെ ശേ‌ഷം ഗണപതി ഭട്ടതിരിയോട് "നിങ്ങള്‍ക്കു ദ്രവ്യത്തിങ്കലുള്ള അത്യാഗ്രഹംകൊണ്ട് ഇന്നതേ പറയാവൂ എന്നില്ലാതെയായിരിക്കുന്നു. അതു ഞാന്‍ നിങ്ങള്‍ പറയുന്നതുപോലെയെല്ലം ചെയ്തുംകൊണ്ടു പ്രത്യക്ഷമായിട്ടിരുന്നിട്ടുണ്ടാ യിട്ടുള്ള അഹമ്മതി നിമിത്തമാണ്. അതിനാല്‍ ഇനി നിങ്ങള്‍ എന്നെ പ്രത്യക്ഷമായി കാണുകയില്ല. എങ്കിലും നിങ്ങള്‍ വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഞാന്‍സാധിച്ചു തന്നുകൊള്ളാം. ദുസ്സാധ്യമായിട്ടുള്ള കാര്യങ്ങള്‍ അന്യന്മാര്‍ക്കു സാധിപ്പിച്ചുകൊടുക്കുന്നതിനായിട്ടും അത്യാഗ്രഹം നിമിത്തവും യാതൊന്നും എന്നോടപേക്ഷിക്കയുമരുത്" എന്നു പറഞ്ഞിട്ടു മറയുകയും ചെയ്തു. അതില്‍പ്പിന്നെ ആ ഇല്ലത്തുള്ളവര്‍ ഗണപതിയെ പ്രത്യക്ഷമായി കണ്ടിട്ടില്ല. എങ്കിലും അവര്‍ വിചാരിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചുകൊണ്ടുതന്നെ ഇരുന്നു. കാലക്രമേണ ആ ഇല്ലത്തുള്ളവര്‍ക്കു മുമ്പുണ്ടായിരുന്നവരെപ്പോലെയുള്ള തപശ്ശക്തിയും ഗണപതിയെക്കുറിച്ചുള്ള ഭക്തിയും സേവയും കുറഞ്ഞുതുടങ്ങി. അപ്പോള്‍ കാര്യസിദ്ധികളും അങ്ങനെതന്നെയായി ത്തീര്‍ന്നു. എങ്കിലും കാലടിയില്‍ ഗണപതിയുടെ ശക്തിയും മാഹാത്മ്യവും ഇന്നും അശേ‌ഷമില്ലാതെയായി എന്നു പറഞ്ഞുകൂടാ. അപ്രകാരം തന്നെ കാലടിയില്‍ ഭട്ടതിരിമാരുടെ മന്ത്രവാദവും മറ്റുള്ള പാരമ്പര്യക്കാരായ മന്ത്രവാദികളുടെ മന്ത്രവാദത്തേക്കാള്‍ ഇപ്പോഴും ഫലിച്ചുകാണുന്നുണ്ട്. കലിയുഗം മൂത്തിരിക്കുന്ന ഇക്കാലത്തു മുന്‍കാലങ്ങളിലെപ്പോലെ, ദൃഷ്ടാന്തങ്ങള്‍ കാണാന്‍ പ്രയാസമുണ്ടല്ലോ.

മംഗലപ്പിള്ളി മൂത്തതും പുന്നയില്‍ പണിക്കരും

തിരുവിതാംകൂറില്‍ തിരുവല്ലാ താലൂക്കില്‍ ചേര്‍ന്ന ആറന്മുളെ മംഗലപ്പിള്ളിയില്ലത് പണ്ടു ജ്യോതിശ്ശാസ്ത്രപാരംഗതനും മഹാവിദ്വാനുമായിട്ട് ഒരു മൂത്തതുണ്ടായിരുന്നു. അദ്ദേഹം, കൂട്ടമ്പേരൂര്‍ നാലേക്കാട്ടില്‍ ഇപ്പോഴുള്ള ശങ്കരനാരായണപിള്ള അവര്‍കളുടെ പിതാമഹനും വലിയ വിദ്വാനും പ്രസിദ്ധ ജ്യോത്സ്യനുമായിരുന്നു സമ്പ്രതിപ്പീള്ള അവര്‍കളുടെ സഹപാഠിയും ആപ്തമിത്രവുമായിരുന്നു. ഒരിക്കല്‍ അദ്ദേഹം എവിടെയോ പോകുംവഴി തന്റെ സ്നേഹിതനെക്കൂടി കണ്ടിട്ടു പോകാമെന്നു വിചാരിച്ചു നാലേക്കാട്ടില്‍ കേറി. അപ്പോള്‍ ഒരു പോറ്റി തനിക്കൊന്നു വേളികഴിക്കണമെന്നു വിചാരിച്ചു പല സ്ത്രീജാതകങ്ങളും തന്റെ ജാതകവും കൊണ്ടു സമ്പ്രതിപ്പിള്ളയെക്കൊണ്ടു നോക്കിക്കാനായി അവിടെ വന്നു കൂടീട്ടുണ്ടായിരുന്നു. മൂത്തതു ചെന്നുകേറിയ ഉടനെ സമ്പ്രതിപ്പിള്ള സബഹുമാനം എഴുന്നേറ്റ് ആസനസത്കാരം ചെയ്തിരുത്തി, താനും യഥാസ്ഥാനം ഇരുന്നതിന്റെ ശേ‌ഷം രണ്ടുപേരും പരസ്പരം കുശല പ്രശ്നാദിസംഭാ‌ഷണം ചെയ്തുകൊണ്ടിരുന്നു. അനന്തരം സമ്പ്രതിപ്പിള്ള (പോറ്റിയെ ചൂണ്ടിക്കാണിച്ചിട്ട്) "ഇദ്ദേഹം ഒന്നു വേളികഴിക്കണമെന്നു വിചാരിച്ചു ജാതകങ്ങള്‍ നോക്കിക്കാനായിട്ടാണു വന്നിരിക്കുന്നത്. സ്ത്രീജാതകങ്ങള്‍ ഒട്ടുവളരെ കൊണ്ടുവന്നിട്ടുണ്ട്.ഞാനാണെങ്കില്‍ ഇതെല്ലാം പരിശോധിച്ച് ഒന്നു തിരഞ്ഞെടുക്കുന്നതിനും വളരെ ദിവസം വേണ്ടി വന്നേക്കും. അവിടുന്നായാല്‍ എളുപ്പമൂണ്ടല്ലോ. അതിനാല്‍ അതൊന്നു നോക്കി തീര്‍ച്ചപ്പെടുത്തി അദ്ദേഹത്തെ അയച്ചേച്ചാല്‍ എനിക്കും അദ്ദേഹത്തിനും വലിയ സഹായമാകും. പിന്നെ വര്‍ത്തമാനങ്ങള്‍ പറയുന്നതിനു നമുക്കു മനസ്സിനു സുഖവുമുണ്ടായിരിക്കും" എന്നു പറഞ്ഞു. ഉടനെ മൂത്തത് "ഓഹോ, ആ ജോലി ഇപ്പോള്‍ തീര്‍ത്തേക്കാമല്ലോ" എന്നു പറഞ്ഞു പോറ്റിയോടു ജാതകങ്ങളെല്ലാം വാങ്ങി. ആകപ്പാടെ തിരിച്ചും മറിച്ചും ഒന്നുനോക്കീട്ട് "ഇതു കൊള്ളുകയില്ല" എന്നു പറഞ്ഞിട്ട് ഓരോന്നായിട്ടു താഴെയിട്ട് ഒടുക്കം ഒരു ജാതകം കയില്‍ പിടിചുകൊണ്ട് "ഈ സ്ത്രീജാതകം ശാസ്ത്രപ്രകാരം നോക്കിയാല്‍ ഇദ്ദേഹത്തിനു നല്ലപോലെ ചേര്‍ന്നതായിരിക്കും. പക്ഷേ, ഈ കന്യകയെ ഇദ്ദേഹത്തിനു വിവാഹം കഴിക്കാന്‍ കിട്ടുകയില്ല എന്നേ ഒരു ദോ‌ഷമുള്ളൂ" എന്നു പറഞ്ഞു. മൂത്തതിന്റെ വാക്കു കേട്ട് പോറ്റി ആ ജാതകം എവിടത്തെ പെണ്‍കിടാവിന്റെതാണെന്നു നോക്കീട്ട് "ജാതകം ചേരുമെങ്കില്‍ ഈ കന്യകയെ എനിക്കു കിട്ടാതിരിക്കുകയില്ല. ആ ഇല്ലക്കാരും ഞങ്ങളും തമ്മില്‍ പണ്ടേതന്നെ ചാര്‍ച്ചക്കാരും സ്നേഹിതരുമാണ്" എന്നു പറഞ്ഞു. ഉടനെ മൂത്തത് "പോയി പരീക്ഷിചു നോക്കുക. ഒടുവില്‍ ഫലം ഞാന്‍പറഞ്ഞതുപോലെയായിരിക്കും. വേറെ കന്യകയെ ആയിരിക്കുമെന്നേ ഉള്ളൂ. ആ വേളികൊണ്ട് ഫലമൊന്നുമില്ല താനും. പ്രസവിക്കുന്നതിനുമുമ്പ് ആ സ്ത്രീ മരിച്ചുപോകും. സന്തതിയുണ്ടാകണമെങ്കില്‍ പിന്നെ ഒന്നുകൂടി വേളി കഴിക്കേണ്ടിവരും" എന്നു പറഞ്ഞു. ഇതൊക്കെക്കേട്ടിട്ട് പോറ്റിക്ക് ഒട്ടും വിശ്വാസമുണ്ടായില്ല. അദ്ദേഹം "ഞാനൊന്നു പരീക്ഷിച്ചുനോക്കട്ടേ" എന്നു പറഞ്ഞു ജാതകങ്ങളും എടുത്തുകൊണ്ടുപോയി. കുറച്ചുനേരം സമ്പ്രതിപ്പിള്ളയോടു വര്‍ത്തമാനങ്ങളും പറഞ്ഞിരുന്നതിന്റെ ശേ‌ഷം യാത്ര പറഞ്ഞു മൂത്തതും പോയി.

ഉടനെ ഒരു പോറ്റി, "അതിനെക്കുറിച്ച് അങ്ങൊട്ടും വ്യസനിക്കേണ്ട. എനിക്കു സ്ത്രീധനമായി ഒരു കാശുപോലും തരികയും വേണ്ടാ, എന്നാലും ഈ പെണ്ണിനെ ഇയ്യാള്‍ക്കു കൊടുക്കാന്‍ പാടില്ല. അങ്ങേക്കു സമ്മതമുണ്ടെങ്കില്‍ പറയണം. ഞാനിപ്പോള്‍ കുളിച്ചു വന്നേയ്ക്കാം" എന്നു പറഞ്ഞു. വേറെ നിവൃത്തിയൊന്നും കാണായ്കയാല്‍ അച്ഛന്‍പോറ്റി അതിനെസ്സമ്മതിച്ചു. വേളി കഴിക്കാമെന്നു പറഞ്ഞ പോറ്റി കുളിച്ചുവരികയും അച്ഛന്‍പോറ്റി കന്യാദാനം ചെയ്യുകയും ചെയ്തു. അപ്പോള്‍ പോറ്റി രുഗ്മിണീസ്വയംവരത്തിലെ ശിശുപാലനെപ്പോലെ ഏറ്റവും വി‌ഷണ്ണനായിത്തീര്‍ന്നു. അതു കണ്ടു മറ്റേ കക്ഷിയിലുള്ള ഒരു പോറ്റി "അങ്ങ് ഇതുകൊണ്ടൊട്ടും വ്യസനിക്കേണ്ടാ. ഈ മുഹൂര്‍ത്തത്തില്‍ത്തന്നെ അങ്ങേക്കൊണ്ടു ഞാന്‍വേളി കഴിപ്പിക്കാം. എന്റെ കൂടെ വന്നോളൂ. എന്റെ മകളെ ഞാന്‍അങ്ങേക്കു തരാമെന്നു നിശ്ചയിച്ചു. ഇവിടെത്തരാമെന്നു പറഞ്ഞതില്‍ ഇരട്ടി സ്ത്രീധനം തരാനും ഞാന്‍തയ്യാറുണ്ട്" എന്നുപറഞ്ഞു. അത് അദ്ദേഹവും സമ്മതിച്ചു. ആ കക്ഷിക്കാരെല്ലാംകൂടി ഇറങ്ങി മറ്റേ പോറ്റിയുടെ മഠത്തിലേക്കു പോവുകയും ആ മുഹൂര്‍ത്തത്തിനുതന്നെ രണ്ടു സ്ഥലത്തും വേളി നടക്കുകയും ചെയ്തു. ഈ ഭവി‌ഷ്യത്ഫലങ്ങളെല്ലാം മംഗലപ്പിള്ളി മൂത്തതു മുമ്പേതന്നെ പറഞ്ഞിരുന്നതാണല്ലോ. എങ്കിലും അപ്പോഴത്തെ വാശിയും വഴക്കുംകൊണ്ടു തത്കാലം അതൊന്നും ആരുമോര്‍ത്തില്ല. വേളി കഴിഞ്ഞ ശേ‌ഷം, താന്‍ ജാതകം നോക്കിക്കാനായി ചെന്നപ്പോള്‍ നാലേക്കാട്ടില്‍വെച്ചു മൂത്തതു പറഞ്ഞതെല്ലാം ആ പോറ്റിക്ക് ഓര്‍മ്മവരികയും മനസ്സുകൊണ്ടുമൂത്തതിനെ വളരെ ബഹുമാനിക്കുകയും ചെയ്തു. എങ്കിലും ശേ‌ഷംകൂടി ഒക്കുമോ എന്നറിയട്ടെ എന്നു വിചാരിച്ച് അദ്ദേഹം സ്വസ്ഥമായിരുന്നു. ആറു മാസം കഴിയുന്നതിനുമുമ്പേ ആ പോറ്റിയുടെ അന്തര്‍ജനം മരിച്ചു. അപ്പോള്‍ മൂത്തതു പറഞ്ഞിരുന്നതു മുഴുവനും ഓര്‍ത്തതിനാല്‍ മൂത്തതിന്റെ പ്രശ്നത്തില്‍ പോറ്റിക്കു വളരെ വിശ്വാസമായി.

അനന്തരം പോറ്റി ഒന്നുകൂടി വേളികഴിക്കണമല്ലോ എന്നു വിചാരിച്ചിട്ട് ഒട്ടുവളരെ സ്ത്രീജാതകങ്ങള്‍ ശേഖരിച്ചു. "ഇനി മൂത്തതിനെക്കൊണ്ടുതന്നെ ജാതകം നോക്കിച്ചു നിശ്ചയിച്ചിട്ടു വേണം വേളി കഴിക്കാന്‍" എന്നു വിചാരിച്ചു പോറ്റി ജാതകങ്ങളുംകൊണ്ട് ആറന്മുള മൂത്തതിന്റെ ഇല്ലത്തെത്തി. അപ്പോള്‍ മൂത്തത് അമ്പലത്തില്‍ തൊഴാന്‍ പോയിരികുകയായിരുന്നു. മൂത്തതു തൊഴീലും കഴിഞ്ഞ് ഇല്ലത്തു ചെന്നപ്പോള്‍ ജാതകക്കെട്ടുമായി പോറ്റി വന്നിരിക്കുനന്തു കണ്ടിട്ട് "എന്താ ഞാന്‍പറഞ്ഞിരുന്നതൊക്കെ ഒത്തില്ലേ? ഇനി ഒന്നു വേളി കഴിക്കണം. അല്ലേ?" എന്നു ചോദിചു. അപ്പോള്‍ പോറ്റി "പറഞ്ഞിരുന്നതുപോലെ എല്ലാം സംഭവിച്ചു. ഇനി വേണ്ടതിനെ പറഞ്ഞുതരണം. സ്ത്രീജാതകങ്ങള്‍ പത്തുമുപ്പതെണ്ണം കൊണ്ടുവന്നിട്ടുണ്ട്. ഊണു കഴിഞ്ഞ് ഇതെല്ലാമൊന്നു പരിശോധിച്ച്, ഇതില്‍ വല്ലതും കൊള്ളാവുന്നതുണ്ടെങ്കില്‍ നിശ്ചയിച്ചു പറഞ്ഞയയ്ക്കണം" എന്നു പറഞ്ഞു. ഉടനെ മൂത്തത് "എനിക്ക് പരിശോധിക്കാനും ആലോചിക്കാനുമൊന്നുമില്ല. വല്ലതും മനസ്സില്‍ തോന്നുന്നതിനെ പറയുക എന്നേയുള്ളൂ. ഈശ്വരകാരുണ്യംകൊണ്ടും ഗുരുകടാക്ഷംകൊണ്ടും പറഞ്ഞാലധികം തെറ്റാറില്ല. അതിനാല്‍ ഇതും ഇപ്പോള്‍ത്തന്നെ പറഞ്ഞേക്കാം. ആ ജാതകക്കെട്ടില്‍നിന്നും രണ്ടെണ്ണം മാറ്റീട്ടു മൂന്നാമതിരിക്കുന്ന ജാതകം കാര്‍ത്തികനക്ഷത്രം ജനിച്ച ഒരു കന്യകയുടേതായിരിക്കും. അത് അങ്ങേക്കു ചേരും. ആ കന്യകയെ വിവാഹം കഴിച്ചോളൂ. ദോ‌ഷം വരികയില്ല. ആ ഭാര്യയില്‍ അങ്ങേക്കു രണ്ടുണ്ണികളും ഒരു പെണ്‍കിടാവും ഉണ്ടാകും. നാലാമത്തെ ഗര്‍ഭം അലസിപ്പോകും. പിന്നെ ആ അന്തര്‍ജനം പ്രസവിക്കുകയുമില്ല. ഇതിലധിക മൊന്നും ഇപ്പോള്‍ അറിയണമെന്നില്ലല്ലോ. ഇനി പോകുന്നെങ്കില്‍ പോകാം. ഇരിക്കുന്നെങ്കില്‍ ഇവിടെയിരിക്കാം. ഞാന്‍ഊണു കഴിച്ചു വേഗം വരാം" എന്നു പറഞ്ഞു. പോറ്റി പിന്നെ അവിടെ താമസിച്ചില്ല. അപ്പോള്‍ത്തന്നെ സസന്തോ‌ഷം യാത്രപറഞ്ഞുപോയി. മൂത്തത് ഉണ്ണാനായി അകത്തേക്കും പോയി. പോറ്റി പോയി മൂത്തതു പറഞ്ഞ കന്യകയെത്തന്നെ വിവാഹം കഴിക്കുകയും രണ്ടുണ്ണികളും ഒരു പെണ്‍കിടാവും ഉണ്ടാവുകയും അന്തര്‍ജനത്തിന്റെ നാലാമത്തെ ഗര്‍ഭം അലസുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോള്‍ പോറ്റിക്കു മൂത്തതിനെക്കുറിച്ചുള്ള ബഹുമാനവും സന്തോ‌ഷവും സഹിക്കവഹിയാതെയായി. പിന്നെ അദ്ദേഹം കേമമായിട്ട് ഒരു സദ്യയ്ക്കു വേണ്ടുന്ന വട്ടങ്ങളുംകൂട്ടി ഒട്ടുവളരെ മുണ്ടുകളും പണവുമൊക്കെക്കൊണ്ടു കിടാങ്ങളോടുകൂടി ആറന്മുളെ മൂത്തതിന്റെ ഇല്ലത്തു ചെന്നു. അന്നുതന്നെ അദ്ദേഹം കിടാങ്ങളെയൊക്കെ അമ്പലത്തില്‍ കൊണ്ടുപോയി തൊഴീക്കുകയും താന്‍ തൊഴുകയും വളരെ വഴിപാടുകള്‍ കഴിക്കുകയും ചെയ്തു. പിറ്റേ ദിവസം മൂത്തതിനെ സത്കരിക്കുന്നതിനായി ഇല്ലത്തുവെച്ച് അതികേമമായി ഒരു സദ്യ നടത്തുകയും മൂത്തതിനും ഇല്ലത്തുള്ള സകലര്‍ക്കും ആബാലവൃദ്ധം വാലിയക്കാര്‍, അച്ചിമാര്‍ മുതലായവര്‍ വരെ ഓണപ്പുടവ കൊടുക്കുകയും മറ്റും ചെയ്തു മൂത്തതിനെ വളരെ സന്തോ‌ഷിപ്പിച്ചുപോരികയും ചെയ്തു. ഇപ്രകാരം ദൂതലക്ഷണജ്ഞന്മാരായ മഹാന്മാര്‍ മുന്‍കാലങ്ങളില്‍ കേരളത്തില്‍ വളരെയുണ്ടായിരുന്നു. ഇപ്പോള്‍ ഇങ്ങനെയുള്ളവര്‍ എങ്ങുമുള്ളതായി കേള്‍ക്കുന്നുപോലുമില്ല. ദൂതലക്ഷണജ്ഞതയുടെ മാഹാത്മ്യം എത്രമാത്രമുണ്ടെന്നു മേല്പറഞ്ഞ ഐതിഹ്യങ്ങള്‍കൊണ്ടു സ്പഷ്ടമാകുന്നുണ്ടല്ലോ. ദൂതലക്ഷണജ്ഞന്മാര്‍ക്കു ലക്ഷണം പറയുന്നതിനു പറലും പലകയുമൊന്നുമാവശ്യമില്ല. അവര്‍ ദൂതന്മാരുടെ വാക്കും ഭാവവും നിലയും ചേഷ്ടയും സമയവും മറ്റും നോക്കി മാത്രമാണ് ഫലങ്ങള്‍ പറയുന്നത്. അതിനാല്‍ ദൂതലക്ഷണം വളരെ അത്ഭുതകരവും സകൗര്യമുള്ളതുമാണെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

കുമരനല്ലൂര്‍ക്കടുത്തു നെട്ടാശ്ശേരി എന്ന ദിക്കില്‍ "പുന്നയില്‍" എന്നൊരു ശൂദ്രഭവനം ഇപ്പോഴുമുണ്ട്. ആ വീട്ടില്‍ മഹാവിദ്വാനും പ്രസിദ്ധ ജ്യോത്സ്യനുമായിട്ട് ഒരാള്‍ മുമ്പൊരിക്കലുണ്ടായിരുന്നു. ആ തറവാട്ടേക്കു പണിക്കര്‍സ്ഥാനമുള്ളതിനാല്‍ അവിടെയുള്ള പുരു‌ഷന്മാരെ പണിക്കന്മാരെ ന്നാണു പറയുക പതിവ്. അതിനാല്‍ നമ്മുടെ കഥാനായകനായ ജ്യോത്സ്യനെയും പുന്നയില്‍ പണിക്കരെന്നാണ് പറഞ്ഞുവന്നിരുന്നത്. കുമരനല്ലൂര്‍ ഗ്രാമത്തിലുള്ള ഒരു നമ്പൂരി തന്റെ പുത്രനെ ഉപനയിക്കുന്നതിന് ഒരു മുഹൂര്‍ത്തം പറഞ്ഞുകൊടുക്കണമെന്നു പല ജ്യോത്സ്യന്മാരോടും ആവശ്യപ്പെട്ടിട്ടും ആരും മുഹൂര്‍ത്തം പറഞ്ഞു കൊടുത്തില്ല. അക്കാലത്തു തെക്കുംകൂറില്‍ ഉള്‍പ്പെട്ട ചില തമ്പുരാക്കന്മാര്‍, വട്ടപ്പിള്ളി ശങ്കുമൂത്തതു മുതലായി ആ ദിക്കുകളില്‍ത്തന്നെ പല ജ്യോത്സ്യന്മാരുണ്ടായിരുന്നു. അവരെല്ലാം നോക്കീട്ടു ആ കൊല്ലത്തില്‍ ആ ഉണ്ണിയെ ഉപനയിക്കാന്‍ കൊള്ളാവുന്ന മുഹൂര്‍ത്തമില്ലെന്നു പറയുക കൊണ്ടും ഉണ്ണിയെ ഉപനയിക്കുന്നതിനുള്ള കാലമായിരുന്നതുകൊണ്ടും നമ്പൂരി ഒടുക്കം പുന്നയില്‍ പണിക്കരുടെ അടുക്കല്‍ ചെന്ന് ഒരു മുഹൂര്‍ത്തമുണ്ടാക്കിക്കൊടുക്കണമെന്ന് അപേക്ഷിച്ചു. പണിക്കര്‍ ഉടനെ ഒരു പ്രയാസവും സംശയവും കൂടാതെ മുഹൂര്‍ത്തം ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. നമ്പൂരി ആ മുഹൂര്‍ത്തച്ചാര്‍ത്തുംകൊണ്ടു തെക്കുംകൂ!ര്‍ തമ്പുരാക്കന്മാര്‍ മുതലായവരുടെ അടുക്കല്‍ ചെന്ന് "നിങ്ങളൊക്കെ മുഹൂര്‍ത്തമില്ലെന്നു പറഞ്ഞുവെങ്കിലും പുന്നയില്‍ പണിക്കര്‍ ഒരു മുഹൂര്‍ത്തമുണ്ടാക്കിത്തന്നു" എന്നു പറഞ്ഞു. ഉടനെ അവര്‍ "അതുവ്വോ? എന്നാല്‍ ആ ചാര്‍ത്തൊന്നു കാണണമലോ" എന്നു പറഞ്ഞ് അവര്‍ ആ ചാര്‍ത്തു വാങ്ങി നോക്കി. അപ്പോള്‍ പണിക്കര്‍ ചാര്‍ത്തിക്കൊടുത്തിരിക്കുന്ന മുഹൂര്‍ത്തം ഉപനയിക്കാനുള്ള ഉണ്ണിയുടെ അഷ്ടമരാശിക്കൂറു സമയത്തായിരുന്നതിനാല്‍ തമ്പുരാന്‍ ആളയച്ച് പണിക്കരെ അവിടെ വരുത്തി. പണിക്കര്‍ അന്നുണ്ടായിരുന്ന ജ്യോത്സ്യന്മാരെ എല്ലാവരെയും ഓരോ വിധത്തില്‍ ജയിച്ചിരുന്നതിനാല്‍ എല്ലാവര്‍ക്കും പണിക്കരുടെ പേരില്‍ കിടമത്സരവും അസൂയയുമുണ്ടായിരുന്നു. അതിനാല്‍ ഈ അവസരത്തില്‍ പണിക്കരെ ഒന്നു മധ്യമമാക്കാമെന്നു നിശ്ചയിച്ചുകൊണ്ടു ശങ്കു മൂത്തതു മുതലായവരും അവിടെക്കൂടി. എല്ലാവരും വന്നപ്പോഴേക്കും പണിക്കരും വന്നുചേര്‍ന്നു. ഉടനെ എല്ലാവരുംകൂടി "അഷ്ടമരാശിക്കൂറു സമയത്ത് ഉപനയനം കഴിക്കാമെന്ന് എന്തു പ്രമാണമാണുള്ളത്? എന്നു പണിക്കരോട് ചോദ്യമായി. അപ്പോള്‍ പണിക്കര്‍ "അഷ്ടമരാശിക്കൂറു മുഹൂര്‍ത്തങ്ങള്‍ക്കു വര്‍ജ്യമാണെന്നാണ് പ്രമാണം. എങ്കിലും ഈ ഉണ്ണിയെ ഇക്കൊല്ലം ഉപനയിക്കാഞ്ഞാല്‍ വേറെ തരക്കേടു വരാനുള്ളതുകൊണ്ടും ഇക്കൊല്ലത്തില്‍ ഉപനയനത്തിന് ഈയൊരു മുഹൂര്‍ത്തമല്ലാതെ ഇല്ലാത്തതുകൊണ്ടും ഇങ്ങനെ ചാര്‍ത്തിക്കൊടുത്തതാണ്" എന്നു പറഞ്ഞു. ഉടനെ മറ്റവര്‍ "ഈ ഉണ്ണിയെ ഇക്കൊലത്തില്‍ത്തന്നെ ഉപനയിച്ചില്ലെങ്കില്‍ എന്തു തരക്കേടാണു വരാനുള്ളത്?" എന്നു ചോദിച്ചു. അപ്പോള്‍ പണിക്കര്‍ "അടുത്ത കൊല്ലത്തില്‍ ഉണ്ണിക്ക് അമ്മ മരിച്ച് ദീക്ഷയായിരിക്കും. പിന്നത്തെ കൊല്ലത്തില്‍ ഉപനയനത്തിനു മുഹൂര്‍ത്തം തന്നെയില്ല. അതിന്റെ പിന്നത്തെ കൊല്ലത്തില്‍ ഉണ്ണിയുടെ അച്ഛന്‍ മരിച്ച് ആ ദീക്ഷയുമായിരിക്കും. ദീക്ഷക്കാലത്ത് ഉപനയനം പാടില്ലല്ലോ. ഇങ്ങനെ മൂന്നു കൊല്ലം കഴിയുമ്പോള്‍ ഉപനയനത്തിന്റെ കാലവും കഴിയും. കാലം കഴിയുന്നതിനു മുമ്പ് ഉപനയിക്കാഞ്ഞാല്‍ ഉണ്ണി ബ്രാഹ്മണാചാരപ്രകാരം ഭ്രഷ്ടനായിപ്പോവുകയും ചെയ്യുമല്ലോ. അതില്‍ ഭേദം അഷ്ടമരാശിക്കൂറു സമയത്ത് ഉപനയിക്കുന്നതല്ലയോ?" എന്നു ചോദിച്ചു. "അങ്ങനെയൊക്കെ വരുമെങ്കില്‍ ഈ മുഹൂര്‍ത്തത്തിനുതന്നെ ഉപനയിക്കുകയാണു വേണ്ടത്" എന്ന് എല്ലാവരും സമ്മതിക്കുകയും ഉണ്ണിയെ ആ മുഹൂര്‍ത്തത്തിനുതന്നെ ഉപനയിക്കുകയും പണിക്കര്‍ പറഞ്ഞിരുന്നതുപോലെ ആ കൊല്ലങ്ങളില്‍ ഉണ്ണിയുടെ മാതാപിതാക്കന്മാര്‍ മരിക്കുകയും ചെയ്തു. അക്കാലം മുതല്‍ മറ്റുള്ള ജ്യോത്സ്യന്മാര്‍ക്കു പണിക്കരോടുള്ള മല്‍സരവും അസൂയയും അസ്തമിക്കുകയും എലാവര്‍ക്കും പൂര്‍വാധികം ബഹുമാനമുദിക്കുകയും ചെയ്തു.

പാണ്ടമ്പറമ്പത്തു കോടന്‍ഭരണിയിലെ ഉപ്പുമാങ്ങ

ഈ ഉപ്പുമാങ്ങ വളരെ പ്രസിദ്ധമായിട്ടുള്ളതാണെങ്കിലും ഇതിന് അനന്യസാധാരണമായ ഈ വിശേ‌ഷമുണ്ടാകുവാനുള്ള കാരണവും മേല്പറഞ്ഞ ഭരണിയുടെ ആഗമവും കേട്ടിട്ടുള്ളവര്‍ അധികമുണ്ടെന്നു പറയുന്നില്ല. അതിനാല്‍ അവയെ ചുരുക്കത്തില്‍ ചുവടെ വിവരിക്കുന്നു. പാണ്ടമ്പറമ്പത്തുഭട്ടതിരിയുടെ ഇല്ലം ബ്രിട്ടീ‌ഷിലാണ്. ഇപ്പോള്‍ അവിടെ സാമാന്യം ധനപു ഷ്ടിയുണ്ടെങ്കിലും ആ തറവാടു മുമ്പൊരു കാലത്ത് വളരെ ദാരിദ്യ്രമുള്ളതായിരുന്നു. നിത്യവൃത്തിക്കുപോലും യാതൊരു നിവൃത്തിയുമില്ലാതെ വളരെ വി‌ഷമിച്ചുകൊണ്ടാണ് ഇരുന്നിരുന്നത്. അങ്ങനെയിരിക്കുന്ന കാലത്ത് ചീനത്തുകാരന്‍ ഒരു കപ്പല്‍ക്കചവടക്കാരന്‍ അവന്റെ കപ്പലില്‍ വിലപിടിച്ച അനേകം സാമാനങ്ങള്‍ കയറ്റിക്കൊണ്ടു കച്ചവടത്തിന്നായി പുറപ്പെട്ടു. ദൈവഗത്യാ മധ്യേമാര്‍ഗം ആ കപ്പല്‍ ഉടഞ്ഞുപോയതിനാല്‍ അതിലുണ്ടായിരുന്ന മിക്ക സാധനങ്ങളും ന ഷ്ടപ്പെട്ടുപോയി. കപ്പലിലുണ്ടായിരുന്ന അനേകം ജനങ്ങളും ചരമഗതിയെ പ്രാപിച്ചു. ചിലരെല്ലാം പത്തേമാരികളിലായിട്ടും നീന്തിയും മറ്റും കരയ്ക്കു കയറി രക്ഷപ്പെട്ടു. ആ കൂട്ടത്തില്‍ കപ്പലിന്റെ ഉടമസ്ഥനും ഒരു പത്തേമാരിയില്‍ കയറി കൈവശം കിട്ടിയ പത്ത് ചീനബ്ഭരണികളും അതില്‍ കയറ്റി ഒരു വിധം കരയ്ക്കടുത്തു കണ്ട ഒരു ഗൃഹത്തിലേക്കു ചെന്നു. അതു സാക്ഷാല്‍ പാണ്ടമ്പറമ്പത്തു ഭട്ടതിരിയുടെ ഇല്ലമായിരുന്നു. അന്ന് ആ ഇല്ലം വളരെ ചെറിയതും ഉള്ളതുതന്നെ പഴക്കംകൊണ്ടും സാമാന്യംപോലെ കെട്ടി സൂക്ഷിക്കായ്കയാല്‍ വീണിടിഞ്ഞും മഹാമോശമായിരുന്നു.

ഈ കചവടക്കാരന്‍ മുറ്റത്തു ചെന്ന് നിന്നുകൊണ്ട് "ഇവിടെ ആരാ ഉള്ളത്? ഇവിടെയൊന്നു കാണട്ടെ" എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അപ്പോള്‍ അവിടെ ഗൃഹസ്ഥനായ ഭട്ടതിരിക്കും അന്തര്‍ജനത്തിനും നാലഞ്ചു കിടാങ്ങള്‍ക്കും കൂടി ഇരുനാഴി അരിയിട്ടു കഞ്ഞിവെച്ചുണ്ടാക്കി, ഗൃഹസ്ഥന്‍ കഞ്ഞി കുടിക്കാനായി ഇരിക്കാന്‍ ഭാവിക്കയായിരുന്നു. കച്ചവടക്കാരന്‍ വിളിക്കുന്നതുകേട്ട ഉടനെ ഭട്ടതിരി പുറത്തേക്കു വന്നു. അപ്പോള്‍ കച്ചവടക്കാരന്‍ "ഞാന്‍ ചീനത്തുകാരനായ ഒരു കപ്പല്‍കചവടക്കാരനാണ്.

എന്റെ കപ്പല്‍ ചേതംവന്നുപോയി. കൂടെയുണ്ടായിരുന്ന വേലക്കാരും ഒക്കെ മരിച്ചുപോയി. ഞാന്‍ഭക്ഷണം കഴിച്ചുട്ടു നേരത്തോടുനേരം കഴിഞ്ഞിരിക്കുന്നു. അതിനാല്‍ എനിക്കു ഭക്ഷിപ്പാന്‍ വല്ലതും തന്നാല്‍ കൊള്ളാം" എന്നു പറഞ്ഞു. ഇപ്രകാരം ആ കച്ചവടക്കാരന്റെ ദീനവചനങ്ങളെ കേള്‍ക്കുകയും പാരവശ്യത്തെ കാണുകയും ചെയ്തിട്ട് ആര്‍ദ്രമാനസനായി ഭവിച്ച ആ ഭട്ടതിരി ഉടനെ അകത്തേക്കുപോയി ആ ഉണ്ടായിരുന്ന കഞ്ഞി എടുത്തുകൊണ്ടുവന്ന് കച്ചവടക്കാരനു വിളമ്പിക്കൊടുത്തു. കച്ചവടക്കാരന്‍ കഞ്ഞി കുടി കഴിഞ്ഞതിന്റെശേ‌ഷം ഭട്ടതിരിയോട് "അവിടുന്ന് ഇപ്പോള്‍ എനിക്ക് കഞ്ഞി തന്നേ ഉള്ളൂ എന്നു വിചാരിക്കേണ്ട. ഇതുകൊണ്ട് എന്റെ പ്രാണരക്ഷ ചെയ്കയാണ് ചെയ്തത്. ഈ കഞ്ഞിയുടെ സ്വാദ് wാന്‍ ചത്താലും മറക്കുന്നതല്ല. ഈ ഉപകാരത്തിനു തക്കതായ പ്രതിഫലം തരുന്നതിനു ഞാന്‍ശക്തനല്ല. എങ്കിലും ഞാന്‍സ്വദേശത്തു പോയി തിരിച്ചുവരാന്‍ സംഗതിയായെങ്കില്‍ എന്റെ ശക്തിക്കു തക്ക പ്രതിഫലം ഞാന്‍തരും. പോരാത്തതു ദൈവതും അവിടേക്കു തന്നുകൊള്ളും. എന്നാല്‍ എനിക്കിനി ഇവിടുന്ന് ഒരു സഹായം കൂടി ചെയ്തുതരണം. എന്തെന്നാല്‍ എന്റെ സാമാനങ്ങളെല്ലാം ന ഷ്ടപ്പെട്ടുപോയി. എങ്കിലും പത്തു ചീനബ്ഭരണി കേടുകൂടാതെ കിട്ടീട്ടുണ്ട്. ഞാന്‍ നാട്ടില്‍പ്പോയി തിരിച്ചുവരുന്നതുവരെ അവ ഇവിടെവെച്ചു സൂക്ഷിച്ചുതരണം" എന്നു പറഞ്ഞു. അപ്പോള്‍ ഭട്ടതിരി "ഇവിടെ സ്ഥലം ചുരുക്കമാണ്. എങ്കിലും ഉള്ള സൂക്ഷിച്ചുതരാം. ഭരണിയില്‍ വിലപിടിപ്പുള്ള സ്ഥലം കൊണ്ടു സാധനമൊന്നുമില്ലല്ലോ. അങ്ങനെ വല്ലതുമുണ്ടെങ്കില്‍ ഇവിടെ വെക്കാന്‍ പാടില്ല. ഇല്ലം ഒട്ടും ഉറപ്പിലാത്തതാണ്" എന്നു പറഞ്ഞ്.

കച്ചവടക്കാരന്‍: വിലപിടിപ്പുള്ള സാമാനങ്ങളൊന്നുമില്ല. അതിലൊക്കെ തുവരപ്പരിപ്പു നിറച്ചിട്ടുണ്ട്, അത്ര ഉള്ളൂ."

ഭട്ടതിരി: എന്നാല്‍ വിരോധമില്ല.


ഉടനെ കച്ചവടക്കാരന്‍ ഭരണികള്‍ പത്തും അടച്ചുകെട്ടി മുദ്രയുംവെച് എടുപ്പിച് ഇലത്തു പുരയ്ക്കകത്തു കൊണ്ടുചെന്നു വെപ്പിചു

ഭട്ടതിരിയോടു യാത്രയും പറഞ്ഞു പോവുകയും ചെയ്തു. പിന്നെ കുറഞ്ഞോരു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം ആ ഇല്ലത്തുള്ളവര്‍ക്കു ഭക്ഷണത്തിനു യാതൊരു നിവൃത്തിയുമില്ലാതെവന്നു കൂടി. ഉച്ചതിരിഞ്ഞപ്പോഴേക്കും കുട്ടികളെല്ലാം വിശപ്പു സഹിക്കാന്‍ പാടിലാതെ കരഞ്ഞുകൊണ്ടു കിടന്നുരുണ്ടുതുടങ്ങി. ഗൃഹസ്ഥനും

അന്തര്‍ജനവും വിശപ്പുകൊണ്ടും കിടാങ്ങളുടെ പാരവശ്യം കണ്ടിട്ടും ആകപ്പാടെ വളരെ വി‌ഷണ്ണരായിത്തീര്‍ന്നു. അപ്പോള്‍ അന്തര്‍ജനം "ചീനത്തുകാരന്റെ ആ ഭരണികളില്‍ തുവരപ്പരിപ്പാണെന്നല്ലേ പറഞ്ഞത്? നമുക്ക് ഒരു ഭരണിയില്‍ നിന്ന് കുറച് പരിപ്പെടുത്തു വെച് ഈ കുട്ടികള്‍ക്ക് കുറേശ്ശെ കൊടുത്തെങ്കിലോ? ഇപ്പോള്‍ ഇവര്‍ക്കു എന്തു കൊടുത്താലും തിന്നോളും. ഇവര്‍ അത്രയ്ക്കു വി‌ഷമിച്ചു. നമുക്കൊന്നുമില്ലെങ്കില്‍ വേണ്ട. ഒന്നും അറിയാറായിട്ടില്ലാത്ത ഈ കുട്ടികള്‍ക്ക് ഇനിയും ഒന്നും കൊടുക്കാത്തതും ക ഷ്ടമല്ലേ? നേരം പത്തു നാഴികപ്പകലായലോ?" എന്നു പറഞ്ഞു.

ഭട്ടതിരി: പറഞ്ഞതൊക്കെ ശരിയാണ്. എനിക്കും വിശപ്പ് സഹിക്കാന്‍ വഹിയാതെയായിരിക്കുന്നു. അവിടെയും അങ്ങനെതന്നെ ആയിരിക്കു മല്ലോ. എങ്കിലും മറ്റൊരാള്‍ നമ്മെ വിശ്വസിച്ചു സൂക്ഷിക്കാനായി വെച്ചിരിക്കുന്ന സാമാനം ഉടമസ്ഥന്റെ അനുവാദം കൂടാതെ നാമെടുക്കുന്നതു ശരിയാണോ? മരിച്ചാലും വിശ്വാസവഞ്ചന ചെയ്യരുത്.

അന്തര്‍ജനം: ഈ കൂട്ടികളുടെ പ്രാണരക്ഷയ്ക്കായിട്ട് അതില്‍നിന്ന് കുറചു പരിപ്പെടുത്താല്‍ നമുക്ക് ഒരു പാപവും വരികയില. പിന്നെ ആ

കച്ചവടക്കാരന്‍ വരുമ്പോഴേക്കും അത്രയും പരിപ്പ് നമുക്ക് എങ്ങനെയെങ്കിലും ഉണ്ടാക്കി അതിലിട്ട് നിറച്ചുവയ്ക്കുകയും ചെയ്യാം. അതില്ലെങ്കില്‍തന്നെയും നമ്മുടെ പരമാര്‍ഥം അറിഞ്ഞാല്‍ അവനൊരു വിരോധവും തോന്നുകയില്ല. അവനും ഒരു മനു‌ഷ്യനല്ലേ? വിശന്നാലുള്ള ദണ്ഡം അവനും അറിഞ്ഞിട്ടുണ്ടല്ലോ.."

എന്തിനു വളരെപ്പറയുന്നു. ഇങ്ങനെ വളരെ നേരത്തെ വാഗ്വാദം കഴിഞ്ഞതിന്റെശേ‌ഷം ഭട്ടതിരി ഒരു ഭരണിയഴിച്ചു കുറച്ചു പരിപ്പ് എടുക്കുക തന്നെയെന്നു തീര്‍ച്ചപ്പെടുത്തി പുരയ്ക്കകത്തു ചെന്ന് ഒരു ഭരണിയുടെ മുദ്ര പൊട്ടിച്ചു കെട്ടഴിച്ചു ഭരണിക്കകത്തു കയ്യിട്ടു പരിപ്പു വാരിയെടുത്തു. ഉടനെ അത് തുവരപ്പരിപ്പു മാത്രമല്ലെന്നു തോന്നുകയാല്‍ അദ്ദേഹം വെളിച്ചത്തു കൊണ്ടുവന്നുനോക്കി. അപ്പോള്‍ അത് തുവരപ്പരിപ്പും ചില സ്വര്‍ണ്ണനാണയങ്ങളുമായിരുന്നു. പിന്നെ പുരയ്ക്കകത്ത് ഇരുട്ടായതിനാല്‍ ഒരു വിളക്കു കൊളുത്തിക്കൊണ്ടുചെന്നു നോക്കിയപ്പോള്‍ ഭരണിനിറച്ചു സ്വര്‍ണ്ണനാണയങ്ങള്‍ ഇട്ടു മീതെ മാത്രം കുറേശ്ശെ തുവരപ്പരിപ്പ് ഇട്ടിട്ടേ ഉള്ളൂ എന്നു മനസ്സിലായി. പത്തു ഭരണികളും പരിശോധിച്ചപ്പോള്‍ എല്ലാം അങ്ങനെ തന്നെ ആയിരുന്നു. ഒമ്പതു ഭരണികളും അദ്ദേഹം പൂര്‍വസ്ഥിതിയില്‍ത്തന്നെ അടച്ചു മുദ്രയിട്ടുവെച്ചു. ഒരു ഭരണിയി!ല്‍നിന്ന് ഒരു പവന്‍ എടുത്തുകൊണ്ടുപോയി വിറ്റു കുറെ അരിയും കറിക്കോപ്പുകളും ശേ‌ഷം പണവും വാങ്ങി ഇല്ലത്തു വന്നു. ഉടനെ അന്തര്‍ജനം എല്ലാം വെച്ചുണ്ടാക്കി കുട്ടികള്‍ക്കൊക്കെ ചോറു കൊടുത്തു. പിന്നെ ആ ദമ്പതിമാരും ഊണു കഴിച്ചു.

ഇങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഭട്ടതിരി വിചാരിച്ചു. "ഏതെങ്കിലും വിശ്വാസവഞ്ചന ചെയ്കയെന്നുള്ളത് ഇവിടെക്കഴിഞ്ഞു. ഇനി ഈ ദാരിദ്യ്രദുഃഖം അനുഭവിച്ചുകൊണ്ടിരുന്നിട്ടു പ്രയോജനമൊന്നുമില്ല. അതിനാല്‍ ഇനി സുഖമായിട്ടിരിക്കാനുള്ള മാര്‍ഗം നോക്കണം. ആ കച്ചവടക്കാരന്‍ വരാന്‍ കുറച്ചു താമസിച്ചു എങ്കില്‍ എല്ലാം ശരിയായിക്കൊടുക്കുകയും ചെയ്യാം" എന്നിങ്ങനെ വിചാരിച്ചു നിശ്ചയിച്ചിട്ട് ആ ഭരണിയില്‍നിന്ന് ഏതാനും ദ്രവ്യമെടുത്ത് അതികേമമായി എട്ടുകെട്ടോളം മാളികയോടും കൂടി ഒരിലം പണിയിചു. ശേ‌ഷം ആഭരണിയിലുണ്ടായിരുന്ന മുതലിനു വസ്തുക്കളും ഭരണി, പാത്രങ്ങള്‍ മുതലായവയും സമ്പാദിച്ചു. അങ്ങനെ കുറച്ചു ദിവസംകൊണ്ട് അദ്ദേഹം ഒരു വലിയ ദ്രവ്യസ്ഥനായിത്തീര്‍ന്നു. പരമാനന്ദമായി സകലചെലവും കഴിചു പ്രതിവത്സരം പന്തീരായിരം രൂപ മിച്ചമുണ്ടായിത്തുടങ്ങി. ആ മിച്ചംവരുന്ന മുതലിനു സ്വര്‍ണനാണയങ്ങള്‍ വാങ്ങി താന്‍ എടുത്ത ഭരണി നിറച്ചു തുടങ്ങി. അങ്ങനെ അഞ്ചെട്ടുകൊല്ലം കൊണ്ട് അദ്ദേഹം ആ ഭരണി പൂര്‍വ്വസ്ഥിതിയില്‍ നിറച്ച് അടച്ചുകെട്ടി മുദ്രയിട്ടുവെച്ചു. പിന്നെ ആ പത്തു ഭരണികളുടെ വലിപ്പത്തില്‍ ഒന്നുപാതി വീതം വലിപ്പമുള്ള പത്തു ഭരണികള്‍ കൂടി അദ്ദേഹം വിലയ്ക്കു വാങ്ങി. അവയിലും സ്വര്‍ണനാണയങ്ങള്‍ നിറച്ച് അവയും അടച്ചുകെട്ടി മുദ്രയിട്ടുവെച്ചു. അപ്പോഴേക്കും ആ കച്ചവടക്കാരന്‍ വേറെ ഒരു കപ്പലില്‍ സാമാനങ്ങളും കയറ്റി ആ ദിക്കില്‍ വന്നടുത്തു. അപ്പോള്‍ അവന്‍ പോയിട്ടു പന്ത്രണ്ടു കൊല്ലം കഴിഞ്ഞിരുന്നു. അവന്‍ കരയ്ക്കിറങ്ങി, താന്‍ ഭരണികള്‍ സൂക്ഷിക്കാന്‍ വെച്ചിരുന്ന ഇല്ലം അന്വേ‌ഷിച്ചു പുറപ്പെട്ടു. ആ സ്ഥലത്തു വന്നു നോക്കിയപ്പോള്‍ ഇല്ലത്തിന്റെ സ്വഭാവം ആകപ്പാടെ മാറിക്കണ്ടതുകൊണ്ട് അവനു വളരെ സംശയമായിത്തീര്‍ന്നു. പിന്നെ ചിലരോടു ചോദിച്ചപ്പോള്‍ ആ ഇല്ലം ഇതുതന്നെയാണെന്നും അതിയ്യിടെ പുത്തനായി പണികഴിപ്പിച്ചതാണെന്നും ഭട്ടതിരിക്ക് ഒരു നിധി കിട്ടിയതിനാലാണ് ദാരിദ്യ്രമൊക്കെത്തീര്‍ന്നതെന്നും ഇപ്പോള്‍ അവിടെ സ്വത്തു ധാരാളമായിപ്പോയി എന്നും മറ്റും പറഞ്ഞു. അതു കേട്ടപ്പോള്‍ നിധി കിട്ടിയെന്നു പറയുന്നതു ഭോ‌ഷ്കാണെന്നും ഇതെല്ലാം തന്റെ ഭരണിയിലുണ്ടായിരുന്ന മുതല്‍കൊണ്ട് സമ്പാദിച്ചതാണെന്നും കച്ചവടക്കാരന്‍ തീര്‍ച്ചപ്പെടുത്തി. ഈ സ്ഥിതിക്കു തന്റെ മുതല്‍ കിട്ടുന്ന കാര്യം പൂജ്യം തന്നെ എന്നും അവന്‍ നിശ്ചയിചു. എങ്കിലും ഭട്ടതിരിയെക്കണ്ട് ഒന്നു ചോദിച്ചേക്കാം. തരുന്നു എങ്കില്‍ തരട്ടെ, ഇല്ലെങ്കില്‍ വേണ്ടാ എന്നു വിചാരിച്ച് ആ കച്ചവടക്കാരന്‍ ഇല്ലത്തു ചെന്ന് മുറ്റത്തു നിന്നുംകൊണ്ട് "ഇവിടത്തെ തിരുമേനി ഇവിടെയുണ്ടോ?" എന്നു ചോദിച്ചു. അപ്പോള്‍ ഭട്ടതിരി മാളികയില്‍ ഇരിക്കുകയായിരുന്നു. കച്ചവടക്കാരന്റെ ഒച്ച കേട്ടപ്പോള്‍ ആളറിയുകയാല്‍ ഉടനെ അദ്ദേഹം താഴെയിറങ്ങിവന്നു. കച്ചവടക്കാരനെ വളരെ ആദരവോടുകൂടി വിളിച്ചു തന്റെ പടിപ്പുര മാളികയില്‍ കൊണ്ടുചെന്നു കസേര കൊടുത്തിരുത്തി, താനും ഇരുന്നിട്ടു കുശലപ്രശ്നാദികളെലാം ചെയ്തു. പിന്നെ ആ കചവടക്കാരനും കൂടെ വന്നിരുന്നവര്‍ക്കും അതികേമമായി ഒരു വിരുന്നുസല്ക്കാരവും കഴിച്ചതിന്റെ ശേ‌ഷം ഭട്ടതിരി പറഞ്ഞു, "ഞാന്‍നിങ്ങളുടെ അനുവാദമ് കൂടാതെ ഇവിടെ സൂക്ഷിക്കാനായി വെച്ചിരുന്ന മുതലില്‍നിന്നു സ്വല്പമെടുത്തു ചില കൈകാര്യങ്ങള്‍ ചെയ്തു. അങ്ങനെ ചെയ്വാന്‍ സംഗതിയായത് എന്റെ ദാരിദ്യ്രദുഃഖത്തിന്റെ ശക്തി നിമിത്തമാണ്. എങ്കിലും എന്റെ പ്രവൃത്തി ന്യായവിരോധമായിട്ടുള്ളതാണെന്ന് ഞാന്‍സമ്മതിക്കുന്നു. ആ തെറ്റിനെ നിങ്ങള്‍ ക്ഷമിച്ച് എനിക്ക് മാപ്പു തരണമെന്നു അപേക്ഷിക്കുന്നു. ഇപ്പോള്‍ നിങ്ങളുടെ മുതല്‍ പലിശയോടുകൂടി ഇവിടെ തയ്യാറുണ്ടുതാനും." ഇത്രയും പറഞ്ഞതിന്റെശേ‌ഷം കചവടക്കാരന്റെ പത്തു ഭരണികളും അതോടുകൂടി താന്‍ ശേഖരിച്ചുവെച്ചിരുന്ന ചെറിയ ഭരണികള്‍ പത്തും എടുപ്പിച്ചു പുറത്തു വരുത്തിവെച്ചു. അപ്പോള്‍ കച്ചവടക്കാരന്‍ "wാനിവിടെ പത്തു ഭരണി മാത്രമേ വെച്ചിട്ടുണ്ടായിരുന്നുള്ളൂ. ഈ ചെറിയ ഭരണികള്‍ എന്റെ വകയല. ഇതിന്റെ കൂടെ അതുകൂടി കൊണ്ടുവന്നു വെച്ചിരിക്കുന്നതെന്തിനാണ്?" എന്നു ചോദിച്ചു.

ഭട്ടതിരി: നിങ്ങള്‍ ഈ മുതല്‍ ഇവിടെ ഏല്പിച്ചിട്ടു പന്ത്രണ്ടുകൊല്ലം കഴിഞ്ഞിരിക്കുന്നു. മുതലിന് അരവാശി പലിശ കൂട്ടി തരേണ്ടതാണല്ലോ.

കച്ചവടക്കാരന്‍: സൂക്ഷിക്കാന്‍ തന്ന മുതലിനു സൂക്ഷിപ്പുകൂലി അങ്ങോട്ടു തരികയല്ലാതെ പലിശ ഇങ്ങോട്ടു വാങ്ങുക ന്യായമല്ല. അതിനാല്‍ ഈ പലിശ ഞാന്‍വാങ്ങുന്നതല്ല.

ഭട്ടതിരി: എനിക്കിപ്പോള്‍ കൊല്ലത്തില്‍ ചെലവു കഴിച്ചുഉറുപ്പിക ബാക്കിയാകുന്നുണ്ട്. പന്തീരായിരത്തില്‍ കുറയാതെ അത്രയ്ക്കുള്ള വസ്തുക്കളും ഈ കാണുന്ന ഇല്ലവും എന്നുവേണ്ടാ എന്റെ സര്‍വസ്വവും നിങ്ങളുടെ മുതല്‍ കൊണ്ടുണ്ടായതാണ്. അനുവാദം കൂടാതെ നിങ്ങളുടെ മുതലെടുത്തു കൈകാര്യം ചെയ്തതിനായി ഒരു പ്രായþിത്തമായിട്ടെങ്കിലും ഈ ചെറിയ ഭരണികള്‍കൂടെ നിങ്ങള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ എനിക്കു വളരെ വ്യസനമാണ്.

കച്ചവടക്കാരന്‍: wാനിവിടെ കൊണ്ടുവന്നുവെച്ച പത്തു ഭരണികളും പൂര്‍വസ്ഥിതിയില്‍ ഇപ്പോഴും ഇരിക്കുന്നുണ്ട്. അതില്‍ എനിക്കു യാതൊരു ന ഷ്ടവും വരുത്തിയിട്ടില്ല. പിന്നെ ഇവിടേക്കു കുറച്ചു സമ്പാദ്യമുണ്ടായത് ഇവിടത്തെ ഭാഗ്യവും ഉXാഹവുംകൊണ്ടെന്നല്ലാതെ വിചാരിപ്പാനില്ല. ഇവിടേക്ക് അപ്രകാരമുണ്ടായ മുതലെല്ലാം ഇവിടുത്തെ സ്വന്തം തന്നെയാണ്. അതിനാല്‍ ബ്രഅസ്വം ഒരിക്കലും wാന്‍ സ്വീകരിക്കുന്നതല്ല. വെറുതെ ഞാന്‍ബ്രഅസ്വം സ്വീകരിച്ചാല്‍ എനിക്കുള്ള ശേ‌ഷം മുതല്‍കൂടി നശിചുപോകും.

ഇങ്ങനെ അവര്‍ തമ്മില്‍ വളരെ വാഗ്വാദം കഴിഞ്ഞതിന്റെ ശേ‌ഷം ചെറിയ ഭരണികള്‍ പത്തും ഭട്ടതിരി തിരിയെ എടുപ്പിച്ച് അകത്തുതന്നെ കൊണ്ടുചെന്നു വെപ്പിചു. അതിന്റെ ശേ‌ഷം ആ കചവടക്കാരന്‍ പൂവും നീരും വെറ്റിലയും പാക്കും കൂട്ടി തന്റെ സ്വന്തം ഭരണിയി!ല്‍ ഒന്നു ഭട്ടതിരിക്കു ദാനമായി കൊടുത്തു. അതു വാങ്ങുന്നതിനും ഭട്ടതിരി വളരെ വിസമ്മതിച്ചു. എങ്കിലും കച്ചവടക്കാരന്റെ നിര്‍ബന്ധം നിമിത്തം ഒടുക്കം വാങ്ങി. ആ ഭരണിയാണ് "കോടന്‍ഭരണി" അതിന്റെ വായല്പം കോടീട്ടുള്ളതിനാലാന് അതിന് ഈ പേരു സിദ്ധിച്ചത്. ദാനം ചെയ്തു കഴിഞ്ഞതിന്റെ ശേ‌ഷം കചവടക്കാരന്‍ "അലയോ മഹാബ്രാഅണാ! ഈ ഭരണി കുറച്ചു കോട്ടമുള്ളതാണെങ്കിലും വളരെ ഐശ്വര്യവും വിശേ‌ഷവുമുള്ളതാണ്. ഈ ഭരണി ഇരിക്കുന്ന ദിക്കില്‍ ദാരിദ്യ്രം എന്നുള്ളത് ഒരിക്കലും ഉണ്ടാവുകയില്ല. എന്നു മാത്രമല്ല ഇതില്‍ മാങ്ങ ഉപ്പിലിട്ടാല്‍ അനിതരസാധാരണമായ ഒരു സ്വാദുണ്ടായിരിക്കയും ചെയ്യും എന്നും പറഞ്ഞ് തൊഴുത് അത്യന്തം സന്തോ‌ഷത്തോടുകൂടി ഒന്‍പതു ഭരണികളും എടുപ്പിചുകൊണ്ട് കചവടക്കാരന്‍ പോവുകയും ചെയ്തു.

ഭട്ടതിരി ആ ചെറിയ ഭരണികളും കോടന്‍ഭരണിയിലുണ്ടായിരുന്ന ദ്രവ്യം മറ്റൊരു ഭരണിയിലാക്കി അതും തന്റെ നിലവറയില്‍ സ്ഥാപിച്ചു. ആ പതിനൊന്നു നിക്ഷേപങ്ങളും ഇന്നും അവിടെയിരിക്കുന്നുണ്ടെന്നാണ് കേള്‍വി. പിന്നെ ആണ്ടുതോറും കോടന്‍ഭരണിയില്‍ മാങ്ങ ഉപ്പിലിടുകയും തുടങ്ങി. ആ ഭരണിയില്‍ മാങ്ങ ഉപ്പിലിട്ടാല്‍ എത്രനാള്‍ കഴിഞ്ഞാലും മാങ്ങയുടെ പച്ചനിറം മാറുകയില്ല. അതിന്റെ സ്വാദ് ഇന്ന പ്രകാരമെന്ന് അനുഭവിച്ചിട്ടുള്ളവര്‍ക്കറിയാമെന്നല്ലാതെ പറഞ്ഞറിയിക്കുന്ന കാര്യം പ്രയാസം. അമൃതതുല്യമെന്നു പറഞ്ഞാല്‍ മതിയോ എന്നു സംശയമാണ്. രുചിക്ഷയം നിമിത്തം ജലപാനംപോലും കഴിക്കാന്‍ പാടില്ലാതെ കിടക്കുന്നവര്‍ക്ക് ആ മാങ്ങയുടെ ഒരു ക‌ഷണം കൊടുത്താല്‍ അപ്പോള്‍ നിശ്ചയമായിട്ടും മുന്നാഴിയരിയുടെ ചോറുണ്ണും. അത്രയുണ്ട് അതിന്റെ സ്വാദ്. ഈ മാങ്ങയെക്കുറിച്ച് കേട്ടിട്ടുള്ള ഒരു കഥകൂടി പറയാം.

കൊല്ലം തൊള്ളായിരത്തെഴുപത്തുമൂന്നാമാണ്ടു നാടു നീങ്ങിയ മഹാരാജാവു തിരുമനസ്സുകൊണ്ടു രാജ്യം വാണുകൊണ്ടിരിക്കുമ്പോള്‍ ഒരു മുറജപക്കാലത്ത് ഒരു ദിവസം നമ്പൂരിമാര്‍ അത്താഴമുണ്ടുകൊണ്ടിരിക്കുന്ന സമയം അത്താഴത്തിന്റെ വെടിപ്പും കേമത്തവും കൊണ്ട് ഒരു നമ്പൂരി മറ്റൊരു നമ്പൂരിയോട് "എടോ! എന്താ അത്താഴം കേമംതന്നെ, അല്ലേ? ഇങ്ങനെ മറ്റൊരു സ്ഥലത്തു നടക്കാന്‍ പ്രയാസമുണ്ട്. അങ്ങനെയല്ലോ?" എന്നു ചോദിച്ചു. അപ്പോള്‍ മറ്റേ നമ്പൂരി, "അങ്ങനെ തന്നെ, അങ്ങനെതന്നെ, സംശയമില്ല. എങ്കിലും ആ പാണ്ടമ്പറത്തെ ഉപ്പുമാങ്ങയുടെ ഒരു ക‌ഷണംകൂടിയുണ്ടായിരുന്നു എങ്കില്‍ ഒന്നുകൂടി ജാത്യമായേനേ. ആ ഒരു കുറവേ ഉള്ളൂ" എന്നു പറഞ്ഞു. ആ സമയം തിരുമനസ്സുകൊണ്ടു കോവിലെഴുന്നള്ളി പ്രദക്ഷിണമായി പോവുക യായിരുന്നു. നമ്പൂരിമാര്‍ തിരുമനസ്സിനെ കണ്ടില്ല. എങ്കിലും അവിടുന്ന് ഈ സംഭാ‌ഷണം കേള്‍ക്കുകയും അതു പറഞ്ഞ നമ്പൂരി ഇന്നാരാണെന്നു മനസ്സിലാക്കുകയും ചെയ്തു.

അന്നു രാത്രിയില്‍ത്തന്നെ തിരുമനസ്സുകൊണ്ടു ഗൂടന്മമായി ഒരാളെ അയച്ചു പിന്നത്തെ മുറയായപ്പോഴേക്കും കോടന്‍ഭരണിയിലെ ഉപ്പുമാങ്ങ വരുത്തി, ഒരു ദിവസം അത്താഴത്തിനു പുളി വിളമ്പിച്ചു. അവിടെ മുറജപംവകയ്ക്കായി പലവിധത്തില്‍ ഉപ്പിലിട്ടിട്ടുള്ള മാങ്ങകള്‍ പുളി വിളമ്പിയ കൂട്ടത്തിലാണ് ഇതും വിളമ്പിയത്. കോടന്‍ ഭരണിയിലെ മാങ്ങ വരുത്തിയ കഥ യാതൊരുത്തരും അറിഞ്ഞിരുന്നുമില്ല. എങ്കിലും മേല്പറഞ്ഞ നമ്പൂരി ഈ മാങ്ങാ ക‌ഷണം എടുത്തു കഴിച്ച ഉടനെ "ഓഹോ ആ കുറവും തീര്‍ന്നു. എടാ യോഗ്യാ! നീ ഇവിടെ വന്നുചേര്‍ന്നോ?" എന്നു പറഞ്ഞത്ര. അപ്പോള്‍ അടുക്കലിരുന്ന വേറെ നമ്പൂരി "ഈ മാങ്ങ സാക്ഷാല്‍ കോടന്‍ഭരണിയിലേതാണ്" എന്നു പറഞ്ഞു. തിരുമനസ്സുകൊണ്ട് ആ സമയവും കോവിലെഴുന്നെള്ളീ ട്ടുണ്ടായിരുന്നതിനാല്‍ അതും കേട്ടു. കൊട്ടാരത്തില്‍ എഴുന്നള്ളിയ ഉടനെ ആ നമ്പൂരിയെ വരുത്തി, "അങ്ങേപ്പോലെ സ്വാദറിഞ്ഞു ഭക്ഷിക്കുന്നവര്‍ ചുരുക്കമാണ്" എന്നും മറ്റും സന്തോ‌ഷപൂര്‍വം കല്പിക്കുകയും നമ്പൂരിക്ക്

ഒരു സമ്മാനം കൊടുത്ത് അയയ്ക്കുകയും ചെയ്തു. ഇങ്ങനെയാണ് കോടന്‍ഭരണിയുടെയും അതിലെ മാങ്ങയുടെയും വിശേ‌ഷം. ആ മാങ്ങ ഒരിക്കല്‍ കൂട്ടീട്ടുള്ളവര്‍ അതിന്റെ സ്വാദ് ഒരിക്കലും മറക്കുകയില്ല. ആ കോടന്‍ഭരണീ ആ ഇല്ലത്ത് ഇന്നും ഇരിക്കുന്നുണ്ട്. അതിലെ മാങ്ങയ്ക്കുള്ള അനന്യസാധാരണമായ ആ വിശേ‌ഷം ഇന്നും കണ്ടുവരുന്നുമുണ്ട്.

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes